മോട്ടോർ വാഹന നിയമ ഭേദഗതി;ഇന്ധന വിൽപ്പനയിൽ 15% ന്റെ ഇടിവ്

keralanews amended motor vehicle act leads to drop in fuel sale by 15%

ഒഡിഷ:പുതിയ മോട്ടോർ വാഹന നിയമ ഭേദഗതി വന്നതോടെ ഒഡിഷയിൽ ഇന്ധനവിൽപ്പനയിൽ പതിനഞ്ചു ശതമാനത്തോളം ഇടിവ് വന്നതായി റിപ്പോർട്ട്.ഓഗസ്റ്റ് 31 വരെയുള്ള വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ അതിനു ശേഷം സെപ്റ്റംബർ ഒന്നുവരെ ഇന്ധന വിൽപ്പനയിൽ പതിനഞ്ചു ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ ട്രാഫിക് നിയമങ്ങൾ അനുസരിച്ച് നിയമലംഘനത്തിന് ഉയർന്ന  ഈടാക്കുമെന്ന ഭയത്താൽ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവ് ഉണ്ടായതാണ് വിൽപ്പന കുറവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.ഒഡിഷയിലെ ഉത്ക്കൽ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

പുതുക്കിയ മോട്ടോർ വെഹിക്കിൾ ആക്ട് നടപ്പിലാക്കുന്നതിന് മുൻപ് ഒഡിഷയിലെ പെട്രോൾ വിൽപ്പന പ്രതിദിനം ശരാശരി 27.20 ലക്ഷം ലിറ്റർ ആയിരുന്നു. എന്നാൽ ആക്ട് നിലവിൽ വന്നതോടെ സെപ്റ്റംബർ ഒന്നുമുതൽ ഇത് 4.08 ലക്ഷം കുറഞ്ഞ് 23.12 ലക്ഷം ലിറ്റർ വരെയായി.അതുപോലെ പ്രതിദിനം 83 ലക്ഷം ലിറ്റർ വിൽപ്പന നടത്തിയിരുന്ന ഡീസൽ 12.45 ലക്ഷം ലിറ്റർ കുറഞ്ഞ് 70.55 ലക്ഷം ലിറ്റർ ആയി.വിൽപ്പന കുറഞ്ഞതോടെ മൂല്യവർദ്ധിത നികുതി ഇനത്തിൽ ഒഡിഷയ്ക്ക് പ്രതിദിനം പെട്രോളിൻമേൽ 58 ലക്ഷത്തിന്റെയും ഡീസൽ ഇനത്തിൽ 1.78 കോടി രൂപയുടെ നഷ്ട്ടവുമാണ് ഉണ്ടായിരിക്കുന്നത്.പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഒഡിഷ 26% മൂല്യവർധിത നികുതിയാണ് ഈടാക്കുന്നത്.അതായത് ഒരു ലിറ്റർ പെട്രോളിന് 14.19 രൂപയും ഒരുലിറ്റർ ഡീസലിന് 14.29 രൂപയും.എക്‌സൈസ് തീരുവയിനത്തിൽ കേന്ദ്രം ഒരു ലിറ്റർ പെട്രോളിന് 19.98 രൂപയും ഡീസലിന് 15.83 രൂപയുമാണ് ഈടാക്കുന്നത്.

ഡ്രൈവിംഗ് ലൈസൻസ്,ഇൻഷുറൻസ് പേപ്പറുകൾ,പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവയില്ലാതെയാണ് മിക്ക വാഹനങ്ങളും സർവീസ് നടത്തുന്നത്.റീജിയണൽ ട്രാൻസ്‌പോർട് ഓഫീസ്,പൊലൂഷൻ അണ്ടർ ചെക്ക്(PUC) എന്നിവിടങ്ങളിലെ ആളുകളുടെ എണ്ണം നോക്കിയാൽത്തന്നെ ഒരാൾക്ക് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിരിക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും.എന്നാൽ വാഹനങ്ങളുടെ രേഖകൾ ശരിയാക്കി എടുക്കുന്നതുവരെയുള്ള ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണിതെന്ന് വാണിജ്യ ഗതാഗത മന്ത്രി പത്മനാഭ ബെഹ്‌റ പറഞ്ഞു.നിയമലംഘകർക്കെതിരെ നടപടിയെടുക്കുന്നതിന് തിടുക്കം കൂട്ടരുതെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക്കും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇത് ആളുകൾ പരിഭ്രാന്തരാകുന്നത് തടയുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുക്കിയ മോട്ടോർ വാഹന ഭേദഗതി പ്രകാരം കനത്ത പിഴ ഈടാക്കുന്നതിനായി ഒഡിഷയിലെ 1.5 ലക്ഷം ട്രക്ക് ഡ്രൈവർമാരിൽ 30 ശതമാനം പേരും ഇപ്പോൾ വാഹനം സർവീസ് നടത്തുന്നില്ല. കൃത്യമായ രേഖകളില്ലാതെ ഓടുന്ന എല്ലാ ട്രക്കുകളും ഇപ്പോൾ നിറത്തിൽ നിന്നും മാറിനിൽക്കുകയാണെന്നും ഒഡിഷയിലെ ട്രക്ക് ഓണേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രെട്ടറി റാബി ശതപതി പറഞ്ഞു.

