News Desk

കനത്ത മഴയിൽ വ്യാപക നാശനഷ്ടം; കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ ഇടിഞ്ഞു;വടകരയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണു

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം.മഴയും മഴക്കെടുതിയും തുടരുകയാണ്.മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി. മലപ്പുറം മഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിനു മുകളിലേക്ക് മരം വീണു. വൈകിട്ട് 3.30 ഓടെ മഞ്ചേരി കാരക്കുന്നിലാണ് അപകടമുണ്ടായത്.യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് വടകര മണിയൂർ കുറുന്തോടിയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയ്ക്ക് മുകളിൽ തേക്ക് മരം വീണു. ഇലക്ട്രിക് പോസ്റ്റിൽ തട്ടിയതിനാൽ മരം മുഴുവനായും നിലം പതിക്കാത്തത് വലിയ അപകടം ഒഴിവാക്കി. വടകരയിലെ ജില്ലാ ആശുപത്രിയുടെ മതിലും ഇടിഞ്ഞു വീണു. കനത്ത മഴയിലാണ് രോഗികളും മറ്റു വാഹനങ്ങളും പോകുന്ന ഭാഗത്തെ കൂറ്റൻ മതിലിടിഞ്ഞത്. ആർക്കും പരിക്കേറ്റിട്ടില്ല.കനത്ത മഴയിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ജയിലിന്റെ പുറകുവശത്തെ മതിലാണ് വീണത്. ജയിലിലെ കോഴിഫാമിനോട് ചേർന്നുള്ള ഒമ്പതാം ബ്ലോക്കിന് സമീപം 25 മീറ്ററോളം ദൂരത്തിൽ മതിൽ ഇടിഞ്ഞു. തൽകാലികമായി ഷീറ്റ് വച്ച് ഇവിടം മറയ്ക്കുമെന്നും അവധിയിൽ പോയ ഉദ്യോഗസ്ഥരോട് തിരികെ വരാൻ പറഞ്ഞിട്ടുണ്ടെന്നും ജയിലിൽ സുരക്ഷ ശക്തമാക്കുമെന്നും സൂപ്രണ്ട് ഡോ. പി വിജയൻ അറിയിച്ചു.കാസർഗോഡ് നീലേശ്വരം വില്ലേജ് ഓഫീസ് ഭാഗികമായി തകർന്നു. ആർക്കും അപകടമില്ല. ഓഫീസിൽ നിന്ന് ഫയലുകൾ മാറ്റി. കാസർഗോഡ് തീരപ്രദേശങ്ങളിൽ കാലാക്രമണം രൂക്ഷമാണ്. തൃക്കണ്ണാടിൽ രണ്ട് വീടുകൾ പൂർണമായും കടലെടുത്തു.

തെരുവുനായ ആക്രമണം;കണ്ണൂരിൽ തെരുവുനായ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടിയെന്ന് ജില്ലാ പഞ്ചായത്ത്

കണ്ണൂർ: ജില്ലയിൽ തെരുവുനായ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ ജില്ലാ ആസൂത്രണ സമിതി തീരുമാനം. തലശ്ശേരി കോപ്പാലം, കുത്തുപറമ്പ് ബ്ലോക്ക് പരിധി, പരിയാരം, ശ്രീകണ്ഠാപുരം നഗരസഭാ പരിധി, എരമം കുറ്റൂർ, കുറുമാത്തൂർ, അഴീക്കോട് പള്ളിക്കുന്നുമ്പ്രം എന്നീ സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. ഈ സ്ഥലങ്ങൾ അനുയോജ്യമാണോ എന്ന് പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. ജനങ്ങൾക്ക് എബിസി കേന്ദ്രങ്ങളോട് എതിർപ്പ് പാടില്ല. ഈ കേന്ദ്രങ്ങൾ കൊണ്ട് പ്രദേശവാസികൾക്ക് ഒരു പ്രയാസവും ഉണ്ടാകില്ലെന്നും മാലിന്യം പൊതു ഇടങ്ങളിൽ തള്ളിയാൽ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായി പി പി ദിവ്യ പറഞ്ഞു.അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.പത്തനംതിട്ട കുളനടയിൽ ഒൻപതുപേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ത്യശൂരിൽ തെരുവുനായുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ സൈക്കിൾ പോസ്റ്റിലിടിച്ച് വീണ് വിദ്യാർഥിയുടെ പല്ലുകൾ കൊഴിഞ്ഞു.ചിയ്യാരത്തെ ജെറി യാസിന്റെ മകൻ 16 കാരനായ എൻ ഫിനോവിനാണ് പരിക്കേറ്റത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങിവരുന്നതുനിടയിലാണ് അപകടം. അക്രമിക്കുന്നതിനടയിൽ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ സൈക്കിള്‍ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ മൂന്ന് പല്ലുകൾ കൊഴിഞ്ഞു, മുഖത്ത് പരിക്കേറ്റിട്ടുമുണ്ട്.

