കെ-റെയിൽ കല്ലിടലിനെതിരെ കണ്ണൂർ ധർമടത്ത് പ്രതിഷേധം;സാധാരണക്കാരെ കൊന്നിട്ട് വേണോ വികസനമെന്ന് പ്രതിഷേധക്കാർ

keralanews protest against k rail stoning in kannur dharmadam

കണ്ണൂർ: കെ-റെയിലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് സംഘർഷം.കല്ലിടാൻ വേണ്ടി രാവിലെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ തന്നെ നാട്ടുകാരും വീട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകളാണ് പ്രതിഷേധ രംഗത്തുണ്ടായിരുന്നത്.ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.സാധാരണക്കാരെ കൊന്നിട്ട് വേണോ വികസനം. വീടിന്റെ പേരിൽ നിരവധി കടബാദ്ധ്യതകൾ ഉണ്ട്. ആ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നാൽ എന്ത് ചെയ്യും. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി സമാധാനം പറയേണ്ടി വരും. മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ സത്യഗ്രഹമിരിക്കും’ എന്നിങ്ങനെ വീടുകളിൽ നിന്ന് പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകൾ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ധർമ്മടം പഞ്ചായത്തിൽ കെ റയിൽ സർവേ കല്ല് സ്ഥാപിക്കാനായില്ല. സർവേ നിർത്തി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. നേരത്തെ തന്നെ വലിയ രീതിയിൽ ഇവിടെ പ്രതിഷേധം നടന്നിരുന്നു. നേരത്തെയും ഇവിടെ കല്ലിട്ടിരുന്നു. എന്നാൽ ഇത് പിഴുതെറിയുകയായിരുന്നു. ഈ സ്ഥലത്താണ് ഇപ്പോൾ വീണ്ടും കല്ലിട്ടത്. കല്ല് സ്ത്രീകൾ തന്നെ രംഗത്തെത്തി പിഴുതു മാറ്റുകയും ചെയ്തു. പോലീസുമായുണ്ടായ വാക്കേറ്റത്തിനിടെ ഒരു സ്ത്രീയ്‌ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും; ഉപയോഗം കുറയ്‌ക്കണമെന്ന് കെഎസ്‌ഇബി

keralanews state will still have power regulation today kseb wants to reduce usage

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രിക്കുമെന്ന് കെഎസ്‌ഇബി. 15 മിനിറ്റ് നേരമുള്ള വൈദ്യുതി നിയന്ത്രണം ഇന്ന് കൂടി തുടരുമെന്ന് കെഎസ്‌ഇബി ചെയര്‍മാന്‍ ബി.അശോക് അറിയിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും കുറവ് വൈദ്യുതി പ്രതിസന്ധിയുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് തിരിച്ചുവരാന്‍ പോകുന്നുവെന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.വൈദ്യുതി ഉപയോഗം പരമാവധി കുറയ്‌ക്കണം. 20 രൂപ നിരക്കില്‍ പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതോടെ 50 കോടി രൂപയുടെ വരെ കടബാദ്ധ്യതയാണ് കെഎസ്‌ഇബിയ്‌ക്കുണ്ടാവുക. ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് ഈ ബാദ്ധ്യത ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് മെയ് 31 വരെ തുടരുമെന്നും അശോക് അറിയിച്ചു. രാത്രി ആറരയ്‌ക്കും 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. കഴിഞ്ഞ വര്‍ഷത്തെ പോലെ ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നതെന്നും അശോക് വ്യക്തമാക്കി.

ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐ എന്‍ എസ് കാബ്ര കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തെത്തി

keralanews indian navy ship ins kabra arrives at kannur azheekal port

കണ്ണൂർ: ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐ എന്‍ എസ് കാബ്ര കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തെത്തി.ഇതാദ്യമായാണ് ഒരു പടക്കപ്പല്‍ അഴീക്കലില്‍ എത്തുന്നത്.പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കപ്പലിന് വളരെ വേഗത്തില്‍ സഞ്ചരിക്കാനും ആഴം കുറഞ്ഞ പ്രദേശത്ത് എത്തിച്ചേരാനും കഴിയും. പൊതുജനങ്ങള്‍ക്ക്കപ്പല്‍ കാണാനും അറിയാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11 മണി വരെ കപ്പല്‍ അഴീക്കല്‍ തുറമുഖത്ത് ഉണ്ടാവും.

