കോവിഡ് വ്യാപനം;സംസ്ഥാനത്തെ സ്കൂളുകളിൽ ഇത്തവണ ഒന്ന് മുതൽ ഒൻപതു ക്ലാസ്സുവരെയുള്ള പരീക്ഷകൾ ഒഴിവാക്കും

keralanews covid spread examination of class one to class nine will be skipped

തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പരീക്ഷ ഒഴിവാക്കും.ഈ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും ക്ലാസ് കയറ്റം നല്‍കാനാണ് ധാരണ. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകാതെ ഔദ്യോഗിക തീരുമാനമെടുക്കും. പരീക്ഷക്ക് പകരം വിദ്യാര്‍ഥികളെ വിലയിരുത്താനുള്ള മാര്‍ഗങ്ങളും ആലോചിക്കുന്നുണ്ട്. ഇതിനായി കുട്ടികളില്‍ മൂല്യനിര്‍ണയം നടത്തും. ഇതിനായി വര്‍ക്ക് ഷീറ്റ് രക്ഷിതാക്കളെ സ്‌കൂളുകളില്‍ വിളിച്ചു വരുത്തിയോ, അദ്ധ്യാപകര്‍ വീടുകളില്‍ എത്തിച്ചോ നല്‍കും. അതിലെ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ഉത്തരമെഴുതുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്.ഒരു അധ്യയനദിനം പോലും സ്‌കൂളില്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഓൾ പ്രൊമോഷൻ പരിഗണിക്കുന്നത്. പൊതുപരീക്ഷയായി നടത്തുന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി (പ്ലസ് വണ്‍) പരീക്ഷയും ഈ വര്‍ഷം നടക്കില്ല. പകരം അടുത്ത അധ്യയന വര്‍ഷ ആരംഭത്തില്‍ സ്‌കൂള്‍ തുറക്കുമ്പോൾ പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ആരായുന്നത്.

സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരം റിപ്പോര്‍ട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹി പൊലീസ്​ കസ്റ്റഡിയില്‍

keralanews journalists detained by delhi police for covering farmers strike at singhu border

ന്യൂഡൽഹി:സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍.കാരവന്‍ മാഗസിന്‍ ലേഖകനും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനുമായ മന്‍ദീപ് പുനിയ, ഓണ്‍ലൈന്‍ ന്യൂ ഇന്ത്യയിലെ ധര്‍മേന്ദര്‍ സിങ് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.സിംഘുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന് ശേഷം കാരവന്‍ മാഗസിന് വേണ്ടി കര്‍ഷകരെ കാണാനെത്തിയതായിരുന്നു മന്‍ദീപ് പുനിയ. സമര ഭൂമിയുടെ കവാടത്തില്‍ വെച്ചുതന്നെ പൊലീസ് ഇവരെ തടഞ്ഞു. തുടര്‍ന്ന് പ്രദേശവാസികളിലൊരാള്‍ ആ വഴി കടന്നുപോയപ്പോള്‍ പൊലീസുകാരുമായി സംസാരിക്കുന്നത് മന്‍ദീപ് വിഡിയോയില്‍ പകര്‍ത്തുകയായിരുന്നു.ഇതിന് പുറമെ മന്‍ദീപിനെയും ധര്‍മേന്ദര്‍ സിങ്ങിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും അലിപുര്‍ സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ഇരുവരും ഇപ്പോള്‍ സ്റ്റേഷനിലുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസുകാരോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ നടപടിഎടുത്തത്. അതിര്‍ത്തിയില്‍ ഒരു സoഘം പ്രവര്‍ത്തകര്‍ കര്‍ഷകരുടെ ടെന്റ് പൊളിച്ച്‌ നീക്കാന്‍ എത്തിയിരുന്നു.തുടർന്നുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതെ സമയം മന്ദീപ് പൂനിയക്ക് പ്രസ് കാര്‍ഡ് ഇല്ലായിരുന്നെന്നും ബാരിക്കേഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ടതായും അപമര്യാദയായി പെരുമാറിയതായും പൊലീസ് പറയുന്നു. അതിന് ശേഷമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം.മന്ദീപ് പൂനിയയെ കസ്റ്റഡിയിലെടുത്ത വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി കര്‍ഷക നേതാക്കളും മാധ്യമപ്രവര്‍ത്തകരും മോചനം ആവശ്യപ്പെട്ട് രംഗത്തുവന്നു.

കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയില്‍ ക്രമമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

keralanews the health condition of m v jayarajan admitted in hospital due to covid is improving says medical belletin

കണ്ണൂർ:കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയിൽ കഴിയുന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയില്‍ ക്രമമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മരുന്നിലൂടെ നിലവില്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവിലും പുരോഗതി ദൃശ്യമായതിനാല്‍ മിനിമം വെന്റിലേറ്റര്‍ സപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കി വരുന്നത്.ഈ സാഹചര്യത്തിൽ വെന്റിലേറ്ററില്‍ നിന്നും വിമുക്തമാക്കി, സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതിനുള്ള ആദ്യഘട്ടമെന്നോണം, ഇടവേളകളില്‍ ഓക്‌സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമീകരിക്കുന്നതും തുടരുകയാണ്. സ്വന്തമായി ആഹാരം കഴിച്ചുതുടങ്ങിയതോടെ ആ ഘട്ടങ്ങളിലും സി-പാപ്പ് വെന്റിലേറ്റര്‍ ഒഴിവാക്കുന്നതിന് സാധിക്കുന്നുണ്ട്. കോവിഡ് തീവ്രത വ്യക്തമാക്കുന്ന രക്തത്തിലെ സൂചകങ്ങള്‍ മാറിവരുന്നതായി പരിശോധനയില്‍ വ്യക്തമായതും മെഡിക്കല്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തു.കോവിഡ് ന്യുമോണിയയെത്തുടര്‍ന്നുണ്ടായ ശ്വാസകോശത്തിലെ കടുത്ത അണുബാധ കുറ ഞ്ഞുവരുന്നതായും, ഇത്തരം അസുഖം ബാധിച്ചവരില്‍ നല്ലൊരു ശതമാനംപേരില്‍ പിന്നീട് മറ്റ് അണുബാധയുണ്ടായത്‌ പലകേന്ദ്രങ്ങളില്‍ നിന്നും പൊതുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന്  അത്തരം സാഹചര്യം ഒഴിവാക്കാനായി കടുത്ത ജാഗ്രത ഇദ്ദേഹത്തിന്റെ കാര്യത്തിലും തുടരേണ്ടതുണ്ട് എന്നും മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി.ആരോഗ്യ സ്ഥിതിയില്‍ ആശാവഹമായ പുരോഗതി ക്രമേണയുണ്ടാകുമ്പോഴും കോവിഡ് ന്യുമോണിയ വിട്ടുമാറിയിട്ടില്ല എന്നതിനാല്‍ നില ഗുരുതരമായി കണക്കാക്കി തന്നെ ചികിത്സ തുടരേണ്ടതുണ്ടെന്നതും മെഡിക്കല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

രാജ്യത്ത് ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കാമെന്ന് പ്രധാനമന്ത്രി

keralanews prime minister said that the agricultural laws imposed in the country frozen for 18 months

ന്യൂഡൽഹി:രാജ്യത്ത് ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തുറന്ന മനസോടെയാണ് കര്‍ഷകരുടെ പ്രശ്നങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിക്കാമെന്ന കൃഷി മന്ത്രിയുടെ കഴിഞ്ഞ 22 ലെ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നു. വീണ്ടുമൊരു ചര്‍ച്ചക്ക് ഒരു ഫോണ്‍ കോളിന്റെ അകലം മാത്രമേയുള്ളുവെന്ന കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ പ്രസ്താവന പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അതെ സമയം പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്കു മരവിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും 3 നിയമങ്ങളും പിന്‍വലിക്കാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് കര്‍ഷകര്‍ ഉറപ്പിച്ച്‌ പറയുന്നത്. കര്‍ഷക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 11 തവണയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനാ നേതാക്കളും ചര്‍ച്ച നടത്തിയത്.

എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 17 മുതല്‍; പുതുക്കിയ തീയതി പ്രഖ്യാപിച്ചു

keralanews sslc exam from march 17 updated date announced

തിരുവനന്തപുരം: ഇത്തവണത്ത എസ് എസ് എല്‍ സി പരീക്ഷയുടേയും മോഡല്‍ പരീക്ഷയുടേയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ 17 ന് ആരംഭിച്ച്‌ 30 ന് പൂര്‍ത്തിയാക്കും. മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ ഒന്നിന് ആരംഭിച്ച്‌ അഞ്ചിന് അവസാനിക്കും. 22 മുതലുള്ള ദിവസങ്ങളിലെ പരീക്ഷകളിലാണു മാറ്റം. 24നു പരീക്ഷയില്ല. 26നു പരീക്ഷയുണ്ടാകും. എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കു ഫിസിക്സ്, സോഷ്യല്‍ സയന്‍സ്, ഒന്നാം ഭാഷ പാര്‍ട്ട് 2 (മലയാളം / മറ്റു ഭാഷകള്‍), ബയോളജി എന്നീ വിഷയങ്ങളുടെ തീയതിയിലാണു മാറ്റം. 22നു നടത്താനിരുന്ന ഫിസിക്സ് പരീക്ഷ 25ലേക്കു മാറ്റി. പകരം 23നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് പരീക്ഷ 22ലേക്കു മാറ്റി. 24നു നടത്താനിരുന്ന ഒന്നാം ഭാഷ പാര്‍ട്ട് 2 പരീക്ഷ (മലയാളം / മറ്റു ഭാഷകള്‍) 23ലേക്കു മാറ്റി. 25നു നടത്താനിരുന്ന ബയോളജി പരീക്ഷ 26ലേക്കു മാറ്റി.

പുതുക്കിയ ടൈംടേബിള്‍

മാര്‍ച്ച്‌ 17 1.40 – 3.30 ഒന്നാം ഭാഷ പാര്‍ട്ട് 1
ഉച്ചയ്ക്ക് (മലയാളം / മറ്റു ഭാഷകള്‍)
മാര്‍ച്ച്‌ 18 1.40 – 4.30 ഇംഗ്ലിഷ്
മാര്‍ച്ച്‌ 19 2.40 – 4.30 ഹിന്ദി/ ജനറല്‍ നോളജ്
മാര്‍ച്ച്‌ 22 1.40 – 4.30 സോഷ്യല്‍ സയന്‍സ്
മാര്‍ച്ച്‌ 23 1.40 – 3.30 ഒന്നാം ഭാഷ പാര്‍ട്ട് 2
മാര്‍ച്ച്‌ 25 1.40 – 3.30 ഫിസിക്സ്
മാര്‍ച്ച്‌ 26 2.40- 4.30 ബയോളജി
മാര്‍ച്ച്‌ 29 1.40- 4.30 മാത്‌സ്
മാര്‍ച്ച്‌ 30 1.40 – 3.30 കെമിസ്ട്രി

മോഡല്‍ ടൈംടേബിള്‍

മാര്‍ച്ച്‌ 1 9.40 – 11.30 ഒന്നാം ഭാഷ പാര്‍ട്ട് 1
(മലയാളം / മറ്റു ഭാഷകള്‍)
മാര്‍ച്ച്‌ 2 9.40 – 12.30 ഇംഗ്ലിഷ്
1.40 – 3.30 ഹിന്ദി / ജനറല്‍ നോളജ്
മാര്‍ച്ച്‌ 3 9.40 – 12.30 സോഷ്യല്‍ സയന്‍സ്
1.40 – 3.30 ഒന്നാം ഭാഷ പാര്‍ട്ട് 2
മാര്‍ച്ച്‌ 4 9.40 – 11.30 ഫിസിക്സ്
1.40 – 3.30 ബയോളജി
മാര്‍ച്ച്‌ 5 9.40 – 12.30 മാത്‌സ്
2.40- 4.30 കെമിസ്ട്രി

ജില്ലയിൽ കോ​വി​ഡ്​ പ്രോട്ടോകോൾ ലം​ഘ​ന​ത്തി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി പൊ​ലീ​സ്

keralanews police with strict action against covid protocol violation in kannur district

