ഹിജാബ് വിവാദം; ഫെബ്രുവരി 16 വരെ കോളേജുകള്‍ അടച്ചിടുമെന്ന് കര്‍ണാടക സര്‍ക്കാര്‍

keralanews hijab controversy colleges in karnataka will closed till february 16

ബംഗളുരു: ഹിജാബ് വിവാദത്തെ തുടർന്ന് അടച്ചിട്ട കർണാടകയിലെ കോളേജുകൾ ഈ മാസം 16ാം തിയതി വരെ തുറക്കില്ലെന്ന് സംസ്ഥാന സർക്കാർ. കോളേജുകൾക്ക് പുറമെ 11, 12 ക്ലാസുകളും ബുധനാഴ്ച വരെ ഉണ്ടാകില്ല. ഓൺലൈൻ ക്ലാസുകൾ തുടരാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തീരുമാനം. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ തീര്‍പ്പാകാത്ത സാഹചര്യത്തിലാണ് സർക്കാർ നടപടി.ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആന്‍ഡ് ടെക്നിക്കല്‍ എജ്യുക്കേഷന് (ഡി.സി.ടി.ഇ) കീഴിലുള്ള കോളജുകളും അടച്ചിടും.അതേസമയം ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ അധ്യയനം തിങ്കളാഴ്ച മുതൽ പുന:രാരംഭിക്കും.ഹിജാബ് വിഷയത്തിൽ ഹൈക്കോടതിയുടെ വിശാല ബെഞ്ചിൽ തിങ്കളാഴ്ചയും വാദം തുടരുന്നത് പരിഗണിച്ചാണ് കോളേജുകൾ തുറക്കുന്നത് 16ാം തിയതി വരെ സർക്കാർ നീട്ടിയത്. ഹിജാബ് വിലക്കിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമവിധി പുറപ്പെടുവിക്കും വരെ വിദ്യാലയങ്ങളിൽ മതപരമായ വേഷം പാടില്ലെന്ന് കർണാടക ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. യൂണിഫോം നിർബന്ധമാക്കിയ വിദ്യാലയങ്ങൾക്കാണ് ഇത് ബാധകമാകുന്നത്.

കൊറോണ;വിദേശത്ത് നിന്ന് വരുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍

keralanews corona the central government has changed the guidelines for foreigners

ന്യൂഡല്‍ഹി: വിദേശത്ത് നിന്നും രാജ്യത്ത് എത്തുന്നവർക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍.ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. എട്ടാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നതും പുതിയ മാര്‍ഗരേഖയില്‍ മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും.ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍, എട്ടാം ദിവസം ടെസ്റ്റ്, നെഗറ്റിവ് ആണെങ്കിലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണം എന്നിങ്ങനെയാണ് നിലവിലെ മാര്‍ഗരേഖയില്‍ പറയുന്നത്. ഇത് ഒഴിവാക്കി 14 ദിവസം സ്വയം നിരീക്ഷണം എന്നതു മാത്രമായി ചുരുക്കി. എയര്‍പോര്‍ട്ടില്‍ എത്തുന്ന ഓരോ വിമാനത്തിലെയും രണ്ടു ശതമാനം യാത്രക്കാരെ റാന്‍ഡം ചെക്കിങ്ങിനു വിധേയമാക്കും. ഇവര്‍ക്കു സാംപിള്‍ കൊടുത്തു വീടുകളിലേക്കു പോവാം.യാത്ര പുറപ്പടുന്നതിന് 72 മണിക്കൂര്‍ മുൻപ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് ഫലം അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ തുടരും. എന്നാല്‍ ഇതിനു പകരം വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താലും മതിയാവുമെന്ന് പുതിയ മാര്‍ഗരേഖ പുറത്തിറക്കിക്കൊണ്ട് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതില്‍ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്കും ഇന്ത്യക്കാര്‍ക്ക് ക്വാറന്റൈന്‍ ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് റിസള്‍ട്ടിന് പകരം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ യാത്രചെയ്യാന്‍ അനുവാദമുള്ളത്. 82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ ഫലം ഇനി നിര്‍ബന്ധമല്ലാത്തത്. എന്നാല്‍, യു.എ.ഇയും ചൈനയും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവിടെനിന്നുള്ളവര്‍ 72 മണിക്കൂറിനിടയിലുള്ള ആര്‍ടിപി.സി.ആര്‍ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യേണ്ടിവരും.വിദേശത്തുനിന്നെത്തുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ ലഭ്യമായ സത്യവാങ്മൂലം ഓണ്‍ലൈനായി പൂരിപ്പിച്ച്‌ നല്‍കണം. രണ്ടാഴ്ചത്തെ യാത്രാവിവരങ്ങളും വ്യക്തമാക്കണം.എയര്‍പോര്‍ട്ടില്‍ എത്തുമ്പോൾ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ആശുപത്രിയിലേക്കു മാറ്റും.അഞ്ചു വയസ്സില്‍ താഴെയുള്ളവരെ യാത്രയ്ക്കു മുൻപും ശേഷവുമുള്ള പരിശോധനയില്‍ നിന്ന ഒഴിവാക്കി. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഇവരും പരിശോധനയ്ക്കു വിധേയമാവണം.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്;പോളിംഗ് പുരോഗമിക്കുന്നു

