തിരുവില്വാമലയിൽ പെൺകുട്ടിയുടെ മരണത്തിനിടയാക്കിയ ഫോൺ 3 വർഷം മുൻപ് വാങ്ങിയത്; കുട്ടിയുടെ മുഖത്ത് ഗുരുതര പരിക്ക്

തൃശൂർ: തിരുവില്വാമലയിൽ എട്ടുവയസ്സുകാരിയുടെ മരണത്തിനിടയാക്കിയ ഫോൺ 3 വർഷം മുൻപ് വാങ്ങിയതെന്ന് റിപ്പോർട്ട്. കുട്ടിയുടെ അച്ഛന്റെ അനുജൻ പാലക്കാട്ടുനിന്നു വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വർഷം ബാറ്ററി മാറ്റിയിരുന്നു. ഏറെ നേരം വിഡിയോ കണ്ടു ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണു പൊലീസ് നിഗമനം. മറ്റു വിവരങ്ങൾ ഫോറൻസിക് പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂ.അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഫോൺ അമിതമായി ചൂടായിരുന്നു. മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു.പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സംഭവം നടക്കുന്ന സമയം കുട്ടിയും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശി ഭക്ഷണം എടുക്കാനായി അടുക്കളയിലേക്കു പോയ സമയത്തായിരുന്നു അപകടം. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. വലതു കൈവിരലുകൾ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.അപകട സമയത്ത് പുതപ്പിനടിയിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടിയെന്നാണ് മുത്തശി പൊലീസിനോട് പറഞ്ഞത്. ഗുളികയെടുക്കാൻ താൻ പുറത്തുപോയി. വലിയ പൊട്ടിത്തെറി കേട്ടാണ് തിരിച്ചെത്തിയതെന്നും ഈ സമയത്ത് മകൾ ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും അവർ പറഞ്ഞു.തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ.

ഭക്ഷണം കഴിക്കാനെത്തി; ഒരു വയസുള്ള കുട്ടിയെ ഹോട്ടലിൽ മറന്ന് വെച്ച് കുടുംബം

കണ്ണൂർ: ഭക്ഷണം കഴിച്ച് മടങ്ങവേ ഒരു വയസുള്ള കുട്ടിയെ ഹോട്ടലിൽ മറന്ന് വെച്ച് കുടുംബം. തളിപ്പറമ്പിലെ ഏഴാം മൈലിലുള്ള ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടൽ അധികൃതർ പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ച കുട്ടിയെ പിന്നീട് രക്ഷിതാക്കൾക്ക് കൈമാറുകയായിരുന്നു. ചപ്പാരക്കടവ് ഭാഗത്ത് നിന്നും രണ്ട് വാഹനങ്ങളിലായാണ് കുടുംബം ഹോട്ടലിൽ ഭക്ഷണം കഴിക്കാനായെത്തിയത്. ഈ സമയം ഒരു വയസുള്ള ആൺകുട്ടി കുടുംബത്തിലെ മുതിർന്നയാളുടെ മുതിർന്നയാളുടെ കയ്യിലായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം കൈ കഴുകുന്നതിനായി ഇയാൾ കുട്ടിയെ താഴെ നിർത്തി. എന്നാൽ പിന്നീട് കുട്ടിയെ എടുക്കാതെ ഇവർ തിരികെ വാഹനങ്ങളിൽ കയറി പോകുകയായിരുന്നു.ഇവർ പോയതിന് പിന്നാലെ ഹോട്ടൽ കൗണ്ടറിന് സമീപം കുട്ടിയെ കണ്ടെത്തിയ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന കുടുംബത്തെ തിരിച്ചറിയുന്നത്. ഉടൻ തന്നെ ഹോട്ടലുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസുകാർ എത്തി കുട്ടിയെ തളിപ്പറമ്പ് സ്റ്റേഷനിൽ എത്തിച്ചു.കിലോമീറ്ററുകൾക്ക് ശേഷമാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഉടൻ തന്നെ ഇവർ തളിപ്പറമ്പിലെ ബന്ധുക്കളോട് വിവരം പറഞ്ഞു. പിന്നാലെ ബന്ധുക്കൾ ഹോട്ടലിൽ എത്തി വിവരം തിരക്കി. ഹോട്ടൽ ജീവനക്കാരിൽ നിന്നും ലഭിച്ച നിർദ്ദേശാനുസരണം ബന്ധുക്കൾ പോലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും കുട്ടിയെ വിട്ട് കിട്ടിയില്ല. അച്ഛനും അമ്മയും നേരിട്ടെത്തിയ ശേഷമാണ് കുട്ടിയെ കൈമാറിയത്.കുട്ടിയെ അശ്രദ്ധമായി ഹോട്ടലിൽ ഉപേക്ഷിച്ചതിന് പോലീസ് വീട്ടുകാരെ ശകാരിക്കുകയും ചെയ്തു.

