ലോക്സഭ തെ‍രഞ്ഞെടുപ്പ്; കേരളത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് 290 പേർ; സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി

തിരുവനന്തപുരം:കേരളം ലോകസ്ഭ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.മാർച്ച് 28-ന് ആരംഭിച്ച പത്രിക സമർപ്പണം ഇന്നലെ അവസാനിച്ചു. പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഏപ്രിൽ എട്ടിന് അവസാനിക്കും.തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ പത്രിക നൽകിയത്,22 പേർ. ആറ്റിങ്ങൽ- 14, കൊല്ലം -15, പത്തനംതിട്ട -10, മാവേലിക്കര -14, ആലപ്പുഴ -14, കോട്ടയം- 17, ഇടുക്കി -12, എറണാകുളം -14, ചാലക്കുടി -13, തൃശൂർ- 15, ആലത്തൂർ -8, പാലക്കാട് -16, പൊന്നാനി- 20, മലപ്പുറം -14, കോഴിക്കോട് -15, വയനാട് -12, വടകര- 14, കണ്ണൂർ- 18, കാസർകോട് -13 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം.അതേസമയം സൂക്ഷ്മ പരിശോധനയുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പട്ടികയിൽ 86 പേരുടെ പത്രിക തള്ളി.ഇതോടെ നിലവിൽ 204 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്.
നിലവിലെ സ്ഥാനാർത്ഥികളുടെയും തള്ളിയ പത്രികകളുടെയും കണക്ക്- തിരുവനന്തപുരം 13(തള്ളിയത് 9), ആറ്റിങ്ങല്‍ 7(7), കൊല്ലം 12(3), പത്തനംതിട്ട 8(2), മാവേലിക്കര 10(4), ആലപ്പുഴ 11(3), കോട്ടയം 14(3), ഇടുക്കി 8(4), എറണാകുളം 10(4), ചാലക്കുടി 12(1), തൃശൂര്‍ 10(5), ആലപ്പുഴ 11(3), കോട്ടയം 14(3), ഇടുക്കി 8(4), എറണാകുളം 10(4), ചാലക്കുടി 12(1), തൃശൂര്‍ 10(5), ആലത്തൂര്‍ 5(3), പാലക്കാട് 11(5), പൊന്നാനി 8(12), മലപ്പുറം 10(4), വയനാട് 10(2), കോഴിക്കോട് 13(2), വടകര 11(3), കണ്ണൂര്‍ 12(6), കാസര്‍കോട് 9(4).

അരുണാചലിൽ മലയാളി ദമ്പതികളും യുവതിയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് സൂചന;ലക്ഷ്യം മരണാനന്തര ജീവിതം?

ഇറ്റാന​ഗർ: കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും അരുണാചൽ പ്രദേശിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീൻ, ദേവി എന്നിവരാണ് മരിച്ചത്. ദമ്പതികളെയും യുവതിയെയും ഇറ്റാനഗറിലെ ഹോട്ടൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മരണത്തിന് പിന്നിൽ ദുർമന്ത്രവാദമാണെന്ന സംശയത്തിലാണ് നാട്ടുകാരും പോലീസും. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതായി സൂചനയുണ്ട്.കഴിഞ്ഞ 26-ാം തീയതി മുതൽ ആര്യയെ കാണാൻ ഇല്ലായിരുന്നുവെന്ന് പിതാവ് പരാതി നൽകിയിരുന്നു. നാലാഞ്ചിറയിലെ സ്‌കൂൾ അദ്ധ്യാപികയാണ് ആര്യ. സുഹൃത്തുക്കളായ ദേവിക്കും നവീനുമൊപ്പം ആര്യ ഗുവാഹത്തിയിലേക്ക് പോയെന്ന സംശയം കുടുംബം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ആര്യയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അരുണാചൽപ്രദേശ് വരെയുള്ള ഭാഗങ്ങളിലേക്ക് വിവരം കൈമാറിയിരുന്നു. തുടർന്ന് അരുണാചൽപ്രദേശ് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും സുഹൃത്തുക്കളെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മറ്റു നടപടികൾക്ക് ശേഷം മൃതദേഹം കേരള പൊലീസിന് വിട്ടുനൽകും.രണ്ടുപേരെ കൊന്നശേഷം ഒരാൾ ആത്മഹത്യ ചെയ്തെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, മൂന്നുപേരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നാലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവൂ.ആര്യയുടെ മൃതദേഹം ഹോട്ടൽമുറിയിലെ കട്ടിലിനുമുകളിലായിരുന്നു. ഇതേ മുറിയിൽ നിലത്താണ് ദേവി മരിച്ചുകിടന്നത്. ശുചിമുറിയിലാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്.മൂന്നുപേരുടെയും കൈത്തണ്ട മുറിച്ചനിലയിലുമായിരുന്നു.സംഭവം മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്ന സംശയം ആദ്യംമുതൽക്കെ പോലീസിനുണ്ട്. മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മൃതദേഹത്തില്‍ കാണപ്പെട്ട പ്രത്യേക തരത്തിലുള്ള മുറിവുകളും സംശയമുയര്‍ത്തി. ദമ്പതികള്‍ പുനര്‍ജനിയെന്ന ബ്ലാക് മാജിക് കമ്മ്യൂണിറ്റിയില്‍ അംഗമായിരുന്നെന്ന് അയല്‍വാസികളും പറയുന്നു.