keralanews uttar pradesh assembly polls polling in progress

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതലാണ് പോളിങ് ആരംഭിച്ചത്.ഉച്ചയ്ക്ക് 1 മണി വരെ 35.03 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ 623 സ്ഥാനാര്‍ത്ഥികളാണ് മല്‍സരിക്കുന്നത്. 11 ജില്ലകളിലായി 58 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ജാട്ട് വിഭാഗത്തിന് ആധിപത്യമുള്ള സ്ഥലങ്ങളാണ് ഇതില്‍ കൂടുതലും. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. സമാജ്‌വാദി പാര്‍ട്ടി (എസ്പി), രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) എന്നീ പാര്‍ട്ടികള്‍ ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.യോഗി ആദിത്യനാഥ് സര്‍ക്കാരിലുണ്ടായിരുന്ന ഒൻപത് മന്ത്രിമാരാണ് ആദ്യ ഘട്ടത്തില്‍ മല്‍സരിക്കുന്നത്.ഷംലി, ഹാപൂര്‍, ഗൗതം ബുദ്ധ നഗര്‍, മുസാഫര്‍നഗര്‍, മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, അലിഗഡ്, മഥുര, ആഗ്ര എന്നീ ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പില്‍ ഈ 58 സീറ്റുകളില്‍ 53 എണ്ണവും ബിജെപിയെ പിന്തുണച്ചു. എസ് പിയ്ക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും രണ്ട് സീറ്റുകള്‍ വീതമാണ് ലഭിച്ചത്. ഒരു സീറ്റ് ആര്‍എല്‍ഡിക്ക്.403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. അവസാന ഘട്ട വോട്ടെടുപ്പ് മാര്‍ച്ച്‌ ഏഴിനാണ്. തിരഞ്ഞെടുപ്പ് ഫലം മാര്‍ച്ച്‌ 10 ന് പ്രഖ്യാപിക്കും.

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു;പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ

keralanews kovid cases are declining in the country the number of patients per day is less than one lakh

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി.കഴിഞ്ഞ 24 മണിക്കൂറിനിടെ 83,876 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.മൂന്നാം തരംഗം ആരംഭിച്ച് ഒരു മാസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. രണ്ട് ലക്ഷത്തിനടുത്താണ് രോഗ മുക്തരുടെ എണ്ണം. 24 മണിക്കൂറിനിടെ 1,99,054 പേര്‍ക്കാണ് രോഗമുക്തി. 96.19 ശതമാനമാണ് രോഗമുക്തി നിരക്ക്.നിലവിൽ 11,08,938 പേരാണ് വൈറസ് ബാധിച്ച് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. 7.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കഴിഞ്ഞ 24 മണിക്കൂറിൽ 895 പേരാണ് കൊറോണ മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 5,02,874 ആയി

ലത മങ്കേഷ്‌കർ അന്തരിച്ചു

keralanews latha mangeshkkar passes away

മുംബൈ: ഗായിക ലത മങ്കേഷ്‌കർ അന്തരിച്ചു.92 വയസായിരുന്നു. രാവിലെ 9.45ഓടെയാണ് അന്ത്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്‌കർ. ഇന്നലെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.കൊറോണ ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രിയ ഗായികയെ കാണാനായി ആശുപത്രിയിലേക്ക് നിരവധി പ്രമുഖരാണ് എത്തിയത്.ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ മങ്കേഷ്‌കർ വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.1929 സെപ്റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇന്ഡോറിലാണ് ലത ജനിച്ചത്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ , ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്ലേ എന്നിവരാണ് സഹോദരങ്ങൾ.  1942 ൽ തന്റെ 13-ാം വയസിലാണ് മങ്കേഷ്‌കർ ഗായകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചത്. നൈറ്റിംഗേൾ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. മലയാളത്തിൽ നെല്ല് എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺകദളി ചെങ്കദളി പൂ വേണോ…’ എന്ന ഗാനം ലതാ മങ്കേഷ്‌കർ ആലപിച്ചതാണ്. 1969ൽ പത്മഭൂഷണും 1989ൽ ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരവും, 1999ൽ പത്മവിഭൂഷണും, 2001ൽ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ ഭാരതരത്‌നം തുടങ്ങിയ നിരവധി പുസ്‌കാരങ്ങൾ നൽകി രാജ്യം ലതാ മങ്കേഷ്‌ക്കറിനെ ആദരിച്ചു. കൂടാതെ മികച്ച ഗായികയ്‌ക്കുള്ള ദേശീയ, സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരങ്ങളും നിരവധി തവണ ലതാമങ്കേഷ്‌കറിനെ തേടി എത്തിയിട്ടുണ്ട്.

പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് 6 പേര്‍ മരിച്ചു;7 പേര്‍ക്ക് പരിക്ക്

keralanews six died and seven injured when building under construction collided in pune

മുംബൈ: പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് 6 പേര്‍ മരിച്ചു.7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.പൂനെ യര്‍വാദ ശാസ്ത്രി നഗറിലാണ് സംഭവം. ഇതുവരെ 6 മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇനിയും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. മൃതദേഹങ്ങള്‍ പൂനെയിലെ സലൂണ്‍ ആശുപത്രിയിലേക്ക് മാറ്റി.രാത്രി 11 മണിയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലെ വലിയ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടത് തൊഴിലാളികള്‍ ആണ്. ഏഴുപേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി.

ഇലക്ട്രിക് വാഹന മേഖലയ്‌ക്ക് മുൻതൂക്കം;ഇതിനായി ബാറ്ററി സ്വാപ്പിംഗ് പോളിസി കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ

keralanews battery swapping policy will be introduced for the electric vehicle sector says nirmala sitharaman

ന്യൂഡൽഹി: ഇലക്ട്രിക് വാഹന മേഖലയ്‌ക്ക് മുൻതൂക്കം നൽകി കേന്ദ്ര ബജറ്റ്. ഇതിനായി ബാറ്ററി സ്വാപ്പിംഗ് നയം കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചു കൊണ്ട് പൊതുഗതാഗത മേഖലകൾ സൃഷ്ടിക്കും. ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷനുകൾ കൂടുതൽ വ്യാപിപ്പിക്കാനും തീരുമാനമായി. തദ്ദേശീയ ലോകോത്തര സാങ്കേതികവിദ്യയായ കവച്ചിന് കീഴിൽ 2,000 കിലോമീറ്റർ റെയിൽ ശൃംഖല കൊണ്ടുവരാനും ബജറ്റിൽ തീരുമാനം.മലിനീകരണ പ്രശ്‌നങ്ങൾ പൂർണമായും തടയാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി, രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണവും, ഉപയോഗവും പ്രോത്സാഹിപ്പിക്കും.

‘ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍’ പദ്ധതി;നിർണായക പ്രഖ്യാപനം നടത്തി നിർമല സീതാരാമൻ

keralanews one nation one registration project nirmala sitharaman with crucial announcement

ന്യൂഡൽഹി:ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തിൽ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാൻ കഴിയുന്നവിധം പുതിയ നിയമനിർമാണം നടത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വ്യവസായത്തിനും മറ്റ് ആവശ്യങ്ങൾക്കും ഭൂമി ഏറ്റെടുക്കുന്നതിനും ഇത് കൂടുതൽ സൗകര്യപ്രദമാകും.ബില്ലുകള്‍ കൈമാറുന്നതിന് ഇ-ബില്‍ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകള്‍ക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബില്‍ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.1.5 ലക്ഷം പോസ്റ്റോഫീസുകളില്‍ കോര്‍ ബാങ്കിങ് പദ്ധതി നടപ്പാക്കും. ഇ പാസ്‌പോര്‍ട്ട് വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

ബജറ്റ് 2022;ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ സര്‍വ്വകലാശാല;ഡിജിറ്റല്‍ പഠനത്തിന് ഓരോ ക്ലാസിനും ഓരോ ചാനല്‍

keralanews budget 2022 digital university to improve digital education one channel for each class for digital learning

ന്യൂഡല്‍ഹി: ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ‘ ഒരു ക്ലാസിന് ഒരു ചാനല്‍’ പദ്ധതി വിപുലീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പിഎം ഇ-വിദ്യയുടെ കീഴിലുള്ള ഈ പദ്ധതി 12ല്‍ നിന്ന് 200 ടിവി ചാനലുകളായാണ് വിപുലീകരിക്കുന്നത്. നിലവില്‍ പന്ത്രണ്ട് ചാനലുകളാണ് ലഭിക്കുന്നത്. ഇത് 200 ചാനലുകളായി ഉയര്‍ത്തും. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പരിപാടി. പ്രാദേശിക ഭാഷയില്‍ കൂടിയും സംസ്ഥാനങ്ങള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്നും ധനമന്ത്രി അറിയിച്ചു.ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും. കൊറോണ ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ രംഗത്തെ ബാധിച്ചിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം കൂടുതലായി വ്യാപിപ്പിക്കും. ഓഡിയോ, വിഷ്വല്‍ പഠനരീതികള്‍ക്ക് പ്രാമുഖ്യം നല്‍കും.അംഗന്‍വാടികളില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കും. സക്ഷം അംഗന്‍വാടി പദ്ധതിയില്‍ രണ്ട് ലക്ഷം അങ്കവാടികളെ ഉള്‍പ്പെടുത്തും. അംഗന്‍വാടികള്‍ ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരീകരിക്കും. പ്രകൃതി സൗഹാര്‍ദ്ദപരമായ സീറോ ബജറ്റ് ഓര്‍ഗാനിക് ഫാമിങ്, ആധുനിക കാല കൃഷി എന്നിവ കൂടുതല്‍ വിപുലീകരിക്കുന്നതിനായി കാര്‍ഷിക സര്‍വകലാശാലകളിലെ സിലബസ് നവീകരിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