നടൻ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടൻ മാമുക്കോയ(76) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഹൃദയഘാതവും തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണകാരണം. കഴിഞ്ഞ ദിവസം മലപ്പുറം കാളികാവിൽ ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നില വഷളയാതോടെ കോഴിക്കോടുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നാളെയാണ് സംസ്കാരം. നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമയിൽ എത്തിയ നടനായിരുന്നു മാമുക്കോയ. 1946 ൽ കോഴിക്കോട് പള്ളിക്കണ്ടിയിലായിരുന്നു ജനനം. തടിപ്പണിക്കാരനായി ജീവിതം തുടങ്ങി. ‘അന്യരുടെ ഭൂമി’ ചിത്രത്തിലൂടെ ആദ്യമായി സിനിമ രംഗത്തേക്ക് പ്രവേശിച്ചു. ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ സിനിമയിലെ മുൻഷിയുടെ വേഷത്തിലൂടെ ശ്രദ്ധേയനായി. പിന്നീട് സത്യൻ അന്തിക്കാട് അടക്കമുള്ളവരുടെ സിനിമകളിലൂടെ തിരക്കേറിയ നടനായി.കോഴിക്കോട് പള്ളിക്കണ്ടിയിൽ മമ്മദിൻറെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിനായിരുന്നു ജനനം. സുഹ്റയാണ് ഭാര്യ. മക്കൾ: മുഹമ്മദ് നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.

വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു;മരിച്ചത് കോളേജ് വിദ്യാർഥികൾ

കല്‍പറ്റ: കാർ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞ് രണ്ട് യുവതികൾ ഉൾപ്പടെ മൂന്നുപേർ മരിച്ചു. ഇരിട്ടി ഡോൺ ബോസ്കോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലിൽ അഡോൺ ബെസ്റ്റി (20), ബികോം മൂന്നാം വർഷ വിദ്യാർഥി ഇരിട്ടി അങ്ങാടിക്കടവ് കലറയ്ക്കൽ ജിസ്ന മേരി ജോസഫ് (20), ബികോം മൂന്നാം വർഷ വിദ്യാർഥി കാസർകോട് വെള്ളരിക്കുണ്ട് പുത്തൻപുരയ്ക്കൽ സ്നേഹ ജോസഫ്(20) എന്നിവരാണ് മരിച്ചത്. മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.കല്‍പറ്റ – പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പുഴമുടിക്ക് സമീപം റോഡില്‍നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാര്‍ വയലിന് സമീപത്തെ പ്ലാവില്‍ ഇടിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മരം മുറിഞ്ഞു. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്.അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാർ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

