News Desk

ലോക്സഭ തെ‍രഞ്ഞെടുപ്പ്; കേരളത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് 290 പേർ; സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി

തിരുവനന്തപുരം:കേരളം ലോകസ്ഭ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.മാർച്ച് 28-ന് ആരംഭിച്ച പത്രിക സമർപ്പണം ഇന്നലെ അവസാനിച്ചു. പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഏപ്രിൽ എട്ടിന് അവസാനിക്കും.തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ പത്രിക നൽകിയത്,22 പേർ. ആറ്റിങ്ങൽ- 14, കൊല്ലം -15, പത്തനംതിട്ട -10, മാവേലിക്കര -14, ആലപ്പുഴ -14, കോട്ടയം- 17, ഇടുക്കി -12, എറണാകുളം -14, ചാലക്കുടി -13, തൃശൂർ- 15, ആലത്തൂർ -8, പാലക്കാട് -16, പൊന്നാനി- 20, മലപ്പുറം -14, കോഴിക്കോട് -15, വയനാട് -12, വടകര- 14, കണ്ണൂർ- 18, കാസർകോട് -13 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം.അതേസമയം സൂക്ഷ്മ പരിശോധനയുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പട്ടികയിൽ 86 പേരുടെ പത്രിക തള്ളി.ഇതോടെ നിലവിൽ 204 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്.
നിലവിലെ സ്ഥാനാർത്ഥികളുടെയും തള്ളിയ പത്രികകളുടെയും കണക്ക്- തിരുവനന്തപുരം 13(തള്ളിയത് 9), ആറ്റിങ്ങല്‍ 7(7), കൊല്ലം 12(3), പത്തനംതിട്ട 8(2), മാവേലിക്കര 10(4), ആലപ്പുഴ 11(3), കോട്ടയം 14(3), ഇടുക്കി 8(4), എറണാകുളം 10(4), ചാലക്കുടി 12(1), തൃശൂര്‍ 10(5), ആലപ്പുഴ 11(3), കോട്ടയം 14(3), ഇടുക്കി 8(4), എറണാകുളം 10(4), ചാലക്കുടി 12(1), തൃശൂര്‍ 10(5), ആലത്തൂര്‍ 5(3), പാലക്കാട് 11(5), പൊന്നാനി 8(12), മലപ്പുറം 10(4), വയനാട് 10(2), കോഴിക്കോട് 13(2), വടകര 11(3), കണ്ണൂര്‍ 12(6), കാസര്‍കോട് 9(4).

അരുണാചലിൽ മലയാളി ദമ്പതികളും യുവതിയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് സൂചന;ലക്ഷ്യം മരണാനന്തര ജീവിതം?

ഇറ്റാന​ഗർ: കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും അരുണാചൽ പ്രദേശിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീൻ, ദേവി എന്നിവരാണ് മരിച്ചത്. ദമ്പതികളെയും യുവതിയെയും ഇറ്റാനഗറിലെ ഹോട്ടൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മരണത്തിന് പിന്നിൽ ദുർമന്ത്രവാദമാണെന്ന സംശയത്തിലാണ് നാട്ടുകാരും പോലീസും. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതായി സൂചനയുണ്ട്.കഴിഞ്ഞ 26-ാം തീയതി മുതൽ ആര്യയെ കാണാൻ ഇല്ലായിരുന്നുവെന്ന് പിതാവ് പരാതി നൽകിയിരുന്നു. നാലാഞ്ചിറയിലെ സ്‌കൂൾ അദ്ധ്യാപികയാണ് ആര്യ. സുഹൃത്തുക്കളായ ദേവിക്കും നവീനുമൊപ്പം ആര്യ ഗുവാഹത്തിയിലേക്ക് പോയെന്ന സംശയം കുടുംബം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ആര്യയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അരുണാചൽപ്രദേശ് വരെയുള്ള ഭാഗങ്ങളിലേക്ക് വിവരം കൈമാറിയിരുന്നു. തുടർന്ന് അരുണാചൽപ്രദേശ് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും സുഹൃത്തുക്കളെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മറ്റു നടപടികൾക്ക് ശേഷം മൃതദേഹം കേരള പൊലീസിന് വിട്ടുനൽകും.രണ്ടുപേരെ കൊന്നശേഷം ഒരാൾ ആത്മഹത്യ ചെയ്തെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, മൂന്നുപേരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നാലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവൂ.ആര്യയുടെ മൃതദേഹം ഹോട്ടൽമുറിയിലെ കട്ടിലിനുമുകളിലായിരുന്നു. ഇതേ മുറിയിൽ നിലത്താണ് ദേവി മരിച്ചുകിടന്നത്. ശുചിമുറിയിലാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്.മൂന്നുപേരുടെയും കൈത്തണ്ട മുറിച്ചനിലയിലുമായിരുന്നു.സംഭവം മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്ന സംശയം ആദ്യംമുതൽക്കെ പോലീസിനുണ്ട്. മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മൃതദേഹത്തില്‍ കാണപ്പെട്ട പ്രത്യേക തരത്തിലുള്ള മുറിവുകളും സംശയമുയര്‍ത്തി. ദമ്പതികള്‍ പുനര്‍ജനിയെന്ന ബ്ലാക് മാജിക് കമ്മ്യൂണിറ്റിയില്‍ അംഗമായിരുന്നെന്ന് അയല്‍വാസികളും പറയുന്നു.

മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ‍് ഡയറക്ടറേറ്റ്;അന്വേഷണം കൊച്ചി യൂണിറ്റിന്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ‍് ഡയറക്ടറേറ്റ് . ഇ.ഡി. കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസിൽ ഇ.ഡി. എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർ ചെയ്തു.ഇസിഐആർ രജിസ്റ്റർ ചെയ്തതോടെ കേസിൽ ഇഡി ഔദ്യോഗികമായി അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്. കടന്നിരിക്കുകയാണ്. എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡിയുടെ നീക്കം. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക നടപടികൾ ആരംഭിച്ച ഇ.ഡി. ആരോപണ വിധേയർക്ക് ഉടൻ നോട്ടിസ് നൽകുമെന്നാണ് വിവരം.മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സിഎംആർഎല്ലും ഇഡി അന്വേഷണ പരിധിയിൽ വരുമെന്നാണ് വിവരം.കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. നൽകാത്ത സേവനത്തിന് ലക്ഷങ്ങൾ കൈപ്പറ്റിയതാണ് വീണാ വിജയന് നേരെയുള്ള ആരോപണം.കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍.) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്.

കാസർകോട് പട്ടാപ്പകൽ വൻ കവർച്ച; എടിഎമ്മിൽ നിറയ്‌ക്കാൻ എത്തിച്ച 50 ലക്ഷം രൂപ തട്ടിയെടുത്തു

കാസർകോട്:ജില്ലയിൽ പട്ടാപ്പകൽ വൻ കവർച്ച.സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ നിറയ്‌ക്കാൻ എത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. മഞ്ചേശ്വരം ഉപ്പളയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആക്സിസ് ബാങ്കിന്റെ എടിഎമ്മിലേക്ക് പണവുമായി എത്തിയപ്പോഴായിരുന്നു കവർച്ച. ഉപ്പള ബസ് സ്റ്റാൻഡിന്റെ മുൻവശത്തുള്ള എടിഎമ്മിൽ പണം നിറയ്‌ക്കാനാണ് സ്വകാര്യ ഏജൻസിയുടെ വാഹനമെത്തിയത്. വാഹനത്തിന്റെ പിറകിലുള്ള അറയിൽ 50 ലക്ഷം രൂപ സൂക്ഷിച്ചിരുന്നു. വാഹനം ഉപ്പളയിൽ എത്തിയപ്പോൾ പണത്തിന്റെ കെട്ടുകൾ വാഹനത്തിന്റെ മദ്ധ്യഭാഗത്തെ സീറ്റിൽ ജീവനക്കാർ എടുത്ത് വച്ചു.തുടർന്ന് പണം എടിഎമ്മിൽ നിക്ഷേപിക്കുന്നതിനായി വാഹനം ലോക്ക് ചെയ്ത് ജീവനക്കാർ എടിഎം കൗണ്ടറിലേക്ക് നടന്നു. ഇതിനിടെയാണ് കവർച്ച നടന്നത്. സീറ്റിൽ വച്ചിരുന്ന 50 ലക്ഷം രൂപ വാഹനത്തിന്റെ ചില്ല് തകർത്ത് കവരുകയായിരുന്നു. ചുവന്ന ടീഷർട്ട് ധരിച്ചെത്തിയ ആളാണ് കവർച്ചയ്‌ക്ക് പിന്നിലെന്ന് ജീവനക്കാർ പറഞ്ഞു. പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

