Kerala, News

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം; പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തി പോലീസ്

വയനാട് : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തി പോലീസ്.120 ബിയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ഗൂഢാലോചനയും വധശ്രമവും ചുമത്താത്തതിനെതിരെ നേരത്തെ പോലീസിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. ആദ്യഘട്ടത്തില്‍ പ്രതികള്‍ക്കെതിരെ മർദ്ദനം, തടഞ്ഞ് വയ്‌ക്കല്‍, ആത്മഹത്യാ പ്രേരണ, റാഗിംഗ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. ഇതിനൊപ്പം ഗൂഢാലോചനാ, വധശ്രമം ഉള്‍പ്പെടെ ചേർക്കണമെന്നതായിരുന്നു ഉയർന്നിരുന്ന ആവശ്യം. വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ മനപൂർവ്വം തിരിച്ചു വിളിച്ചത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. ശേഷം നടന്ന മർദ്ദനത്തിന് പിന്നിലും വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.സിദ്ധാർഥനെ ആള്‍ക്കൂട്ടവിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്ക് പോയിടത്തുനിന്ന് തിരിച്ചുവിളിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പോലീസ് വ്യക്തമാക്കുന്നുണ്ട്. പ്രാഥമികമായിത്തന്നെ ഇതില്‍ ഗൂഢാലോചന വ്യക്തമാണെങ്കിലും നേരത്തെ പോലീസ് പ്രതികളുടെപേരില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നില്ല. റാഗിങ് ശക്തമായ വകുപ്പാണെങ്കിലും കൊലപാതകശ്രമം ചുമത്താനുള്ള എല്ലാസാധ്യതകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍നിന്നുതന്നെ വ്യക്തമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.ബി.വി.എസ്.സി. രണ്ടാംവർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളേജില്‍വെച്ച്‌ സിദ്ധാർഥന് ക്രൂരമർദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.

Previous ArticleNext Article