ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍; പുതിയ ഹോവര്‍ ബൈക്കുകള്‍ പുറത്തിറക്കി കോറിറ്റ്;ലൈസന്‍സ് ആവശ്യമില്ല

keralanews 110 kilometer in one charge new hover bikes are released and no license is required

മുംബൈ: കൗമാരക്കാര്‍ക്ക് നിരത്തുകളില്‍ പായാന്‍ പുതിയ ഇലക്‌ട്രിക് ഹോവര്‍ ബൈക്ക് പുറത്തിറക്കി കോറിറ്റ്. ഈ മാസം അവസാനത്തോടെ ബൈക്ക് ഇന്ത്യയിലെ നിരത്തുകളില്‍ ഇറക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. രാജ്യതലസ്ഥാനത്താണ് ഹോവര്‍ ആദ്യം നിരത്തിലിറങ്ങുക.പിന്നീട് മുംബൈ, ബെംഗളൂരു, പൂനെ എന്നീ നഗരങ്ങളില്‍ ബൈക്ക് പുറത്തിറക്കും. ഹോവര്‍ സ്വന്തമാക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് 1,100 രൂപയ്‌ക്ക് അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം കോറിറ്റ് ഒരുക്കിയിട്ടുണ്ട്.74,999 രൂപയാണ് വണ്ടിയുടെ പ്രാരംഭ വില. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 69,999 രൂപയ്‌ക്ക് ഹോവര്‍ ലഭിക്കുന്നതാണ്. നവംബര്‍ 25 മുതല്‍ വണ്ടിയുടെ വിതരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 250 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള രണ്ട് സീറ്റര്‍ ഇലക്‌ട്രിക് ബൈക്കാണിത്.ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ചുവപ്പ്, മഞ്ഞ, പിങ്ക്, പർപ്പിൾ, നീല, കറുപ്പ്, എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലാണ് ബൈക്ക് പുറത്തിറക്കുന്നത്.യുവതലമുറയ്‌ക്കായി പ്രത്യേകം രൂപ കല്പന ചെയ്ത വണ്ടിയാണിത്. 25 കിലോമീറ്ററാണ് ബൈക്കിന്റെ ഉയര്‍ന്ന വേഗത. ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ സാധിക്കുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ കുറഞ്ഞ ഡൗണ്‍ലോഡ് വേഗത 2mbps​ ആയി നിശ്ചയിക്കാന്‍ ശുപാര്‍ശ ചെയ്ത്​ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

keralanews telecom regulatory authority of india recommends setting a minimum download speed of 2mbps for broadband connections

ന്യൂഡല്‍ഹി: ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ കുറഞ്ഞ ഡൗണ്‍ലോഡ് വേഗത നിലവിലുള്ള 512 കെബിപിഎസ് പരിധിയില്‍ നിന്ന് രണ്ട് എംബിപിഎസ് ആയി നിശ്ചയിക്കാന്‍ ശുപാര്‍ശ ചെയ്ത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ചില അടിസ്ഥാന ആപ്ലിക്കേഷനുകള്‍ പോലും പ്രവര്‍ത്തിപ്പിക്കുന്നതിന് 512Kbps അപര്യാപ്തമാണെന്നും ട്രായ് പറഞ്ഞു.കണക്ഷനുകള്‍ രണ്ട് എംബിപിഎസ് മുതല്‍ 30 എംബിപിഎസ് വരെയുള്ളത് ബേസിക്, 30 മുതല്‍ 100 എംബിപിഎസ് വരെയുള്ളത് ഹൈ സ്പീഡ്, 100 എംബിപിഎസ് മുതൽ 1Gbps വരെയുള്ളത്  അൾട്രാ ഹൈ സ്പീഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കണമെന്നും ട്രായ് സര്‍ക്കാരിനോട് അഭിപ്രായപ്പെട്ടു.രാജ്യത്തെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന് വേണ്ടി ട്രായ് 298 പേജുകളുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. മികച്ച ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി എല്ലാ പൗരന്‍മാരുടെയും അടിയന്തര ആവശ്യമാണെന്ന് ട്രായ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിവേഗ ഇന്റർനെറ്റ് സേവനം നല്‍കുന്നതിനായി സേവനദാതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ലൈസന്‍സ് ഫീസ് ഇളവുകള്‍ പോലുള്ളവ നല്‍കണമെന്നും ട്രായ് ശുപാര്‍ശ ചെയ്യുന്നുണ്ട്.അതോടൊപ്പം പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ഗ്രാമീണ മേഖലകളില്‍ ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ട്രായ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന് പ്രതിമാസം പരമാവധി 200 രൂപ എന്ന നിലയില്‍ സഹായം നല്‍കണമെന്നാണ് പറയുന്നത്.

