ന്യൂമോകോക്കല്‍ രോഗത്തിനെതിരേ കേരളത്തില്‍ ഒക്‌ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്‌സിന്‍ കൂടി നൽകും

keralanews new vaccine for infants against pneumococcal disease in kerala from october

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിൻ കൂടി നല്കിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യൂനിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാവുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും.1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്നു ഡോസ് വാക്‌സിനാണ് നല്‍കുന്നത്. ഈ വാക്‌സിനേഷനായി മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വിദഗ്ധപരിശീലന പരിപാടി സംഘടിപ്പിച്ചുവരികയാണ്. പരിശീലനം പൂര്‍ത്തിയായാലുടന്‍ തന്നെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ച്‌ പലതരത്തിലുള്ള രോഗങ്ങളുണ്ടാക്കാം.ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം.ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്. കുട്ടികളില്‍ ഗുരുതരമായി ന്യൂമോണിയ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണമായ ന്യുമോകോക്കല്‍ ന്യുമോണിയയില്‍നിന്നും പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഈ വാക്‌സിനെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യൂനിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷന്‍ സൗജന്യമാണ്.പിസിവി ഒരു സുരക്ഷിത വാക്‌സിനാണ്. ഏതൊരു വാക്‌സിന്‍ എടുത്തതിനുശേഷവും ഉണ്ടാകുന്നതുപോലെ കുഞ്ഞിന് ചെറിയ പനി, കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് ചുവപ്പ് നിറം എന്നിവ ഉണ്ടായേക്കാം. പിസിവി നല്‍കുന്നതിനൊപ്പം കുഞ്ഞിന് ആ പ്രായത്തില്‍ നല്‍കേണ്ട മറ്റു വാക്‌സിനുകളും നല്‍കുന്നതാണ്. ഒരേസമയം വിവിധ വാക്‌സിനുകള്‍ നല്‍കുന്നത് കുഞ്ഞിന് തികച്ചും സുരക്ഷിതവും ഫലപ്രദവുമാണ്.

രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ അവശ്യമരുന്നുകൾക്ക് വില കൂടും

keralanews price of essential medicines increase from april 1st

ന്യൂഡൽഹി:രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ അവശ്യമരുന്നുകൾക്ക് വില കൂടും. തൊള്ളായിരത്തോളം മരുന്നുകള്‍ക്ക് 0.53638 ശതമാനം വിലയാണ് കൂടുക. ഹൃദയധമനികളിലെ തടസ്സം പരിഹരിക്കാനായി ഉപയോഗിക്കുന്ന മരുന്ന് നിറച്ച സ്റ്റെന്റുകള്‍ക്ക് ശരാശരി 165 രൂപയാണ് വര്‍ധിക്കുക. വില വർധിക്കുന്നതോടെ 30647 രൂപ വിലയുള്ള മുന്തിയ ഇനം ബൈപാസ് സ്റ്റെന്റുകളുടെ വില 30,812ല്‍ എത്തും.വിവിധയിനം ഐ.വി. ഫ്‌ളൂയിഡുകള്‍ക്കും വിലകൂടും. മൊത്തവ്യാപാര വിലസൂചികയിലെ വ്യത്യാസത്തിന്റെ ഫലമായാണ് മരുന്നു വില കൂടുന്നത്. ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ജീവന്‍രക്ഷാമരുന്നുകള്‍ നിശ്ചയിക്കുക. ഇന്ത്യയില്‍ ഈ പട്ടികയില്‍ വരുന്ന മരുന്നുകളാണ് ഔഷധവിലനിയന്ത്രണത്തില്‍ വരുക. ഇങ്ങനെ നിയന്ത്രിക്കപ്പെടുന്ന വില എല്ലാവര്‍ഷത്തെയും മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തില്‍ പുതുക്കും.കഴിഞ്ഞ മൂന്നുവര്‍ഷമായി വില കൂടുകതന്നെയായിരുന്നു. അതിന് മുൻപ് ഒരു വര്‍ഷം മൊത്തവ്യാപാരവിലസൂചികയില്‍ കുറവുണ്ടാവുകയും മരുന്നുവില കുറയുകയും ചെയ്തിരുന്നു. പുതിയ സൂചിക പ്രകാരം നിലവില്‍ ബെയര്‍ മെറ്റല്‍ സ്റ്റെന്റുകളുടെ വില 8417-ല്‍നിന്ന് 8462 രൂപയായാണ് മാറുക. കഴിഞ്ഞ വര്‍ഷം 1.8846 ശതമാനമായിരുന്നു സൂചിക. അതായത് ഇത്തവണത്തേക്കാള്‍ വര്‍ധിച്ചിരുന്നു.

