ബാഗിൽ നിന്നും വെടിയുണ്ട കണ്ടെത്തി; യുക്രെയ്‌നിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയെ സിഐഎസ്എഫ് ചോദ്യം ചെയ്യുന്നു

keralanews bullet found in bag cisf interrogates malayalee student from ukraine

ന്യൂഡൽഹി: ബാഗിൽ നിന്നും വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന് യുക്രെയ്‌നിൽ നിന്ന് ഡൽഹിയിലെത്തിയ മലയാളി വിദ്യാർത്ഥിയെ ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്‌ക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയതെന്നാണ് വിവരം.വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞ് വെച്ചു. നിലവിൽ സിഐഎസ്എഫ് വിദ്യാർത്ഥിയെ ചോദ്യം ചെയ്ത് വരികയാണ്. കേരളത്തിലേക്ക് തിരിക്കാനിരുന്ന യാത്രയും സുരക്ഷാ വിഭാഗം തടഞ്ഞിട്ടുണ്ട്. യാത്ര തടഞ്ഞ വിവരം കേരളഹൗസ് അധികൃതരെ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥി ഡൽഹിയിലെത്തിയത്. ഇന്നലെ പുറപ്പേണ്ട എയർഏഷ്യ വിമാനത്തിൽ വിദ്യാർത്ഥി കേരളത്തിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തുകയായിരുന്നു. യുദ്ധഭൂമിയിൽ നിന്നും വരുമ്പോൾ വെടിയുണ്ട കണ്ടെത്തിയ പശ്ചാത്തലം, അത് ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥിയുടെ ബാഗിൽ എത്തിയത് എന്നതെല്ലാം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം.

യുക്രെയ്‌നിൽ റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു;മരിച്ചത് കർണാടക സ്വദേശി

keralanews indian student killed in russian attack in ukraine karnataka native dies

കീവ്: യുക്രെയ്‌നിൽ റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു.കർണാടക ഹവേരി സ്വദേശി നവീൻ കുമാർ (21) ആണ് മരിച്ചത്. ഖാർകീവിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിലാണ് നവീൻ കുമാർ കൊല്ലപ്പെട്ടത്.രാവിലെയോടെയായിരുന്നു സംഭവം. ഖാർകീവിലെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്‌ക്കിടയിലാണ് അപകടം . വിദ്യാർത്ഥികൾ പുറത്തിറങ്ങരുതെന്ന് എംബസി നിർദ്ദേശം നൽകിയിരുന്നു. മരണവിവരം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.നവീനിന്റെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചു.വൈകീട്ടോടെയാണ് നവീന്റെ പിതാവുമായി മോദി ഫോണിൽ ബന്ധപ്പെട്ടത്. നവീന്റെ മരണത്തിൽ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി.നവീന്റെ മരണത്തിൽ വിദേശകാര്യമന്ത്രാലയം ദു:ഖവും രേഖപ്പെടുത്തി.യുക്രെയ്‌നിൽ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം വേഗത്തിലാക്കി. ഖാർകീവിലെയും മറ്റ് നഗരങ്ങളിലെയും ഇന്ത്യക്കാരെ അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനായി വിദേശകാര്യസെക്രട്ടറി റഷ്യൻ , യുക്രെയ്ൻ സ്ഥാനപതികളുമായി ബന്ധപ്പെട്ടുവരികയാണ്.

ഓപ്പറേഷൻ ഗംഗ; 25 മലയാളികൾ ഉൾപ്പെടെ 240 ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനവും ഡൽഹിയിലെത്തി

keralanews operation ganga third flight with 240 indians including 25 malayalees landed in delhi

