Business, India, News

കൊറോണ വൈറസ്:ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പ്രതിസന്ധിയില്‍

keralanews Corona virus Smartphone market in India is in crisis

മുംബൈ: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്.ചൈനയില്‍നിന്ന് ഘടകങ്ങള്‍ എത്താത്തതാണ് പ്രശ്നമായിരിക്കുന്നത്. ഫെബ്രുവരിയിലെ ഉത്പാദനത്തിലുള്ള ഘടകങ്ങളാണ് നിലവില്‍ സ്റ്റോക്കുള്ളത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മാര്‍ച്ച്‌ ആദ്യവാരം ഉത്പാദനം നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് കമ്പനികളുടെ ആശങ്ക.ചൈനയില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫാക്ടറികള്‍ അടച്ചിട്ടിരുന്നതിനാല്‍ ഇന്ത്യയിലെ ഉത്പാദകര്‍ കൂടുതല്‍ ഘടകങ്ങള്‍ ശേഖരിച്ചിരുന്നു.ഇതുപയോഗിച്ചാണ് നിലവില്‍ ഉത്പദാനം നടക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ ഫാക്ടറികള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഇതോടെ ചരക്കുനീക്കം പ്രതിസന്ധിയിലായി.രാജ്യത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ഉത്പാദകരായ ഷവോമി ഘടകങ്ങളുടെ ശേഖരം തീരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ ഘടകഭാഗങ്ങള്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ക്കും വില ഉയരുകയാണ്. ഇവ മറ്റു സ്രോതസ്സുകളില്‍നിന്ന് എത്തിക്കുന്നതിന് കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്.ആപ്പിള്‍ ഐഫോണ്‍ 11, 11 പ്രോ എന്നിവ ചൈനയില്‍നിന്ന് ‘അസംബിള്‍’ചെയ്ത് എത്തിക്കുന്നതാണ്. രാജ്യത്ത് മുംബൈയിലടക്കം പല സ്റ്റോറുകളിലും ഇവയുടെ ശേഖരം തീര്‍ന്നുതുടങ്ങി. ജനുവരി-മാര്‍ച്ച്‌ കാലത്ത് സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ പത്തു മുതല്‍ 15 ശതമാനംവരെ കുറവുണ്ടാകുമെന്ന് വിവിധ ഏജന്‍സികള്‍ പറയുന്നു.ഏപ്രില്‍- ജൂണ്‍ കാലത്ത് സ്ഥിതി കൂടുതല്‍ രൂക്ഷമായേക്കും. പുതിയ മൊബൈലുകള്‍ അവതരിപ്പിക്കുന്നതിനും കാലതാമസമുണ്ടാകും. മൊബൈല്‍ അസംബ്ലിങ്ങിനായുള്ള ഘടകങ്ങളുടെ ശേഖരം കുറഞ്ഞുവരുന്നതായി ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് അസോസിയേഷന്‍ (ഐ.സി.ഇ.എ.) വ്യക്തമാക്കി. പല രാജ്യങ്ങളില്‍നിന്നാണ് ഘടകഭാഗങ്ങള്‍ എത്തുന്നത്.ഡിസ്പ്ലേ യൂണിറ്റ്, കണക്ടറുകള്‍, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ (പി.സി.ബി.) എന്നിവയാണ് പ്രധാനമായും ചൈനയില്‍നിന്നെത്തുന്നത്. ചിപ്പുകള്‍ തായ്‌വാനിലാണ് ഉത്പാദിപ്പിക്കുന്നതെങ്കിലും ഇത് ചൈനയിലെത്തിച്ച്‌ ഭേദഗതി വരുത്തിയശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.ചൈനയില്‍ ചുരുക്കം ചില ഫാക്ടറികള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എങ്കിലും പൂര്‍ണതോതില്‍ ഉത്പാദനം തുടങ്ങാന്‍ കാലതാമസമുണ്ടാകുമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഘടകങ്ങള്‍ കിട്ടാതാകുന്നതോടെ ഉത്പാദനച്ചെലവേറുമെന്ന് കമ്പനികള്‍ പറയുന്നു.ഇത് സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില ഉയരാനിടയാക്കിയേക്കും.

Previous ArticleNext Article