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയതായി നെതര്‍ലന്‍സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ

keralanews researchers at the netherlands cancer institute have discovered a new organ in the human body

നെതർലാൻഡ്:മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയതായി നെതര്‍ലന്‍സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ.ഇതുവരെ തിരിച്ചറിയാതിരുന്ന ഉമിനീര്‍ ഗ്രന്ഥിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പുതിയ അവയവം. പുതിയ അവയവത്തിന് ട്യൂബേറിയല്‍ സലൈവറി ഗ്ലാന്‍ഡ്സ് എന്ന് പേരിട്ടു.റെഡിയോതെറാപ്പി ആന്റ് ഓങ്കോളജി എന്ന ജേര്‍ണലാണ് ഗവേഷണ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രോസ്ട്രേറ്റ് കാന്‍സര്‍ സംബന്ധിച്ച പഠനത്തിനിടെയാണ് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമാകുന്ന കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ നടത്തിയത്. മൂക്കിന് പിന്നിലായി വളരെ സൂക്ഷ്മമായ ഉമിനീര്‍ ഗ്രന്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്.എന്നാല്‍ പ്രോസ്‌ട്രേറ്റ് കാന്‍സര്‍ കോശങ്ങള്‍ സംബന്ധിച്ച പഠനത്തിനിടെ പുതിയ ഉമിനീര്‍ ഗ്രന്ഥികള്‍ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു.100 കാന്‍സര്‍ രോഗികളെ പരിശോധിച്ച ശേഷമാണ് പുതിയ അവയവത്തിന്‍റെ സാന്നിധ്യം ഉറപ്പാക്കിയത്.1.5 ഇഞ്ചോളം (3.9 സെന്‍റീമീറ്റര്‍) വലിപ്പമുള്ള പുതിയ സെറ്റ് ഗ്രന്ഥികളാണ് കണ്ടെത്തിയത്. മൂക്കിനും വായയ്ക്കും പിന്നിലായുള്ള തൊണ്ടയുടെ ഭാഗത്ത് ഈര്‍പ്പം നല്‍കാനുള്ള ഉമിനീര്‍ ഉത്പാദിപ്പിക്കുകയാണ് ഇവ ചെയ്യുന്നതെന്നും കണ്ടെത്തി. തലയുടെ ഭാഗത്തെ കാന്‍സര്‍ ചികിത്സക്ക് റേഡിയോ തെറാപ്പി ചെയ്യുമ്പോള്‍ ഉമിനീര്‍ ഗ്രന്ഥികളെ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കാറുണ്ട്. കാരണം ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് റേഡിയോ തെറാപ്പിയിലൂടെ എന്തെങ്കിലും തകരാര്‍ ഉണ്ടായാല്‍ രോഗികള്‍ക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് ഉണ്ടാകും. എന്നാല്‍ ഇതുവരെ തിരിച്ചറിയപ്പെടാതിരുന്ന ഗ്രന്ഥികള്‍ റേഡിയോ തെറാപ്പിയില്‍ ഉള്‍പ്പെട്ടുപോയിട്ടുണ്ട്. ഈ പുതിയ സെറ്റ് ഗ്രന്ഥികളെ കൂടി റേഡിയോ തെറാപ്പിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതോടെ കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വ ഫലങ്ങള്‍ വീണ്ടും കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.

ജില്ലയിൽ ചിക്കൻപോക്സ് വ്യാപകമാകുന്നതായി റിപ്പോർട്ട്;ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

keralanews report that chickenpox is spreading in the district health department issues alert