ന്യൂഡൽഹി: യുദ്ധ പശ്ചാത്തലത്തിൽ യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള ‘ഓപ്പറേഷൻ ഗംഗ’ ദൗത്യത്തിന്റെ ഭാഗമായുള്ള മൂന്നാമത്തെ വിമാനവും  ഡൽഹിയിലെത്തി.25 മലയാളികൾ ഉൾപ്പെടെ 240 ഇന്ത്യൻ പൗരന്മാരുമായാണ് വിമാനം ഡൽഹിയിൽ പറന്നിറങ്ങിയത്. ഞായറാഴ്ച അതിരാവിലെ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. യുദ്ധഭൂമിയിൽ നിന്നും ആകെ 709 ഇന്ത്യൻ പൗരന്മാരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 219 പേർ ശനിയാഴ്ച വൈകിട്ട് മുംബൈയിലും 250 പേർ ഞായറാഴ്ച അതിരാവിലെ ഡൽഹിയിലും വിമാനമിറങ്ങി. യുക്രെയ്‌നിലെ നിരവധി മേഖലകളിലായി ആയിരക്കണക്കിന് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവർ എംബസി ഉദ്യോഗസ്ഥരെ അറിയിക്കാതെയോ സർക്കാർ നിർദ്ദേശമില്ലാതെയോ യുക്രെയ്‌ന്റെ അതിർത്തികളിലേക്ക് പോകരുതെന്ന് കർശന നിർദേശമുണ്ട്. മുൻകൂട്ടി അറിയിക്കാതെ ഇതിനോടകം നിരവധി വിദ്യാർത്ഥികളാണ് അതിർത്തിയിലെത്തിയത്. അതുകൊണ്ട് തന്നെ ഇവരെ പോളണ്ടിലേക്ക് എത്തിക്കാനുളള നീക്കങ്ങൾ അത്യധികം ശ്രമകരമായി തുടരുകയാണ്. യുദ്ധം വലിയ രീതിയിൽ ബാധിച്ചിട്ടില്ലാത്ത യുക്രെയ്‌നിലെ പടിഞ്ഞാറൻ നഗരങ്ങൾ താരതമ്യേന  സുരക്ഷിതമാണെന്നതിനാൽ അവിടെ താമസിക്കുന്ന ഇന്ത്യക്കാരോട് തൽകാലം തുടരണമെന്നാണ് നിർദേശം. വെള്ളം, ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിടം എന്നിവ ലഭ്യമല്ലാത്തവരെ ആദ്യം രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

യുദ്ധ ഭീതിയിൽ നിന്നും സുരക്ഷിത കരങ്ങളിലേക്ക്; യുക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ആദ്യ സംഘം മുംബൈയിലെത്തി

keralanews from fear of war to safe hands first group including malayalees stranded in ukraine arrived in mumbai

മുംബൈ:യുക്രെയിനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ ആദ്യസംഘം മുംബൈയില്‍ എത്തി.219 യാത്രക്കാരുമായി ബുക്കാറെസ്റ്റിൽ നിന്നും പുറപ്പെട്ട വിമാനമാണ് മുംബൈയിലെത്തിയത്. ആദ്യ സംഘത്തിൽ മുപ്പതിലധികം മലയാളികളുണ്ട്. എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിലാണ് ഇവരെ എത്തിച്ചത്.യാത്രക്കാരെ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.മാതൃരാജ്യത്തേക്ക് സ്വാഗതം എന്ന കുറിപ്പോടെ ട്വിറ്ററിലൂടെ പീയൂഷ് ഗോയൽ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. വിമാനത്തിന് അകത്ത് എത്തിയാണ് അദ്ദേഹം ഇവരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്. വിമാനത്തിൽ ഉണ്ടായിരുന്നവരുടെ മുഖത്ത് വിരയുന്ന ചിരിയിൽ സന്തോഷം തോന്നുന്നുവെന്ന് അദ്ദേഹം കുറിച്ചു. ബുക്കാറസ്റ്റില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം രാത്രി 1.30 ഓടെ  ഡല്‍ഹിയില്‍ പറന്നിറങ്ങും. 250 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടാവുക.ഇതില്‍ 17 മലയാളികളാണുള്ളത്. സംഘത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യുക്രെയ്‌നില്‍ കുടുങ്ങിയ മറ്റുള്ളവരുമുണ്ട്. റൊമാനിയയിലെ ഇന്ത്യൻ അംബാസഡർ രാഹുൽ ശ്രീവാസ്തവ നേരിട്ടെത്തിയാണ് ഇന്ത്യൻ പൗരൻമാരെ യാത്രയാക്കിയത്. അവസാന പൗരനെയും സുരക്ഷിതമായി ഒഴിപ്പിക്കാതെ തങ്ങളുടെ ദൗത്യം അവസാനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തുന്നവരെ പുറത്തിറക്കാന്‍ വിമാനത്താവളത്തില്‍ വലിയ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് അടക്കമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്. യുക്രെയിനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഹംഗറിയില്‍ എത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സഹോണി- ഉസ്‌ഹോറോഡ് അതിര്‍ത്തി വഴിയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ എത്തിക്കുക. ഇതിനായി ഇന്ത്യന്‍ എംബസിയുടെ ഒരു യൂണിറ്റ് സഹോണിയില്‍ പ്രവര്‍ത്തിക്കുന്നതായി ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.ഹംഗറിയിലെ കോണ്‍സുലേറ്റ് ജനറലുമായി ഏകോപനം നടത്തിയാണ് വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ബുഡാപെസ്റ്റില്‍ എത്തിക്കുന്നത്.ബാച്ചുകളായി തിരിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തി ബുഡാപെസ്റ്റില്‍ എത്തിക്കുക. തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇവരെ നാട്ടില്‍ എത്തിക്കുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.

യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍; ആദ്യഘട്ടത്തില്‍ എത്തിക്കുക 1000 വിദ്യാര്‍ത്ഥികളെ; ചെലവ് കേന്ദ്രം വഹിക്കും

keralanews two planes to repatriate indians stranded in ukraine bring back 1000 students in first phase cost will be borne by the center

ന്യൂഡൽഹി: യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.16,000 ത്തോളം ആളുകളെ തിരികെ എത്തിക്കാനുള്ള പരിശ്രങ്ങളാണ് നടക്കുന്നത്. ഇവരുടെ യാത്രാചിലവുകള്‍ കേന്ദ്ര സര്‍ക്കാര്‍ -വഹിക്കും. ആളുകളെ എത്തിക്കുന്നതിനായി രണ്ട് പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റൊമാനിയയില്‍ നിന്നും ഇന്ന് രാത്രി ഈ വിമാനങ്ങള്‍ പുറപ്പെടും. റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് അതിര്‍ത്തിയിലൂടെയാകും ഒഴിപ്പിക്കുക. ആദ്യ വിമാനത്തില്‍ കയറാനുള്ളവര്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സമീപപ്രദേശത്തുള്ളവരെയും വിദ്യാര്‍ത്ഥികളെയുമാകും ഒഴിപ്പിക്കുക. യുക്രെയ്ന്‍ അതിര്‍ത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളില്‍ എത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ നിർദേശം നൽകിയിട്ടുണ്ട്. ന്ത്യന്‍ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെര്‍വിവ്സികിലും എത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളോട് ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും പാസ്പോര്‍ട്ടും, പണവും കയ്യില്‍ കരുതാനും നിര്‍ദേശത്തില്‍ പറയുന്നു. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. കീവിലുള്ള ഇന്ത്യന്‍ എംബസിയും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്.

റഷ്യ-ഉക്രെയ്ൻ യുദ്ധം;രക്ഷാ ദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ;വ്യോമസേനയോട് തയ്യാറാവാന്‍ നിര്‍ദേശം; ഇന്ത്യന്‍ പൗരന്മാര്‍ പടിഞ്ഞാറന്‍ യുക്രെയ്നിലേക്ക് നീങ്ങണം

keralanews russia ukraine war india prepares for rescue mission indian citizens must move to western ukraine

ഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്നില്‍ സ്ഥിതിഗതികള്‍ രൂക്ഷമായതോടെ, വ്യോമസേനയ്‌ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യ.യുദ്ധമുഖത്ത് കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചു.യുക്രെയ്ന്‍ സ്ഥിതിഗതികളെക്കുറിച്ച്‌ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി . ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സുമായും ജയശങ്കര്‍ സ്ഥിഗതികള്‍ വിലയിരുത്തി.അതെ സമയം ഇന്ത്യന്‍ പൗരന്മാരോട് സുരക്ഷിത താവളങ്ങളിലേക്ക് മാറണമെന്നും, പടിഞ്ഞാറന്‍ യുക്രെയ്‌നിലേക്ക് നീങ്ങാനും യുക്രെയ്നിലെ ഇന്ത്യന്‍ എംബസ്സി നിര്‍ദേശം നല്‍കി. ആക്രണമുന്നറിയിപ്പ് കേള്‍ക്കാവുന്ന സ്ഥലങ്ങളിലാണെങ്കില്‍ ഉടന്‍ ബോംബ് ഷെല്‍ട്ടറുകളിലേക്ക് പോകണമെന്നും യുക്രെയ്നിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.വ്യോമസേനയുടെ സഹായത്തോടു കൂടി രക്ഷാപ്രവര്‍ത്തനം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ പൗരന്മാരെ പടിഞ്ഞാറന്‍ യുക്രൈനില്‍ എത്തിച്ച്‌ രാജ്യത്തേക്ക് മടക്കി കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. വ്യോമസേനയ്‌ക്ക് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിനു ശേഷം ഉണ്ടാവും.