ഇൻസ്റാഗ്രാമിലും മെസ്സഞ്ചറിലും വാനിഷ് മോഡ് അവതരിപ്പിച്ച ഫേസ്ബുക്

keralanews facebook launched vanish mode on messenger and instagram

ഇൻസ്റാഗ്രാമിലും മെസ്സഞ്ചറിലും വാനിഷ് മോഡ് അവതരിപ്പിച്ച ഫേസ്ബുക്.നിലവിൽ യു എസ് അടക്കമുള്ള  കുറച്ച് രാജ്യങ്ങളിൽ മെസഞ്ചറിൽ ഈ സവിശേഷത ലഭ്യമാണ്, ഇൻസ്റ്റാഗ്രാമിലും ഈ സവിശേഷത ഉടൻ എത്തും.സന്ദേശങ്ങള്‍ തനിയെ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ആണ് വാനിഷ്. ഈ സംവിധാനം ഓണ്‍ ആക്കുന്നതോടെ സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ ഓപ്പണ്‍ ചെയ്ത കണ്ടാല്‍ പിന്നീട് തനിയെ അപ്രത്യക്ഷമാകും. വാനിഷ് മോഡ് ഓപ്പണ്‍ ചെയ്ത താല്‍ക്കാലിക ചാറ്റുകള്‍ നടത്താനാകും എന്ന് സാരം.മെസഞ്ചറില്‍ ഡിസ്സപ്പിയറിങ് മോഡ് ഓണാണെങ്കില്‍, ഒരാള്‍ അയക്കുന്ന സന്ദേശം മറ്റേയാള്‍ കണ്ടുകഴിഞ്ഞാല്‍ അല്ലെങ്കില്‍ ചാറ്റ് ക്ലോസ് ചെയ്യുമ്ബോള്‍ ആ സന്ദേശം അപ്രത്യക്ഷമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.ചാറ്റ് നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ലായെങ്കില്‍ സ്വീകര്‍ത്താവിന് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാം. പക്ഷേ സന്ദേശം അയച്ചയാള്‍ക്ക് ഇതിനെക്കുറിച്ച്‌ ഒരു അറിയിപ്പ് ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈ മോഡില്‍ ചാറ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ ചാറ്റ് ഹിസ്റ്ററിയില്‍ ഉണ്ടാകില്ല. മെമുകള്‍, ഗിഫുകള്‍ ഉള്‍പ്പടെയുള്ള ഫയലുകളും ഈ ഫീച്ചറില്‍ നീക്കം ചെയ്യപ്പെടും. അത്യാവശ്യഘട്ടങ്ങളില്‍ എനേബിള്‍ ചെയ്ത് ആവശ്യമില്ലാത്തപ്പോള്‍ ഡിസേബിള്‍ ചെയ്യാവുന്ന തരത്തിലാണ് ഫീച്ചര്‍ ഒരുക്കിയിരിയ്ക്കുന്നത്.ചാറ്റ് ത്രെഡില്‍ നിന്നും മുകളിലേക്ക് സ്വൈപ്പ് ചെയ്താല്‍ വാനിഷ് മോഡ് ഓണാകും. നിങ്ങള്‍ കണക്റ്റു ചെയ്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ നിങ്ങളുമായി ചാറ്റില്‍ ഡിസ്സപ്പിയറിങ് മോഡ് ഉപയോഗിക്കാന്‍ കഴിയൂ. ഒരു പ്രത്യേക കോണ്‍ടാക്റ്റ് ഉപയോഗിച്ച്‌ വാനിഷ് മോഡില്‍ പ്രവേശിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും നിങ്ങള്‍ക്ക് തീരുമാനിക്കാം. ഈ സവിശേഷത ആദ്യം മെസഞ്ചറിലും തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലും എത്തും.

