സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം; മിനിമം ചാർജ് 10 രൂപ; ഓട്ടോയ്‌ക്ക് മിനിമം കൂലി 30 രൂപ; ടാക്‌സി ചാർജും വർധിപ്പിക്കും; വിദ്യാർത്ഥി കൺസെഷനിൽ മാറ്റമില്ല

keralanews decision to increase bus fares in the state minimum charge 10 rupees minimum charge for auto 30 rupees taxi are also increase no change in student concession

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം. മിനിമം ചാർജ് പത്ത് രൂപയാക്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി. ഓട്ടോയ്‌ക്ക് മിനിമം ചാർജ് 30 രൂപയാക്കാനും യോഗത്തിൽ തീരുമാനിച്ചു. അതേസമയം വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.കമ്മീഷനെ നിയോഗിച്ച് വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ് വർധിപ്പിക്കുന്നതിൽ പരിശോധന നടത്തും. ശേഷം മാത്രമേ കൺസെഷൻ വർധനയിൽ തീരുമാനമുണ്ടാകൂവെന്ന് ആന്റണി രാജു അറിയിച്ചു.ബസ് യാത്ര നിരക്കിൽ മിനിമം ചാർജിന് ശേഷമുള്ള ഓരോ കിലോമീറ്ററിലും ഒരു രൂപയാകും ഈടാക്കുക. ഓട്ടോയ്‌ക്ക് മിനിമം ചാർജ് വർധിപ്പിച്ചെങ്കിലും വെയ്റ്റിംഗ് ചാർജിന് മാറ്റമില്ല. മിനിമം കൂലി 30 രൂപയാക്കുമ്പോൾ പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കാം. 30 രൂപയ്‌ക്ക് രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കാമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.1500 സിസിക്ക് താഴെയുള്ള ടാക്‌സി കാറുകൾക്ക് അഞ്ച് കിലോമീറ്റർ വരെ 175 രൂപയായിരുന്നു നിരക്ക്. ഇത് 200 രൂപയായി വർധിപ്പിക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്‌സിക്ക് 200 രൂപയിൽ നിന്നും മിനിമം ചാർഡ് 225 രൂപയായും ഉയർത്തി. ചാർജ് വർധനവ് സംബന്ധിച്ച ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.

സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു; ഇരുപതോളം സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നു

keralanews 48 hour strike called by trade unions started twenty organizations are participating in the strike

തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു. നാളെ രാത്രി 12 മണി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. പാൽ, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബസ്, ടാക്സി, ഓട്ടോ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണമായും നിശ്ചലമായി.പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ബാങ്കിംഗ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കരുതെന്ന് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങൾ അടച്ചിടണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കര്‍ഷകസംഘടനകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക, അവശ്യപ്രതിരോധസേവനനിയമം പിന്‍വലിക്കുക, കോവിഡ് കാലപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. പണിമുടക്കിന് മുന്നോടിയായി റേഷന്‍കടകളും സഹകരണബാങ്കുകളും കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ബസ് സമരം പിന്‍വലിച്ചിരുന്നുവെങ്കിലും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബസ് ഉടമകള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പല സ്വകാര്യ ബസുകളും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം സര്‍വീസ് നടത്തിയെങ്കിലും അര്‍ധരാത്രിയോടെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. അതേ സമയം കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. ചെന്നൈയില്‍ നഗരത്തില്‍ ഓട്ടോ, ടാക്സി സര്‍വീസുകളും പതിവുപോലെ സര്‍വീസ് തുടരുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡിഎംകെ അനുകൂല ട്രേഡ് യൂണിയനായ ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷനടക്കം സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ ജീവനക്കാര്‍ പ്രത്യക്ഷ സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്.