ലോക്‌സഭാ ഇലക്ഷൻ; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26 ന്;വോട്ടെണ്ണല്‍ ജൂണ്‍ നാലിന്‌

ന്യൂഡൽഹി: രാജ്യം ഇനി പൊതുതിരഞ്ഞെടുപ്പിലേക്ക്‌. കേരളത്തിൽ ഏപ്രിൽ 26 നായിരിക്കും പോളിങ്‌. ഏഴ്‌ ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലാണ്‌ കേരളത്തിലെ തിരഞ്ഞെടുപ്പ്. ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ്‌ വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്‌. ഏപ്രില്‍ 19-ന് ആണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ 26-ന് നടക്കും. മേയ് ഏഴിനാണ് മൂന്നാംഘട്ടം. മേയ് 13-ന് നാലാം ഘട്ടവും മേയ് 20-ന് അഞ്ചാം ഘട്ടവും നടക്കും. മേയ് 25-ന് ആണ് ആറാം ഘട്ടം. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. കഴിഞ്ഞ തവണയും ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്.ഇത്തവണ ആകെ 96.88 കോടി വോട്ടര്‍മാരാണ് 2024 ല്‍ വോട്ടുചെയ്യുക. ഇതില്‍ പുരുഷ വോട്ടര്‍മാരുടെ എണ്ണം 49.72 കോടിയാണ്. 47.15 കോടി സ്ത്രീവോട്ടര്‍മാരുമുണ്ട്.48044 ട്രാന്‍സ്ജന്‍ഡേഴ്‌സ് വോട്ടര്‍മാരും 1.82 കോടി കന്നിവോട്ടര്‍മാരും ഇത്തവണ വോട്ടുചെയ്യാനെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. 19.74 കോടിയാണ് യുവ വോട്ടര്‍മാരുടെ എണ്ണം.തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാണ് രാജ്യമെന്നും 10.05 ലക്ഷം പോളിങ് സ്‌റ്റേഷനുകളും ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥരും ഒരുങ്ങിക്കഴിഞ്ഞുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

അരുണാചല്‍ പ്രദേശ്, ആന്തമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപ്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ദമാന്‍ ദിയു, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, കേരള,ലക്ഷദ്വീപ്, ലഡാക്ക്, മിസോറം, മേഘാലയ, നാഗാലന്‍ഡ്, പുതുച്ചേരി, സിക്കിം, തമിഴ്‌നാട്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖാണ്ഡ് സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക.കര്‍ണാടക, രാജസ്ഥാൻ, ത്രിപുര, മണിപ്പുര്‍ എന്നിവിടങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. ഛത്തീസ്ഗഢ്, അസം എന്നീ സംസ്ഥാനങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ്. ഒഡിഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നാല് ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. അതേസമയം ജമ്മു ആന്‍ഡ് കശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അഞ്ചു ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഏഴ് ഘട്ടങ്ങളായും വിധിയെഴുത്തുണ്ടാവും..