തഞ്ചാവൂരിൽ രഥോത്സവത്തിനിടെ ഷോക്കേറ്റ് ഉണ്ടായ അപകടത്തിൽ 11 പേർ മരിച്ചു

keralanews eleven killed in electocution during temple chariot procession in thanjavoor

ചെന്നൈ:തഞ്ചാവൂരിൽ ക്ഷേത്രത്തിലെ രഥഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു.മൂന്ന് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. കാളിമേടിന് സമീപമുളള ക്ഷേത്രത്തിലായിരുന്നു അപകടം ഉണ്ടായത്.ഇന്ന് പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം. രഥം വളവിൽ തിരിക്കുന്നതിനിടെ പിന്നോട്ട് എടുത്തപ്പോഴാണ് അപകടം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. ഹൈടെൻഷൻ വൈദ്യുത കമ്പിയിൽ രഥത്തിന്റെ മുകൾഭാഗം തട്ടുകയായിരുന്നു. രഥത്തിൽ 30 അടിയോളം ഉയരത്തിൽ വൈദ്യുത ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു. വൈദ്യുത പ്രവാഹത്തിൽ രഥത്തിലുണ്ടായിരുന്നവർ ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു.10 പേർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ 13 പേരെ തഞ്ചാവൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴ് മണിയോടെ പരിക്കേറ്റവർക്ക് ഒപ്പം ഉണ്ടായിരുന്ന 13 കാരനും മരിക്കുകയായിരുന്നു.രഥം ഏറെക്കുറെ പൂർണമായി കത്തിയ നിലയിലാണ്. ജില്ലാ അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊറോണ നിയന്ത്രണങ്ങൾ നീങ്ങിയതിനാൽ വലിയ തിരക്കായിരുന്നു ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. അതേസമയം മരണമടഞ്ഞവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഓഫീസ് അറിയിച്ചു.

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു

keralanews vehicles registered in the name of the mentally challenged will be exempted from tax says transport minister antony raju

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു.ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവയുള്ളവര്‍ക്കാണ് ഇളവ് അനുവദിക്കപ്പെടുക.സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ ബോര്‍ഡ് 40% ഭിന്നശേഷി ശുപാര്‍ശ ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഭിന്നശേഷിക്കാരുടെ ഏഴ് ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്കാണ് നികുതി ഒഴിവാക്കിയിരിക്കുന്നത്.ഇതോടെ ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യമാണ് മാനസികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൂടി ലഭ്യമാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് മാസ്‌ക് ഉപയോഗം വീണ്ടും കർശനമാക്കി;മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി പിഴ

keralanews use of masks tightened again in the state fine levied for not wearing mask

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് ഉപയോഗം വീണ്ടും കർശനമാക്കി.മാസ്‌ക് ഉപയോഗം നിർബന്ധമാക്കി  സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മാസ്‌ക് നിർബന്ധമാക്കാനുള്ള തീരുമാനം. സംസ്ഥാനത്തെയും, രാജ്യത്തെയും, കൊറോണ സാഹചര്യങ്ങൾ സംസ്ഥാന ദുരന്തനിവാരണ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാസ്‌ക് ഉപയോഗം കർശനമാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു സ്ഥലങ്ങൾ, കൂടിച്ചേരലുകൾ, തൊഴിലിടങ്ങൾ, യാത്രാ വേളകളിൽ എല്ലാം നിർബന്ധമായും മാസ്‌ക് ധരിക്കണം. ഇത് ലംഘിച്ചാൽ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്തിയ ശേഷം മാസ്‌ക് ഉപയോഗം തുടരാൻ ആരോഗ്യമന്ത്രി വീണാ ജോർജും നിർദ്ദേശിച്ചിരുന്നു.കൊറോണ കേസുകൾ കുറയാൻ ആരംഭിച്ചതോടെ സംസ്ഥാനം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ഇതേ തുടർന്ന് മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കേണ്ടെന്നും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ രാജ്യത്ത് വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കാൻ ആരംഭിച്ചതോടെ കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കുകയായിരുന്നു.

