Health, Kerala, News

ജില്ലയിൽ കണ്ണുരോഗം പടരുന്നതായി റിപ്പോർട്ട്;ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ

keralanews dmo says there is no need to worry about the report that eye disease spreading in district

കണ്ണൂർ:ജില്ലയിൽ വ്യാപകമായി കണ്ണുരോഗം പടരുന്നുണ്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായണ നായിക് അറിയിച്ചു.സാധാരണയായി കണ്ടുവരുന്ന ചെങ്കണ്ണ് രോഗമാണിത്. സാധാരണ ഈ സീസണിൽ ഉണ്ടാകുന്ന ശരാശരി കേസുകൾ മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.കണ്ണിൽ ചുവപ്പ്‌നിറം,കണ്ണിൽ നിന്നും വെള്ളം ചാടുക,കണ്ണുകളിൽ അമിതമായി ചീപൊള അടിയൽ,പ്രകാശത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്,രാവിലെ എണീക്കുമ്പോൾ കണ്ണുതുറക്കാൻ പ്രയാസം,ചെവിയുടെ മുൻഭാഗത്ത് കഴലവീക്കം,എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ.അപൂർവ്വം ചിലരിൽ മാത്രം നേത്രപടലത്തെ ഈ രോഗം ബാധിക്കാറുണ്ട്.രോഗം പൂർണ്ണമായും മാറാൻ രണ്ടാഴ്ച സമയമെടുക്കും.രോഗം ബാധിച്ചവർ പൊതുസ്ഥലങ്ങളിൽ നിന്നും വിട്ടുനിന്നാൽ രോഗപകർച്ച ഒരു പരിധിവരെ തടയാം.രോഗം ബാധിച്ചയാളുടെ കണ്ണിൽ നിന്നും വരുന്ന സ്രവം പറ്റിപ്പിടിച്ച സ്ഥലങ്ങളിൽ മറ്റുള്ളവർ തൊടുകയും ആ കൈകൊണ്ട് സ്വന്തം കണ്ണിൽ തൊടുകയും ചെയ്യുമ്പോഴാണ് രോഗം പകരുന്നത്.കൈകൾ ഇടയ്ക്കിടെ കഴുകുകയും കണ്ണിൽ തൊടാതിരിക്കുകയും ചെയ്യുന്നതിലൂടെ രോഗം പകരുന്നത് തടയാൻ സാധിക്കും.അടുത്തുള്ള പ്രാഥമിക,സാമൂഹിക,കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ രോഗത്തിനുള്ള ചികിത്സ ലഭ്യമാണ്.ജില്ലാ ആശുപത്രി,ജനറൽ ആശുപത്രി,താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ വിദഗ്ദ്ധ ചികിത്സ ലഭിക്കും.

Previous ArticleNext Article