അമ്മയിൽ നിന്നും രാജിവെച്ച നടിമാർക്കെതിരായ ഗണേഷ് കുമാറിന്റെ ശബ്ദ സന്ദേശം പുറത്ത്

keralanews the voice clip against the actress who resigned from amma were out

കൊച്ചി:അമ്മയിൽ നിന്നും രാജിവെച്ച നടിമാർക്കെതിരായ ഗണേഷ് കുമാർ ഇടവേള ബാബുവിനയച്ച ശബ്ദ സന്ദേശം പുറത്ത്.ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും ഫെയ്സ്ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുതെന്നാണ് സന്ദേശത്തിലെ ആദ്യ മുന്നറിയിപ്പ്. ഇപ്പോള്‍ അമ്മയില്‍ നിന്ന് നാലുപേര്‍ രാജിവെച്ചതാണ് ഏറ്റവും പുതിയ കാര്യം. എന്നാല്‍, ഇവര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തുന്നു. ഈ നാല് നടിമാര്‍ പുറത്തുപോയത് സംബന്ധിച്ച്‌ അമ്മയുടെ ഒരംഗവും ചാനലുകളിലും മറ്റും പ്രതികരിക്കരുത്. അമ്മയില്‍ നിന്ന് പുറത്തുപോയ നാലുപേരും സിനിമയിലോ സംഘടനയിലോ സജീവമായിട്ടുള്ളവരല്ല.ഇവര്‍ക്ക് പുറത്തുപോകുന്നതിനോ വേറെ സംഘടനയുണ്ടാക്കുന്നതിനോ യാതൊരു കുഴപ്പവുമില്ലെന്നും അതൊക്കെ നല്ല കാര്യതന്നെയാണെന്നും ഗണേഷിന്റെ സന്ദേശത്തിലുണ്ട്. അമ്മക്കെതിരേ രാഷ്ട്രീയക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നത് കൈയടി നേടാന്‍ വേണ്ടിമാത്രമാണെന്നും ഇപ്പോള്‍ പുറത്തുവരുന്ന വിവാദങ്ങള്‍ ഉന്നയിക്കുന്നത് ഒരുപണിയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ്. ഇവര്‍ക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ലെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. അമ്മയ്‌ക്കെതിരേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങും. ചാനലുകാരെയും പത്രക്കാരെയും സംബന്ധിച്ച്‌ മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതല്ല, മറിച്ച്‌ ആരെയും നശിപ്പിക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും അവര്‍ ഉപയോഗപ്പെടുത്തും. ഏത് പ്രസ്ഥാനമായാലും കുഴപ്പമില്ല അവരുടെ ജോലി നെഗറ്റിവിറ്റി വിതരണം ചെയ്യുന്നതാണെന്നും ഗണേഷ് മാധ്യമങ്ങളെയും വിമര്‍ശിച്ചു. മാതൃഭൂമി ന്യൂസ് ആണ് ശബ്ദ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.

കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ

keralanews the actress will approached the high court seeking woman judge in the trial of case

കൊച്ചി:കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബദ്ധപ്പെട്ട് കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്.അടുത്തയാഴ്ച പുന:പരിശോധനാ ഹര്‍ജി നല്‍കാനാണ് തീരുമാനം. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

കെവിൻ വധക്കേസ്;നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

keralanews kevin murder case neenus mother will be questioned

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്റെ അമ്മ രഹ്‌നയെ അന്വേഷണസംഘം ചോദ്യംചെയ്യും.രണ്ടു പ്രതികളുടെയും  സാക്ഷിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് രഹ്‌നയെ ചോദ്യം ചെയ്യാനുള്ള തീരുമാനം.ചൊവ്വാഴ്ച രാവിലെ രഹ്‌ന ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിക്ക് മുൻപാകെ  ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.പ്രധാന സാക്ഷി അനീഷിന് പുറമേ രണ്ടു പ്രതികളും രഹ്‌നയാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് ആരോപിച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനു തലേന്നു രഹ്‌ന മാന്നാനത്തെത്തി പരസ്യമായി ഭീഷണി മുഴക്കിയെന്നു പ്രധാന സാക്ഷി അനീഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍, കെവിന്‍ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും രഹ്‌നയെ പൊലീസ് ചോദ്യം ചെയ്തിരുന്നില്ല. രഹ്‌നയെ പ്രതിയാക്കേണ്ടെന്ന നിലപാടിലായിരുന്നു തുടക്കംമുതല്‍ പൊലീസ്.

പ്രതിഷേധം ഫലം കണ്ടു;അന്ത്യോദയ എക്സ്പ്രസിന് കാസർകോട്ടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു

keralanews stop allowed in kasarkode and alapuzha for anthyodaya express

ന്യൂഡല്‍ഹി: കൊച്ചുവേളി – മംഗളൂരുഅന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് ഉള്‍പ്പെടെ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എം പി ഉൾപ്പെടെയുള്ളവർ നടത്തിയ ഇടപെടല്‍ ഫലം കണ്ടു.അന്ത്യോദയ എക്‌സപ്രസിന് കേരളത്തില്‍ രണ്ടു സ്റ്റോപ്പുകള്‍ കൂടി അനുവദിച്ച്‌ റെയില്‍വെ മന്ത്രാലയത്തിന്റെ ഉത്തരവ്. കാസര്‍കോടും ആലപ്പുഴയുമാണ് പുതുതായി അനുവദിച്ച സ്‌റ്റോപ്പുകള്‍. പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ച വിവരം കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ രാജ്യസഭാ എംപി വി മുരളീധരനെയാണ് അറിയിച്ചത്. ഉത്തരവിന്റെ കോപ്പി ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് നിഷേധിച്ചത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ റെയില്‍വെ മന്ത്രിക്കും ചെയര്‍മാനും ജനറല്‍ മാനേജര്‍ക്കും പി കരുണാകരന്‍ എം പി നിവേദനം നല്‍കിയിരുന്നു. സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ ചെയിന്‍ വലിച്ച്‌ നിര്‍ത്തി പ്രതിഷേധിച്ചിരുന്നു. ഡിവൈഎഫ്‌ഐ റെയില്‍വെ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ ആണ് സംഘടിപ്പിച്ചത്. രാജ്യസഭ എംപി വി മുരളീധരന്‍ വഴി ബിജെപിയും റയില്‍വെ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.ട്രെയിനിന്റെ ടൈം ഷെഡ്യൂളില്‍ മാറ്റം വരുത്തിയ ശേഷം ഒരാഴ്ചക്കുള്ളില്‍ തന്നെ ട്രെയിനിന് കാസര്‍കോട്ടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിക്കുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നത്.

രാജിവെച്ച നടിമാർക്ക് അഭിനന്ദനങ്ങൾ;പ്രതികരണം ശരിയായ സമയത്തെന്നും നടൻ പൃഥ്വിരാജ്

keralanews congratulations to resigned actresses and response is at the right time says actor prithviraj

കൊച്ചി: അമ്മയില്‍ നിന്നും ആക്രമിക്കപ്പെട്ട നടിയുള്‍പ്പടെ നാലു നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. താന്‍ മൗനം പാലിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശരിയായ സമയത്ത് തന്റെ അഭിപ്രായം വ്യക്തമാക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. രാജിവെച്ച നടിമാരുടേത് ധീരമായ നടപടിയാണ്. താനവരെ അഭിനന്ദിക്കുന്നെന്നും പൃഥ്വിരാജ് ഒരു ഇംഗ്ലീഷ് മാഗസിന്  നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി തന്റെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ വേദന താന്‍ നേരിട്ട് കണ്ടതാണ്. വലിയൊരു ആഘാതമായിരുന്നു അത്. തനിക്ക് നേരെയുണ്ടായ ദുരനുഭവത്തെ അവള്‍ നേരിട്ടത് ധീരമായിട്ടായിരുന്നു. അവളുടെ പോരാട്ടം അവള്‍ക്ക് വേണ്ടി മാത്രമല്ല, മറ്റൊരാള്‍ക്ക് ഇനി ഇങ്ങനെയൊരനുഭവം ഉണ്ടാകാതിരിക്കാന്‍ കൂടിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.അമ്മയില്‍നിന്നു രാജിവച്ച രമ്യ, ഗീതു, റിമ, ഭാവന എന്നിവരെ പൂര്‍ണമായി മനസിലാക്കാന്‍ എനിക്ക് കഴിയും. പറയാനുള്ളത് തുറന്നുപറഞ്ഞ അവരുടെ നിലപാടിനെ അഭിനന്ദിക്കുന്നു. ദിലീപിനെ പുറത്താക്കി‍യത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടയിടത്ത് പറയുമെന്നും പൃഥ്വി വ്യക്തമാക്കി.തന്റെ പ്രതികരണം ആരായുന്നവര്‍ക്ക് മുന്നില്‍ മൗനം പാലിക്കുന്ന ആളല്ല താന്‍. അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത് മനഃപൂര്‍വ്വമല്ലെന്നും തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നെന്നും നടന്‍ വ്യക്തമാക്കുന്നു. നേരത്തെ അമ്മ യോഗത്തിനിടയിലെ പൃഥ്വിരാജിന്റെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു.