കണ്ണൂർ:ജില്ലയിൽ ചിക്കൻപോക്സ് വ്യാപകമാകുന്നതായി റിപ്പോർട്ട്.ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായണ നായിക് അറിയിച്ചു. വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്.പനി,ശരീരവേദന, കഠിനമായ ക്ഷീണം,നടുവേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ.പിന്നീട് ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നു.ആരംഭഘട്ടത്തിൽ തന്നെ ആന്റി വൈറൽ മരുന്നുകൾ ഉപയോഗിക്കുന്നത് രോഗം പെട്ടെന്ന് ഭേദമാക്കാൻ സഹായിക്കും.ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന കുമിളകൾ പൊട്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.സ്വരീരം വൃത്തിയായി സൂക്ഷിക്കുന്നതും നഖം വെട്ടി വൃത്തിയാക്കുന്നതും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുന്നതും രോഗം ഭേദമാക്കാൻ സഹായിക്കും.രോഗിക്ക് ഏതാഹാരവും കഴിക്കാം. ധാരാളം വെള്ളം കുടിക്കുന്നതും വായുസഞ്ചാരമുള്ള മുറിയിൽ കിടക്കുന്നതും ഗുണകരമാണ്. രോഗി മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം.രോഗാരംഭത്തിനു മുൻപുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ഘട്ടങ്ങളിലുമാണ് രോഗം പകരാൻ കൂടുതൽ സാധ്യതയുള്ളത്.കുട്ടികളിൽ നിസ്സാരമായി മാറിപ്പോകുന്ന ഈ രോഗം മുതിർന്നവരിൽ ഗൗരവതരമാകാനും മരണപ്പെടാനും ഉള്ള സാധ്യതയുള്ളതിനാൽ സ്വയം ചികിത്സ നടത്താതെ ഡോക്റ്ററുടെ സേവനം തേടണം.ചിക്കൻപോക്‌സിനെതിരെയുള്ള മരുന്നുകൾ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്നും ഡിഎംഒ അറിയിച്ചു.

ആന്റിബയോട്ടിക്ക് മരുന്ന് വാങ്ങണമെങ്കില്‍ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കുന്നു ​

keralanews doctors prescription makes it mandatory for people to buy antibiotic medicine

ന്യൂഡല്‍ഹി:ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്ക് മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ലെന്നു നിര്‍ദേശം. ഇതുസംബന്ധിച്ച്‌ എല്ലാ ഫാര്‍മസികള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) സംസ്ഥാനങ്ങള്‍ക്കു കത്തയച്ചു. ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സിനെക്കുറിച്ച്‌ ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ കടക്കാര്‍ മരുന്നുകള്‍ നല്‍കുന്നതു കമ്പനികൾ നിരുത്സാഹപ്പെടുത്തണമെന്നും ഡിസിജിഐ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അമിത മരുന്നുപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ആന്റിബയോട്ടിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നതിലൂടെ മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയും ഉണ്ടാകുന്നു.ഇതുമൂലം അണുബാധയ്ക്കെതിരെ മരുന്ന് ഫലപ്രദമാകാത്ത സാഹചര്യവുമുണ്ട്.എച്ച്‌, എച്ച്‌ 1 പട്ടികയിലുള്ള ആന്റിബയോട്ടിക്കുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ വില്‍ക്കാവുന്നതല്ലെന്ന് നിര്‍ദേശമുണ്ടെങ്കിലും നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് പുതിയ നിര്‍ദേശം.

ജില്ലയിൽ കണ്ണുരോഗം പടരുന്നതായി റിപ്പോർട്ട്;ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ

keralanews dmo says there is no need to worry about the report that eye disease spreading in district

കണ്ണൂർ:ജില്ലയിൽ വ്യാപകമായി കണ്ണുരോഗം പടരുന്നുണ്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായണ നായിക് അറിയിച്ചു.സാധാരണയായി കണ്ടുവരുന്ന ചെങ്കണ്ണ് രോഗമാണിത്. സാധാരണ ഈ സീസണിൽ ഉണ്ടാകുന്ന ശരാശരി കേസുകൾ മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.കണ്ണിൽ ചുവപ്പ്‌നിറം,കണ്ണിൽ നിന്നും വെള്ളം ചാടുക,കണ്ണുകളിൽ അമിതമായി ചീപൊള അടിയൽ,പ്രകാശത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്,രാവിലെ എണീക്കുമ്പോൾ കണ്ണുതുറക്കാൻ പ്രയാസം,ചെവിയുടെ മുൻഭാഗത്ത് കഴലവീക്കം,എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ.അപൂർവ്വം ചിലരിൽ മാത്രം നേത്രപടലത്തെ ഈ രോഗം ബാധിക്കാറുണ്ട്.രോഗം പൂർണ്ണമായും മാറാൻ രണ്ടാഴ്ച സമയമെടുക്കും.രോഗം ബാധിച്ചവർ പൊതുസ്ഥലങ്ങളിൽ നിന്നും വിട്ടുനിന്നാൽ രോഗപകർച്ച ഒരു പരിധിവരെ തടയാം.രോഗം ബാധിച്ചയാളുടെ കണ്ണിൽ നിന്നും വരുന്ന സ്രവം പറ്റിപ്പിടിച്ച സ്ഥലങ്ങളിൽ മറ്റുള്ളവർ തൊടുകയും ആ കൈകൊണ്ട് സ്വന്തം കണ്ണിൽ തൊടുകയും ചെയ്യുമ്പോഴാണ് രോഗം പകരുന്നത്.കൈകൾ ഇടയ്ക്കിടെ കഴുകുകയും കണ്ണിൽ തൊടാതിരിക്കുകയും ചെയ്യുന്നതിലൂടെ രോഗം പകരുന്നത് തടയാൻ സാധിക്കും.അടുത്തുള്ള പ്രാഥമിക,സാമൂഹിക,കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ രോഗത്തിനുള്ള ചികിത്സ ലഭ്യമാണ്.ജില്ലാ ആശുപത്രി,ജനറൽ ആശുപത്രി,താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ വിദഗ്ദ്ധ ചികിത്സ ലഭിക്കും.