കണ്ണൂർ:ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രോട്ടോകോൾ ലംഘനത്തിനെതിരെ കര്‍ശന നടപടിയുമായി പൊലീസ്. വെള്ളിയാഴ്ച ജില്ലയില്‍ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന്റെ പേരില്‍ ഒരാളെയാണ് അറസ്റ്റ് ചെയ്തത്.പ്രോേട്ടാകോള്‍ പാലിക്കാത്തവരെ പിടികൂടാനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കായിരുന്നു ചുമതല. എന്നാല്‍, തെരുവോരങ്ങളിലടക്കം മിക്കയിടങ്ങളിലും ജാഗ്രത നിര്‍ദേശം പലരും പാലിക്കാത്ത സ്ഥിതി തുടർന്നതോടെയാണ് ജില്ല പോലീസിന്റെ നേതൃത്വത്തില്‍ നടപടി തുടങ്ങിയത്. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കാത്ത വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വെള്ളിയാഴ്ച പൊലീസ് പിഴ ഈടാക്കി.കൂടാതെ പൊതുജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പുമായി പൊലീസ് അനൗണ്‍സ്മെന്‍റ് ഗ്രാമ, നഗരവീഥികളില്‍ റോന്തുചുറ്റി. സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിച്ച സ്ഥലത്ത് അവരോടൊപ്പം ചേര്‍ന്നാണ് പൊലീസ് പ്രവര്‍ത്തിച്ചത്. ടൗണികളിലടക്കം ജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കാനായിരുന്നു പോലീസിന്റെ ആദ്യ ദിനത്തിലെ പ്രധാന നടപടി.കൂടാതെ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള കാര്യം പൊലീസ് നിരീക്ഷണത്തിലുണ്ട്.

ഫെബ്രുവരി ആദ്യ ആഴ്ച മുതല്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന്‍ ആരംഭിക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

FILE PHOTO: A woman holds a small bottle labeled with a "Coronavirus COVID-19 Vaccine" sticker and a medical syringe in this illustration taken, October 30, 2020. REUTERS/Dado Ruvic

ന്യൂഡല്‍ഹി: ഫെബ്രുവരി ആദ്യ ആഴ്ച മുതല്‍ കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിർദേശം.ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്സിന്‍ വിതരണവും ഇതോടൊപ്പം തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.വാക്സിന്‍ നല്‍കേണ്ട കൊവിഡ് മുന്‍നിര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. നിലവില്‍ 61 ലക്ഷം പേരുടെ വിവരങ്ങള്‍ കൊവിഡ് പോര്‍ട്ടലില്‍ സമാഹരിച്ചു കഴിഞ്ഞു. ഫെബ്രുവരി ആദ്യ വാരം മുതല്‍ മുന്നണി പ്രവര്‍ത്തകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും വാക്സിനേഷന്‍ ഒരുമിച്ച്‌ നടത്തണമെന്ന് നിര്‍ദേശിച്ചതായും മന്ത്രാലയം വ്യക്തമാക്കി.വാക്സിനേഷന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചത് ജനുവരി 16ന് ആണ്. വെള്ളിയാഴ്ച വരെ 29,28,053 പേരാണ് രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന മുന്നണി പ്രവര്‍ത്തകര്‍ക്കുമാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്.

കാർഷിക നിയമങ്ങൾക്കെതിരായുള്ള നിരാഹാര സമരത്തില്‍ നിന്നും അന്ന ഹസാരെ പിന്മാറി

keralanews anna hazare withdraws from hunger strike against agricultural laws

ന്യൂഡൽഹി:കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടത്താനിരുന്ന തന്റെ ഉപവാസം റദ്ദാക്കി മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ അന്ന ഹസാരെ. ബിജെപി മുതിര്‍ന്ന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇന്നലെ തീരുമാനം പ്രഖ്യാപിച്ചത്.’ഞാന്‍ വളരെക്കാലമായി വിവിധ വിഷയങ്ങളില്‍ സമരം ചെയ്യുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നത് കുറ്റകരമല്ല. മൂന്ന് വര്‍ഷമായി ഞാന്‍ കര്‍ഷകരുടെ പ്രശ്‌നം ഉന്നയിക്കുന്നു. വിളകള്‍ക്ക് ശരിയായ വില ലഭിക്കാത്തതിനാല്‍ അവര്‍ ആത്മഹത്യ ചെയ്യുന്നു. എം‌എസ്‌പി (മിനിമം സപ്പോര്‍ട്ട് പ്രൈസ്) 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് എനിക്ക് കത്ത് ലഭിച്ചു,’ അന്ന ഹസാരെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കര്‍ഷകര്‍ക്കായുള്ള തന്റെ 15 ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം തീരുമാനിച്ചതിനാല്‍ ഇന്ന് മുതല്‍ നടത്താനിരുന്ന നിരാഹാര സമരം റദ്ദാക്കിയാതായി അന്ന ഹസാരെ വ്യക്തമാക്കി.

ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം;രണ്ടു പേര്‍ ടാക്‌സിയില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

keralanews blast near israel embassy in delhi cctv footage of two persons recovered

ന്യൂഡൽഹി:ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ ടാക്‌സിയില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.ഇവരെ അവിടെ എത്തിച്ച ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞു. ഡ്രൈവറുടെ സഹായത്തോടെ ഇവരുടെ രേഖാചിത്രം തയാറാക്കും. സ്‌ഫോടനത്തിനു പിന്നില്‍ ഇവരാണോ എന്നു വ്യക്തതയില്ല. എന്നാല്‍ നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്.അന്വേഷണത്തില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണം ഭീകരവാദ വിരുദ്ധ യൂണിറ്റിന് ഡല്‍ഹി പോലീസ് കൈമാറിയിട്ടുണ്ട്.വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. എംബസിക്കു പുറത്തെ നടപ്പാതയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആളപായമില്ല. ഡല്‍ഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് ഇന്നും പരിശോധന നടത്തും. ഒരു കുപ്പിയിൽ വെച്ച സ്ഫോടകവസ്തുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ചത് തീവ്രത കുറഞ്ഞ ഐ.ഇ.ഡിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇസ്രയേല്‍ അംബാസഡര്‍ക്കുള്ള കത്തും പകുതി കത്തിയ പിങ്ക് സ്‌കാര്‍ഫും സ്‌ഫോടന സ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. അതീവസുരക്ഷാ മേഖലയിലേക്കു കുറഞ്ഞ അളവിലെങ്കിലും സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് ഏറെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.സ്ഫോടനം നടന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും പ്രധാന പൊതുവിടങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. അതീവ സുരക്ഷാ മേഖലയിലെ സ്‌ഫോടനം വലിയ പ്രാധാന്യത്തോടെയാണ് അധികൃതര്‍ കാണുന്നത്. ഇവിടെനിന്ന് അധികം ദൂരമില്ലാത്ത വിജയ് ചൗക്കില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉണ്ടായിരിക്കേയാണ് സമീപത്തു സ്‌ഫോടനം നടന്നതെന്നതും ശ്രദ്ധേയമാണ്.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരുവർഷം;ആദ്യ കൊവിഡ് രോഗി കേരളത്തിൽ

keralanews it has been one year covid confirmed in the country first patient in kerala

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരുവർഷം.2020 ജനുവരി 30 നു കേരളത്തിലെ തൃശൂര്‍ ജില്ലയിലാണ് ആദ്യരോഗബാധ സ്ഥിരീകരിച്ചത്.കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍നിന്നു തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു ആദ്യ രോഗി. തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ ചികിത്സയ്ക്കായി പ്രത്യേക സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയത്. കോവിഡ് ലക്ഷണങ്ങളായ തൊണ്ടവേദനയും ചുമയും മാത്രമായിരുന്നു പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ ചെെനയില്‍ നിന്നെത്തിയ ഈ വിദ്യാര്‍ഥിനി ഉടന്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടു. വിദ്യാര്‍ഥിനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണ് കോവിഡ് ബാധിതയായ പെണ്‍കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ജനറല്‍ ആശുപത്രി പരിസരത്തുപോലും ജനം വരാത്ത സാഹചര്യമുണ്ടായി. വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ആശങ്കയ്ക്കു വിരാമമുണ്ടായിരുന്നില്ല.ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.ആദ്യ കോവിഡ് കേസിനു ശേഷം ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. ഇപ്പോഴും കോവിഡ് പ്രതിസന്ധിക്ക് അയവായിട്ടില്ല.സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം ഇതിനോടകം 9,11,362 ആയി. 72,392 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 8,35,046 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3,682 ആണ്. മരണനിരക്ക് കുറയ്‌ക്കാന്‍ സാധിച്ചതാണ് കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ഏറ്റവും വലിയ മികവായി എടുത്തുപറയുന്നത്. മരണസംഖ്യ കുറയ്‌ക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പറഞ്ഞിരുന്നു.