ഹർനാസ് സന്ധു വിശ്വസുന്ദരി; രണ്ട് പതിറ്റാണ്ടിനുശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം

keralanews harnas sandhu miss universe after two decades miss world title to india

എയ്‌ലാറ്റ്: 2021ലെ വിശ്വസുന്ദരി കിരീടം ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവിന്.21 വർഷങ്ങൾക്ക് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്.പഞ്ചാബ് സ്വദേശിനിയാണ് 21 കാരിയായ ഹർനാസ് സന്ധു.ഇസ്രയേലിലെ എയ്‌ലെറ്റിലായിരുന്നു 70ാമത് വിശ്വസുന്ദരി മത്സരം നടന്നത്.ഫൈനലിൽ പരാഗ്വയുടേയും ദക്ഷിണാഫ്രിക്കയുടേയും സുന്ദരികളെ പിന്തള്ളിയാണ് ഹർനാസിന്റെ കിരീടനേട്ടം. 2020തിലെ മുൻ വിശ്വസുന്ദരിയായ ആൻഡ്രിയ മെസ ഹർനാസിനെ കിരീടം ചൂടിച്ചു. 2000ത്തിൽ ലാറ ദത്തയാണ് ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത്. 1994ൽ സുസ്മിത സെന്നിനാണ് ഇന്ത്യയിൽ നിന്നും വിശ്വസുന്ദരി പട്ടം ആദ്യമായി ലഭിക്കുന്നത്. 80 രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുത്തിരുന്നു.2017-ലാണ് ഹർനാസ് മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് ഹർനാസ്. 2019ലെ മിസ് ഇന്ത്യ വിജയിയാണ്. രണ്ട് പഞ്ചാബ് ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.

രണ്ട് ചോദ്യങ്ങളാണ് മത്സരത്തിൽ ഹർനാസിന് നേരിടേണ്ടി വന്നത്.സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഇന്നത്തെ സ്ത്രീകൾക്ക് നൽകുന്ന സന്ദേശമെന്താണെന്നതായിരുന്നു ആദ്യത്തെ ചോദ്യം. ‘അവനവനിൽ തന്നെ വിശ്വസിക്കാനാണ് ഓരോ സ്ത്രീയും പഠിക്കേണ്ടത്. ഓരോ വ്യക്തിയും പ്രത്യേകതകൾ ഉള്ളവരാണ്.അതുകൊണ്ട് മറ്റുള്ളവരുമായി താരതമ്യം ഒഴിവാക്കുക.നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും.ലോകത്തിൽ നടക്കുന്ന കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം.നമുക്ക് വേണ്ടി ശബ്ദിക്കാൻ നാം മാത്രമാണ് ഉള്ളതെന്ന് മനസിലാക്കണം. നിങ്ങളുടെ ശബ്ദം നിങ്ങൾ മാത്രമാവുക.ഞാൻ എന്നിൽ വിശ്വസിച്ചു. അതുകൊണ്ടാണ് ഇന്ന് ഈ വേദിയിൽ നിൽക്കുന്നത്’ എന്നായിരുന്നു ഹർനാസിന്റെ ഉത്തരം.കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. കാലാവസ്ഥാ വ്യതിയാനം എന്നത് ഒരു വ്യാജവാദമാണെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്താണ് നിങ്ങളുടെ പ്രതികരണം എന്നതായിരുന്നു ചോദ്യം. വാചകമടിയെക്കാൾ പ്രകൃതിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും, തനിക്കാവുന്നതെല്ലാം താൻ ചെയ്യുമെന്നുമായിരുന്നു ഹർനാസിന്റെ മറുപടി.

യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വാരാന്ത്യ അവധി ദിവസങ്ങളില്‍ മാറ്റം;അവധി ഇനി മുതൽ ശനി, ഞായര്‍ ദിവസങ്ങളിൽ

keralanews change in weekend holidays in the public sector in the uae holidays will now be on saturdays and sundays

അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വാരാന്ത്യ അവധി ദിവസങ്ങളില്‍ മാറ്റം. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് അവധി മാറ്റിയിരിക്കുന്നത്.തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴര മുതല്‍ മൂന്നര വരെയും, വെള്ളിയാഴ്ച രാവിലെ എഴര മുതല്‍ പന്ത്രണ്ട് മണിവരെയുമാണ് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തി സമയം നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ച മുതല്‍ ഞായര്‍ വരെ അവധിയായിരിക്കും.ഇത്തരത്തിൽ നാലര ദിവസത്തെ പ്രവൃത്തി ആഴ്ചയിലേക്കാണ് മാറുന്നതെന്ന് യുഎഇ പ്രഖ്യാപിച്ചു. പുതിയ സമയക്രമം 2022 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടില്ല.ഇതോടെ ദേശീയ പ്രവൃത്തി ദിനം അഞ്ച് ദിവസത്തിലും താഴെയാക്കുന്ന ആദ്യ രാജ്യമാകും യുഎഇ. പ്രവൃത്തി ദിനങ്ങളിൽ എട്ട് മണിക്കൂർ വീതമാണ് പ്രവർത്തന സമയം. വെള്ളിയാഴ്ച ഇത് നാലര മണിക്കൂറാകും. ദൈർഘ്യമേറിയ വാരാന്ത്യം ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നും തൊഴിലും ജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.

ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡിന്റെ പുതിയ വകഭേദം ‘ഒമിക്രോൺ’ അതീവ അപകടകാരിയെന്ന് ലോകാരോഗ്യസംഘടന; ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്തി രാജ്യങ്ങള്‍

keralanews new variant of covid omicron reported in south africa is extremely dangerous says w h o countries ban travelers from south africa

വാഷിംഗ്ടണ്‍:ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡിന്റെ പുതിയ വകഭേദം അതീവ അപകടകാരിയെന്ന് ലോകാരോഗ്യസംഘടന.അതിതീവ്ര വ്യാപനശേഷിയുള്ള വൈറസുകൾക്കെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.കൊറോണയുടെ ബി.1.1.529 വകഭേദമായ വൈറസിന് ഒമിക്രോൺ എന്ന ഗ്രീക്ക് നാമവും ലോകരോഗ്യസംഘടന നൽകിയിട്ടുണ്ട്.നിലവിൽ ദക്ഷിണാഫ്രിക്കയുൾപ്പെടെ നാല് രാജ്യങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണയുടെ ഡെൽറ്റാ വകഭേദത്തെക്കാൾ അപകടകാരിയായ വൈറസ് അതിവേഗം പടർന്നുപിടിക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. അതിതീവ്ര ഘടനാ മാറ്റം സംഭവിക്കുന്ന വൈറസ് ബാധിക്കുന്നവരിൽ മരിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പ്രാഥമിക വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പരിശോധനയിൽ വൈറസിന്റെ എസ് ജീൻ കണ്ടെത്തുകയും പ്രയാസമേറിയതാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ബോട്‌സ്‌വാന, ഹോംങ് കോംഗ്, ഇസ്രായേൽ, ബെൽജിയം എന്നീ രാജ്യങ്ങളിലാണ് നിലവിൽ ഒമിക്രോൺ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതിന് പിന്നാലെ വ്യാപനം തടയാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിവിധ രാജ്യങ്ങൾ വിലക്ക് ഏര്‍പ്പെടുത്തി.ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കരുതല്‍ നടപടിയായി യാത്രക്കാരെ വിലക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനം എടുത്തേക്കുമെന്നും വിവരമുണ്ട്.കൊറോണ വൈറസിന്റെ B.1.1.529 വകഭേദത്തിന്റെ നൂറിലധികം കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം അംഗ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്യുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് ഉര്‍സുല വോന്‍ ഡെര്‍ ലെയെന്‍ ട്വിറ്ററില്‍ കുറിച്ചു.പുതിയ B.1.1.529 വൈറസ് കുറഞ്ഞത് 10 പരിവര്‍ത്തനമെങ്കിലും ഉണ്ടാകും. ഡെല്‍റ്റയ്ക്ക് രണ്ടെണ്ണമോ ബീറ്റയ്ക്ക് മൂന്നെണ്ണമോ ഉള്ളതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. ബീറ്റ വേരിയന്റ് കണ്ടെത്തിയ ആദ്യ രാജ്യമായിരുന്നു ദക്ഷിണാഫ്രിക്ക. ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ച നാല് വകഭേദങ്ങളില്‍ ഒന്നാണ് ബീറ്റ. വാക്സിനുകള്‍ ഈ വകഭേദത്തിനെതിരെ പ്രവര്‍ത്തിക്കില്ലെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ബോട്സ്വാന എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന വിമാനയാത്രക്കാര്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാകണമെന്ന് ഇന്ത്യ നിര്‍ദേശിച്ചു. കൊവിഡ് രോഗബാധ കണ്ടെത്തുന്ന യാത്രക്കാരുടെ സാമ്ബിളുകള്‍ നിയുക്ത ജീനോം സ്വീക്വന്‍സിംഗ് ലബോറട്ടറികളിലേക്ക് ഉടന്‍ അയക്കുന്നെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കോവാക്സിന് ബ്രിട്ടന്റെ അംഗീകാരം; 22 മുതല്‍ വാക്സിന്‍ എടുത്തവര്‍ക്ക് പ്രവേശനം; ക്വാറന്റീനും ആവശ്യമില്ല

