കൊറോണ വൈറസ്: മലയാളികളടക്കം 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നു

keralanews corona virus outbreak 85 indian students including malayalees trapped in italy

റോം:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ മലയാളികളടക്കം 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.വടക്കന്‍ ഇറ്റലിയിലെ ലോംബാര്‍ഡി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാവിയ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് ഒരാഴ്ചയായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളില്‍ നാലുപേര്‍ മലയാളികളാണ്. 15 പേര്‍ തമിഴ്‌നാട്ടില്‍നിന്നും 20 പേര്‍ കര്‍ണാടകത്തില്‍നിന്നും 25 പേര്‍ തെലങ്കാനയില്‍നിന്നും രണ്ടുപേര്‍ ഡല്‍ഹിയില്‍നിന്നും രാജസ്ഥാന്‍, ഡെറാഡൂണ്‍, ഗുരുഗ്രാം എന്നിവിടങ്ങളില്‍നിന്ന് ഒരോ ആള്‍ വീതവുമാണുള്ളത്. പാവിയ സര്‍വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്.സർവകലാശാലയിലെ സ്റ്റാഫുകളിലെ 15 പേര്‍ കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാണ്.മേഖലയില്‍ 17 മരണം റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദുചെയ്തിരുന്നു. വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാവുമെന്ന് ഒരു വിദ്യാര്‍ഥി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.നഗരത്തിലെ പലചരക്കുകടകളില്‍നിന്നുള്ള സാധനങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.അതേസമയം യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ പടരുകയാണ്. ലോകത്തിലുട നീളം 87,000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ ഞായറാഴ്ച മാത്രം 11 പേര്‍ കൊറോണ ബാധിച്ച്‌ മരിച്ചു. ചെക്ക് റിപ്പബ്ലിക്കിലും ,സ്‌കോട്ട്‌ലന്‍ഡിലും, ഡൊമിനിക്കല്‍ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിലെ കറാച്ചിയിൽ ട്രെയിൻ ബസ്സിലിടിച്ച് 18 മരണം

keralanews 18 died when train hits bus in karachi pakistan

കറാച്ചി:കറാച്ചിയിൽ ട്രെയിൻ ബസ്സിലിടിച്ച് 18 മരണം നിരവധിപേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാനിലെ സതേണ്‍ സിന്ദ് പ്രവിശ്യയില്‍ ആളില്ലാ റെയില്‍ ക്രോസ് മുറിച്ച്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കറാച്ചിയില്‍നിന്നും ലാഹോറിലേക്കു പോകുകയായിരുന്ന പാക്കിസ്ഥാന്‍ എക്പ്രസ് ട്രെയിനാണ് ബസിലിടിച്ചത്.സിന്ദ് പ്രവിശ്യയിലെ സുക്കുര്‍ ജില്ലയിലാണ് അപകടമുണ്ടായത്.രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ 18 പേര്‍ മരിച്ചുവെന്നും 55 പേര്‍ക്ക് പരിക്കേറ്റെന്നും സുക്കുര്‍ ഡെപ്യുട്ടി കമ്മീഷണര്‍ റാണ അദീല്‍ പറഞ്ഞു.പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും അദീല്‍ കൂട്ടിച്ചേര്‍ത്തു. അതിനാൽത്തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത.ലോക്കോപൈലറ്റിനും അപകടത്തില്‍ പരിക്കേറ്റതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

ഉംറ തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവെച്ച്‌ സൗദി അറേബ്യ;കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കിഅയച്ചതായി റിപ്പോര്‍ട്ട്

keralanews Saudi Arabia suspends entry for Umrah pilgrimage due to corona virus threat and pilgrims came in kozhikkode airport were sent back

