ഗഗൻയാൻ ദൗത്യത്തിലെ അംഗങ്ങളുടെ പേരുകൾ പരസ്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി;നാലം​ഗ സംഘത്തിൽ മലയാളിയും

തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിലെ അംഗങ്ങളുടെ പേരുകൾ പരസ്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, വിം​ഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. നാല് പേർക്കും ആസ്ട്രോണൻ്റ് ബാഡ്ജ് പ്രധാനമന്ത്രി സമ്മാനിച്ചു.വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് സംഘത്തെ നയിക്കുക.പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. തിരഞ്ഞെടുക്കപ്പെട്ട നാല് പേരും വ്യോമസേന പൈലറ്റുമാരാണ്. കേന്ദ്രമന്ത്രി വി. മുരളീധരൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഇസ്രോ മേധാവി എസ്. സോമനാഥ്, മറ്റ് ശാസ്ത്രജ്ഞർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.കഴിഞ്ഞ 39 ആഴ്ചകളായി കഠിനമായ പരിശീലനത്തിലാണ് നാലം​ഗ സംഘം. 2019 അവസാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായത്. ആദ്യം 25 പേരെ തിര‍ഞ്ഞെടുത്തു. പിന്നീട് 12 ആയി പട്ടിക ചുരുങ്ങുകയും ഏറ്റവുമൊടുവിലായി പട്ടിക നാല് പേരിലേക്ക് ചുരുങ്ങുകയായിരുന്നു. ഇവർ നാല് പേരെയും റഷ്യയിൽ അയച്ചാണ് പരിശീലനം നൽകിയത്. തിരിച്ച് വന്നതിന് ശേഷം അഡ്വാൻസ്ഡ് പരിശീലനം ഇന്ത്യയിൽ പുരോ​ഗമിക്കുകയാണ്. ഇതിനിടെയാണ് ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി പുറത്തുവിട്ടത്.നാഷണൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണ് മലയാളി പ്രാശാന്ത് സേനയുടെ ഭാഗമായത്. സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റാണ് അദ്ദേഹം.2025-ന്റെ രണ്ടാം പകുതിയിലാകും ​ഗ​ഗൻയാൻ ദൗത്യമെന്നാണ് വിവരം. വ്യോമമിത്ര എന്ന റോബോട്ടിനെ ബഹിരാകാശത്ത് എത്തിച്ചതിന് ശേഷമാകും മനുഷ്യരെ അയക്കുക. റോബോട്ടിനെ അയച്ച ശേഷം രണ്ട് ആളില്ലാ ദൗത്യങ്ങൾ കൂടി നടത്തും. പിന്നാലെയാകും തിരഞ്ഞെടുക്കപ്പെട്ടവരെ ബഹിരാകാശത്ത് എത്തിക്കുക.

ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം;233 മരണം; 900ത്തിലേറെ പേർക്ക് പരിക്ക്

ന്യൂഡൽഹി: ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. 900ത്തിലേറെ പേർക്ക് പരിക്കേറ്റു. ബലാസൂർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.തുടർന്ന് എക്‌സ്പ്രസ് ട്രെയിനിന്റെ എട്ടോളം ബോഗികൾ മറിയുകയായിരുന്നു.പശ്ചിമ ബംഗാളിലെ ഷാലിമറിൽ നിന്ന് പുറപ്പെടുകയും ചെന്നൈയിലെ പുറച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ റെയിൽവേ സ്‌റ്റേഷനിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.ബാലേശ്വർ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്.വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റവരില്‍ നാല് മലയാളികളുണ്ടെന്നും തൃശൂര്‍ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നുമാണ് വിവരം. അപകടത്തിൽപ്പെട്ട എസ്എംവിടി – ഹൗറ എക്സ്പ്രസിൽ ബെംഗളുരുവിൽ നിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവെ അറിയിച്ചു. ഇതിൽ 300-പേർ റിസർവ് ചെയ്യാതെയാണ് കയറിയത്. എസ്എംവിടി – ഹൗറ എക്സ്പ്രസിന്റെ പിൻവശത്തുള്ള ജനറൽ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകൾ പറ്റിയത്. പിന്നിൽ ഉള്ള ഒരു ജനറൽ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വൺ മുതൽ എഞ്ചിൻ വരെയുള്ള കോച്ചുകളിൽ വലിയ കേടുപാടുകൾ പറ്റിയത്. പിന്നിൽ ഉള്ള ഒരു ജനറൽ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വൺ മുതൽ എഞ്ചിൻ വരെയുള്ള കോച്ചുകളിൽ വലിയ കേടുപാടുകൾ ഇല്ലെന്നും റെയിൽവെ അറിയിച്ചു. അതേസമയം റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിവരങ്ങൾ നൽകാൻ ബുദ്ധിമുട്ടായിരിക്കുകയാണ്.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ശനിയാഴ്ച നടത്താനിരുന്ന ഗോവ -മുംബൈ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും അപകടത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു;വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് നിർദേശം; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം

