സംസ്ഥാനത്ത് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു;ഫെബ്രുവരി 16 മുതല്‍ നടപടിയെന്ന് ആരോഗ്യമന്ത്രി

അരവണയിലെ ഏലയ്‌ക്കയിൽ കീടനാശിനി സാന്നിധ്യം;ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു

keralanews pesticide presence in cardamon in aravana aravana distribution stopped in sabarimala

കൊച്ചി: ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു. അരവണയിൽ ഉപയോഗിക്കുന്ന ഏലയ്‌ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രസാദ വിതരണം നിർത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.പുതിയ അരവണ ഉണ്ടാക്കുമ്പോൾ കീടനാശിനി ഇല്ലാത്ത ഏലക്കയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഭക്തരുടെ താല്പര്യം സംരക്ഷിക്കാൻ ഉത്തരവാദിത്വം ഉണ്ടെന്നും കോടതി പറഞ്ഞു. നാളെ മുതൽ ഏലയ്‌ക്ക ഉപയോഗിക്കാത്ത അരവണയാകും ഭക്തർക്ക് വിതരണം ചെയ്യുകയെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.അരവണയിൽ ഉപയോഗിക്കുന്ന ഏലയ്‌ക്കയിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന 14 തരം കീടനാശിനികളുടെ അംശം കണ്ടെത്തിയിരുന്നു. അനുവദനീയമായ അളവിൽ കൂടുതൽ കീടനാശിനി കണ്ടെത്തിയ സാഹചര്യത്തിൽ അരവണ വിതരണം നിർത്താൻ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഭക്ഷ്യസുരക്ഷാ അതോറിറ്റി നടത്തിയ പരിശോധനയിലാണ് നിർണായകമായ കണ്ടെത്തലുണ്ടായത്.ഗുണമേന്മ ഉള്ള ഏലയ്ക്ക ഉപയോഗിച്ച് വേറെ അരവണ തയ്യാറാക്കി തിരുവിതാംകൂർ ദേവസ്വത്തിന് ഭക്തർക്ക് വിൽക്കാൻ ഈ ഉത്തരവ് തടസ്സമില്ല. ശബരിമലയിലെ ഫുഡ് സേഫ്റ്റി ഓഫീസർ വീണ്ടും അരവണ സാമ്പിൾ തിരുവനന്തപുരത്തെ അനലിറ്റിക്കൽ ലാബിലേക്ക് അയക്കണം. ഇതിന്റെ റിപ്പോർട്ട് കോടതി മുൻപാകെ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

keralanews widespread inspection of hotels in kannur city caught stale food

കണ്ണൂർ:കോർപറേഷൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ വ്യാപക പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.58 ഹോട്ടലുകളിൽ നിന്നാണ് വൻതോതിൽ പഴകിയ ഭക്ഷണം പിടികൂടിയത്. ചിക്കൻ വിഭവങ്ങളായ അൽഫാം, തന്തൂരി എന്നിവയാണ് പിടിച്ചെടുത്തവയിൽ കൂടുതലും.ഇന്ന് പുലർച്ചെ മുതൽ ഏഴു സ്ക്വാഡുകളായി തിരിഞ്ഞാണ് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന ആരംഭിച്ചത്.പൂപ്പൽ പിടിച്ചതും പുഴുവരിക്കുന്ന രീതിയിലുള്ളതുമായ ഭക്ഷണ പദാർഥങ്ങളാണ് പലയിടങ്ങളിൽ നിന്നും പിടികൂടിയിരിക്കുന്നത്.പഴയ മുൻസിപാലിറ്റി പരിധിയിലും പുഴാതി, പള്ളിക്കുന്ന് സോണലുകളിലുമാണ് പരിശോധന നടന്നത്.കൽപക റെസിഡൻസി,എംആർഎ ബേക്കറി, സീതാപാനി, ബിംബിംഗ് വോക്ക്, പ്രേമ കഫേ, എംവികെ, ഹോട്ടൽ ബർക്ക, തലശേരി റെസ്റ്റോറന്‍റ്, മാറാബി,ഗ്രീഷ്മ, ഹോട്ടൽ ബേഫേർ, ഹംസ ടീ ഷോപ്പ്, ബോക്സേ, ഹോട്ടൽ ബേ ഫോർ തുടങ്ങിയ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