ഡോ.ജയപ്രസാദിനെ കേന്ദ്രസർവ്വകലാശാലയുടെ ആദ്യ പ്രൊ വൈസ് ചാൻസിലറായി നിയമിച്ചു

keralanews dr jayaprasad appointed as the pro vice chancellor of central university

കാസർകോഡ്:ഡോ.ജയപ്രസാദിനെ കേന്ദ്രസർവ്വകലാശാലയുടെ ആദ്യ പ്രൊ വൈസ് ചാൻസിലറായി നിയമിച്ചു.ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന കേന്ദ്ര സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.കേന്ദ്ര സർവകലാശാലയിലെ സ്കൂൾ ഓഫ് കൾച്ചറൽ സ്റ്റഡീസിൽ ഡീൻ ആയിരുന്നു ജയപ്രസാദ്.കേന്ദ്ര സർവകലാശാല തുടങ്ങിയിട്ട് ഇത്രയും കാലം ഈ തസ്തികയിലേക്ക് ആരെയും നിയമിച്ചിരുന്നില്ല.കേന്ദ്ര സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ അംഗം,കേന്ദ്രസർവ്വകലാശാലയിലെ കോർട്ട് മെമ്പർ,മഹാത്മാ അയ്യൻ‌കാളി സെന്റർ ഫോർ കേരള സ്റ്റഡീസ് ഡയറക്റ്റർ,ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ റിസേർച്ചിന്റെ സതേൺ റീജിയൻ ഉപദേശക സമിതി അംഗം,ഇന്ത്യൻ പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്,ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഡോ.ജയപ്രസാദ് പ്രവർത്തിച്ചുവരുന്നു.നാക്,യുജിസി തുടങ്ങിയ സമിതികളിലെ നോമിനിയായും സേവനമനുഷ്ഠിക്കുന്നു.അതേസമയം ജയപ്രസാദിനെ പ്രൊ വൈസ് ചാൻസിലറായി നിയമിക്കാനുള്ള എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനം വിവാദമായിരിക്കുകയാണ്.ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഇദ്ദേഹത്തെ സ്ഥാപനത്തിൽ അധ്യാപകനായി നിയമിച്ചത് ചട്ടങ്ങൾ മറികടന്നാണെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചെറുപുഴ പ്രാപ്പൊയിൽ സ്വദേശി പടിഞ്ഞാറ്റയിൽ ഗോകുൽ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ നടപടികൾ നടന്നുവരികയാണ്.അതിന്റെ തീരുമാനം വരും മുമ്പേയാണ് സ്ഥാനക്കയറ്റം കൂടി നൽകിയിരിക്കുന്നത്.എന്നാൽ തീരുമാനത്തിൽ അപാകതയില്ലെന്നും ഇത്തരം നിയമനങ്ങൾക് വൈസ് ചാൻസിലർക്ക് തന്റെ വിവേചനാധികാരം ഉപയോഗിക്കാമെന്നും മാത്രമല്ല മതിയായ യോഗ്യതയും അക്കാദമിക്ക് മികവും ഉള്ളയാളാണ് ജയപ്രസാദെന്നും രജിസ്ട്രാർ ഡോ.എ.രാധാകൃഷ്‌ണൻ നായർ വ്യക്തമാക്കി.

നടിമാരുടെ കൂട്ട രാജി;’അമ്മ’യ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി വനിതാ കമ്മീഷൻ

keralanews resignation of actresses womens commission with strong protest against amma association

തിരുവനന്തപുരം:ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാർ ‘അമ്മ സംഘടനയിൽ നിന്നും രാജിവെച്ച പശ്ചാത്തലത്തിൽ ‘അമ്മ’യ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷനും. ‘അമ്മ’ നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനല്‍ കേസില്‍ പ്രതി സ്ഥാനത്ത് നില്‍കുന്ന നടന്‍ ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല. ലഫ്റ്റനന്‍റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ ലാലിന്‍റെ നിലപാട് ഉചിതമല്ല. അമ്മ അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി.ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ അക്രമത്തെ അതീജീവിച്ച നടി ഉള്‍പ്പെടെ നാല് നടിമാര്‍ അമ്മയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. നടിമാരുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച്‌ നിരവധി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.അതിനിടെ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ശനിയാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ കൂടുതല്‍ചര്‍ച്ച അന്നുണ്ടാകുമെന്നാണ് വിവരം.