ആധാർ കാർഡ് പുതുക്കുന്നതിനുള്ള സമയപരിധി സെപ്തംബർ 14 വരെ നീട്ടി;ഓൺലൈൻ സേവനം ഉപയോഗിക്കാൻ കഴിയുക മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രം

തിരുവനന്തപുരം:ആധാർ കാർഡ് പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബർ 14 വരെ നീട്ടി. പത്ത് വർഷം മുൻപെടുത്ത ആധാർ കാർഡുകൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാവുന്നതാണ്. കേരള സംസ്ഥാന ഐടി മിഷന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയുകയുള്ളൂ എന്നും അറിയിപ്പിലുണ്ട്.പത്തുവർഷത്തിലേറെയായി ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർക്ക് അവരുടെ മേൽവിലാസമോ, ജനനത്തിയതിയോ, മറ്റ് വിവരങ്ങളോ സൗജന്യമായി തിരുത്തുന്നതിന് ജൂൺ 14 വരെയായിരുന്നു നേരത്തെ സമയം അനുവായിച്ചിരുന്നത്.എന്നാൽ അക്ഷയ സെന്ററുകളിലെ ഉൾപ്പെടെ സാങ്കേതികപ്രശ്‌നങ്ങൾ കാരണം വെബൈസൈറ്റ് ലഭ്യമല്ലെന്ന കാരണത്താൽ നിരവധിപേർക്ക് ആധാർ പുതുക്കാനുള്ള അവസരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കാലാവധി നീട്ടിക്കൊണ്ടുള്ള അറിയിപ്പ്.അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാക്കാവുന്നതാണ്. 50 രൂപയാണ് ഫീസ് നൽകേണ്ടത്.

കണ്ണൂർ മുഴപ്പിലങ്ങാട് പതിനൊന്നു വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു

കണ്ണൂർ: പതിനൊന്ന് വയസ്സുകാരനെ തെരുവ് നായ കടിച്ചു കൊന്നു. എടക്കാട് കെട്ടിനകം സ്വദേശി നിഹാൽ നൗഷാദാണ് കൊല്ലപ്പെട്ടത്. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാൽ.പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.ഉടൻ തന്നെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ ശരീരമാസകലം നായകൾ മാന്തിയതിന്റെയും കടിച്ചതിന്റെയും പാടുകളുണ്ട്. തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുമണ്ട്. കഴുത്തിന് പുറകിലും ചെവിയ്‌ക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവുകളാണ്.ഇടതുകാലിന്റെ തുടയിലെ മാംസം പൂർണ്ണമായും കടിച്ചെടുത്ത നിലയിലും പൊക്കിളിന് ആറ് ഇഞ്ച് താഴെ മുതൽ കാൽ മുട്ടു വരെ കടിച്ച് പറിച്ച നിലയിലുമായിരുന്നു.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഓട്ടിസം ബാധിച്ച നിഹാലിനെ വീട്ടിൽ നിന്നും കാണാതായത്. കുട്ടിയ്‌ക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല.