ഡിസംബർ ഒന്നു മുതൽ മിൽമ പാൽ വില ലിറ്ററിന് 6 രൂപ കൂടും;തൈരിനും വില ഉയരും

keralanews from december price of milma milk will increase by rs 6 per litre price of curd also increase

തിരുവനന്തപുരം: ഡിസംബർ ഒന്ന് മുതൽ മിൽമ പാൽ ലിറ്ററിന് ആറ് രൂപ കൂടും. മന്ത്രി ചിഞ്ചുറാണിയും മിൽമ ചെയർമാൻ കെ എസ് മണിയും മുഖ്യമന്ത്രി പിണറായി വിജയുമായി നടത്തിയ ചർച്ചയിലാണ് വില വർദ്ധന സംബന്ധിച്ച് തീരുമാനമായത്. വില വർദ്ധന ഉടനടി നടപ്പാക്കാനാണ് മിൽമ ആലോചിച്ചത്. എന്നാൽ വിലവർദ്ധന സംബന്ധിച്ച സർക്കാരിന്‍റെ അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച ഭരണസമിതി യോഗം ചേർന്ന് ഡിസംബർ ഒന്ന് മുതൽ വില വർദ്ധന നടപ്പാക്കുമെന്നാണ് സൂചന.വില വർധനയുടെ 83.75 ശതമാനമാകും കർഷകന് ലഭിക്കുക. ഒപ്പം ക്ഷേമനിധിയിലേക്ക് 0.75 ശതമാനവും നൽകും. ബാക്കി വരുന്ന 5. 75 ശതമാനം ഡീലർമാർക്കും 5. 75 ശതമാനം സംഘത്തിനും മൂന്നര ശതമാനം യൂണിയനുകൾക്കും അതിന്റെ 0.5 ശതമാനം പ്ലാസ്റ്റിക് നിർമ്മാർജ്ജനം ചെയ്യുന്നതിനും മാറ്റിവയ്‌ക്കും.നേരത്തെ പാൽ വില ആറ് മുതൽ പത്ത് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ നഷ്ടം നികത്താന്‍ വില വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.മൂന്ന് തരത്തിലുള്ള വില വര്‍ധനയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നാല് പശുക്കളില്‍ കുറവുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.05 രൂപയും 4-10 പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.33 രൂപയും പത്തിലധികം പശുക്കളുള്ള കര്‍ഷകര്‍ക്ക് 46.68 രൂപയുമാണ് നിലവില്‍ ചെലവാകുന്നതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.പാൽ വിലയിൽ അഞ്ചു രൂപയുടെയെങ്കിലും വർദ്ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി മുൻപ് അറിയിച്ചിരുന്നു. വില വർദ്ധനയുടെ ഗുണം ക്ഷീരകർഷകർക്ക് ലഭിക്കുമെന്നും രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വില വർദ്ധനവിന് സർക്കാർ അനുമതി നൽകിയത്.

പാൽ വില വർധിപ്പിക്കാൻ ശുപാർശ; ആറ് മുതൽ പത്ത് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതി;തീരുമാനം വരും ദിവസങ്ങളിലെന്ന് മന്ത്രി

keralanews recommendation to raise milk prices increase it from six to ten rupees decision will taken in the coming days

തിരുവനന്തപുരം:സംസ്ഥാനത്ത് മിൽമ പാൽ വില ആറ് മുതൽ പത്ത് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ. കാർഷിക, വെറ്റിനറി സർവകലാശാലകളിലെ വിദഗ്ധർ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.രണ്ടംഗ സമിതിയാണ് വിഷയം പഠിച്ച് ശുപാർശ നകിയത്.ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നഷ്ടം നികത്താന്‍ വില വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ.മൂന്ന് തരത്തിലുള്ള വില വര്‍ധനയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നാല് പശുക്കളില്‍ കുറവുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.05 രൂപയും 4-10 പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.33 രൂപയും പത്തിലധികം പശുക്കളുള്ള കര്‍ഷകര്‍ക്ക് 46.68 രൂപയുമാണ് നിലവില്‍ ചെലവാകുന്നതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. സംഭരണ വില എന്നത് 37.76 രൂപ ആയതിനാല്‍ വലിയ നഷ്ടം കര്‍ഷകര്‍ നേരിടുന്നു. ഒന്‍പത് രൂപയോളം നഷ്ടം നേരിടുമെന്നതിനാല്‍ വര്‍ധന അനിവാര്യമാണെന്നാണ് ശുപാര്‍ശ. 5 രൂപയില്‍ കുറയാത്ത വര്‍ധനയുണ്ടാകുമെന്ന് മന്ത്രി ചിഞ്ചുറാണി സൂചന നേരത്തെ നല്‍കിയിരുന്നു.