സ്വകാര്യ ബസ് സമരം പിൻവലിച്ചു;തീരുമാനം മുഖ്യമന്ത്രിയുമായി ബസ്സുടമകൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെ

keralanews private bus strike called off decision after discussion between bus owners and chief minister

തിരുവനന്തപുരം:സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ചയ്ക്ക് പിന്നാലെയാണ് തീരുമാനം.ഗതാഗത മന്ത്രിയുമായും ബസ് ഉടമകളുടെ സംഘടന ചര്‍ച നടത്തിയിരുന്നു. മാര്‍ച് 30ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച്‌ തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ബസ് സമരം പിന്‍വലിച്ചത്.ബസ് ചാർജ് വർദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയ സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോകുന്നില്ലെന്ന് ബസ് ഉടമകൾ അറിയിച്ചു.മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ ചാര്‍ജ് ആറ് രൂപയാക്കുക, ഒരു കിലോമീറ്റര്‍ ഓടുന്നതിന് ഒരു രൂപ നിരക്ക് നിശ്ചയിക്കുക, നികുതി ഇളവ് നല്‍കുക തുടങ്ങിയവയാണ് പ്രധാനമായി ഉടമകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.ചാർജ് വർദ്ധന ആവശ്യപ്പെട്ട് ബസ് ഉടമകൾ കഴിഞ്ഞ നാല് ദിവസമായി സമരം തുടരുകയാണ്. ഇതേ തുടർന്ന് ജനങ്ങൾ വലിയ ബുദ്ധിമുട്ട് ആണ് നേരിടുന്നത്. ഇതോടെയാണ് മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയത്. അതേസമയം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന പൊതു പണിമുടക്കില്‍ പങ്കെടുക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.

മാർച്ച് 31 ന് മുന്‍പായി പാന്‍- ആധാര്‍ ലിങ്ക് ചെയ്തില്ല എങ്കില്‍ 10000 രൂപ വരെ പിഴ ഈടാക്കും

keralanews failure to link pan aadhaar before march 31 will result in a fine of up to rs 10000

ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട നിര്‍ദ്ദേശപ്രകാരം 2022  മാര്‍ച്ച്‌  31 ന് മുന്‍പായി  നിങ്ങളുടെ ആധാര്‍ നമ്പരും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യണം. കോവിഡ് മഹാമാരി കണക്കിലെടുത്ത്, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍, ദീര്‍ഘിപ്പിച്ചിരുന്നു. 2021 സെപ്റ്റംബർ 30ന് മുന്‍പായി ആധാര്‍ പാന്‍ ലിങ്ക് ചെയ്യണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, പിന്നീട് കോവിഡ്  മഹാമാരി മൂലം സമയപരിധി നീട്ടുകയായിരുന്നു. ഒടുവിലത്തെ നിര്‍ദേശം അനുസരിച്ച് 2022 മാർച്ച് 31 ആണ്  ആധാര്‍ പാന്‍ ലിങ്ക് ചെയ്യാനുള്ള അവസാന തിയതി.ബാങ്ക് അക്കൗണ്ട് തുറക്കുക, മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ ഓഹരികള്‍ വാങ്ങുക, കൂടാതെ 50,000 രൂപയില്‍ കൂടുതല്‍ പണമിടപാടുകള്‍ നടത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി അനുസരിച്ച് പാന്‍ ആധാറുമായി ലിങ്ക് ചെയ്യാത്ത സാഹചര്യത്തില്‍ 10,000 രൂപ പിഴ ഈടാക്കാം.ആധാര്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ പ്രവര്‍ത്തനരഹിതമായ പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമാകും. പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്നും ലഭിക്കുന്ന ഫോം പൂരിപ്പിച്ച് ഇത്തരത്തില്‍ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നും 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്‌സൈറ്റ് മുഖാന്തിരവും ഇത്തരത്തില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും.പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സ്റ്റാറ്റസ് പരിശോധിക്കുക. പാൻ കാർഡ് ഉടമകൾ ഇത് ചെയ്തില്ലെങ്കിൽ ഓരോ നിയമലംഘനത്തിനും 10,000 രൂപ പിഴ ഈടാക്കാം.

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി;വലഞ്ഞ് പൊതുജനം

keralanews private bus strike started in the state

തിരുവനന്തപുരം: ചാർജ് വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസ്സുടമകൾ നടത്തുന്ന അനിശ്ചിതകാല സമരം തുടങ്ങി. കുറഞ്ഞനിരക്ക് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ആറുരൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ 10 പൈസയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. അടച്ചുപൂട്ടൽ സമയത്തെ നികുതികൾ ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. ഏകദേശം ഏഴായിരത്തോളം സ്വകാര്യ ബസുകൾ പണിമുടക്കിന്റെ ഭാഗമായിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ തീരുമാനിച്ചെങ്കിലും ആവശ്യത്തിന് ബസും ജീവനക്കാരും ഇല്ലാത്തത് തിരിച്ചടിയാണ്. പരീക്ഷാസമയമായതിനാല്‍ പണിമുടക്കില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് മന്ത്രി ആന്റണി രാജു അഭ്യര്‍ഥിച്ചു. എന്നാല്‍ , ആവശ്യങ്ങളുന്നയിച്ച്‌ നാലുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാക്കുപാലിക്കാത്തതുകൊണ്ടാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് ബസ്സുടമകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