ജിദ്ദ:കൊറോണ വൈറസ് ഭീതി പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു.ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം.ഉംറ തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവച്ചതായി സൗദി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ഇതിനെതുടര്‍ന്ന് ഉംറ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കിഅയച്ചിട്ടുണ്ട്. ഉംറക്കായി ഇഹ്‌റാം കെട്ടിയവരടക്കമുള്ളവര്‍ക്കാണ് തിരിച്ചുമടങ്ങേണ്ടി വന്നത്. മക്കയിലും മദീനയിലും കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലെ ആളുകള്‍ പ്രവേശിക്കരുതെന്നാണ് വിലക്ക്. മുന്‍ കരുതലിന്റെ ഭാഗമായാണിതെന്നും സഊദി വൃത്തങ്ങള്‍ അറിയിച്ചു.ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.പുതിയ കൊറോണ വൈറസ് സംഭവവികാസങ്ങള്‍ സഊദി ആരോഗ്യ അധികൃതര്‍ സൂക്ഷ്മമായി പരിശോധിച്ചു വരുകയാണ്. വൈറസ് പടരാതിരിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ നടപടിയുടെ ഭാഗമായിട്ടാണ് തീരുമാനം. അതിനിടെ ആശങ്ക വേണ്ടതില്ലെന്നും സര്‍ക്കാര്‍ കൈക്കൊള്ളുന്ന മുന്‍കരുതല്‍ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.നിലവില്‍ സൗദി അറേബ്യയും ഖത്തറും ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗ വ്യാപനം തടയാനായി ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള എല്ലാ വിമാന സര്‍വീസുകളും 48 മണിക്കൂര്‍ നേരത്തേക്ക് ബഹ്‌റൈന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ബഹ്‌റൈനില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു;സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

keralanews corona virus outbreak in bahrain and leave for schools

മനാമ:ബഹ്‌റൈനില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു.പുതുതായി ആറ് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിതീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 23 ആയി.ഇതോടെ രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനായി എല്ലാവിധ മുന്‍കരുതല്‍ നടപടിയും സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.നിലവില്‍ നാലു പുരുഷന്മാരെയും രണ്ടു സ്ത്രീകളെയുമാണ് സല്‍മാനിയയിലെ ഇബ്രാഹിം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇറാനില്‍ നിന്നു ഷാര്‍ജ വഴി ബഹ്‌റൈനിലെത്തിയതായിരുന്നു ഇവര്‍.രോഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ചക്കാലത്തേക്കു അടച്ചിട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സ്‌കൂള്‍ നാളെ മുതല്‍ രണ്ടാഴ്ചക്കാലത്തേക്കു പ്രവര്‍ത്തിക്കുന്നതല്ലെന്നും ഈ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്‌ഇ പരീക്ഷകള്‍ മാറ്റിവെച്ചതായും ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

കൊറോണ വൈറസ്;ചൈനയിൽ മരണസംഖ്യ 2600 ആയി

keralanews corona virus death toll rises to 2600 in china

ബെയ്‌ജിങ്‌:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 2600 ആയി.508 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ ചൈന യില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 77,658 കവിഞ്ഞു.കൊറോണ വൈറസ് ബാധയേറ്റ് ഇന്നലെ ഏതാണ്ട് 71 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം പുതുതായി 56 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയ്ക്ക് ശമനമില്ലാതെ തുടരുന്ന ഈ സാഹചര്യത്തില്‍ മാര്‍ച്ചില്‍ നടക്കേണ്ട പാര്‍ലമെന്റിന്‍റെ വാര്‍ഷിക സമ്മേളനവും നീട്ടിവെച്ചിട്ടുണ്ട്. ഇതിനിടയില്‍ ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 893 കവിഞ്ഞു. പുതുതായി 60 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ഇതുവരെ എട്ടു പേരാണ് കൊറോണമൂലം ഇവിടെ മരണമടഞ്ഞത്. കിഴക്കന്‍ കൊറിയയിലെ ഡെയിഗു, ചെങ്‌ഡോ നഗരങ്ങളിലാണ് രോഗം പടരുന്നത്.ഇതിനിടയില്‍ ഇറ്റലിയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന്‍ ഉത്തര ഇറ്റലിയില്‍ കനത്ത നിയന്ത്രണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, കുവൈറ്റ്, ബഹറിന്‍ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസ്:മരണസംഖ്യ രണ്ടായിരം കടന്നു