പെട്രോൾ പമ്പുകൾക്കെതിരെ നിർബ്ബന്ധിത നടപടി സ്വീകരിക്കരുത്

keralanews appeal against the appointment of kannur university vice chancellor will be considered by the high court today

കൊച്ചി: പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ലൈസൻസ് എടുക്കാത്ത പെട്രോൾ പമ്പുകൾക്കെതിരെ പെറ്റീഷൻ തീർപ്പാക്കുന്നത് വരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ബഹു.ഹൈക്കോടതി ഉത്തരവിട്ടു.

തങ്ങളുടെ അംഗങ്ങളായ കാസർക്കോട്,ഇടുക്കി ജില്ലയിലെ ഡീലർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നീക്കത്തിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും, പരാതിക്കാരായ ഡീലർമാരും ചേർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ബഹു. ജസ്റ്റിസ്. ടി.ആർ.രവിയുടെ ഉത്തരവുണ്ടായത്..

ഹർജിക്കാർക്ക് വേണ്ടി അഡ്വ. നന്ദഗോപാൽ.എസ്.കുറുപ്പ്, അഡ്വ.അതുൽ ടോം എന്നിവർ ഹാജരായി.

സംസ്ഥാനത്ത് ഇനിയും കൊറോണ തരംഗങ്ങൾ ഉണ്ടായേക്കാം; നിർബന്ധമായും മാസ്‌ക് ധരിക്കണം;ആരോഗ്യമന്ത്രി വീണ ജോർജ്

keralanews there may still be corona waves in the state must wear mask health minister veena george

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊറോണ തരംഗങ്ങൾ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ജനങ്ങൾ കർശനമായി തുടരണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥനത്തെ കൊറോണ സാഹചര്യം വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.പ്രായമായവർ, ജീവിത ശൈലി രോഗമുള്ളവർ, വാക്‌സിൻ എടുക്കാത്തവർ എന്നിവർക്കിടയിലാണ് കൊറോണ മരണങ്ങൾ കൂടുതലായിട്ടുള്ളത്. അതിനാൽ വാക്‌സിൻ സംബന്ധിച്ച് സംസ്ഥാന/ജില്ലാ തലങ്ങളിൽ ശക്തമായ ബോധവത്കരണം നടത്താൻ നിർദ്ദേശം നൽകി. കുട്ടികൾക്കുള്ള വാക്‌സിനേഷൻ വേളയിൽ സംസ്ഥാനത്ത് പരീക്ഷാ കാലമായിരുന്നു. അതുകൊണ്ട് വാക്‌സിനേഷൻ യജ്ഞം ആയി നടത്തിയില്ല. സ്‌കൂൾ തുറന്നാൽ വിദ്യാഭ്യസ വകുപ്പിന്റെ സഹകരണത്തോടെ വാക്‌സിൻ യജ്ഞവും ബോധവത്കരണവും നടത്തുമെന്നും വീണാ ജോർജ് വ്യക്തമാക്കി.ജനങ്ങൾ നിർബന്ധമായും മാസ്‌ക് ധരിക്കണം. പൊതുയിടങ്ങളിൽ മാസ്‌ക് മാറ്റാം എന്ന ധാരണ ശരിയില്ല. മാസ്‌ക് ധരിക്കുന്നതിനോടൊപ്പം തന്നെ സാമൂഹ്യ അകലം പാലിക്കുകയും, സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുന്നത് തുടരണം. കൊറോണയെ പ്രതിരോധിക്കാൻ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും, വാക്‌സിൻ സ്വീകരിക്കുകയുമാണ് പ്രതിവിധിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രതിദിന കേസുകളിൽ കാര്യമായ വർദ്ധനവില്ല. എങ്കിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ കൊറോണ ക്ലസ്റ്റർ ഇല്ല. അടുത്ത ദിവസം രണ്ടാഴ്ചത്തെ കണക്കുകൾ പ്രസിദ്ധീകരിക്കും. ക്ലസ്റ്റർ ഉണ്ടായാൽ ജനിതക പരിശോധനയുൾപ്പെടെ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് കേസുകളിൽ വർദ്ധനവ്;നിയന്ത്രണം കടുപ്പിച്ച്‌ കര്‍ണാടക;വിമാനത്താവളങ്ങളില്‍ ജാഗ്രത; അതിര്‍ത്തികളില്‍ പരിശോധന കർശനമാക്കി

keralanews increase in covid cases tightening of control in karnataka vigilance at airports checks at borders