keralanews u k recognition for covaxin admission for those who have been vaccinated no quarantine required

ലണ്ടൻ:ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ബ്രിട്ടന്റെ അംഗീകാരം. നവംബര്‍ 22 മുതല്‍ കോവാക്സിന്‍ എടുത്ത യാത്രക്കാര്‍ക്കും യുകെയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ അലക്സ് എല്ലിസ് ട്വിറ്ററില്‍ അറിയിച്ചു. നവംബര്‍ 22ന് പുലര്‍ച്ചെ നാല് മണി മുതലാണു മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. യാത്രയ്ക്കു മുന്‍പുള്ള കോവിഡ് പരിശോധനയില്‍ ഇളവ് ലഭിക്കും. എട്ടാം ദിനത്തിലെ പരിശോധന, ക്വാറന്റീന്‍ എന്നിവയിലും ഇളവുണ്ടാകും.ഇന്ത്യക്കു പുറമേ, ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആശ്വാസകരമാണ് ബ്രിട്ടന്റെ പുതിയ ഇളവുകള്‍.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരില്‍ കുത്തിവയ്ക്കുന്ന രണ്ടാമത്തെ വാക്സീനാണ് കോവാക്സിന്‍.ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്സിന്‍ 70 ശതമാനം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കോവാക്സിനു പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്സീനുകള്‍ക്കും യുകെയുടെ അംഗീകാരം നല്‍കി.

ഫേസ്ബുക്ക് കമ്പനി ഇനി മുതൽ ‘മെറ്റ’; പുതിയ പേര് പ്രഖ്യാപിച്ച്‌ മാര്‍ക്ക് സക്കര്‍ബര്‍ഗ്

keralanews facebook company now known as meta mark zuckerberg announces new name

ന്യൂയോര്‍ക്ക്: പേര് മാറ്റാനൊരുങ്ങി ഫേസ്ബുക്ക്. മെറ്റ എന്ന പേരിലായിരിക്കും ഫേസ്ബുക്ക് കമ്പനി  ഇനി മുതല്‍ അറിയപ്പെടുക. വെര്‍ച്വല്‍ റിയാലിറ്റി പോലുള്ള മേഖലകളിലേക്ക് കടക്കുന്നതിനാലാണ് ഇങ്ങനൊരു മാറ്റമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. അതേസമയം, ഈ പേര് മാറ്റം വ്യക്തിഗത പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവക്ക് ബാധകമല്ല ഇവയുടെ ഉടമസ്ഥരായ കമ്പനിയുടെ പേരാണ് മാറ്റുകയെന്ന് അധികൃതര്‍ അറിയിച്ചു.ഫേസ്ബുക്ക് ഇന്‍കോര്‍പറേറ്റ് എന്നാണ് ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്. ഇനി മുതല്‍ ‘മെറ്റ ഇന്‍കോര്‍പറേറ്റ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക .മെറ്റാവേഴ്സ് സൃഷ്ടിക്കുക എന്ന ആശയമാണ് പുതിയ പേരുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ ലൈവ് സ്ട്രമിങ്ങ് വെര്‍ച്വല്‍ കോണ്‍ഫറെന്‍സില്‍ സക്കര്‍ബര്‍ഗ് വ്യക്തമാക്കി.വ്യത്യസ്‌ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഒരു വെര്‍ച്വല്‍ ലോകം സൃഷ്ടിക്കുക എന്നതാണ് മെറ്റാവേഴ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വകാര്യതയും സുരക്ഷയും മെറ്റാവേസില്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ ഗര്‍ഭിണി പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികളടക്കം നാലുപേർക്ക് പത്ത് ലക്ഷം രൂപ വീതം സമ്മാനം നൽകി ആദരിച്ച് ദുബായ് ഭരണാധികാരി

keralanews dubai ruler pays 10 lakh rupees each to four people including two malayalees for rescuing a pregnant cat trapped in third floor