കേളകത്ത് ജനവാസ മേഖലയിൽ പട്ടാപ്പകൽ കടുവ; പരിഭ്രാന്തിയിൽ പ്രദേശവാസികൾ;കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു

കണ്ണൂർ: കേളകം പഞ്ചായത്തിലെ ജനവാസ മേഖലയിൽ കടുവയിറങ്ങി. അടയ്‌ക്കാത്തോട് – കരിയംകാപ്പ് റോഡിലാണ് കടുവയെ കണ്ടത്. നാട്ടുകാർ ചേർന്ന് കടുവയുടെ ദൃശ്യങ്ങൾ പകർത്തി വനംവകുപ്പിന് കൈമാറി. ഇന്നലെ ഉച്ചയോടെയാണ് പ്രദേശത്ത് കടുവയെ കണ്ടെത്തിയത്. അടയ്‌ക്കാത്തോട് ടൗണിലും ആറാം വാർഡിലും ഞായറാഴ്ച വൈകിട്ട് നാല് മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കടുവയെ പിടികൂടാനായി വാളകം മുക്കിൽ വനം വകുപ്പ് കൂടും സ്ഥാപിച്ചു. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്..ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ടാപ്പിങ്ങ് കഴിഞ്ഞു സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന കരിനാട്ട് ബോബി, ചവറയ്ക്കല്‍ ബാബു എന്നിവര്‍ അടയ്ക്കാത്തോട് – കരിയംകാപ്പ് റോഡില്‍ കടുവയെ കണ്ടത്. മുരണ്ടുകൊണ്ട് റോഡ് മുറിച്ചുകടന്ന കടുവ റബര്‍ തോട്ടത്തിലേക്ക് പോവുകയായിരുന്നു..കടുവ അവിടെ തന്നെ നിന്നതോടെ ബോബി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ഈ സമയത്ത് തന്നെ സ്‌കൂള്‍ വിട്ടു നടന്നു വരുകയായിരുന്ന നാല് വിദ്യാര്‍ഥികളും കടുവയുടെ മുന്നില്‍പെട്ടു. കടുവയെ കണ്ട് പേടിച്ച രണ്ട് വിദ്യാര്‍ഥികള്‍ ഓടി രക്ഷപെട്ടു.

മ്ലാവിടിച്ച്‌ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം

കോതമംഗലം: കൈ മുറിഞ്ഞയാളെ ആശുപത്രിയില്‍ കൊണ്ടുപോകവേ മ്ലാവിടിച്ച്‌ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാമലക്കണ്ടം എളംബ്ലാശ്ശേരി പറമ്പിൽ പി.എൻ.വിജില്‍ (41) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കളപ്പാറയ്ക്ക് സമീപം ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടുകയായിരുന്നു. റോഡിന്റെ ഇടതുവശത്ത് നിന്നും ചാടിയ മ്ലാവ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയും വിജില്‍ ഓടിച്ച ഓട്ടോറിക്ഷ മറിയുകയും ചെയ്തു.ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനംവകുപ്പ് ജീവനക്കാരും ചേർന്ന് കോതമംഗലം ധർമ്മഗിരി ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലുവ രാജഗിരിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചു.എന്നാൽ ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ വിജില്‍ മരണപ്പെട്ടു.വണ്ടി മറിഞ്ഞ ആഘാതത്തില്‍ വാരിയെല്ലുകള്‍ തകർന്ന് രക്തസ്രാവം നില്‍ക്കാതെ വന്നതാണ് മരണകാരണം.കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജലീലിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നേര്യമംഗലം ആറാം മൈല്‍ വഴി എളംബ്ലാശ്ശേരിയിലെ വീട്ടില്‍ എത്തിച്ചു. പ്രതിഷേധം ഭയന്ന് പൊലീസ് അകമ്പടിയോടെയാണ് മൃതദേഹം കൊണ്ടുപോയത്.

ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ യാത്രചെയ്താല്‍ ഓടിക്കുന്നയാളിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും;നടപടി കടുപ്പിക്കാൻ എം വി ഡി

തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ യാത്രചെയ്താല്‍ ഓടിക്കുന്നയാളിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.കർശന നിയമനടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായിട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് എത്തിയിരിക്കുന്നത്.ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി.ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം നിയമപരമായി ഒരാളെ മാത്രമേ അനുവദിച്ചിട്ടുള്ളു.പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് ദിവസവും കാണുന്ന കാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്.ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത്തരം യാത്ര കാരണമാകും. രണ്ടില്‍ക്കൂടുതല്‍പ്പേര്‍ യാത്രചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കാനാണു തീരുമാനം.