മലപ്പുറത്ത് പത്തുവയസുകാരിയുടെ മരണ കാരണം നെഗ്ലേറിയ ഫൗലെറിയെന്ന വൈറസ്ബാധമൂലമെന്ന് ആരോഗ്യവകുപ്പ്

keralanews the death of ten year old girl in malappuram is due to naegleria fowleri

മലപ്പുറം: മലപ്പുറം അരിപ്രയില്‍ 10 വയസ്സുകാരി മരിച്ചത് നെഗ്ലേറിയ ഫൗലെറിയെന്ന അതീവ മാരകമായ ഏകകോശജീവി കാരണമുള്ള മസ്തിഷ്‌കജ്വരം ബാധിച്ചെന്ന് ആരോഗ്യവകുപ്പ്.അരിപ്ര ചെറിയച്ഛന്‍വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ ഐശ്വര്യയാണ് വ്യാഴാഴ്ച മരിച്ചത്.കുട്ടിയുടെ നട്ടെല്ലിലെ സ്രവം പരിശോധിച്ചപ്പോഴാണ് നെഗ്ലേറിയ ഫൗലെറി രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിദഗ്ധചികിത്സയ്ക്കായി കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി കുട്ടി മരിച്ചു.ഈ രോഗം ബാധിച്ചാല്‍ രക്ഷപ്പെടുന്നത് അപൂര്‍വമാണ്.രോഗകാരണം കണ്ടെത്തിയെങ്കിലും ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.

സംസ്ഥാനത്ത് കുഷ്‌ഠരോഗികളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്

keralanews health department report reveals that the number of leprosy cases in the state has increased

തിരുവനന്തപുരം:സംസ്ഥാനത്ത് കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ മാത്രം 35 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ 15 പേര്‍ക്ക് ഈ വര്‍ഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ആരോഗ്യവകുപ്പ്. 2017-18 വര്‍ഷത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 624 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ 2018-19ല്‍ രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരിശോധനയില്‍ 8 ജില്ലകള്‍ പൂര്‍ത്തിയായപ്പോള്‍ 194 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആറ് ജില്ലകളില്‍ പരിശോധന തുടരുകയാണ്.പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടാത്തതാണ് രോഗം പടരുവാനുമുള്ള കാരണം. വായുവിലൂടെയാണ് കുഷ്ഠരോഗം പടരുന്നത് തുടക്കത്തില്‍ ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാം. കുഷ്ഠരോഗത്തിന് പ്രത്യേക രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തത് കാരണം പലരും തുടക്കത്തില്‍ ആശുപത്രികളില്‍ ചികിത്സ തേടാറില്ല അസുഖം ഞരമ്പുകളെ ബാധിക്കുന്നത് കൊണ്ട് തന്നെ അംഗവൈകല്യവും ഉണ്ടാവും.കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് അശ്വമേധം എന്ന പേരില്‍ രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിഞ്ഞ് ആദിവാസി മേഖലകളില്‍ ഉള്‍പ്പടെ ത്വക് രോഗ വിദഗ്ധരുടെ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