കോഴിക്കോട് കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ച് 12-കാരൻ മരിച്ച സംഭവം കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ച് 12-കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസനാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മരണ കാരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതൃസഹോദരി താഹിറ(34) നെ പോലീസ് അറസ്റ്റ് ചെയ്തു.ഇവർ ഐസ്‌ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ കൊടുക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. ഇതേ തുടർന്ന് ഛർദിയുണ്ടാവുകയും അവശനിലയിലാവുകയും ചെയ്ത് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊലീസ്, ഫൊറൻസിക് വിഭാഗം എന്നിവർ പരിശോധന നടത്തുകയും സാംപിൾ പരിശോധനയ്‌ക്കായി അയക്കുകയും ചെയ്തു.അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്നാണ് കുട്ടി ഐസ്‌ക്രീം വാങ്ങി കഴിച്ചതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണത്തെ തുടർന്ന് കട താൽക്കാലികമായി അടച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തിൽ കണ്ടെത്തുകയും സംഭവം കൊലപാതകമാണെന്ന് സംശയത്തെ തുടർന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ശക്തമാക്കിയത്.ഐസ്ക്രീമിൽ മനപൂർവ്വം വിഷം കലർത്തി എന്ന വിവരമാണ് ലഭിക്കുന്നത്. എന്നാൽ അത് കുട്ടിയെ ലക്ഷ്യമിട്ടല്ല, കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ടാണ് എന്ന മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന ഫലം ഇനി വരാനുണ്ട്. താഹിറ പൊലീസ് കസ്റ്റഡിയിലാണ്.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ;കർശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ.ഇന്നലെ ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ് .തൊട്ട് തലേന്ന് 102.95 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്.വൈദ്യുതി ഉപയോഗത്തിൽ കർശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. വൈകിട്ട് 6നും രാത്രി 11നും ഇടയിലുള്ള വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്നാണ് നിര്‍ദേശം.വൈകുന്നേരം 6നും 11നുമിടയിൽ പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കി പരമാവധി മറ്റുസമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടു. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യണമെന്നും. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായകമാണെന്നും കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി.അതേസമയം സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് എന്ന പരാതി ഉയരുന്നുണ്ട്..പല സ്ഥലങ്ങളിലും മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിക്കുന്നെന്നാണ് ആക്ഷേപം.എന്നാൽ അപ്രഖ്യാപിത ലോഡ് ഷെഡിംഗില്ലെന്നാണ് സർക്കാരിന്‍റെ പ്രതികരണം. സാങ്കേതിക തകരാർ മൂലമാണ് വൈദ്യുതി തടസ്സം ഉണ്ടാകുന്നത് എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ജൂൺ 30 വരെ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നും വൈദ്യുതി വകുപ്പ് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ മിഴിതുറന്നു;ഗതാഗത നിയമലംഘനത്തിന് ‌ഇന്ന് മുതൽ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനം കണ്ടെത്തുന്നതിനായി വകുപ്പിന്റെ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഇന്നു പ്രവർത്തനമാരംഭിക്കും.ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാകും പിഴയിൽ നിന്നും ഇളവുണ്ടാവുക. മുഖ്യമന്ത്രി എഐ ക്യാമറകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ക്യാമറക്കെണിയിൽ വീഴുന്ന ആളുകൾക്ക് പിഴയുടെ വിവരം മൊബൈൽ ഫോണിലേക്ക് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ പിഴതുക ഉൾപ്പെടെ സന്ദേശമായി ലഭിക്കും. രാത്രി സമയങ്ങളിലും വ്യക്തമായി ചിത്രങ്ങൾ പകർത്താൻ കഴിയുന്ന തരത്തിലാണ് തരത്തിലാണ് ക്യാമറകൾ സജ്ജമാക്കിയിരിക്കുന്നത്.കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ 3 പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകും.കാറിൽ കൈക്കുഞ്ഞുങ്ങളെ പിൻസീറ്റിൽ മുതിർന്നവർക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണം. ഒരു ക്യാമറയിൽ നിയമലംഘനം കണ്ടെത്തുന്ന വാഹനത്തിനും വ്യക്തിക്കും തുടർന്നുള്ള ക്യാമറകളിൽ ഓരോ തവണ പതിയുമ്പോഴും അതേ കുറ്റത്തിനു പിഴ വരും.അതേസമയം, ദൃശ്യങ്ങളിൽ വ്യക്തമാകുന്ന നിയമലംഘനത്തിനു മാത്രമേ പിഴയുണ്ടാകൂ എന്നും വാഹന രേഖകൾ കൃത്യമാണോ എന്നതുൾപ്പെടെയുള്ള മറ്റു പരിശോധനകൾ കൺട്രോൾ റൂം മുഖേന തൽക്കാലമില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ലൈൻ ട്രാഫിക് ലംഘനങ്ങളും പരിശോധിക്കില്ല. വാഹനമോടിക്കുന്നതിനിടെ ഫോണിൽ സംസാരിക്കുന്നതും പിടികൂടും. കാറിൽ ഹാൻഡ്സ് ഫ്രീ ബ്ലൂടൂത്ത് സൗകര്യമുപയോഗിച്ചു ഫോണിൽ സംസാരിക്കുന്നതും ഒഴിവാക്കണമെന്നാണു നിർദേശമെങ്കിലും തൽക്കാലം ഇതിനു പിഴയില്ല. പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർദേശിച്ചിട്ടുണ്ടെങ്കിലും ഇതു ലംഘിക്കുന്നവർക്കും തൽക്കാലം പിഴ ചുമത്തില്ല.