keralanews coron virus death toll rises to 2000

ചൈന:കൊറോണ വൈറസ് ബാധിച്ച്‌ വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു.ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ മാത്രം ഇന്നലെ 132 പേര്‍ മരിച്ചു. ഇവിടെ 1693 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.ഇതോടെ ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 75,121 ആയി.രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തിലെ വുചാങ് ആശുപത്രി ഡയറക്ടര്‍ ഡോ. ലിയു ഷിമിങും കഴിഞ്ഞദിവസം വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചിരുന്നു. വുഹാനില്‍ രോഗബാധിതരെ കണ്ടെത്താനായി ആരോഗ്യവകുപ്പ് അധികൃതര്‍ വീടുകളില്‍ കയറി പരിശോധന ആരംഭിച്ചു.രോഗികളുമായി സമ്പർക്കം പുലര്‍ത്തിയ എല്ലാവരെയും നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയരാക്കും.വൈറസ് ബാധ കണ്ടെത്തുന്ന എല്ലാവരെയും പ്രത്യേക കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കും. ഇതിനായി നിരവധി താല്‍ക്കാലിക കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ബീജിങ്, ഷാംഗായ് എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധ ഡോകടര്‍മാരും നഴ്സുമാരും ഉള്‍പ്പടെ ഏകദേശം 25,000 മെഡിക്കല്‍ ജീവനക്കാരാണ് കൊറോണ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനായി ഹ്യൂബെയില്‍ എത്തിയിട്ടുള്ളത്.അതേസമയം കൊറോണ ആശങ്കയെ തുടര്‍ന്ന് യോക്കോഹോമയില്‍ തടഞ്ഞ് വെച്ചിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ നിന്ന് യാത്രാക്കാരെ വിട്ടയക്കുമെന്ന് ജപ്പാന്‍ അറിയിച്ചു. വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം വുഹാനിലേക്ക് പോകും. സി17 മിലിറ്ററി എയര്‍ക്രാഫ്റ്റ് ഫെബ്രുവരി 20നായിരിക്കും വുഹാനിലെത്തുക.ചൈനയിലേക്ക് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഇതേ വിമാനത്തില്‍ കയറ്റി അയക്കും.നേരത്തെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളിലായി 645 ഇന്ത്യക്കാരെ തിരികെ രാജ്യത്തെത്തിച്ചിരുന്നു.

കൊറോണ വൈറസ്;മരണസംഖ്യ ഉയരുന്നു; ചൈനയില്‍ മരണം 1631; ഇന്നലെ മാത്രം 139 മരണം

keralanews corona virus death toll rises 1631 died in china 139 deaths were reported yesterday

ബെയ്‌ജിങ്‌:കൊറോണ വൈറസ് ബാധയെ തുടർന്നുള്ള മരണസംഖ്യ ഉയരുന്നു.ചൈനയില്‍ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1631 ആയി.ഇന്നലെ മാത്രം 139 പേരാണ് മരിച്ചത്.ചൈനയില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 2641 പേര്‍ക്കാണ്. ഇതില്‍ 2000 പേരും ഹ്യൂബെ നിവാസികളാണ്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 67,535 ആയി.കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഹ്യൂബെയില്‍ മാത്രം 56 ദശലക്ഷം ജനങ്ങളാണ് വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ബീജിങ്ങിലെത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈന കഴിഞ്ഞ ദിവസങ്ങളില്‍ നടപടി സ്വീകരിച്ചിരുന്നു.അതിനിടെ കൊറോണ വൈറസ് ആഫ്രിക്കയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഈജിപ്തിലും കൊറോണ സ്ഥിരീകരിച്ചു.കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫെയ്സ്ബുക്ക് ഉച്ചകോടി മാറ്റിവെച്ചു. ലോകത്ത് 28 ഓളം രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറമെ, ഫിലിപ്പീന്‍സ്, ഹോങ്കോങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ കൊറോണ ബാധിച്ച്‌ ഓരോരുത്തര്‍ മരിച്ചിരുന്നു. ജപ്പാനിലെ യോകോഹാമ തുറമുഖത്തു പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതുവരെ 3 ഇന്ത്യക്കാര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. 3 പേരെയും ആശുപത്രിയിലേക്കു മാറ്റി.

കൊറോണ വൈറസ്;ചൈനയിൽ മരിച്ചവരുടെ എണ്ണം 1486 ആയി

keralanews corona virus death toll in china rises to 1486

ബെയ്‌ജിങ്‌:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം 114 പേരാണ് മരിച്ചത്. 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹോങ്കോങ്, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനിസ് പ്രവിശ്യയായ ഹുബെയില്‍ 242 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 13 വരെ കൊറോണ വൈറസ് ബാധിച്ച 4823 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതിനിടെ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹൂബെ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഹൂബെയിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരെയാണ് തത്‍സ്ഥാനത്ത് നിന്ന് മാറ്റിയത്. വുഹാനിലെ ചില ഉദ്യോഗസ്ഥരെയും ചൈനീസ് സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. കൊറോണ ഭീഷണി കാരണം ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഇന്ത്യക്കാര്‍ക്ക് സഹായം എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ മൂന്ന് കേസുകള്‍ ഒഴിച്ചാല്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കൊറോണ സ്ഥിതീകരിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