15,000 രൂപയില്‍ താഴെ വിലയുള്ള ലാപ്ടോപ്പ് വിപണിയിൽ എത്തിക്കാനൊരുങ്ങി കേരളത്തിന്റെ സ്വന്തം കമ്പനിയായ ‘കൊക്കോണിക്സ്’

keralanews keralas own laptop company coconics set to launch laptop under 15000 rupees

തിരുവനന്തപുരം:15,000 രൂപയില്‍ താഴെ വിലയുള്ള ലാപ്ടോപ്പ് വിപണിയിൽ എത്തിക്കാനൊരുങ്ങി കേരളത്തിന്റെ സ്വന്തം കമ്പനിയായ ‘കൊക്കോണിക്സ്’.കേന്ദ്ര സര്‍ക്കാരിന്റെ ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാലുടന്‍ വിപണിയിലിറക്കും. കൊക്കോണിക്സിന്റെ ആറ് പുതിയ മോഡല്‍ ആമസോണില്‍ വീണ്ടുമെത്തി. ഓണം പ്രമാണിച്ച്‌ വെള്ളിയാഴ്ച മുതല്‍ സെപ്തംബര്‍ മൂന്നുവരെ അഞ്ചു ശതമാനംവരെ വിലക്കുറവില്‍ ലാപ്ടോപ് ലഭിക്കും. നേരത്തേ മൂന്നു മോഡലാണ് ആമസോണില്‍ ലഭ്യമായിരുന്നത്.കോവിഡ് കാലത്ത് വിതരണം മുടങ്ങിയതിനാല്‍ നിര്‍ത്തിവച്ചിരുന്ന വിപണനമാണ് ആമസോണിലൂടെ വീണ്ടും ആരംഭിച്ചത്.25,000 മുതല്‍ 40,000 രൂപവരെയുള്ള ആറു മോഡലാണുള്ളത്.ഇതുവരെ 4000ല്‍ അധികം ലാപ്ടോപ്പുകള്‍ വിറ്റഴിച്ചു. ആയിരത്തോളം ലാപ്ടോപ്പുകളുടെ ഓര്‍ഡറുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്സ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ലാപ്ടോപ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്‌ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, കെഎസ്‌ഐഡിസി, സ്റ്റാര്‍ട്ടപ്പായ ആക്സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണ് കൊക്കോണിക്സ്. ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്ടോപ്പുകളേക്കാള്‍ വിലക്കുറവാണ് പ്രധാനനേട്ടം. കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലുള്ള പഴയ പ്രിന്റഡ് സര്‍ക്യൂട്ട് നിര്‍മാണശാലയാണ് കൊക്കോണിക്സിന് കൈമാറിയത്.

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ ‘കൊക്കോണിക്‌സ്’ ആമസോണില്‍ ലഭ്യം; ദിവസങ്ങള്‍ക്കകം പൊതുവിപണിയിലെത്തും

keralanews keralas own laptop coconics available in amazone now and available in public market soon

കൊച്ചി:കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ ‘കൊക്കോണിക്‌സ്’ ഓണ്‍ലൈന്‍ വിപണന ശൃംഖലയായ ആമസോണില്‍ ലഭ്യമാകും.29,000 മുതല്‍ 39,000 വരെ‌ വിലയുള്ള മൂന്ന് വ്യത്യസ്‌ത മോഡലാണ് എത്തിയത്.ദിവസങ്ങള്‍ക്കകം ഇത് പൊതുവിപണിയിലുമെത്തും.സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്‌സ് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്‌ടോപ് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്‌ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, കെഎസ്‌ഐഡിസി, സ്റ്റാര്‍ട്ടപ്പായ ആക്‌സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണ് കൊക്കോണിക്‌സ്‌‌.ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്‌ടോപ്പുകളേക്കാള്‍ വിലക്കുറവാണ്‌ പ്രധാന നേട്ടം‌. കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലുള്ള പഴയ പ്രിന്റഡ്‌ സര്‍ക്യൂട്ട്‌ നിര്‍മ്മാണശാലയാണ്‌ കൊക്കോണിക്‌സിന്‌ കൈമാറിയത്‌.വര്‍ഷം രണ്ടര ലക്ഷം ലാപ്‌ടോപ്‌ നിര്‍മ്മിക്കുകയാണ്‌ ലക്ഷ്യം‌. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഇതിനകം കൊക്കോണിക്‌സ്‌ ലാപ്‌ടോപ്‌ കൈമാറി‌. പഴയ ലാപ്ടോപ്പുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഇ- -വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും കൊക്കോണിക്‌സ്‌ ഒരുക്കുന്നു‌.