കേന്ദ്രബജറ്റ് ഇന്ന്; രാവിലെ 11ന് ലോക്സഭയില്‍ അവതരിപ്പിക്കും;സാമ്പത്തിക രംഗത്തെ പ്രഖ്യാപനങ്ങള്‍ക്കായി പ്രതീക്ഷയോടെ രാജ്യം

keralanews union budget today will be presented in the loksabha at 11 am country hoping for economic announcements

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് ചൊവ്വാഴ്ച രാവിലെ 11ന് ലോക്സഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും.നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റാണ് ഇന്ന് നടക്കുന്നത്. കോവിഡിനും അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിലാണ് ബജറ്റ് അവതരണം. സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണിത്.സാധാരണ 120 മിനിറ്റ് വരെയാണ് ബജറ്റ് പ്രസംഗത്തിന്റെ ദൈര്‍ഘ്യമെങ്കിലും നിര്‍മല സീതാരാമന്‍ നീണ്ട ബജറ്റ് പ്രസംഗം നടത്താറുണ്ട്. 2020ല്‍ രണ്ട് മണിക്കൂര്‍ 40 മിനിറ്റ് എടുത്തു. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. സാമ്പത്തിക സര്‍വേയും ഡിജിറ്റലായാണ് നല്‍കിയത്.കേന്ദ്ര ബജറ്റ് അവതരണങ്ങള്‍ക്കായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാർലമെന്റ് മന്ദിരത്തിലെത്തി. രാവിലെ 8.45ഓടെ ധനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തിലെ നോര്‍ത്ത് ബ്ലോക്കിലെത്തി.രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയോട് അനുവാദം വാങ്ങിയ ശേഷം ധനമന്ത്രി വീണ്ടും തിരികെ പാര്‍ലമെന്റ് മന്ദിരത്തിലെത്തും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ബജറ്റ് അവതരണത്തിന് അംഗീകാരം ലഭിക്കുന്നതിനായി 10.10ന് കാബിനറ്റ് അംഗങ്ങളുടെ യോഗം സംഘടിപ്പിക്കും. ഇതിന് ശേഷമാണ് ബജറ്റ് അവതരിപ്പിക്കുക. വൈകിട്ട് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയും ധനമന്ത്രി വിശദീകരണം നല്‍കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയ്ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടും പ്രഖ്യാപനങ്ങളുണ്ടാകും. കോവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.കോവിഡ് കാലത്തെ കുട്ടികളുടെ പഠനച്ചെലവിനും, മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് ചിലവിടുന്ന പണത്തിനും അലവന്‍സ് പ്രതീക്ഷിക്കുന്നുണ്ട്. ബാങ്കുകളില്‍ വായ്പ തിരിച്ചടവ് പ്രതീക്ഷിച്ച പോലെ നടക്കാത്തതിനാല്‍ കൂടുതല്‍ വായ്പകള്‍ നല്‍കുന്നതില്‍ ബജറ്റില്‍ നിയന്ത്രണം കൊണ്ടുവന്നേക്കും. പഞ്ചാബ് ഉള്‍പ്പെടെ കര്‍ഷകര്‍ ഏറെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കാര്‍ഷിക മേഖലക്ക് കൂടുതല്‍ പണം അനുവദിക്കാനും സാധ്യതയുണ്ട്.വര്‍ക്ക് അറ്റ് ഹോം രീതിക്ക് അലവന്‍സുകള്‍ അനുവദിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ മുതലുണ്ടായിരുന്നു. ജോലി ഓഫീസുകളില്‍ നിന്ന് വീട്ടിലേക്ക് മാറിയതോടെ അധികച്ചിലവായി വരുന്ന ഇന്റര്‍നെറ്റ് , വൈദ്യുതി ചാര്‍ജ് തുടങ്ങിയവക്ക് നികുതി ഇളവ് നല്‍കുന്നതാണ് വര്‍ക്ക് അറ്റ് ഹോം അലവന്‍സ്.