ബെംഗളൂരു:പ്രതിദിന കൊവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധന കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ.തിരvക്കേറിയ സ്ഥലങ്ങളിലും മറ്റ് ഇന്‍ഡോര്‍ പരിപാടികളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. കൊവിഡ് പ്രതിരോധത്തിനായി നേരത്തേ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോട്ടോക്കോളുകള്‍ എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഇതിന് പുറമേ സാമൂഹിക അകലം പാലിക്കലും സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.രാജ്യത്ത് കൊവിഡ് നാലാം തരംഗത്തിന്റെ വ്യാപനഭീതി കണക്കിലെടുത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊവിഡ് നാലാം തരംഗത്തിന്റെ ഭീതി കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ബൊമ്മൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. കെ.സുധാകര്‍ പറഞ്ഞു.കൊവിഡിനെതിരെ പ്രതിരോധശേഷി നേടുന്നതിന് മുന്‍കരുതല്‍ അല്ലെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാനും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഡോ. കെ. സുധാകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. നിലവില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കില്ലെങ്കിലും, ജനങ്ങളോട് ജാഗ്രത പാലിക്കാനും സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി മുന്‍കരുതല്‍ എടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. റവന്യൂ മന്ത്രി ആര്‍. അശോക്, കോവിഡ് സാങ്കേതിക ഉപദേശക സമിതി അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഓപ്പറേഷന്‍ മത്സ്യ;സംസ്ഥാനത്ത് 1707 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു

keralanews operation malsya 1707 kg of damaged fish caught in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള ‘ഓപ്പറേഷന്‍ മത്സ്യ’ വഴി 1706.88 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പ്രധാന ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1070 പരിശോധനകളാണ് നടത്തിയത്.ഈ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച 809 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച്‌ പരിശോധന നടത്തിയ 579 പരിശോധനയില്‍ ആലുവ, തൊടുപുഴ, നെടുംങ്കണ്ടം, മലപ്പുറം എന്നിവിടങ്ങളിലെ 9 സാമ്പിളുകളിൽ രാസ വസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മത്സ്യം നശിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു.ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ചെക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരടങ്ങുന്ന സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച്‌ രാത്രിയും പകലുമായി പരിശോധനകള്‍ തുടരുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മത്സ്യം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമാണോ എന്ന് പരിശോധിക്കുന്നതിന് എല്ലാ ചെക് പോസ്റ്റുകളിലും സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ മാര്‍ക്കറ്റുകളിലും വിറ്റഴിക്കപ്പെടുന്ന മത്സ്യങ്ങളും പൊതുജനാരോഗ്യ പ്രശ്നങ്ങളില്ലാത്ത സുരക്ഷിതമായ മത്സ്യമാണെന്ന് ഉറപ്പാക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ മത്സ്യലേല കേന്ദ്രങ്ങള്‍, ഹാര്‍ബറുകള്‍, മൊത്തവിതരണ കേന്ദ്രങ്ങള്‍, ചില്ലറ വില്‍പ്പനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടത്തി വരുന്നത്.നിരന്തര പരിശോധന നടത്തി മീനില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അതിനായി കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെകനോളജി വികസിപ്പിച്ചെടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചാണ് അമോണിയയുടെയും ഫോര്‍മാലിന്റെയും സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നത്. അതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലാബുകളിലും പരിശോധന നടത്തുന്നുണ്ട്.മത്സ്യത്തില്‍ രാസവസ്തു കലര്‍ത്തി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.