എല്‍എന്‍ജി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ വാണിജ്യ ബസ് നിരത്തില്‍;ഗതാഗത മേഖലയിലെ ചരിത്രപരമായ മാറ്റമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

keralanews indias first commercial buswith l n g is on road transport Minister AK Sasheendran said it is a historic change in transport sector

കൊച്ചി: എല്‍എന്‍ജി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ വാണിജ്യ ബസ് നിരത്തില്‍. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു.സംസ്ഥാനത്തിന്റെ ഗതാഗത മേഖലയില്‍ ഉണ്ടാകുന്ന ചരിത്രപരമായ മാറ്റത്തിനാണ് ഇതിലൂടെ തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു.അന്തരീക്ഷ മലിനീകരണം തടയാനും ചെലവ് കുറയ്ക്കാനും എല്‍എന്‍ജി ബസുകളിലൂടെ സാധിക്കും. വര്‍ഷങ്ങളായി ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നത് പെട്രോള്‍, ഡീസല്‍ എന്നിവയിലൂടെയാണ്. ഇതിലൂടെ അപകടകരമായി മലിനീകരണം ഉണ്ടാകുന്നുവെന്നത് ജനങ്ങള്‍ അംഗീകരിച്ച്‌ തുടങ്ങി. ഇതിനെതിരെ സിഎന്‍ജി, എല്‍എന്‍ജി എന്നിവ ജനകീയമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. അതിനാല്‍ത്തന്നെ ഇ-ഓട്ടോ പോലുള്ള ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. എല്‍എന്‍ജി ഉപയോഗിച്ചുള്ള ബസ് പോലുള്ള വലിയ വാഹനങ്ങള്‍ വാങ്ങുമ്പോൾ ഉടമസ്ഥര്‍ക്ക് പാക്കേജുകളോ ഡിസ്‌കൗണ്ടുകളോ കൊടുക്കാന്‍ കഴിയുമോ എന്ന് ആലോചിക്കണമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.വൈപ്പിന്‍ എംഎല്‍എ എസ് ശര്‍മ്മ അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ ഗതാഗത സൗകര്യത്തിനായാണ് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് ഇപ്പോള്‍ രണ്ട് ബസുകള്‍ നിരത്തിലിറക്കിയിരിക്കുന്നത്. 450 ലിറ്റര്‍ ശേഷിയുള്ള ക്രയോജനിക് ടാങ്കാണ് ബസിലുള്ളത്. ഒറ്റത്തവണ ഇന്ധനം നിറയ്ക്കുന്നതിലൂടെ 900 കിലോ മീറ്റര്‍ ബസിന് ഓടാന്‍ കഴിയും. നാല് മുതല്‍ അഞ്ച് മിനിറ്റ് വരെയാണ് ബസ്സില്‍ ഇന്ധനം നിറയ്ക്കാന്‍ എടുക്കുന്ന സമയം. വളരെ സുരക്ഷിതവും മലിനീകരണം കുറവുള്ളതുമായ ഇന്ധനമാണ് എല്‍എന്‍ജിയെന്നും അധികൃതര്‍ വ്യക്തമാക്കി.