കേരളത്തില്‍ നിന്നുള്ളവർക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ഇനി ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമില്ല

keralanews rtpcr test not mandatory to enter karnataka from kerala

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവർക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ഇനി ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല.ഇതു സംബന്ധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി.കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.നേരത്തെ മഹാരാഷ്‌ട്രയിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം ഒഴിവാക്കിയിട്ടും കേരളത്തിൽ നിന്നുള്ളവർക്ക് ഒഴിവാക്കിയിരുന്നില്ല. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തിൽ താഴെ എത്തിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കൂവെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നു; രോഗമുക്തി നിരക്ക് ഉയർന്നു

keralanews corona cases decreasing in the country cure rate is high

ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,757 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങിലുമായി 3,32,918 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്.67,538 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4.19 കോടിയായി ഉയർന്നു. 2.61 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ 541 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,849,213 ആയി. ആകെ 4.27 കോടി കൊറോണ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം രാജ്യത്ത് കൊറോണ വാക്സിൻ വിതരണം 174.2 കോടിയായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പ്രശസ്ത ബോളിവുഡ് ഗായകൻ ബപ്പി ലഹിരി അന്തരിച്ചു

keralanews famous bollywood singer bappi lahiri passes away

മുംബൈ: പ്രശസ്ത ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലഹിരി അന്തരിച്ചു.69 വയസായിരുന്നു.ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജുഹുവിലെ ക്രിട്ടികെയര്‍ ആശുപത്രി ഡയറക്ടര്‍ ദീപക് നംജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ഇതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.1970-80 കാലഘട്ടത്തിൽ, കിടിലൻ പാട്ടുകളുമായി ബോളിവുഡിനെ നൃത്തം ചെയ്യിച്ച ഗായകനാണ് ബപ്പി ലഹിരി. സ്വർണാഭരണങ്ങളോടുള്ള ഭ്രമം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ചൽത്തേ ചൽത്തേ ,ഡിസ്കോ ഡാൻസർ, ബംബൈ സേ ആയാ മേരാ ദോസ്ത്’ തുടങ്ങിയ ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയതിൽ വലിയ പങ്കുവഹിച്ചയാളായിരുന്നു ബപ്പി ലഹ്‌രി. 2020-ൽ പുറത്തിറങ്ങിയ ബാഗി 3 എന്ന സിനിമയിലെ ഭങ്കാസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ബോളിവുഡ് ഗാനം.

നിയമസഭാ തെരെഞ്ഞെടുപ്പ്;ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്; യുപിയില്‍ ഇന്ന് രണ്ടാംഘട്ടം

keralanews assembly election goa and Uttarakhand to polling booth today second phase votting in up today

ന്യൂഡല്‍ഹി: ഗോവയിലും ഉത്തരാഖണ്ഡിലും നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന്. ഒറ്റ ഘട്ടമായാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക.ഗോവയിലെ 40 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. 301 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരരംഗത്തുള്ളത്.ബി.ജെ.പി ഭരണത്തിലുള്ള ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് തുടങ്ങിയ പ്രമുഖര്‍ മത്സരരംഗത്തുണ്ട്. 70 മണ്ഡലങ്ങളിലായി 632 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.യു.പിയില്‍ ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഇന്ന് നടക്കും. 55 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ്. 2.2 കോടി പേര്‍ വോട്ട് രേഖപ്പെടുത്തും.ബിൻജോർ, മൊറാദാബാദ്, സാംപാൽ, രാംപൂർ, അമ്‌റോഹ,ബുധൗൻ, ബറേലി, ഷഹജഹൻപൂർ എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടവോട്ടെടുപ്പ്. 586 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും. ഈ മാസം 20, 23, 27, മാര്‍ച്ച്‌ മൂന്ന്, ഏഴ് എന്നിങ്ങനെയാണ് അവശേഷിക്കുന്ന വോട്ടെടുപ്പ് ഘട്ടങ്ങള്‍.യുപിയിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി പത്തിനാണ് നടന്നത്. 59.87 ശതമാനം പോളിംഗാണ് സംസ്ഥാനത്തൊട്ടാകെ രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതിയത്. അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മണിപ്പൂര്‍, പഞ്ചാബ് എന്നിവയാണ് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. മണിപ്പൂരില്‍ ഫെബ്രുവരി 28, മാര്‍ച്ച്‌ അഞ്ച് തീയതികളിലായി രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. പഞ്ചാബില്‍ ഫെബ്രുവരി 20ന് ഒറ്റ ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും.