പണമടച്ച് ബുക്ക് ചെയ്ത ഗ്യാസ് സിലിണ്ടർ വീട്ടിലെത്തിക്കാതിരുന്ന ഗ്യാസ് ഏജൻസിക്ക് പിഴ


കൽപ്പറ്റ:പണമടച്ച് ബുക്ക് ചെയ്ത ഗ്യാസ് സിലിണ്ടർ വീട്ടിലെത്തിക്കാതിരുന്ന ഗ്യാസ് ഏജൻസിക്ക് പിഴ ചുമത്തി.വയനാട് കല്പറ്റയിലാണ് സംഭവം.പരാതിക്കാരനായ മുതിർന്ന പൗരൻ പാചകവാതകം ബുക്ക് ചെയ്തു കഴിഞ്ഞാൽ ഗ്യാസ് ഏജൻസി ഒരിക്കലും ഇദ്ദേഹത്തിന്റെ വീട്ടിൽ സിലിണ്ടർ എത്തിക്കാറില്ല.പകരം റോഡിനടുത്തുള്ള അയൽവാസിയുടെ വീട്ടിൽ എത്തിച്ചു കൊടുക്കും.ഇതിനെതിരെ നിരവധി തവണ പരാതി നൽകിയെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല. തുടർന്നാണ് പരാതിയുമായി കക്ഷി വയനാട് ഉപഭോക്ത കമ്മീഷനെ സമീപിച്ചത്.പരാതി പരിഗണിച്ച കമ്മീഷൻ സേവനത്തിൽ വന്ന അപര്യാപ്തയ്ക്ക് നഷ്ട്ടപരിഹാരമായി 8000 രൂപയും കോടതി ചെലവിനായി 5000 രൂപയും ഗ്യാസ് ഏജൻസി എതിർകക്ഷിക്ക് നല്കണമെന്ന് ഉത്തരവിട്ടു. LPG(Regulation of Supply And Distribution)order,2000,Section 9 പ്രകാരം ഗ്യാസ് സിലിണ്ടർ വീടുകളിൽ എത്തിക്കുന്നതിന് ഡിസ്ട്രിബ്യുട്ടർമാർ കമ്പനി നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ പാടുള്ളതല്ല.മെയിൻ റോഡിൽ നിന്നും ദൂരക്കൂടുതലാണെന്ന കാരണത്താൽ വീടുകളിൽ സിലിണ്ടറുകൾ എത്തിച്ചു നല്കാതിരിക്കുന്നതും തെറ്റാണ്.ഗ്യാസ് ഏജൻസി ഏത് മേൽവിലാസത്തിലാണോ ഉപഭോക്താവുമായി കരാർ ഏർപ്പെട്ടിട്ടുള്ളത് അതെ സ്ഥലത്തു തന്നെ സിലിണ്ടർ എത്തിച്ചു നൽകേണ്ടതാണ്(Section 9).

കണ്ണൂർ തോട്ടടയിൽ കല്ലട ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം;ഒരു മരണം; 25 പേർക്ക് പരിക്കേറ്റു

കണ്ണൂർ: തോട്ടടയിൽ കല്ലട ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം.മംഗാലപുരത്ത് നിന്ന് പത്തനംതിട്ടയിലേയ്‌ക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിലെ 24 യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.ബസ് ഗുഡ്‌സ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു . അർധരാത്രിയോടെ ആയിരുന്നു സംഭവം. ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് മൂന്ന് പ്രാവശ്യം മലക്കം മറിഞ്ഞെന്ന് ദൃക്സാക്ഷികൾ പറയുന്നു.സംഭവ സമയത്ത് മഴ പെയ്തിരുന്നുവെന്നാണ് വിവരം. ബസിന്റെ പിൻഭാഗത്താണ് ലോറി ഇടിച്ചത്. ശേഷം ലോറി സമീപത്തെ കടയിലേയ്‌ക്ക് ഇടിച്ച് കയറുകയും ചെയ്തു. വിശദമായ പരിശോധനയിൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. മരിച്ച ആളുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

രക്ഷാപ്രവർത്തനം വിഫലം; വിഴിഞ്ഞത്ത് കിണറ്റിൽ കുടുങ്ങിയ മഹാരാജിനെ രക്ഷിക്കാനായില്ല; മൃതദേഹം പുറത്തെടുത്തു

വിഴിഞ്ഞം: ഉറയിറക്കുന്ന ജോലികൾ ചെയ്യുന്നതനിടെ കിണറ്റിലെ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളി മരിച്ചു.തമിഴ്നാട് പാർവ്വതിപുരം സ്വദേശി മഹാരാജ് (50) ആണ് മരിച്ചത്.ശനിയാഴ്ച്ച രാവിലെ 9.30 ഓടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളിൽ അകപ്പെട്ട മഹാരാജിനെ (55)പുറത്തെടുക്കുന്നത് മൂന്നാം ദിവസമാണ്. എൻ.ഡി.ആർ.എഫ് അടക്കം രക്ഷാപ്രവർത്തനത്തിനെത്തിയിട്ടും തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല. മെഷീനുകൾ ഇറക്കിയുള്ള രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്ന സാഹചര്യത്തിൽ ഫയർഫോഴ്‌സും മറ്റ് തൊഴിലാളികളും എൻ.ഡി.ആർ.എഫ്, പോലീസ് സംഘങ്ങൾ മഹരാജനെ രക്ഷിക്കാൻ രാപ്പകലില്ലാതെ പരിശ്രമിച്ചിരുന്നു.90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 അടിയിലേറെ മണ്ണ് നിറഞ്ഞ സ്ഥിതിയിലായിരുന്നു.ഇന്ന് രാവിലെയോടെയാണ് തടസ്സമായി നിന്ന മണ്ണ് നീക്കം ചെയ്ത് മഹാരാജിന്റെ ശരീരഭാഗങ്ങൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന് അടുത്തെത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞത്. വിഴിഞ്ഞം മുക്കോല ശക്തിപുരം റോഡിൽ അശ്വതിയിൽ സുകുമാരന്റെ വീട്ടുവളപ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. 90 അടിയോളം താഴ്ചയുള്ള കിണറിൽ നാലു ദിവസം കൊണ്ട് കോൺക്രീറ്റ് ഉറ സ്ഥാപിക്കുന്ന ജോലികൾ നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയ്‌ക്കു ശേഷം ഇന്നലെ പണി പുനരാരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ് കിണറ്റിലേക്ക് 20 അടിയോളം മണ്ണിടിഞ്ഞ് വീണത്.മഹാരാജ് ഉൾപ്പെടെ അഞ്ച് പേരാണ് ജോലിക്കുണ്ടായിരുന്നത്. മഹാരാജനൊപ്പം മണികണ്ഠൻ എന്നയാളും കിണറ്റിലുണ്ടായിരുന്നു. വിജയൻ, ശേഖരൻ, കണ്ണൻ എന്നിവർ കരയിലുമായിരുന്നു. ഏറ്റവും അടിയിലായിരുന്നു മഹാരാജ് ഉണ്ടായിരുന്നത്. കിണറ്റില്‍ റിങ് സ്ഥാപിക്കുന്നതിനിടിയിൽ മഹാരാജിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.ജോലി പുരോഗമിക്കുന്നതിനിടയിൽ ചെറിയ തോതിൽ മണ്ണിടിച്ചിലും വെള്ളമിറങ്ങുകയും ചെയ്തതോടെ മഹാരാജനോടും മണികണ്ഠനോടും കരയിലേക്ക് കയറാൻ വിളിച്ചുപറഞ്ഞിരുന്നു. ഇവർ കയറുന്നതിന് മുമ്പേ മണ്ണിടിയുകയായിരുന്നു. മണികണ്ഠൻ കയറിൽ പിടിച്ച് കയറി. മഹാരാജന്റെ മുകളിലേക്ക് കിണറിന്റെ മധ്യഭാഗത്തു നിന്ന് പഴയ കോൺക്രീറ്റ് ഉറ തകർന്ന് വീഴുകയായിരുന്നു. രക്ഷിക്കുന്നതിന് മുമ്പ് ഇയാൾ പൂർണമായും മണ്ണിനിടിയിലായി.മഹാരാജനെ പുറത്തെടുത്തെങ്കിലും ശരീരഭാഗങ്ങൾ വേർപെട്ട നിലയിൽ ആയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബ ബാധിച്ച് ആലപ്പുഴയിൽ 10-ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ: തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബ (‘പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്)ബാധിച്ച് ആലപ്പുഴയിൽ 10-ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.ആലപ്പുഴ ജില്ലയിലെ ചേർത്തല പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. തോട്ടിൽ കുളിച്ച ശേഷമായിരുന്നു വിദ്യാർത്ഥിക്ക് രോഗം പിടിപ്പെട്ടത്.കുട്ടിക്ക് കഴിഞ്ഞ മാസം 29 -നാണ് പനി പിടിച്ചത്. ഇതിനെ തുടർന്ന് പ്രൈവറ്റ് ആശുപതിയിൽ നിന്ന് ചികിത്സ തേടിയിരുന്നു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച തലവേദന ഛർദി, കാഴ്ചമങ്ങൽ തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്ഗ്ലെറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസ്സിൽ എത്തി തലച്ചോറിൽ അണുബാധയുണ്ടാക്കുന്നതാണ് മാരകമാകുന്നതെന്നു ഡോക്ടർമാർ പറഞ്ഞു.പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.ഗുരുദത്തിന്റെ സംസ്കാരം ഇന്നു 12ന് നടന്നു. സഹോദരി: കാർത്തിക.