ന്യൂഡൽഹി:രാജ്യത്ത് രണ്ടായിരം രൂപയുടെ കറൻസി നോട്ട് വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.എല്ലാ ബാങ്കുകൾക്കും ഇത് സംബന്ധിച്ച നിർദേശം ആർബിഐ നൽകിയിട്ടുണ്ട്. അതേസമയം ജനങ്ങളുടെ കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസമില്ലെന്ന് ആർബിഐ വ്യക്തമാക്കി. നിലവിലുള്ള രണ്ടായിരം രൂപയുടെ നോട്ടുകൾക്ക് മൂല്യമുണ്ടാകുമെന്നും ജനങ്ങളുടെ പക്കലുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ബാങ്കുകൾക്ക് കൈമാറാൻ സെപ്റ്റംബർ 30 വരെ സമയമുണ്ടെന്നും ആർബിഐ അറിയിച്ചു. പുതിയ നിർദേശപ്രകാരം 2023 സെപ്റ്റംബർ 30 വരെ മാത്രമായിരിക്കും രണ്ടായിരം രൂപാ നോട്ട് പണമിടപാടിനായി ഉപയോഗിക്കാൻ സാധിക്കുക.2000ത്തിന്റെ നോട്ടുകള്‍ 20,000 രൂപയ്ക്കുവരെ ഒറ്റത്തവണ ബാങ്കുകളില്‍നിന്ന് മാറ്റാം. മേയ് 23 മുതല്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. 2023 സെപ്റ്റംബര്‍ 30 വരെ 2000-ത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും.2018-ന് ശേഷം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. നോട്ടുകള്‍ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നും ആര്‍.ബി.ഐ. അറിയിച്ചു.2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. തുടര്‍ന്ന് 500 -ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകള്‍ അവതരിപ്പിച്ചു.അന്ന് അവതരിപ്പിച്ച 2000-ത്തിന്റെ നോട്ടുകളാണ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുള്ളത്.

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ.പൊള്ളാച്ചി സ്വദേശി സുജയ് (32), ഭാര്യ കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് പിടിയിലായത്. കണ്ണൂരിലെ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.ഇവരെ തമിഴ്‌നാട് പൊലീസിന് കൈമാറി.ചൊവ്വാഴ്ചയാണ് കോയമ്പത്തൂര്‍ എടയാര്‍പാളയം സ്വദേശിനി സുബ്ബലക്ഷ്മി(20) മരിച്ചത്. സ്വകാര്യ കോളജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ സുബ്ബലക്ഷ്മിയെ സുജയിയുടെ ഫ്‌ലാറ്റിലാണ് കഴുത്തില്‍ കുത്തേറ്റ നിലയില്‍ കണ്ടെടുകയായിരുന്നു. സുജയും സുബ്ബലക്ഷ്മിയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. രണ്ടുവര്‍ഷം മുന്‍പ് സുജയ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.ഇവര്‍ പൊള്ളാച്ചി കോട്ടാംപട്ടിയിലെ ഗൗരിനഗറിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. അടുത്തിടെ, ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സുജയിന്റെ ഭാര്യ നാട്ടില്‍പ്പോയിരുന്നു. ചൊവ്വാഴ്ച സുജയിയുടെ ഫ്‌ലാറ്റില്‍ എത്തിയ സുബ്ബലക്ഷ്മി യുവാവുമായി വഴക്കിട്ടു. അതിനിടെയാണ് കൊലപാതകം നടന്നത് എന്നും പൊലീസ് പറഞ്ഞു.സുബ്ബലക്ഷ്മിയെ കുത്തിയ കാര്യം അമ്മയെ അറിയിക്കുകയും മരണം പൊലീസിനെ അറിയിക്കാന്‍ അമ്മയോട് ആവശ്യപ്പെട്ടതിന് ശേഷം സുജയ് ഒളിവില്‍ പോവുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.കൊലപാതകത്തിനു ശേഷം സുജയും രേഷ്മയും ബൈക്കില്‍ നാടു വിടുകയായിരുന്നുവെന്നാണ് സൂചന. ഇരുവരും കണ്ണൂര്‍ ജില്ലയില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസിപിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് പരിശോധന നടത്തുകയായിരുന്നു. ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍നിന്ന് പുലര്‍ച്ചയോടെ ഇരുവരെയും പിടികൂടിയത്.