കൊറോണ വൈറസ്;ചൈനയിൽ മരണം 1350 നു മുകളില്‍

keralanews corona virus death toll in china rises to 1350

ബെയ്‌ജിങ്‌:ചൈനയെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധിതരുടെ മരണസംഖ്യ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ബുധനാഴ്ച വുഹാനില്‍ 242 പേര്‍ കൂടി മരിച്ചതോടെ മരണനിരക്ക് 1350-ന് മുകളിലെത്തി. കൂടാതെ 14,840 പുതിയ കേസുകളില്‍ കൂടി സ്ഥിരീകരിച്ചതോടെ ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 60,000 ആയി. ഇതില്‍ 48,000 കേസുകളില്‍ വുഹാനിലാണ്.ഇതിനിടെ കഴിഞ്ഞ ദിവസം ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ യോഗം കൊറോണ വൈറസിന് ഔദ്യോഗിക നാമകരണം നല്‍കിയിരുന്നു. ‘കൊവിഡ് 19’ എന്നാണ് പേര് നല്‍കിയത്.ഇതുവരെ 20 രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ട്. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലും ഷാംഗ്ഹായിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ഈ മാസം അവസാനത്തിലോ മധ്യത്തിലോ ആയി വൈറസ് ബാധ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് സാക്രമികരോഗ വിദഗ്ധന്‍ ഷോംഗ് നന്‍ഷാന്‍ പറഞ്ഞു. അതേസമയം, ജപ്പാനിലെ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ഡയമണ്ട് പ്രിന്‍സ് എന്ന കപ്പലിലെ രണ്ട് ഇന്ത്യന്‍ ജീവനക്കാര്‍ക്കാണ് കൊറോണ സ്ഥീരികരിച്ചത്. ഇതോടെ കപ്പലില്‍ പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നവരില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 175 ആയി. കപ്പലില്‍ ആകെ 3,700 യാത്രക്കാരാണുള്ളത്.

മതിയായ സുരക്ഷാ സംവിധാനങ്ങളില്ല;എട്ടു മലയാളികൾ ശ്വാസംമുട്ടി മരിച്ച നേപ്പാളിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ട് മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവ്

keralanews inadequate security facilities order to shut everest panorama resort for three months where eight kerala tourists died

കാഠ്‍മണ്ഡു:മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് എട്ടു മലയാളികൾ ശ്വാസംമുട്ടി മരിച്ച നേപ്പാളിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ട് സർക്കാർ അടച്ചുപൂട്ടി.മതിയായ സരുക്ഷാ സംവിധാനങ്ങളില്ലാത്തതും നടത്തിപ്പിലെ വീഴ്‍ചകളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ റിസോര്‍ട്ടിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം നിറുത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഞായറാഴ്‍ചയാണ് നേപ്പാള്‍ ടൂറിസം വകുപ്പ് നോട്ടീസ് നല്‍കിയത്.മലയാളി ടൂറിസ്റ്റുകളുടെ മരണത്തെക്കുറിച്ച്‌ അന്വേഷിച്ച പ്രത്യേക സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം മുറിയില്‍ ഇലക്‌ട്രിക് ഹീറ്റിംഗ് സൗകര്യമുണ്ടായിരുന്നെങ്കിലും വിനോദസഞ്ചാരികള്‍ റസ്റ്റോറന്റിലെ ഗ്യാസ് ഹീറ്റര്‍ എടുത്തു കൊണ്ടുപോവുകയായിരുന്നു എന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ നല്‍കിയ മൊഴി.എന്നാല്‍ റിസോര്‍ട്ടില്‍ അതിഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോ സുരക്ഷയോ നല്‍കുന്നില്ലെന്നും റിസോര്‍ട്ട് എന്ന വിഭാഗത്തില്‍പ്പെടുത്താനുള്ള ഘടകങ്ങളും ഈ സ്ഥാപനത്തിനില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.കഴിഞ്ഞ മാസം 20നാണ് ദാമനിലെ റിസോര്‍ട്ട് മുറിയില്‍ നാല് കുട്ടികളടക്കം എട്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്ററില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്. തുറസായ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന ഗ്യാസ് ഹീറ്റര്‍ മുറിക്കുള്ളില്‍ വെച്ചത് ഹോട്ടല്‍ മാനേജുമെന്‍റിന്‍റെ വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.