India, News

ഗഗൻയാൻ ദൗത്യത്തിലെ അംഗങ്ങളുടെ പേരുകൾ പരസ്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി;നാലം​ഗ സംഘത്തിൽ മലയാളിയും

തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിലെ അംഗങ്ങളുടെ പേരുകൾ പരസ്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, വിം​ഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. നാല് പേർക്കും ആസ്ട്രോണൻ്റ് ബാഡ്ജ് പ്രധാനമന്ത്രി സമ്മാനിച്ചു.വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് സംഘത്തെ നയിക്കുക.പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. തിരഞ്ഞെടുക്കപ്പെട്ട നാല് പേരും വ്യോമസേന പൈലറ്റുമാരാണ്. കേന്ദ്രമന്ത്രി വി. മുരളീധരൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഇസ്രോ മേധാവി എസ്. സോമനാഥ്, മറ്റ് ശാസ്ത്രജ്ഞർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.കഴിഞ്ഞ 39 ആഴ്ചകളായി കഠിനമായ പരിശീലനത്തിലാണ് നാലം​ഗ സംഘം. 2019 അവസാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായത്. ആദ്യം 25 പേരെ തിര‍ഞ്ഞെടുത്തു. പിന്നീട് 12 ആയി പട്ടിക ചുരുങ്ങുകയും ഏറ്റവുമൊടുവിലായി പട്ടിക നാല് പേരിലേക്ക് ചുരുങ്ങുകയായിരുന്നു. ഇവർ നാല് പേരെയും റഷ്യയിൽ അയച്ചാണ് പരിശീലനം നൽകിയത്. തിരിച്ച് വന്നതിന് ശേഷം അഡ്വാൻസ്ഡ് പരിശീലനം ഇന്ത്യയിൽ പുരോ​ഗമിക്കുകയാണ്. ഇതിനിടെയാണ് ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി പുറത്തുവിട്ടത്.നാഷണൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണ് മലയാളി പ്രാശാന്ത് സേനയുടെ ഭാഗമായത്. സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റാണ് അദ്ദേഹം.2025-ന്റെ രണ്ടാം പകുതിയിലാകും ​ഗ​ഗൻയാൻ ദൗത്യമെന്നാണ് വിവരം. വ്യോമമിത്ര എന്ന റോബോട്ടിനെ ബഹിരാകാശത്ത് എത്തിച്ചതിന് ശേഷമാകും മനുഷ്യരെ അയക്കുക. റോബോട്ടിനെ അയച്ച ശേഷം രണ്ട് ആളില്ലാ ദൗത്യങ്ങൾ കൂടി നടത്തും. പിന്നാലെയാകും തിരഞ്ഞെടുക്കപ്പെട്ടവരെ ബഹിരാകാശത്ത് എത്തിക്കുക.

Previous ArticleNext Article