ലോകകപ്പ് ഫുട്ബോൾ;മുൻ ചാമ്പ്യന്മാരായ ജർമ്മനി പുറത്ത്

keralanews world cup football former champions germany out

കസാൻ:ഫിഫ ലോകകപ്പ് ഫുട്‍ബോളിൽ നിന്നും മുൻ ചാമ്പ്യന്മാരായ ജർമ്മനി പുറത്ത്.സൗത്ത് കൊറിയക്കെതിരായ മത്സരത്തില്‍ 2-0 ന് പരാജയപ്പെട്ടാണ് ജര്‍മനി പുറത്തായത്. 90 മിനുട്ടും കഴിഞ്ഞുള്ള എക്‌സ്ട്രാ ടൈമില്‍ സൗത്ത് കൊറിയ നേടിയ രണ്ടു ഗോളുകളാണ് ജര്‍മനിയുടെ വിധിയെഴുതിയത്. കളിയുടെ 96 ആം മിനിറ്റിൽ കിം യുംഗ്വോണും  സൺ ഹിയുംഗ്മനിനും ആണ് കൊറിയയുടെ ചരിത്ര ഗോളുകൾ നേടിയത്.ജയമല്ലാതെ മറ്റൊന്നും ജര്‍മ്മനിക്ക് മുന്നിലില്ലായിരുന്നു. കഴിഞ്ഞ കളിയിലെ വിജയടീമില്‍ നിന്ന് മാറ്റങ്ങളോടെയാണ് ജര്‍മ്മനി കളത്തിലെത്തിയത്.ദക്ഷിണകൊറിയന്‍ ബോക്‌സില്‍ നിരന്തരം ജര്‍മ്മന്‍ മുന്നേറ്റം എത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.ദക്ഷിണകൊറിയ വിട്ടുകൊടുക്കാന്‍ ഒട്ടും തയ്യാറല്ലായിരുന്നു. അവരും പൊരുതി. ജര്‍മ്മന്‍ പ്രതിരോധത്തെ മാത്രമല്ല ഗോളിയേയും കൊറിയക്ക് മറികടക്കേണ്ടതായിരുന്നു. പക്ഷേ രണ്ടിനും ഇഞ്ച്വറി ടൈമിന്റെ അവസാനം വരെ കഴിഞ്ഞില്ല. എന്നാല്‍ കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ കൊറിയയുടെ ഗോളുകള്‍ എത്തി. ഇതോടെ ചാമ്പ്യന്മാര്‍ പുറത്തായി.

ജോലിയിൽ വീഴ്ച വരുത്തിയ 153 ജീവനക്കാരെ കെഎസ്ആർടിസി സ്ഥലം മാറ്റി

keralanews k s r t c transfered 153 employees who made mistake in their work

കൊല്ലം:ആറു മാസത്തിനുള്ളിൽ പത്തുദിവസത്തിൽ താഴെ മാത്രം ജോലി ചെയ്ത 153 ജീവനക്കാരെ കെഎസ്ആർടിസി സ്ഥലം മാറ്റി.  ജീവനക്കാര്‍ കുറഞ്ഞ കാസര്‍കോട്ടേക്കാണ് മിക്കവരെയും സ്ഥലം മാറ്റിയിരിക്കുന്നത്.ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥാപനത്തില്‍ പുതിയ തൊഴില്‍ സംസ്‌കാരമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഒരു ജീവനക്കാരന്‍ വര്‍ഷത്തില്‍ 20 ദിവസം പോലും ജോലി ചെയ്യാതിരുന്നാല്‍ സ്ഥാപനത്തിനോ അയാള്‍ക്കോ പ്രയോജനമുണ്ടാവുകയില്ല. ഡ്രൈവര്‍മാരുടെ ക്ഷാമം കാരണം പല ഷെഡ്യൂളുകളും മുടങ്ങുന്നതായും അധികൃതർ വ്യക്തമാക്കി.

എടപ്പാൾ തീയേറ്റർ പീഡനം;തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് ക്രൈം ബ്രാഞ്ച്

Child abuse in Edappal cinema: businessman arrested - Moideen Kutty

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പൊലീസിനെ പ്രതിരോധത്തിലാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. കേസില്‍ സതീഷിനെ പൊലീസ് പ്രതിചേര്‍ത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്.പീഡന ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ പ്രചരിപ്പിച്ചില്ലെന്നും ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. തീയേറ്റര്‍ ഉടമ സതീഷിനെ കേസില്‍ സാക്ഷിയാക്കി ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. സതീഷിനെ അറസ്റ്റ് ചെയ്തത് വലിയ വിവാദത്തിന് ഇടയാക്കിയതോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.സംഭവം നടക്കുന്ന സമയത്ത് തീയേറ്റര്‍ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തിയ ശേഷം ജീവനക്കാര്‍ പറഞ്ഞാണ് പീഡന വിവരം അറിയുന്നത്. അന്ന് തന്നെ സതീഷ് സംഭവം ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസിനെ അറിയിക്കാന്‍ ശ്രമിച്ചിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.