ദുബായ്: മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ ഗര്‍ഭിണി പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികളടക്കം നാലു പേരെ ആദരിച്ച്‌ ദുബായ് ഭരണാധികാരി. പത്ത് ലക്ഷം രൂപ വീതമാണ് ഇവര്‍ക്ക് സമ്മാനമായി നല്‍കിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇവരെ ആദരിച്ചത്. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ബാല്‍ക്കണിയില്‍ കുടുങ്ങിയ ഗള്‍ഭിണിപ്പൂച്ചയെ താഴേക്ക് ചാടിച്ചാണ് ഇവര്‍ രക്ഷകരായത്.ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീര്‍ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയില്‍ പകര്‍ത്തിയ കോഴിക്കോട് വടകര സ്വദേശിയും ഗ്രോസറി കട ഉടമയുമായ അബ്ദുല്‍ റാഷിദ് (റാഷിദ് ബിന്‍ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാന്‍ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവര്‍ക്കാണു പാരിതോഷികം. ഭരണാധികാരിയുടെ ഓഫിസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥന്‍ നേരിട്ട് തുക സമ്മാനിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം. ദുബായിലെ ദേരയില്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ പൂച്ച കുടുങ്ങുകയായിരുന്നു.ഇതു ശ്രദ്ധയില്‍പ്പെട്ട ഒരു സുഹൃത്ത് തൊട്ടടുത്ത് താമസിക്കുന്ന നാസറിനെ അറിയിക്കുകയായിരുന്നു. നാസര്‍ എത്തി തോര്‍ത്ത് ഇരു കൈകളിലും നിവര്‍ത്തിപ്പിടിച്ച്‌ പൂച്ചയ്ക്ക് ചാടാന്‍ വഴിയൊരുക്കിയെങ്കിലും അത് ചാടിയില്ല. വഴിയാത്രക്കാരായ മൊറോക്കന്‍ സ്വദേശിയും പാക്കിസ്ഥാന്‍കാരനും ഒപ്പം കൂടി.വലിയൊരു പുതപ്പ് കൊണ്ടുവന്ന് മൂന്നുപേരും നിവര്‍ത്തിപ്പിടിച്ചതോടെ പൂച്ച അതിലേക്ക് ചാടുകയായിരുന്നു.വടകര സ്വദേശി മുഹമ്മദ് റാഷിദ് ദൃശ്യം പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഭരണാധികാരിയുടെ ശ്രദ്ധയില്‍പ്പെട്ടത്.ഇവരെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സഹിതം അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് ദുബായ് പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. ഞങ്ങളുടെ മനോഹര നഗരത്തിലെ അനുകമ്പയുള്ള പ്രവൃത്തി, ഇവരെ തിരിച്ചറിയുന്നവര്‍ അഭിനന്ദനങ്ങള്‍ അറിയിക്കാനായി ഞങ്ങളെ സഹായിക്കുക’ എന്ന് ഷെയ്ഖ് മുഹമ്മദ് പൂച്ചയെ രക്ഷപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച്‌ ട്വിറ്ററില്‍ കുറിച്ചിരുന്നു.

കാബൂൾ വിമാനാത്താവളത്തിനു സമീപം ചാവേർ ആക്രമണം;73 മരണം; കൊല്ലപ്പെട്ടവരില്‍ 13 അമേരിക്കന്‍ സേനാംഗങ്ങളും