പിടികൂടുക 7 നിയമലംഘനങ്ങൾ:
ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിഴ: 500 രൂപ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ: 500 രൂപ ടു വീലറിൽ രണ്ടിലേറെപ്പേരുടെ യാത്ര: 1000 രൂപ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം: 2000 രൂപ അനധികൃത പാർക്കിങ്: 250 രൂപ അമിതവേഗം: 1500 രൂപ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം: 2000 രൂപ

എലത്തൂർ ട്രെയിൻ തീവെപ്പ്; പ്രതി ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്.കനത്ത സുരക്ഷയിലാണ് പോലീസ് പ്രതിയുമായി കോടതിയിലെത്തിയത്. കോടതി പരിസരത്തും വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. പ്രതിയെ കോടതിയിൽ നിന്നും മാലൂർക്കുന്ന് എആർ ക്യാമ്പിൽ എത്തിക്കും.കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽമീണ മാലൂർ ക്യാമ്പിലെത്തി ചേർന്നു. ഇവിടെ വെച്ചാകും ചോദ്യം ചെയ്യുക. അതിനുശേഷം തെളിവെടുപ്പ് നടത്തും.14 ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. വിശദമായ ചോദ്യം ചെയ്യലിന് പരമാവധി ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇപ്പോൾ കണ്ണൂരിലുള്ള ട്രെയിൻ ബോഗിയിൽ എത്തിച്ചുള്ള തെളിവെടുപ്പുകൾ നടത്തണമെന്നും ചോദ്യം ചെയ്യലിന് സമയം ആവശ്യമാണെന്നുമാണ് പോലീസ് ആവശ്യപ്പെട്ടത്. തുടർന്ന് 11 ദിവസം കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇയാളുടെ ഉമിനീരും തൊലിയും മറ്റും രാസപരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്. ഇന്നലെ കരൾ സംബന്ധമായ അസുഖം കണ്ടതിനെ തുടർന്ന് പരിശോധനയ്‌ക്കെത്തിച്ചിരുന്നു.ഇയാളുടെ കൈയിൽ പൊള്ളലേറ്റ പാടുകളുണ്ട്. ശരീരമാസകലം ഉരഞ്ഞ പാടുകളുണ്ട്.മുറിവുകൾക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. കൺപോളകളിലെ മുറിവ് ഗൗരവമുള്ളതല്ല. സിടി സ്‌കാൻ എക്‌സ്‌റേ പരിശോധനകളിലും കുഴപ്പമില്ല.

കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിൽ;പിടിയിലായത് മഹാരാഷ്ട്രയിൽ വച്ച്

മുംബൈ:കോഴിക്കോട് എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി പിടിയിൽ. മഹാരാഷ്‌ട്രയിൽ നിന്നാണ് ഷഹറൂഖ് സെയ്ഫിയെ കേന്ദ്ര ഇന്റലിജൻസും മഹാരാഷ്‌ട്ര എടിഎസ് സംഘവും ചേർന്ന് പിടികൂടിയത്. രത്ന​ഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടി ഷഹറൂഖ് എത്തിയിരുന്നു. ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു.തീവെപ്പ് നടന്ന് നാലാം ദിവസമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘം ഷഹീന്‍ബാഗിലെത്തി വീട്ടുകാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടര്‍നീക്കം. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷാറൂഖിന്റെ ആറ് ഫോണുകള്‍ അന്വേഷണ സംഘം നിരീക്ഷണത്തിലാക്കി. പുലര്‍ച്ചെ ഒന്നരയോടെ ഇതിലൊരു ഫോണ്‍ സ്വിച്ച് ഓണ്‍ ആയതോടെയാണ് ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.കേന്ദ്ര ഇന്‍റലിൻജസ് ഏജൻസി നൽകിയ വിവരത്തെത്തുടർന്ന് മഹാരാഷ്ട്ര എടിഎസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്തനീക്കമാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ സഹായമായത്.ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതിക്ക് മുഖത്ത് ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതി രത്നഗിരയിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ അവിടുത്തെ ആശുപത്രികളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.ഇതിനിടെ ആശുപത്രിയിൽ ചികിത്സ തേടിയ പ്രതി സംശയം തോന്നിയതോടെ ചികിത്സ പൂർത്തിയാക്കാതെ അവിടെനിന്ന് കടന്നുകളയുകയായിരുന്നു. എന്നാൽ രത്നഗിരിയിൽ വ്യാപക പരിശോധന നടത്തുന്നതിനിടെ റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് ഇന്നലെ രാത്രിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് എലത്തൂരിനടുത്ത് വെച്ച് ട്രെയിനിൽ തീവെപ്പുണ്ടായത്. സംഭവത്തിൽ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ മൂന്നുപേർ മരണപ്പെട്ടിരുന്നു. തീവെപ്പിൽ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റിരുന്നു. ഇവർ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പടെ ചികിത്സയിലാണ്.

ട്രെയിനിലെ തീവെപ്പ്; NIA സംഘം കണ്ണൂരിൽ

കണ്ണൂർ : എലത്തൂർ ട്രെയിനിനുള്ളിൽ തീയിട്ട സംഭവത്തിന്റെ അന്വേഷണ ഭാഗമായി എൻഐഎ സംഘം കണ്ണൂരിലെത്തി.കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള എൻഐഎ സംഘമാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. ആക്രമണം നടന്ന ഡി1, ഡി2 ബോഗികൾ പോലീസ് സീൽ ചെയ്ത് കണ്ണൂരിലേക്ക് മാറ്റിയിരുന്നു. ഈ കോച്ചുകളിൽ പരിശോധന നടത്തുന്നതിനാണ് സംഘം കണ്ണൂരിലെത്തിയിരിക്കുന്നത്.പോലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് രണ്ട് ബോഗികളിലും പരിശോധന നടത്തിയത്. ലോക്കൽ പോലീസെത്തി സീൽ ചെയ്ത ബോഗികളുടെ ഡോറുകൾ തുറക്കുകയും എൻഐഎ അന്വേഷണ സംഘം പരിശോധന നടത്തുകയുമായിരുന്നു. അക്രമത്തെ കുറിച്ച് എന്തെങ്കിലും തരത്തിലുളള സൂചനകൾ ലഭിക്കുമോ എന്നതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധനയാണ് നടന്നത്. ഏകദേശം 15 മിനിറ്റോളം ബോഗിക്കുള്ളിലും പുറത്തുമായി എൻഐഎ സംഘം പരിശോധന നടത്തി. ന്നീട് ലോക്കൽ പോലീസിനൊപ്പം മടങ്ങിയ സംഘം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.