ഭാരത് റൈസിന് ബദലുമായി കേരള സര്‍ക്കാര്‍; ‘ശബരി കെ-റൈസ്’ ഉടന്‍ വിപണിയിലേക്ക്; കിലോ 29 രൂപ

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭാരത് റൈസിന് ബദലായി കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന ‘ശബരി കെ-റൈസ്’ ഉടന്‍ വിപണിയിലേക്കെത്തും.സപ്ലൈകോ വഴി സബ്സിഡിയായി റേഷൻ കാർഡ് ഉടമകള്‍ക്ക് നല്‍കിയിരുന്ന അരിയുടെ ഭാഗമായാണ് കെ-റൈസ് എന്ന ബ്രാൻഡ് നെയിമില്‍ അരി വിപണിയിലെത്തിക്കുന്നത്. 10 കിലോ സബ്സിഡി അരി തുടർന്നും ലഭിക്കും. ശബരി കെ-റൈസ് പ്രതിമാസം 5 കിലോയാണ് വിതരണം ചെയ്യുന്നത്. ശബരി കെ റൈസിന്‍റെ ജയ അരിക്ക് കിലോയ്ക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമാണ് വില. തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ മേഖലയില്‍ ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും പാലക്കാട്, കോഴിക്കോട് മേഖലകളില്‍ കുറുവ അരിയുമാകും വിതരണം ചെയ്യുക.ശബരി കെ-റൈസ് ബ്രാന്‍ഡ് നെയിം പതിച്ച സഞ്ചിയിലാണ് അരി വിതരണം. 10 ലക്ഷം രൂപയില്‍ താഴെയാണ് തുണി സഞ്ചിക്കുള്ള ചെലവ്. സഞ്ചി ഒന്നിന്റെ വില പരമാവധി 13-14 രൂപയായിരിക്കും. പരസ്യത്തില്‍നിന്ന് ലഭിക്കുന്ന തുക സഞ്ചിക്കായി വിനിയോഗിക്കാനാണ് തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയൻ വരും ദിവസങ്ങളില്‍ കെ- റൈസിന്റെ ഉദ്ഘാടനം നിർവഹിക്കും

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം; പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തി പോലീസ്

വയനാട് : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തി പോലീസ്.120 ബിയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ഗൂഢാലോചനയും വധശ്രമവും ചുമത്താത്തതിനെതിരെ നേരത്തെ പോലീസിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. ആദ്യഘട്ടത്തില്‍ പ്രതികള്‍ക്കെതിരെ മർദ്ദനം, തടഞ്ഞ് വയ്‌ക്കല്‍, ആത്മഹത്യാ പ്രേരണ, റാഗിംഗ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. ഇതിനൊപ്പം ഗൂഢാലോചനാ, വധശ്രമം ഉള്‍പ്പെടെ ചേർക്കണമെന്നതായിരുന്നു ഉയർന്നിരുന്ന ആവശ്യം. വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ മനപൂർവ്വം തിരിച്ചു വിളിച്ചത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. ശേഷം നടന്ന മർദ്ദനത്തിന് പിന്നിലും വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.സിദ്ധാർഥനെ ആള്‍ക്കൂട്ടവിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്ക് പോയിടത്തുനിന്ന് തിരിച്ചുവിളിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പോലീസ് വ്യക്തമാക്കുന്നുണ്ട്. പ്രാഥമികമായിത്തന്നെ ഇതില്‍ ഗൂഢാലോചന വ്യക്തമാണെങ്കിലും നേരത്തെ പോലീസ് പ്രതികളുടെപേരില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നില്ല. റാഗിങ് ശക്തമായ വകുപ്പാണെങ്കിലും കൊലപാതകശ്രമം ചുമത്താനുള്ള എല്ലാസാധ്യതകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍നിന്നുതന്നെ വ്യക്തമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.ബി.വി.എസ്.സി. രണ്ടാംവർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളേജില്‍വെച്ച്‌ സിദ്ധാർഥന് ക്രൂരമർദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.