‘വിഷൻ എസ്’-ലോകത്തെ അത്ഭുതപ്പെടുത്തി സോണിയുടെ ഇലക്ട്രിക്ക് കാർ

keralanews sony shocks the world with vision s electric car concept

ലാസ് വേഗാസ്: നെവാഡയിലെ ലാസ് വെഗാസിലെ ലാസ് വെഗാസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ജനുവരി 7 മുതല്‍ 10 വരെ നടന്ന 2020 ഇന്‍റര്‍നാഷണല്‍ സിഇഎസ് ടെക് ഷോയില്‍ വിഷന്‍ എസ് എന്ന് നാമകരണം ചെയ്ത ഒരു ഇലക്‌ട്രിക് കാര്‍ അനാച്ഛാദനം ചെയ്തുകൊണ്ട് സോണി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്ലേസ്റ്റേഷനും പുതിയ ടി.വി.യും പ്രതീക്ഷിച്ചെത്തിയവര്‍ക്ക് മുന്നിലാണ് ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ രാജാവായ ജപ്പാന്‍ കമ്പനി തങ്ങളുടെ അത്ഭുതച്ചെപ്പ് തുറന്നത്. 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ വെറും 4.8 സെക്കന്‍ഡുകള്‍ മാത്രം മതിയാവുന്ന ഈ വൈദ്യുത കാര്‍ മറ്റൊരു ലോകമാണ് തുറന്നിടുന്നത്. ‘ഫൈവ് ജി’ അധിഷ്ഠിതമായ കാറില്‍ ട്രാഫിക്, വീഡിയോ, സംഗീതം എന്നിവയ്ക്കു പുറമെ ഒ.ടി.എ. സിസ്റ്റവും സ്വയം അപ്ഡേറ്റായിക്കൊണ്ടിരിക്കും. ഇവയെല്ലാം സോണിയുടെ 360 റിയാലിറ്റി സൗണ്ട് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കും.

മുന്നിലും പിന്നിലും വശങ്ങളിലുമായി നാല് ക്യാമറകളാണ് പ്രധാനമായും ഉള്ളത്. ഇവയിലെല്ലാം സോണിയുടെ നവീനമായ സി.എം.ഒ.എസ്. സെന്‍സറുകളും ഘടിപ്പിച്ചിരിക്കും. വശങ്ങളിലെ ക്യാമറകള്‍ സൈഡ്മിററുകളിലാണ്. അവയില്‍ നിന്ന് തത്സമയ ദൃശ്യങ്ങള്‍ ഡാഷ്ബോര്‍ഡില്‍ തെളിയും. വെളിച്ചക്കുറവുണ്ടാകുമ്പോൾ ഇതിലെ സെന്‍സറുകള്‍ വ്യക്തമായ ചിത്രം തരും.33 സെന്‍സറുകളാണ് കാറിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. വാഹനത്തിന്റെ പരിസരം വീക്ഷിക്കുന്ന സി.എം.ഒ.എസ്. ഇമേജ് സെന്‍സറുകളും ടി.ഒ.എഫ്. സെന്‍സറുകളും ഉള്‍പ്പെടും. ഇലക്‌ട്രോണിക് രംഗത്തെ ഭീമന്‍മാരായ ‘ബ്ലാക്ക്ബെറി’, ‘ബോഷ്’ തുടങ്ങിയവരില്‍ നിന്ന് സാങ്കേതിക സഹായം ‘സോണി’ ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്. കാറിന്റെ പ്ലാറ്റ്ഫോം ‘മാഗ്‌ന’ എന്ന കമ്പനിയാണ് തയ്യാറാക്കിയത്.
മൊത്തത്തില്‍, വിഷന്‍ എസ് പ്രോട്ടോടൈപ്പില്‍ സോണി 33 സെന്‍സറുകള്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്. വാഹനത്തിന്റെ പരിസരം വീക്ഷിക്കുന്ന സി.എം.ഒ.എസ്. ഇമേജ് സെന്‍സ റുകളും ടി.ഒ.എഫ്. സെന്‍സറുകളും ഉള്‍പ്പെടും.ജാപ്പനീസ് കമ്പനിയായ സോണി ഇമേജ് സെന്‍സറുകള്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാഹനത്തിന്റെ മുന്നിലുള്ള റോഡ് വിശകലനം ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്. എന്നിരുന്നാലും ഈ കാര്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ പദ്ധതിയുണ്ടെന്ന് സോണി സൂചിപ്പിച്ചിട്ടില്ല.’ചലനാത്മകതയുടെ ഭാവിയിലേക്ക് സംഭാവന നല്‍കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യ’മെന്ന് സോണിയുടെ ചീഫ് എക്സിക്യൂട്ടീവ് കെനി ചിരോ യോഷിഡ പറഞ്ഞു.അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ മെഴ്സിഡസ് ബെന്‍സ് ചെയര്‍മാന്‍ ഓള കല്ലേനിയസിനൊപ്പം എക്സ്പോയില്‍ പങ്കെടുത്തു.