keralanews indefinite private bus strike in the state from midnight today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം.ചാർജ് വർധനവ് ആവശ്യപ്പെട്ട് പല തവണ നിവേദനങ്ങൾ നൽകിയിട്ടും പരിഗണിക്കപ്പെടാത്തതിനെ തുടർന്നാണ് സമരം. ചാർജ് വർധിപ്പിച്ചില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് അഞ്ച് മാസം മുമ്പ് തന്നെ ബസുടമകൾ മന്ത്രിയെ അറിയിച്ചിരുന്നു. വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതോടെ ഉടമകൾ താൽകാലികമായി സമരം മാറ്റിവച്ചു. ഇതിനിടയിൽ പലതവണ മന്ത്രിയെ കണ്ട് ചർച്ച നടത്തിയെങ്കിലും ചാർജ് വർധനവ് പ്രാബല്യത്തിൽ വന്നില്ല. ബജറ്റിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചതെന്ന് ബസ്സുടമകൾ പറഞ്ഞു.മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ മിനിമം 6 രൂപയാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യം. ഒപ്പം അടച്ചുപൂട്ടൽ സമയത്തെ നികുതികൾ ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.അതേസമയം സമരം നടത്തി സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്നും അതിലൂടെ വർധനവ് നേടാമെന്നും കരുതേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ കെഎസ്ആർടിസി പല റൂട്ടുകളും വെട്ടിക്കുറച്ചിരിക്കുന്നതിനാൽ സമരം ആരംഭിക്കുന്നതോടെ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവർ പ്രതിസന്ധിയിലാകാനാണ് സാധ്യത.

കെ.റെയിൽ;കല്ലായിൽ വീണ്ടും സംഘർഷം; സർവ്വെ കല്ല് പിഴുത് കല്ലായി പുഴയിലെറിഞ്ഞു; സംഘർഷത്തിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണയ്‌ക്ക് മർദനമേറ്റു

keralanews k rail another clash at kallai survey stone piled up and thrown into the river

കോഴിക്കോട്:കെ.റെയിൽ പദ്ധതിക്കായി സർവ്വെകല്ല് സ്ഥാപിക്കുന്നതിനിടെ കല്ലായിയിൽ വീണ്ടും സംഘർഷം.സർവ്വെകല്ല് സ്ഥാപിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സമരസമിതിക്കാരും നാട്ടുകാരും തടഞ്ഞു. സംഘർഷത്തിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽകൃഷ്ണയ്‌ക്ക് മർദ്ധനമേറ്റു.വെസ്റ്റ് കല്ലായ്‌ കുണ്ടുങ്ങൽ, പള്ളിക്കണ്ടി ഭാഗത്ത് രാവിലെ പത്തുമണിയോടെ റവന്യൂഅധികൃതരും അസിസ്റ്റന്റ് കമ്മിഷണർ ബിനുരാജിന്റെ നേതൃത്വത്തിൽ പൊലീസും എത്തി സർവ്വെ നടത്താൻ ശ്രമിച്ചു. എന്നാൽ കെ.റെയിൽ വിരുദ്ധസമരക്കാരും നാട്ടുകാരും ബിജെപി, കോൺഗ്രസ് പ്രവർത്തകരും ഉൾപ്പെടെ കല്ലിടുന്നതിനെതിരെ പ്രതിഷേധിച്ചു. റവന്യൂഭൂമിയിൽ കല്ലിട്ടശേഷം സ്വകാര്യഭൂമിയിലേക്ക് കടന്നതോടെ സംഘർഷമുണ്ടായി. പ്രതിഷേധക്കാർ സർവ്വെകല്ല് പിഴുത് കല്ലായി പുഴയിലെറിഞ്ഞു. പ്രതിഷേധം കനത്തതോടെ റവന്യൂ അധികൃതർ പിൻവാങ്ങി.എന്നാൽ ഉച്ചയ്‌ക്കുശേഷം വീണ്ടുമെത്തിയ സംഘം സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തി മുറ്റത്ത് കല്ല് സ്ഥാപിക്കാൻ ശ്രമിച്ചതോടെ നാട്ടുകാർ തടഞ്ഞു. കോതി റോഡിൽ സർവ്വെനടത്തി അടയാളപ്പെടുത്താൻ ശ്രമം നടത്തിയത് പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ സർവ്വേ നടത്താനാവാതെ രണ്ടാമതും പിൻവാങ്ങി. രണ്ടു ദിവസം മുൻപ് സർവ്വേ നടത്താൻ എത്തിയിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു.

കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

keralanews accused in the murder of house wife in kodungalloor found died

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏറിയാട് സ്വദേശി റിയാസിനെ ഇന്ന് രാവിലെ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.വ്യാഴാഴ്ച രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി റിൻസി ഇന്നലെയാണ് മരിച്ചത്. റിൻസിയുടെ കൊലപാതകത്തിൽ റിയാസിനെ പോലീസ് തിരയുകയായിരുന്നു. റിൻസിയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു റിയാസ്.കുടുംബകാര്യങ്ങളിൽ അനാവശ്യമായി കൈകടത്തിയ റിയാസിനെ റിൻസി വിലക്കുകയും  പിന്നീട് ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ ജോലിയിൽ തിരിച്ചെടുക്കമെന്ന് ആവശ്യപ്പെട്ട് റിയാസ് യുവതിയെ നിരന്തരം ശല്യം ചെയ്തു. എന്നാൽ റിൻസി ഇതിനു തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന  റിൻസിയെ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. തലയ്‌ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇളങ്ങരപ്പറമ്പിൽ നാസറിന്റെ ഭാര്യയാണ് മരിച്ച റിൻസി.

സംസ്ഥാനത്ത് ഇന്ന് 719 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 915 പേർക്ക് രോഗമുക്തി

keralanews 719 corona cases confirmed in the state today 915 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 719 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂർ 34, ആലപ്പുഴ 28, കണ്ണൂർ 28, മലപ്പുറം 22, പാലക്കാട് 20, വയനാട് 15, കാസർഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,250 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 106 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,315 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 660 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 51 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 915 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 138, കൊല്ലം 21, പത്തനംതിട്ട 77, ആലപ്പുഴ 41, കോട്ടയം 15, ഇടുക്കി 87, എറണാകുളം 137, തൃശൂർ 83, പാലക്കാട് 20, മലപ്പുറം 29, കോഴിക്കോട് 140, വയനാട് 45, കണ്ണൂർ 69, കാസർഗോഡ് 13 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 6148 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഇന്ധന ലോറി ഉടമകൾ സമരത്തിലേക്ക്;ഇന്ധന വിതരണം തടസ്സപ്പെട്ടേക്കും

keralanews fuel lorry owners in the state will go on strike from monday fuel supply may be disrupted

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഇന്ധന ലോറി ഉടമകൾ സമരത്തിലേക്ക്. എണ്ണക്കമ്പനികളായ  ബിപിസിഎല്‍, എച്ച്‌പിസിഎല്‍ കമ്പനികളിലെ സര്‍വീസ് നിര്‍ത്തിവക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചു.അറുനൂറോളം ലോറികളാണ് തിങ്കളാഴ്ച മുതല്‍ സര്‍വീസ് പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്‌ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 13 ശതമാനം സര്‍വീസ് ടാക്സ് നല്‍കാന്‍ നിര്‍ബന്ധിതരായതിനാലാണ് നടപടിയെന്നാണ് വിശദീകരണം. നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും അസോസിയേഷന്‍ പറയുന്നു.കരാര്‍ പ്രകാരം സര്‍വീസ് ടാക്സ് എണ്ണക്കമ്പനികളാണ് നല്‍കേണ്ടതെന്നാണ് സംഘടനയുടെ നിലപാട്. സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നാണ് ആവശ്യം.കമ്പനി ഉടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഉടമകള്‍ സമരത്തിലേക്ക് കടക്കുന്നത്.