ആലപ്പുഴ പുന്നമൂട്ടിൽ ആറുവയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി;മദ്യലഹരിയിലെന്ന് നിഗമനം

ആലപ്പുഴ: പുന്നമൂട്ടിൽ ആറുവയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.ഴു കൊണ്ട് കുട്ടിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു ഇയാൾ.പുന്നമൂട്ടിൽ ആനക്കുട്ടിൽ നക്ഷത്രയാണ് പിതാവിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്.കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചുകഴിഞ്ഞിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അതേസമയം ഇയാൾക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുള്ളിക്കുളങ്ങര ഗവ. എൽ.പി. സ്‌ക്കഉൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് നക്ഷത്ര.നക്ഷത്രയുടെ കഴുത്തിന് വലത് ഭാഗത്താണ് മഴു കൊണ്ട് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി ഏഴരയോടെയാണു ആക്രമണം.മഹേഷും മകളും മാത്രമായിരുന്നു വീട്ടിൽ താമസം. മഴു ഉപയോഗിച്ച് നക്ഷത്രയുടെ കഴുത്തിൽ മഹേഷ് വെട്ടുകയായിരുന്നു. സമീപത്തുള്ള മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മുത്തശ്ശി സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഇത് കണ്ട് പുറത്തേക്കോടിയ സുനന്ദയെ മഹേഷ് പിന്തുടരുകയും ആക്രമിക്കുകയും ചെയ്തു. ഇവരുടെ കഴുത്തിനും തലക്കും വെട്ടേറ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് എത്തി ബലം പ്രയോഗിച്ച് മഹേഷിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.ബഹളം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾക്ക് നേരേ പ്രതി മഴു വീശി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. നക്ഷത്രയുടെ അമ്മ വിദ്യ ഒന്നര വർഷം മുൻപ് മരണപ്പെട്ടിരുന്നു. രണ്ടര വർഷം മുൻപാണ് മഹേഷിന്റെ പിതാവ് ട്രെയിൻ തട്ടി മരണപ്പെടുന്നത്. അച്ഛന്റെ മരണത്തെ തുടർന്ന് വിദേശത്തായിരുന്ന മഹേഷ് നാട്ടിലെത്തുകയായിരുന്നു.

സ്കൂൾ അദ്ധ്യയനം ഏപ്രിലിലേക്ക് നീട്ടാനുള്ള തീരുമാനം പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്; പ്രവൃത്തി ദിനം 205 ആക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ അദ്ധ്യയനം ഏപ്രിലിലേക്ക് നീട്ടാനുള്ള തീരുമാനം പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്.മാർച്ചിലെ അവസാന പ്രവൃത്തി ദിനത്തിൽ തന്നെ സ്‌കൂൾ മദ്ധ്യവേനലവധിയ്‌ക്കായി അടയ്‌ക്കും. ആകെ 205 പ്രവൃത്തി ദിനങ്ങളാകും ഉണ്ടാവുക. ഇതോടെ 210 അദ്ധ്യയന ദിനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വിദ്യാഭ്യാസ കലണ്ടറിലും മാറ്റമുണ്ടാകും.അദ്ധ്യായന ദിവസങ്ങളുടെ എണ്ണം ഏകപക്ഷീയമായി വർദ്ധിപ്പിക്കുകയും ഏപ്രിലിലേക്ക് നീട്ടുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയ്‌ക്കെതിരെ വിവിധ വിദ്യാഭ്യാസ സംഘടനകളാണ് രംഗത്ത് വന്നത്. നേരത്തെ സ്‌കൂളുകൾക്ക് 210 അദ്ധ്യയന ദിനങ്ങൾ നിശ്ചിച്ച് വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കിയിരുന്നു.

കണ്ണൂർ എസ്പി ഓഫീസിന് സമീപം യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കണ്ണൂർ: കണ്ണൂർ എസ്പി ഓഫീസിന് സമീപം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ലോറി ഡ്രൈവറായ പൂളക്കുറ്റി സ്വദേശി വി.ഡി.ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. രാവിലെ 3 മണിയോടെയാണ് സംഭവം. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. രണ്ട് പേരാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതാണ് ഇയാളെന്ന് നാട്ടുകാർ പറയുന്നു. കുത്തേറ്റ് ഓടുന്നതിനിടെ ജിന്റോ റോഡിൽ വീഴുകയായിരുന്നു. വീണ ഉടനെ ഇയാൾ മരിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഭാര്യ ലിഡിയ.സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് പൂളക്കുറ്റി പള്ളിയിൽ.