ഇന്ത്യയില്‍ ഇലക്‌ട്രിക് ഡെലിവറി റിക്ഷകളിറക്കാനൊരുങ്ങി ആമസോണ്‍

keralanews amazon to launch electric delivery rickshaws in india

ന്യൂഡൽഹി:കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ഇന്ത്യയില്‍ ഇലക്‌ട്രിക് ഡെലിവറി റിക്ഷകളിറക്കാനൊരുങ്ങി ആമസോണ്‍.ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് തന്നെയാണ് പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.കാലാവസ്ഥയെ ബാധിക്കാത്ത തരം സീറോ കാര്‍ബണുള്ള പൂര്‍ണ്ണമായും വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്നതാണ് ഈ റിക്ഷ. ഇന്ത്യയില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് നേരത്തെ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ചില്ലറ വ്യാപാരികളെ ആകര്‍ഷിക്കുന്നതിനായി ബെസോസ് തന്റെ വിപുലീകരിക്കുന്ന ഇ-കൊമേഴ്സ് ബിസിനസ്സിന്റെ ഭാഗമായി ശനിയാഴ്ച ഒരു കിരാന സ്റ്റോറിലേക്ക് (കോര്‍ണര്‍ സ്റ്റോര്‍) പാക്കേജ് കൈമാറിയിരുന്നു.ആമസോണ്‍ ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് കിരാന സ്റ്റോറുകളെി ഡെലിവറി പോയിന്റുകളായി പങ്കാളികളാക്കുമെന്നും ഇത് അധിക വരുമാനം നേടാന്‍ ഷോപ്പ് ഉടമകളെ സഹായിക്കുമെന്നും ബെസോസ് പറഞ്ഞു.

ഇലക്ട്രിക്ക് വാഹന രംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് തോഷിബ കമ്പനി

keralanews toshiba company will co operate with kerala in the field of electric vehicles

തിരുവനന്തപുരം:ഇലക്ട്രിക് വാഹനരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് തോഷിബാ കമ്പനി.മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശനവേളയിൽ ഇതു സംബന്ധിച്ച താത്പര്യപത്രം ഒപ്പിട്ടു. ഇലക്ട്രിക് വാഹന രംഗത്ത് വൻകുതിപ്പ് ഉണ്ടാക്കാൻ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകാമെന്നാണ് തോഷിബ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ടോക്കിയോയിൽ നടത്തിയ ചർച്ചകളിൽ ആണ് ലോകപ്രശസ്ത ബാറ്ററി നിർമ്മാണ കമ്പനി കേരളവുമായി സഹകരിക്കുന്നതിനുള്ള താത്പര്യപത്രം തോഷിബ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ടൊമോഹികോ ഒകാഡ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

ജപ്പാനിലെ നിക്ഷേപകർക്ക് കേരളത്തിൽ സാധ്യമാകുന്ന മേഖലകളെക്കുറിച്ചും സംസ്ഥാനത്ത് നിലവിലുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ഉൽപാദന മേഖല, വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി, കാർഷികാനുബന്ധ വ്യവസായങ്ങൾ, മത്സ്യമേഖല, വിനോദസഞ്ചാരം, ആരോഗ്യശാസ്ത്രസാങ്കേതിക ഉൽപ്പന്നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളില്‍ ഉൾപ്പെടെ കേരളത്തിൽ മികച്ച സാധ്യതകളാണ് ഉള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാപ്പനീസ് വിദേശകാര്യ ട്രേഡ് ഓർഗനൈസേഷൻ കേരളത്തിൽ ഒരു ഓഫീസ് തുടങ്ങണം എന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.കേരളത്തിൽ നിലവിൽ നിക്ഷേപം നടത്തിയിട്ടുള്ള ഉള്ള ജപ്പാൻ സംരംഭകർ തങ്ങളുടെ അനുഭവങ്ങൾ സംഗമത്തിൽ പങ്കുവെച്ചു.വ്യവസായ മന്ത്രി ഇ പി ജയരാജൻ,ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് ജോസ് എന്നിവരും ഉദ്യോഗസ്ഥ സംഘവും സംഗമത്തിൽ പങ്കെടുത്തു. സംഗമം ജപ്പാനിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് കെ വർമ ഉദ്ഘാടനം ചെയ്തു. ജെട്രൊ വൈസ് ചെയർമാൻ കസുയ നകജോ സ്വാഗതം പറഞ്ഞു. ജപ്പാനിലെ ഇന്ത്യൻ എംബസിയും ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷനും ചേർന്നാണ് നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.