keralanews suicide bomb attack near kabul airport 73 dead including 13 us troops

കാബൂള്‍: രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 73 മരണം.കൊല്ലപ്പെട്ടവരില്‍ 13 അമേരിക്കന്‍ സേനാംഗങ്ങളും ഉള്‍പെടുന്നു. 140 ലേറെ പേര്‍ക്ക് പരുക്കേറ്റു.വ്യാഴാഴ്ച വൈകീട്ട് വിമാനത്താവള കവാടത്തിനരികിലാണ് സ്‌ഫോടനം നടന്നത്. 60 സ്വദേശികളും 11 യു.എസ് മറീനുകളും ഒരു നേവി മെഡിക്കല്‍ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ പ്രതിരോധ വിഭാഗമായ പെന്റഗണ്‍ സ്ഥിരീകരിച്ചു. 15 ഓളം സേനാംഗങ്ങള്‍ക്കു പരിക്കേറ്റതായും പെന്റഗണ്‍ പറയുന്നു.സ്‌ഫോടനത്തിനുപിന്നില്‍ ഐ.എസ് ആണെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി ബി.ബി.സിയും റിപ്പോര്‍ട്ടു ചെയ്തു.യു.എസ് സേനയുടെ നിയന്ത്രണത്തിലുള്ള മേഖല ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ തിരക്കിനിടയില്‍ ഭീകരാക്രമണമുണ്ടാവുമെന്നും ആളുകള്‍ വിമാനത്താവളത്തില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നും ബ്രിട്ടന്റെയും യു.എസിന്റെയും മുന്നറിയിപ്പു വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ചാവേര്‍ ആക്രമണമെന്ന് സംശയിക്കുന്ന ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. താലിബാന്‍ സേനാംഗങ്ങള്‍ക്കും പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുണ്ട്. വിമാനത്താവളം അമേരിക്കന്‍ സേനയും പുറത്ത് താലിബാനുമാണ് നിയന്ത്രിക്കുന്നത്.

ഉക്രൈന്‍ വിമാനം റാഞ്ചിയെന്ന വാർത്ത വ്യാജം; വിമാനം ഇറാനിൽ ഇറക്കിയത് ഇറക്കിയത് ഇന്ധനം നിറയ്ക്കാന്‍

keralanews news of ukraine plane hijacking is false plane landed in Iran to refuel

ഉക്രൈന്‍ : ആയുധധാരികളായ അജ്ഞാത സംഘം അഫ്ഗാനില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ ഉക്രെയ്ന്‍ വിമാനം റാഞ്ചിയെന്നും ഇറാനിലിറക്കിയെന്നും ഇന്നലെ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്ന് വെളിപ്പെടുത്തി ഇറാനും ഉക്രെയ്‌നും.ഉക്രൈന്‍ സര്‍ക്കാരുമായി അസ്വാരസ്യമുള്ള റഷ്യയില്‍ നിന്നുള്ള ടാസ് എന്ന ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കാബൂളില്‍ വെച്ച്‌ ഉക്രൈന്‍ വിമാനം തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും വിദേശ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഉക്രൈന്‍ വിദേശ കാര്യ മന്ത്രാലയ പ്രതിനിധി പ്രതികരിച്ചു. ഇറാന്‍ ഏവിയേഷന്‍ അതോറിറ്റിയും വാര്‍ത്തകള്‍ നിഷേധിച്ചു. ഇറാനിലെ മഷ്ഹദ് നഗരത്തില്‍ ഇന്ധനം നിറച്ച വിമാനം ഉക്രൈനിലേക്ക് പറന്നെന്നാണ് ഇറാന്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചത്.അജ്ഞാതരായ ഒരു സംഘമാണ് വിമാനം തട്ടിയെടുത്തതെന്നും ഇതിന് പിന്നാലെ നടത്തിയ മൂന്ന് ഒഴിപ്പിക്കല്‍ ശ്രമങ്ങളും പരാജയപ്പെട്ടെന്നും ഉക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞയതായായിരുന്നു റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാനിൽ രക്ഷാദൗത്യത്തിനായി എത്തിയ ഉക്രൈന്‍ വിമാനം റാഞ്ചിയതായി റിപ്പോർട്ട്; പറന്നുയര്‍ന്ന വിമാനം തട്ടിയെടുത്തെ ശേഷം ഇറാനില്‍ ഇറക്കിയതായും സൂചന

keralanews report that ukraine flight reached afganistan for rescue process hijacked and landed in Iran

