India, News, Technology

ഡിസംബര്‍ ഒന്നു മുതല്‍ വാഹനങ്ങളില്‍ ഫാസ് ടാഗുകള്‍ നിര്‍ബന്ധമാക്കുന്നു

keralanews fastag mandatory for all vehicles from december 1st

ന്യൂഡൽഹി:ഡിസംബര്‍ ഒന്നു മുതല്‍ വാഹനങ്ങളില്‍ ഫാസ് ടാഗുകള്‍ നിര്‍ബന്ധമാക്കുന്നു.ഫാസ് ടാഗ് ഇല്ലാതെ അതിനായുള്ള ട്രാക്കിലൂടെ കടന്നുപോയാല്‍ ഡിസംബര്‍ ഒന്നുമുതല്‍ ഇരട്ടി ടോള്‍ ഈടാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി വ്യക്തമാക്കി.രാജ്യമാകെ 537 ടോള്‍ പ്ലാസകളിലാണ് ഫാസ് ടാഗ് സംവിധാനം നിലവില്‍ വരിക. പ്രീ പെയ്ഡ് സിം കാര്‍ഡിന് സമാനമായ ടോള്‍ തുക മുന്‍കൂറായി അടച്ച റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ കാര്‍ഡാണ് ഫാസ് ടാഗ്. ചെറിയ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ വലിപ്പമുള്ള കടലാസ്‌ കാര്‍ഡിനുള്ളില്‍ മാഗ്നെറ്റിക് ചിപ്പുണ്ട്. ഓരോ ടോള്‍പ്ലാസയില്‍ കൂടെ കടന്നു പോകുമ്പോഴും അവിടുത്തെ റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ സംവിധാനം ടാഗിലെ റീച്ചാര്‍ജ് തുക സംബന്ധിച്ച വിവരങ്ങള്‍ വായിച്ചെടുക്കുകയും പണം ഉണ്ടെങ്കില്‍ അത് ഓണ്‍ലൈന്‍വഴി തല്‍സമയം ഈടാക്കുകയും ചെയ്യും. ഫാസ് ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ടോള്‍ പ്ലാസയിലെ ഫാസ് ടാഗ് കൗണ്ടറുകളിലൂടെ പെട്ടെന്ന് കടന്നുപോകാം എന്നതാണ് പ്രയോജനം.മിനിമം 100 രൂപയാണ് ടാഗില്‍ ഉണ്ടാകേണ്ടത്. 100 രൂപ മുതല്‍ എത്ര രൂപ വേണമെങ്കിലും റീച്ചാര്‍ജ് ചെയ്ത് രാജ്യത്തുടനീളമുള്ള ടോള്‍പ്ലാസകളിലൂടെ ഫാസ് ടാഗ് ഉപയോഗിച്ച്‌ യാത്ര ചെയ്യാം. വാഹനത്തിന്‍റെ വലിപ്പത്തിനനുസരിച്ച്‌ ഏഴു തരം ഫാസ് ടാഗുകളുകളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. ഇവയ്ക്ക് ഏഴ് നിറമായിരിക്കും.

ഡിസംബര്‍ ഒന്നു മുതല്‍ ഫാസ് ടാഗ് നിര്‍ബന്ധമാക്കുന്നതോടെ ടോള്‍ പ്ലാസകളില്‍ ഒരു ഫാസ് ടാഗ് കൗണ്ടറും ഒരു ക്യാഷ് കൗണ്ടറുമാണ് ഉണ്ടാവുക. ഫാസ് ടാഗുള്ള വാഹനങ്ങള്‍ പെട്ടെന്ന് ഫാസ് ടാഗ് കൗണ്ടറിലൂടെ കടന്നുപോകാം.ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ക്യാഷ് കൗണ്ടറില്‍ നിലവിലെ പോലെ ടോള്‍ കൊടുത്ത് പോകണം.ഫാസ് ടാഗില്ലാതെ ഫാസ് ടാഗ് കൗണ്ടര്‍ വഴി പോയാല്‍ ടോള്‍ തുകയുടെ ഇരട്ടി ഈടാക്കുകയും ചെയ്യും. അതേസമയം ക്യാഷ് കൗണ്ടറിലൂടെ പോയാല്‍ നിലവിലുള്ള ടോള്‍തുക അടച്ച്‌ ഇപ്പോള്‍ തുടരുന്ന രീതിയില്‍ കടന്നുപോകാം.