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍;കിറ്റിൽ തുണി സഞ്ചി അടക്കം പതിനാല് ഇനങ്ങള്‍

keralanews onam kit distribution in the state from august 23 kit includes 14 items including cloth bag

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കുള്ള ഓണ ഭക്ഷ്യ കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും. 22 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും.ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനം അന്നേദിവസം തന്നെ ജില്ലാ കേന്ദ്രങ്ങളില്‍ വച്ച്‌ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിര്‍വഹിക്കുന്നതാണ്.തുണി സഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഓഗസ്റ്റ് 25, 26, 27 എന്നീ തീയതികളില്‍ പി.എച്ച്‌.എച്ച്‌(പിങ്ക്) കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ എന്‍.പി.എസ് (നീല) കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം നടത്തും. സെപ്റ്റംബര്‍ 4, 5, 6, 7 എന്നീ തീയതികളില്‍ നിശ്ചയിക്കപ്പെട്ട തീയതികളില്‍ വാങ്ങാന്‍ കഴിയാത്ത എല്ലാ കാര്‍ഡുടകള്‍ക്കും കിറ്റ് വാങ്ങാവുന്നതാണ്. സെപ്റ്റംബര്‍ 4 ഞായറാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കും. സെപ്റ്റംബര്‍ 7-ാം തീയതിക്കു ശേഷം സൗജന്യ ഭക്ഷിക്കിറ്റുകളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം,മില്‍മ നെയ്യ് 50 മി.ലി.,ശബരി മുളക്പൊടി 100 ഗ്രാം,ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം,ഏലയ്ക്ക 20 ഗ്രാം,ശബരി വെളിച്ചെണ്ണ 500 മി.ലി.,ശബരി തേയില 100 ഗ്രാം,ശര്‍ക്കരവരട്ടി / ചിപ്സ് 100 ഗ്രാം,ഉണക്കലരി 500 ഗ്രാം,പഞ്ചസാര 1 കി. ഗ്രാം,ചെറുപയര്‍ 500 ഗ്രാം,തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 കി. ഗ്രാം,തുണി സഞ്ചി ഒരെണ്ണം എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇനങ്ങൾ.

സംസ്ഥാനത്ത് ഓണത്തിന് 14 ഇന ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

keralanews food kits will be distributed in the state for onam says c m

തിരുവനന്തപുരം:സംസ്ഥാനത്ത് ഇക്കുറിയും ഓണത്തിന് റേഷൻ കടകൾ വഴി ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യകിറ്റ് വിതരണത്തിനായി 425 കോടിയുടെ ചിലവ് സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കൊറോണ സംസ്ഥാനത്തെ പിടിമുറുക്കിയ സമയത്താണ് സംസ്ഥാന സർക്കാർ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. ഇത് നിരവധി പേർക്ക് പ്രയോജനം ചെയ്തു. രോഗവ്യാപനം കുറഞ്ഞതോടെ കിറ്റ് വിതരണം നിർത്തി. എന്നാൽ കഴിഞ്ഞ ഓണത്തിന് കിറ്റ് നൽകിയിരുന്നു. നിലവിൽ സർക്കാർ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. എങ്കിലും വരുന്ന ഓണത്തിന് കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാസർകോഡ് ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കടയുടമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

keralanews incident of student died after eating shawarma lookout notice issued against shop owner

കാസർകോഡ്: ചെറുവത്തൂരിൽ ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ കടയുടമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാര്‍ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസില്‍ കൂള്‍ബാര്‍ മാനേജര്‍, മാനേജിങ് പാര്‍ട്ണര്‍, ഷവര്‍മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി എന്നിവര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കൂള്‍ ബാറിന്റെ ഉടമ വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ചെറുവത്തൂരില്‍നിന്നും ശേഖരിച്ച ഷവര്‍മ സാംപിളിന്റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നിരുന്നു. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയതായിരുന്നു.ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഈ സാംപിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.