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രൈന്‍ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനില്‍ കുടുങ്ങിയവരുമായി പറന്നുയര്‍ന്ന വിമാനമാണ് തട്ടിയെടുത്തത്. ഈ വിമാനം ഇറാനില്‍ ഇറങ്ങിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് വിമാന റാഞ്ചല്‍ വാര്‍ത്ത പുറത്തുവിട്ടത്. ഉക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വിമാനം റാഞ്ചിയെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം തട്ടിയെടുത്തത് ആരാണ് എന്ന് വ്യക്തമായിട്ടില്ല. അവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിമാന റാഞ്ചല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാബൂളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെച്ചട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യം ഇതോടെ തടസ്സപ്പെട്ടിരിക്കുകയാണ്.വിമാനം ഇറാനിലേക്ക് പറന്നുവെന്നാണ് ഉക്രൈൻ വിദേശകാര്യമന്ത്രി യെവ്‌ഗെനി യെനിൻ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ഞായറാഴ്ച തങ്ങളുടെ വിമാനം അജ്ഞാതർ റാഞ്ചിയതായി ബോദ്ധ്യപ്പെട്ടിരിക്കുന്നു. കാബൂളിലേക്ക് പൗരന്മാരെ കൊണ്ടുവരാൻ ചെന്ന വിമാനമാണ് തട്ടിയെടുത്തത്. ജീവനക്കാർ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ആയുധ ധാരികളായ സംഘമാണ് വിമാനം റാഞ്ചിയതെന്നും മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഉക്രൈൻ മന്ത്രി യെനിൻ പറഞ്ഞു.

കാബൂളിൽ നിന്നെത്തിയ വിമാനത്തിന്റെ ടയറില്‍ മനുഷ്യ ശരീരാവശിഷ്‌ടങ്ങള്‍; അന്വേഷണവുമായി വ്യോമസേന

keralanews human remains on the tire of a plane from kabul air force with investigation

വാഷിംഗ്ടണ്‍: കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ഗാന്‍ഡിംഗ് ഗിയറില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് യു.എസ് വ്യോമസേന.താലിബാന്‍ അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്തതോടെ കാബൂളില്‍ നിന്നുള്ള യു.എസ് ഉദ്യോഗസ്ഥരുമായി നാട്ടിലേക്ക് തിരിച്ച സി-17 വിമാനത്തിന്റെ വീല്‍ വെല്ലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി യു.എസ് വ്യോമസേന ചൊവ്വാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.തിങ്കളാഴ്ച കാബൂളില്‍ എത്തിയ വിമാനത്തെ നൂറുകണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ വളയുകയായിരുന്നു. വിമാനത്തിന്റെ സുരക്ഷ അവതാളത്തിലാകുമെന്ന് കണ്ടതോടെ സി-17 വിമാനം എത്രയും വേഗം ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ ജീവനക്കാര്‍ തീരുമാനിക്കുകയായിരുന്നു. യു.എസ് വിമാനത്തിന്റെ ചക്രത്തിലും ചിറകിലും പിടിച്ചുതൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ പറക്കലിനിടെ വീണ് മരിച്ചതും യു.എസ് സ്ഥിരീകരിച്ചു. വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. അമേരിക്കന്‍ വ്യോമസേനയുടെ സി-17 വിമാനമാണ് കാബൂളില്‍ നിന്ന് രക്ഷപ്പെട്ട 600 ലധികം പേരുമായി ഖത്തറില്‍ ഇറങ്ങിയത്. ഒഴിപ്പിക്കലിനാവശ്യമായ ചരക്കുമായാണ് വിമാനം കാബൂളില്‍ എത്തിയത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ രക്ഷപ്പെടാനായി ആയിരങ്ങള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടി. നൂറുകണക്കിന് ആളുകള്‍ വിമാനത്തിലേക്ക് തിക്കിതിരക്കി കയറിയതോടെ വിമാനം ചരക്കിറക്കാതെ ടേക്ക് ഓഫ് ചെയ്‌തെന്നുമാണ് വിശദീകരണം.യു എസ് സേന ആകാശത്തേക്കു വെടിവച്ചതോടെ ജനം ചിതറിയോടുകയും റണ്‍വേയിലേക്ക് ഇരച്ചുകയറുന്നതിന്റെയും മറ്റു വിമാനങ്ങളില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നതിന്റെയും ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍ ലോകം നടുക്കത്തോടെയാണ് കണ്ടത്. ജനക്കൂട്ടത്തിന് ഇടയിലൂടെ വിമാനം പറത്തിയത് അന്താരാഷ്ട്രതലത്തിലും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ്.