മൈ ഫാസ് ടാഗ് ആപ്പിലൂടെയോ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലുമുള്ള ഫാസ് ടാഗ് സേവന കേന്ദ്രങ്ങളിലൂടെയോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ. ബാങ്ക് എന്നിവയിലൂടെയോ ഫാസ് ടാഗുകള്‍ ലഭിക്കും.വാഹനവുമായി ഫാസ് ടാഗ് സേവന കേന്ദ്രത്തിലെത്തി ആവശ്യമായ രേഖകള്‍ നല്‍കണം.ആര്‍.സി. ബുക്കിന്‍റെ പകര്‍പ്പ്,ആര്‍.സി. ഉടമയുടെ ആധാര്‍ കാര്‍ഡ്,ആര്‍.സി ഉടയുടെ പാന്‍കാര്‍ഡിന്‍റെ പകര്‍പ്പ്, ആര്‍.സി ഉടമയുടെ ഫോണ്‍ നമ്ബര്‍,ആര്‍.സി ഉടമയുടെ ഫോട്ടോ എന്നിവയാണ് ഇതിനാവശ്യമായ രേഖകൾ.വാഹനത്തിന്‍റെ ഫോട്ടോയോടൊപ്പം രേഖകള്‍ ഫാസ് ടാഗില്‍ അപ്ലോഡ് ചെയ്യുന്നതോടെ ബാര്‍ കോഡുള്ള ഫാസ് ടാഗ് ലഭിക്കും. ഫോണ്‍ നമ്പർ ഉപയോഗിച്ച്‌ ഓണ്‍ലൈനായും വാട്സ് ആപ്പ് വഴിയും ടോള്‍ പ്ലാസകളില്‍ പണം നല്‍കിയും റീചാര്‍ജ് ചെയ്യാം.

വാഹനത്തിന്‍റെ മുന്‍ചില്ലില്‍ അകത്തായാണ് ഫാസ് ടാഗ് ഒട്ടിക്കേണ്ടത്. കനംകുറഞ്ഞ മാഗ്നറ്റ് ആയതിനാല്‍ മാറ്റി ഒട്ടിക്കാന്‍ സ്റ്റിക്കര്‍ ഊരി മാറ്റി മാഗ്നറ്റ് പുറത്തേക്ക് കാണും വിധം ഒട്ടിക്കണം. ഡിജിറ്റല്‍ ഇന്ത്യ മിഷന്‍ പദ്ധതിയുടെ ഭാഗമായ ഫാസ് ടാഗ് ഇന്ത്യന്‍ ഹൈവേ മാനേജ്മെന്‍റ് കമ്പനി, നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ദേശീയ പാത അതോറിറ്റി എന്നിവയുടെ സംയുക്ത സംരംഭമാണ്.ഫാസ് ടാഗ് വഴി ഓരോ ദിവസവും ശേഖരിക്കുന്ന തുക അന്നുതന്നെ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്കെത്തും. പിറ്റേന്ന് ഓരോ ടോള്‍ പ്ലാസയ്ക്കുമുള്ള തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റി നല്‍കും.ഓരോ ടോള്‍ പ്ലാസ വഴി എത്ര വാഹനങ്ങള്‍ കടന്നു പോയി,ഏതെല്ലാം തരം വാഹനങ്ങള്‍,അവ എത്ര പ്ലാസയിലൂടെ കടന്നുപോയി,എവിടെ നിന്ന് എവിടേക്ക് തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും. വാഹനങ്ങളുടെ ആധാര്‍ എന്നാണ് ഫാസ് ടാഗ് അറിയപ്പെടുന്നത്.

Previous ArticleNext Article