നിപ വൈറസ് ബാധിച്ച മൂന്ന് പേര്‍ രോഗത്തെ അതിജീവിച്ചു;റിപ്പോർട്ട് പുറത്തുവിട്ട് അമേരിക്കൻ ജേർണൽ

keralanews three of those who infected nipah virus survived american journal released the report

കോഴിക്കോട്:നിപ വൈറസ് ബാധിച്ച മൂന്ന് പേര്‍ രോഗത്തെ അതിജീവിച്ചതായി റിപ്പോർട്ട്. അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ ജേർണലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ശരീരം സ്വയം പ്രതിരോധ ശേഷി ആര്‍ജിച്ചതിനാലാണ് മൂന്നു പേരും രക്ഷപ്പെട്ടത് എന്നാണ് വിലയിരുത്തല്‍.പരിശോധനയില്‍ ഈ മൂന്ന് പേരിലും നിപ്പയ്‌ക്കെതിരായ ആന്റിബോഡി കണ്ടെത്തിയെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കഴിഞ്ഞ വര്‍ഷം 18 പേരിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവര്‍ത്തകരും ബന്ധുക്കളും അടക്കം 279 പേരുടെ രക്ത സാംപിളുകള്‍ പിന്നീട് പരിശോധിച്ചു. ഇതില്‍ രണ്ട് ബന്ധുക്കളുടെയും ആരോഗ്യപ്രവര്‍ത്തകന്‍റെയും ശരീരത്തില്‍ നിപ വൈറസിനെതിരെയുള്ള ആന്‍റിബോഡി കണ്ടെത്തിയെന്നാണ് അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിക്കുന്ന എമര്‍ജിങ് ഇന്‍ഫെക്ഷിയസ് ഡിസീസസ് ജേര്‍‌ണലിന്റെ മെയ് ലക്കത്തിലെ ലേഖനത്തില്‍ പറയുന്നത്.ഉയര്‍ന്ന പ്രതിരോധശേഷി കൊണ്ടോ വൈറസുകളുടെ എണ്ണം കുറഞ്ഞതു കൊണ്ടോ ആയിരിക്കാം ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണാതിരുന്നതെന്നാണ് നിഗമനം. ചെന്നൈയിലെ എപിഡമോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ച് എന്നീ സ്ഥാപനങ്ങളിലെ ആരോഗ്യ വിദഗ്ധര്‍, സംസ്ഥാന ആരോഗ്യ ഡയറക്ടര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ എന്നിവർ ഉള്‍പ്പെടെ 21 പേര്‍ ചേർന്നാണ് ലേഖനം തയ്യാറാക്കിയത്.

എച്ച് വൺ എൻ വൺ പനി;ജില്ലയിൽ ജാഗ്രത നിർദേശം നൽകി

keralanews alert against h1n1 fever in the district

കണ്ണൂർ:ജില്ലയിൽ എച്ച് വൺ എൻ വൺ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.നാരായൺ നായിക് നിർദേശം നൽകി.വായുവിലൂടെയാണ് ഈ രോഗം പകരുക.മിക്കവരിലും ഇത് നാലഞ്ച് ദിവസം കൊണ്ട് ഭേദമാകും.എന്നാൽ ചിലരിൽ ഇത് ഗുരുതരമായ ശ്വാസതടസ്സം,ഓർമ്മക്കുറവ്,അപസ്മാരം,സ്വഭാവ വ്യതിയാനങ്ങൾ തുടങ്ങിയവയ്ക്ക് ഇടയാക്കും.ഗർഭിണികൾ,അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾ,65 വയസ്സിനു മുകളിലുള്ളവർ,പ്രമേഹരോഗികൾ,വൃക്കരോഗം,കരൾ രോഗം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ വൈറൽ പനിയുടെ ലക്ഷണങ്ങളായ പണി,ശരീരവേദന,തൊണ്ടവേദന,തലവേദന,വരണ്ട ചുമ,വിറയൽ,ഛർദി,വയറിളക്കം, എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.വായുവിലൂടെ പകരുന്ന രോഗമായതിനാൽ രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും പൊത്തണം.വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം.രോഗം ബാധിച്ചവർ മറ്റുള്ളരുമായി സമ്പർക്കം കുറയ്ക്കുക.ധാരാളം വെള്ളം കുടിക്കുകയും ആവശ്യത്തിന് വിശ്രമിക്കുകയും ചെയ്യണം.