Food, Kerala, News

സംസ്ഥാനത്ത് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു;ഫെബ്രുവരി 16 മുതല്‍ നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാത്ത് ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി.സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി. അതത് ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഫെബ്രുവരി ഒന്നു മുതല്‍ പരിശോധന നടത്തും. സ്ഥാപനങ്ങള്‍ കൂടാതെ മാര്‍ക്കറ്റുകള്‍ ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകള്‍ നടത്തുന്നതാണ്. പാഴ്‌സലുകളിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമാണ്. മുന്നറിയിപ്പ് ഇല്ലാതെ ഭക്ഷണ പാഴ്സലുകൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നൽകിയിട്ടുണ്ട്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും, സമയവും, എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം. അടച്ച സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമ്പോൾ ജീവനക്കാരെല്ലാം നിർബന്ധമായും രണ്ടാഴ്ചക്കുള്ളിൽ തന്നെ ഭക്ഷ്യസുരക്ഷ പരിശീലനം നേടണമെന്നും നിർബന്ധമുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ ദുരന്തങ്ങൾ വ്യാപകമായതോടെയാണ് ഹെൽത്ത് കാർഡുകൾ നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്നവർക്കെതിരെയും കൈവശം വയ്‌ക്കുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
Previous ArticleNext Article