കണ്ണൂര്‍ പാനൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂര്‍; പാനൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ഥി സിനാന്റെ മൃതദേഹമാണ് ചെറുപ്പറമ്പ് പുഴയില്‍ നിന്ന് കണ്ടെത്തിയത്. ചെറുപ്പറമ്പ് ചേലക്കാട്ട് പുഴയുടെ ഭാഗമായ കുപ്യാട് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചെറുപറമ്പ് ഫീനിക്‌സ് ലൈബ്രറിക്കടുത്ത് താഴോട്ടും താഴെ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്നലെയാണ് ഒഴുക്കില്‍പ്പെട്ടത്.കല്ലിക്കണ്ടി എന്‍എഎം കോളജ് കംപ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് ഷഫാദാസിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ജാതിക്കൂട്ടത്തെ തട്ടാന്റവിട മൂസ – സമീറ ദമ്പതികളുടെ മകനാണ്.വ്യാഴാഴ്ച വൈകുന്നേരം അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ടു പേർ ഒഴുക്കിൽപെടുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. പിന്നാലെ കൊളവല്ലൂർ പൊലീസും പാനൂർ ഫയർ യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഷഫാദിനെ കണ്ടെത്തിയത്. ഉടൻ പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ‌ സിനാനിനെ കണ്ടെത്തനായില്ല. രാത്രി 11 മണിയോടെ തിരച്ചിൽ നിർത്തിവച്ചു. മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.

കനത്ത മഴയിൽ വ്യാപക നാശനഷ്ടം; കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ ഇടിഞ്ഞു;വടകരയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണു

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം.മഴയും മഴക്കെടുതിയും തുടരുകയാണ്.മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി. മലപ്പുറം മഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിനു മുകളിലേക്ക് മരം വീണു. വൈകിട്ട് 3.30 ഓടെ മഞ്ചേരി കാരക്കുന്നിലാണ് അപകടമുണ്ടായത്.യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് വടകര മണിയൂർ കുറുന്തോടിയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയ്ക്ക് മുകളിൽ തേക്ക് മരം വീണു. ഇലക്ട്രിക് പോസ്റ്റിൽ തട്ടിയതിനാൽ മരം മുഴുവനായും നിലം പതിക്കാത്തത് വലിയ അപകടം ഒഴിവാക്കി. വടകരയിലെ ജില്ലാ ആശുപത്രിയുടെ മതിലും ഇടിഞ്ഞു വീണു. കനത്ത മഴയിലാണ് രോഗികളും മറ്റു വാഹനങ്ങളും പോകുന്ന ഭാഗത്തെ കൂറ്റൻ മതിലിടിഞ്ഞത്. ആർക്കും പരിക്കേറ്റിട്ടില്ല.കനത്ത മഴയിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ജയിലിന്റെ പുറകുവശത്തെ മതിലാണ് വീണത്. ജയിലിലെ കോഴിഫാമിനോട് ചേർന്നുള്ള ഒമ്പതാം ബ്ലോക്കിന് സമീപം 25 മീറ്ററോളം ദൂരത്തിൽ മതിൽ ഇടിഞ്ഞു. തൽകാലികമായി ഷീറ്റ് വച്ച് ഇവിടം മറയ്ക്കുമെന്നും അവധിയിൽ പോയ ഉദ്യോഗസ്ഥരോട് തിരികെ വരാൻ പറഞ്ഞിട്ടുണ്ടെന്നും ജയിലിൽ സുരക്ഷ ശക്തമാക്കുമെന്നും സൂപ്രണ്ട് ഡോ. പി വിജയൻ അറിയിച്ചു.കാസർഗോഡ് നീലേശ്വരം വില്ലേജ് ഓഫീസ് ഭാഗികമായി തകർന്നു. ആർക്കും അപകടമില്ല. ഓഫീസിൽ നിന്ന് ഫയലുകൾ മാറ്റി. കാസർഗോഡ് തീരപ്രദേശങ്ങളിൽ കാലാക്രമണം രൂക്ഷമാണ്. തൃക്കണ്ണാടിൽ രണ്ട് വീടുകൾ പൂർണമായും കടലെടുത്തു.