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

തൃശൂർ: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു.തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. ഉല്ലാസ് അരൂർ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബിനു അടിമാലിയുടെ മുഖത്ത് പൊട്ടലുകളുണ്ട്. ഹാസ്യപരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു.2015-ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധി സിനിമാ രംഗത്തെത്തിയത്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച സിനിമകൾ.

കുളത്തിൽ കുളിക്കുന്നതിനിടയിൽ അപകടം;കണ്ണൂരിൽ മകന് പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു

കണ്ണൂർ: കുളത്തിൽ കുളിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ മകൻ മുങ്ങിമരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു.അരോളി സ്വദേശിയായ പി രാജേഷാണ് മരിച്ചത്.രാജേഷിന്റെ മകൻ രംഗീത് രാജ് (14) ഇന്നലെ ഉച്ചയ്‌ക്കാണ് മുങ്ങിമരിച്ചത്. കണ്ണൂർ എടയന്നൂരിലാണ് സംഭവം ഉണ്ടായത്.കൊട്ടിയൂർ ഉത്സവത്തിന് പോകുന്നതിനിടെ കുളത്തിൽ കുളിക്കാനിറങ്ങിയതാണ് ഇരുവരും. ഇരുവരുടെയും വസ്ത്രവും മാലയും കരയിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് രണ്ടു പേരെയും കുളത്തിൽ അവശനിലയിൽ കണ്ടെത്തിയത്.കുളത്തിൽ മുങ്ങിപ്പോയ രാജേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത്.ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് രംഗീത് രാജ് മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരുന്നു രാജേഷ്. കീച്ചേരിയിൽ ഓട്ടോ ഡ്രൈവറായിരുന്നു രാജേഷ്. അരോളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു രംഗീത്..

ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം;233 മരണം; 900ത്തിലേറെ പേർക്ക് പരിക്ക്

ന്യൂഡൽഹി: ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. 900ത്തിലേറെ പേർക്ക് പരിക്കേറ്റു. ബലാസൂർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.തുടർന്ന് എക്‌സ്പ്രസ് ട്രെയിനിന്റെ എട്ടോളം ബോഗികൾ മറിയുകയായിരുന്നു.പശ്ചിമ ബംഗാളിലെ ഷാലിമറിൽ നിന്ന് പുറപ്പെടുകയും ചെന്നൈയിലെ പുറച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ റെയിൽവേ സ്‌റ്റേഷനിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.ബാലേശ്വർ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്.വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റവരില്‍ നാല് മലയാളികളുണ്ടെന്നും തൃശൂര്‍ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നുമാണ് വിവരം. അപകടത്തിൽപ്പെട്ട എസ്എംവിടി – ഹൗറ എക്സ്പ്രസിൽ ബെംഗളുരുവിൽ നിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവെ അറിയിച്ചു. ഇതിൽ 300-പേർ റിസർവ് ചെയ്യാതെയാണ് കയറിയത്. എസ്എംവിടി – ഹൗറ എക്സ്പ്രസിന്റെ പിൻവശത്തുള്ള ജനറൽ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകൾ പറ്റിയത്. പിന്നിൽ ഉള്ള ഒരു ജനറൽ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വൺ മുതൽ എഞ്ചിൻ വരെയുള്ള കോച്ചുകളിൽ വലിയ കേടുപാടുകൾ പറ്റിയത്. പിന്നിൽ ഉള്ള ഒരു ജനറൽ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വൺ മുതൽ എഞ്ചിൻ വരെയുള്ള കോച്ചുകളിൽ വലിയ കേടുപാടുകൾ ഇല്ലെന്നും റെയിൽവെ അറിയിച്ചു. അതേസമയം റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിവരങ്ങൾ നൽകാൻ ബുദ്ധിമുട്ടായിരിക്കുകയാണ്.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ശനിയാഴ്ച നടത്താനിരുന്ന ഗോവ -മുംബൈ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും അപകടത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.