ഭക്ഷ്യ വിഷബാധ; സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്;പലയിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയതായി റിപ്പോർട്ട്

keralanews food poisoning food safety department tightens inspections in state

തിരുവനന്തപുരം:സംസ്ഥാനത്ത് പലയിടത്തും ഭക്ഷ്യ വിഷബാധ റിപ്പോട്ട് ചെയ്തതിന് പിന്നാലെ പരിശോധന കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്.പലയിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയതായാണ് റിപ്പോർട്ടുകൾ.തിരുവനന്തപുരം നെടുമങ്ങാട് ബാര്‍ ഹോടെല്‍ സൂര്യ, ഇന്ദ്രപ്രസ്ഥ, സെന്‍ട്രല്‍ പ്ലാസ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകളുടെ പരിശോധന നടന്നു. വൃത്തിഹീനമായി സൂക്ഷിച്ച ചിക്കൻ, ബീഫ്, മുട്ട, പൊറോട്ട ഉള്‍പെടെയും എസ് യു ടി ആശുപത്രിയിലെ മെസില്‍ നിന്നും കാന്റീനില്‍ നിന്നുമായി പഴകിയ മീനും എണ്ണയും കണ്ടെടുത്തതായും റിപോര്‍ടുണ്ട്.കച്ചേരി ജംക്ഷനില്‍ മാര്‍ജിന്‍ ഫ്രീ ഷോപില്‍ സാധനങ്ങള്‍വച്ച മുറിയില്‍ എലിയെ പിടിക്കാന്‍ കൂടുവെച്ച നിലയിലായിരുന്നു. ഈ മാര്‍ജിന്‍ ഫ്രീ ഷോപിന് നോട്ടീസ് നല്‍കി. തിരുവനന്തപുരം നഗരത്തിലും വ്യാപക പരിശോധന നടക്കുകയാണ്. കാസര്‍കോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ പഴകിയ മീന്‍ പിടികൂടി. വില്‍പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ കാസര്‍കോട്ടെ മാര്‍കറ്റിലെത്തിച്ച 200 കിലോ പഴകിയ മീനാണ് പിടിച്ചെടുത്തത്.കൊച്ചിയിലും ഇടുക്കിയിലും ഹോട്ടലുകളിൽ പരിശോധന തുടരുകയാണ്. തൊടുപുഴയിലെ നാല് സ്ഥാപനങ്ങള്‍ അടക്കാന്‍ നിര്‍ദേശം നല്‍കി.സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയില്‍, 140 കിലോ പഴകിയ ഇറച്ചിയും മീനും ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 110 കടകളാണ് വെള്ളിയാഴ്ചവരെ പൂട്ടിച്ചത്. വെള്ളിയാഴ്ചവരെ 347 സ്ഥാപനങ്ങള്‍ക്ക് നോടീസ് നല്‍കുകയും ചെയ്തിരുന്നു.ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും മാര്‍ജിന്‍ഫ്രീ ഷോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിച്ചു. വിവിധ ജില്ലകളിലായി വഴിയോര ഭക്ഷണശാലകളിലേക്കും തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെയാണ് പരിശോധനകള്‍ കര്‍ശനമായി നടന്നു തുടങ്ങിയത്.

കാസർകോട് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു; 17 പേർ ചികിത്സ തേടി

keralanews student ate shawarma dies of food poisoning 17 people sought treatment

കാസർകോട്:ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.ചെറുവത്തൂരിലെ മട്ടലായിയിലെ നാരായണന്‍ പ്രസന്ന ദമ്പതികളുടെ മകള്‍ ദേവാനന്ദ (16) യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ 17 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ നില ഗുരുതരമാണ്.ചെറുവത്തൂരിലെ  ഐഡിയൽ കൂൾബാർ ആന്റ് ഫുഡ് പോയിന്റ് എന്ന കൂൾബാറിൽ നിന്നും ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമ്മ കഴിച്ച ശേഷം അസ്വസ്ഥതകൾ നേരിട്ട കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടി ഇവിടെ നിന്നും ഭക്ഷണം കഴിച്ചത്. കരിവള്ളൂർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ദേവനന്ദ. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഫുഡ് സേഫ്റ്റി ലെെസൻസ് ഇല്ലാതെയാണ് കൂൾബാർ പ്രവർത്തിച്ചിരുന്നത്. ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ കൂൾബാർ അടച്ചുപൂട്ടിയിട്ടിട്ടുണ്ട്.അതേസമയം സംഭവത്തില്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.