ഡിസംബര്‍ ഒന്നു മുതല്‍ വാഹനങ്ങളില്‍ ഫാസ് ടാഗുകള്‍ നിര്‍ബന്ധമാക്കുന്നു

keralanews fastag mandatory for all vehicles from december 1st

ന്യൂഡൽഹി:ഡിസംബര്‍ ഒന്നു മുതല്‍ വാഹനങ്ങളില്‍ ഫാസ് ടാഗുകള്‍ നിര്‍ബന്ധമാക്കുന്നു.ഫാസ് ടാഗ് ഇല്ലാതെ അതിനായുള്ള ട്രാക്കിലൂടെ കടന്നുപോയാല്‍ ഡിസംബര്‍ ഒന്നുമുതല്‍ ഇരട്ടി ടോള്‍ ഈടാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി വ്യക്തമാക്കി.രാജ്യമാകെ 537 ടോള്‍ പ്ലാസകളിലാണ് ഫാസ് ടാഗ് സംവിധാനം നിലവില്‍ വരിക. പ്രീ പെയ്ഡ് സിം കാര്‍ഡിന് സമാനമായ ടോള്‍ തുക മുന്‍കൂറായി അടച്ച റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ കാര്‍ഡാണ് ഫാസ് ടാഗ്. ചെറിയ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ വലിപ്പമുള്ള കടലാസ്‌ കാര്‍ഡിനുള്ളില്‍ മാഗ്നെറ്റിക് ചിപ്പുണ്ട്. ഓരോ ടോള്‍പ്ലാസയില്‍ കൂടെ കടന്നു പോകുമ്പോഴും അവിടുത്തെ റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ സംവിധാനം ടാഗിലെ റീച്ചാര്‍ജ് തുക സംബന്ധിച്ച വിവരങ്ങള്‍ വായിച്ചെടുക്കുകയും പണം ഉണ്ടെങ്കില്‍ അത് ഓണ്‍ലൈന്‍വഴി തല്‍സമയം ഈടാക്കുകയും ചെയ്യും. ഫാസ് ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ടോള്‍ പ്ലാസയിലെ ഫാസ് ടാഗ് കൗണ്ടറുകളിലൂടെ പെട്ടെന്ന് കടന്നുപോകാം എന്നതാണ് പ്രയോജനം.മിനിമം 100 രൂപയാണ് ടാഗില്‍ ഉണ്ടാകേണ്ടത്. 100 രൂപ മുതല്‍ എത്ര രൂപ വേണമെങ്കിലും റീച്ചാര്‍ജ് ചെയ്ത് രാജ്യത്തുടനീളമുള്ള ടോള്‍പ്ലാസകളിലൂടെ ഫാസ് ടാഗ് ഉപയോഗിച്ച്‌ യാത്ര ചെയ്യാം. വാഹനത്തിന്‍റെ വലിപ്പത്തിനനുസരിച്ച്‌ ഏഴു തരം ഫാസ് ടാഗുകളുകളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. ഇവയ്ക്ക് ഏഴ് നിറമായിരിക്കും.

ഡിസംബര്‍ ഒന്നു മുതല്‍ ഫാസ് ടാഗ് നിര്‍ബന്ധമാക്കുന്നതോടെ ടോള്‍ പ്ലാസകളില്‍ ഒരു ഫാസ് ടാഗ് കൗണ്ടറും ഒരു ക്യാഷ് കൗണ്ടറുമാണ് ഉണ്ടാവുക. ഫാസ് ടാഗുള്ള വാഹനങ്ങള്‍ പെട്ടെന്ന് ഫാസ് ടാഗ് കൗണ്ടറിലൂടെ കടന്നുപോകാം.ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ക്യാഷ് കൗണ്ടറില്‍ നിലവിലെ പോലെ ടോള്‍ കൊടുത്ത് പോകണം.ഫാസ് ടാഗില്ലാതെ ഫാസ് ടാഗ് കൗണ്ടര്‍ വഴി പോയാല്‍ ടോള്‍ തുകയുടെ ഇരട്ടി ഈടാക്കുകയും ചെയ്യും. അതേസമയം ക്യാഷ് കൗണ്ടറിലൂടെ പോയാല്‍ നിലവിലുള്ള ടോള്‍തുക അടച്ച്‌ ഇപ്പോള്‍ തുടരുന്ന രീതിയില്‍ കടന്നുപോകാം.