ഓപ്പറേഷൻ കാവേരി; ജിദ്ദയിൽ നിന്ന് 186 പേരടങ്ങുന്ന വിമാനം കൊച്ചിയിലെത്തി

ജിദ്ദ: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്നും 186 യാത്രക്കാരുമായി പുറപ്പെട്ട പ്രത്യേക വിമാനം കൊച്ചിയിലെത്തി.ഓപ്പറേഷൻ കാവേരിയുടെ ഭാഗായി ജിദ്ദയിൽ നിന്നും ഇന്ത്യയിലെത്തുന്ന ഒൻപതാമത്തെ വിമാനമാണിത്. ജിദ്ദയിൽ നിന്ന് കൊച്ചിയിലേയ്‌ക്ക് ഒൻപതാമത്തെ വിമാനം 186 യാത്രാക്കാരുമായി പുറപ്പെട്ടതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം 2500 ഇന്ത്യൻ പൗരന്മാരെയാണ് സുഡാനിലെ സംഘർഷ ഭൂമിയിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇതിൽ 2300 പേരെ ഇന്ത്യയിൽ എത്തിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.യുദ്ധഭൂമിയായി മാറിയ സുഡാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം നടപ്പിലാക്കുന്ന ദൗത്യത്തിന്റെ പേരാണ് ഓപ്പറേഷൻ കാവേരി.കപ്പൽ,വിമാനം എന്നിവ ഉപയോഗിച്ചാണ് ഇന്ത്യക്കാരെ സുഡാനിൽ നിന്നും ജിദ്ദയിൽ എത്തിക്കുന്നത്. തുടർന്ന് ജിദ്ദയിൽ നിന്ന് വ്യോമസേന, വാണിജ്യ വിമാനങ്ങളിലായി നാട്ടിലെത്തിക്കും.

ഓസ്‌കറില്‍ മുത്തമിട്ട് ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം

ലോസ് ആഞ്ജലിസ്: 95-ാം ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ആര്‍ആര്‍ആറിനും ദ എലഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം.മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ദ എലഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കി.കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഗുനീത് മോംഗയാണ് നിര്‍മാണം. അനാഥനായ ഒരു ആനക്കുട്ടിയും അതിന്റെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം.മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ എസ് എസ് രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കർ പുരസ്‌കാരം നേടി.എം എം കീരവാണിയും ചന്ദ്രബോസും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. പാട്ട് പാടിയാണ് എം എം കീരവാണി പുരസ്‌കാരം സ്വീകരിച്ചത്. ഹൃദയത്തിൽ തൊടുന്ന ഈണങ്ങളുമായി തെന്നിന്ത്യ കീഴടക്കിയ സംഗീതസംവിധായകനാണ് എം എം കീരവാണി.14 വർഷങ്ങൾക്ക് ശേഷമാണ് ഈ വിഭാഗത്തിൽ ഓസ്‌കർ ഇന്ത്യയിലേക്ക് എത്തുന്നത്. ചന്ദ്രബോസ് എഴുതി എംഎം കീരവാണി ഈണമിട്ട ഗാനമാണ് നാട്ടു നാട്ടു. പുരസ്‌കാരം രാജ്യത്തിന് സമർപ്പിക്കുന്നതായാണ് കീരവാണി പറഞ്ഞത്.ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരാണ് ഗാനരംഗത്തിൽ ചുവടുവച്ചത്.ഗോൾഡൻ ഗ്ലോബിലും മികച്ച ഒറിജനൽ സോങിനുള്ള പുരസ്‌കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു.എ.ആര്‍ റഹ്മാന്‍-ഗുല്‍സാര്‍ ( 2008, സ്ലം ഡോഗ് മില്ല്യണയര്‍) ജോഡിയുടെ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്കെത്തുന്നത്.

പെട്രോൾ പമ്പ് സമരം നിയമ വിരുദ്ധം- കേരള ഹൈക്കോടതി

 

keralanews vehicle violating law should not be allowed on public roads from tomorrow high court with strict instructions

കൊച്ചി: കണ്ണൂർ ജില്ലയിൽ ഈ മാസം 24 മുതൽ നടത്താനിരുന്ന പെട്രോൾ പമ്പ് ജീവനക്കാരുടെ അനശ്ചിതകാല സമരം തടഞ്ഞു കൊണ്ട് ബഹു. ഹൈക്കോടതി ഉത്തരവിട്ടു.

കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ബഹു.ജസ്റ്റീസ് അമിത് റാവലിന്റെ സുപ്രധാനമായ ഉത്തരവുണ്ടായത്.

ഹർജിക്കാർക്ക് വേണ്ടി സീനിയർ അഡ്വക്കേറ്റ് എസ്. ശ്രീകുമാർ,അഡ്വ.നന്ദഗോപാൽ എസ്.കുറുപ്പ്,അഡ്വ.അഭിരാം.ടി.കെ എന്നിവർ ഹാജരായി.

ജനുവരി മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Test tube with a negative blood test for coronavirus. Macro photo on a blue background.

ന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന യാത്രികര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ.ചൈന, ഹോങ്കോങ്, ജപ്പാന്‍, സൗത്ത് കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് സര്‍ക്കാരിന്റെ എയര്‍ സുവിധ പോര്‍ട്ടലില്‍ അവരുടെ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ചൈനയിലും കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

മാൻഡോസ് ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കുന്നു;തമിഴ്‌നാട്ടിൽ 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കേരളത്തിലുൾപ്പെടെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത

keralanews cyclone mandous approaches shore 16 flights canceled in tamilnadu red alert in 3 districts chance of heavy rain including kerala

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിച്ച് മാൻദൗസ് ചുഴലിക്കാറ്റ്. ശനിയാഴ്ച പുലർച്ചെയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടും. കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലുൾപ്പെടെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അതിതീവ്ര ചുഴലിക്കാറ്റായ മാൻദൗസ് വരും മണിക്കൂറിൽ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറും. തുടർന്ന് അർദ്ധ രാത്രി തമിഴ്‌നാട് – പുതുച്ചേരി – തെക്കൻ ആന്ധ്രാ പ്രദേശ് തീരാത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്‌ക്കും ഇടയിൽ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറിൽ 65 – 75 കിലോമീറ്റർ വരെ വേഗതയിൽ പുലർച്ചെയോടെ കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.ഈ സാഹചര്യത്തില്‍ തമിഴ്‌നാട്, പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളിലെ ജനങ്ങൾക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.തമിഴ്നാട്ടില്‍ നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, കടലൂര്‍, മൈലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലിലും എന്‍ഡിആര്‍എഫിന്റെ മൂന്ന് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ, രണ്ട് കണ്‍ട്രോള്‍ റൂമുകളും ഹെല്‍ത്ത് സെന്ററുകളും തുറന്നിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പത്തിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു.കോഴിക്കോട്, കണ്ണൂര്‍ വിമാനങ്ങളടക്കെം പതിനാറ് സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യം വിലയിരുത്താൻ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാർക്കുകളും കളിസ്ഥലങ്ങളും തുറക്കരുതെന്നും ബീച്ച് സന്ദർശനം ഒഴിവാക്കണമെന്നും വാഹനങ്ങൾ മരങ്ങൾക്ക് താഴെ പാർക്ക് ചെയ്യരുതെന്നും ചെന്നൈ നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ട്.