മൈ ഫാസ് ടാഗ് ആപ്പിലൂടെയോ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലുമുള്ള ഫാസ് ടാഗ് സേവന കേന്ദ്രങ്ങളിലൂടെയോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ. ബാങ്ക് എന്നിവയിലൂടെയോ ഫാസ് ടാഗുകള്‍ ലഭിക്കും.വാഹനവുമായി ഫാസ് ടാഗ് സേവന കേന്ദ്രത്തിലെത്തി ആവശ്യമായ രേഖകള്‍ നല്‍കണം.ആര്‍.സി. ബുക്കിന്‍റെ പകര്‍പ്പ്,ആര്‍.സി. ഉടമയുടെ ആധാര്‍ കാര്‍ഡ്,ആര്‍.സി ഉടയുടെ പാന്‍കാര്‍ഡിന്‍റെ പകര്‍പ്പ്, ആര്‍.സി ഉടമയുടെ ഫോണ്‍ നമ്ബര്‍,ആര്‍.സി ഉടമയുടെ ഫോട്ടോ എന്നിവയാണ് ഇതിനാവശ്യമായ രേഖകൾ.വാഹനത്തിന്‍റെ ഫോട്ടോയോടൊപ്പം രേഖകള്‍ ഫാസ് ടാഗില്‍ അപ്ലോഡ് ചെയ്യുന്നതോടെ ബാര്‍ കോഡുള്ള ഫാസ് ടാഗ് ലഭിക്കും. ഫോണ്‍ നമ്പർ ഉപയോഗിച്ച്‌ ഓണ്‍ലൈനായും വാട്സ് ആപ്പ് വഴിയും ടോള്‍ പ്ലാസകളില്‍ പണം നല്‍കിയും റീചാര്‍ജ് ചെയ്യാം.

വാഹനത്തിന്‍റെ മുന്‍ചില്ലില്‍ അകത്തായാണ് ഫാസ് ടാഗ് ഒട്ടിക്കേണ്ടത്. കനംകുറഞ്ഞ മാഗ്നറ്റ് ആയതിനാല്‍ മാറ്റി ഒട്ടിക്കാന്‍ സ്റ്റിക്കര്‍ ഊരി മാറ്റി മാഗ്നറ്റ് പുറത്തേക്ക് കാണും വിധം ഒട്ടിക്കണം. ഡിജിറ്റല്‍ ഇന്ത്യ മിഷന്‍ പദ്ധതിയുടെ ഭാഗമായ ഫാസ് ടാഗ് ഇന്ത്യന്‍ ഹൈവേ മാനേജ്മെന്‍റ് കമ്പനി, നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ദേശീയ പാത അതോറിറ്റി എന്നിവയുടെ സംയുക്ത സംരംഭമാണ്.ഫാസ് ടാഗ് വഴി ഓരോ ദിവസവും ശേഖരിക്കുന്ന തുക അന്നുതന്നെ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്കെത്തും. പിറ്റേന്ന് ഓരോ ടോള്‍ പ്ലാസയ്ക്കുമുള്ള തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റി നല്‍കും.ഓരോ ടോള്‍ പ്ലാസ വഴി എത്ര വാഹനങ്ങള്‍ കടന്നു പോയി,ഏതെല്ലാം തരം വാഹനങ്ങള്‍,അവ എത്ര പ്ലാസയിലൂടെ കടന്നുപോയി,എവിടെ നിന്ന് എവിടേക്ക് തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും. വാഹനങ്ങളുടെ ആധാര്‍ എന്നാണ് ഫാസ് ടാഗ് അറിയപ്പെടുന്നത്.