പൊതുമേഖല ബാങ്കുകളുടെ ലയനം; കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സെപ്റ്റംബര്‍ 26-നും 27-നും സമരം പ്രഖ്യാപിച്ച്‌ ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകള്‍

keralanews merging of public sector banks bank officials organizations to declare strike on 26th and 27th september

ചണ്ഡീഗഢ്:പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്കും.നവംബര്‍ രണ്ടാംവാരം മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും എ.ഐ.ബി.ഒ.സി. ജനറല്‍ സെക്രട്ടറി ദീപല്‍ കുമാര്‍ വ്യാഴാഴ്ച അറിയിച്ചു. ശമ്ബളപരിഷ്കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി നിജപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ നാഷനല്‍ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഗ്രസ്, നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫിസേഴ്‌സ് എന്നീ സംഘടനകളാണ് സമരത്തിന് നോട്ടീസ് നല്‍കിയത്. 10 പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച്‌ നാലെണ്ണമാക്കാന്‍ ആഗസ്റ്റ് 30നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡീലർമാരുടെ വ്യക്തി വിവരങ്ങൾ ഓയിൽ കമ്പനികൾ അന്വേഷിക്കരുത് : ഹൈ കോടതി

Screenshot_2019-09-05-11-26-27-299_com.android.chrome

കൊച്ചി: ബിനാമികളെ കണ്ടെത്താനെന്ന വ്യാജേനെ പെട്രോളിയം ഡീലർമാരുടെ സ്വകാര്യതയിൽ കടന്നു കയറാനുള്ള പൊതുമേഖലാ എണ്ണകമ്പനികളുടെ ശ്രമത്തിന് ബഹു: കേരള ഹൈക്കോടതി തടയിട്ടു.

പമ്പുടമകൾ, ഡീലർ ആന്വൽ റിട്ടേൺസ് എന്ന പേരിൽ തങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ഇൻകം – ടാക്സ്, ജി.എസ്.ടി റിട്ടേണുകൾ, ബാലൻസ് ഷീറ്റ് തുടങ്ങിയവ സമർപ്പിക്കണമെന്നും, വീഴ്ച വരുത്തുന്ന ഡീലറുടെ ലോഡുകൾ തടയുമെന്ന ഓയിൽ കമ്പനികളുടെ തിട്ടുരത്തിനെതിരെ സംസ്ഥാനത്തെ ഒരു വിഭാഗം പെട്രോളിയം ഡീലർമാർ ബഹു: ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.സിങ്കിൾ ബെഞ്ചിൽ നിന്നും പൂർണ്ണമായും അനുകൂല വിധി ലഭിക്കാത്തതിനാൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും, ഡിവിഷൻ ബെഞ്ച് ഡീലർമാരുടെ വാദങ്ങളെ പൂർണ്ണമായി ശരിവെക്കുകയും സ്വകാര്യത മൗലികാവകശമാണെന്നുള്ള സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഓയിൽ കമ്പനികളുടെ മേൽപ്പറഞ്ഞ നടപടികളിലൂടെ ഉണ്ടായിരിക്കുന്നതെന്നും വിധിച്ചു.

IMG-20190905-WA0021

ജസ്റ്റീസ് സി.കെ.അബ്ദുൾ റഹീംഉം, ജസ്റ്റീസ്.ആർ.നാരായണ പിഷാരടിയും അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തങ്ങളുടെ വിധിയിൽ ഡീലർഷിപ്പ് എഗ്രിമെന്റ്, എന്ന ഓയിൽ കമ്പനിയും, ഡീലറും പരസ്പര സമ്മതത്തോടെ ഒപ്പിട്ട കരാറിന്റെ പിൻബലമുണ്ടെന്ന് കരുതി കാലാകാലങ്ങളിൽ തങ്ങൾക്കിഷ്ടമുള്ള ചട്ടങ്ങളും, നിയമങ്ങളും ഡീലറുടെ മേൽ അടിച്ചേൽപ്പിക്കുവാൻ ഓയിൽ മാർക്കറ്റിംങ്ങ് കമ്പനികൾക്ക് കഴിയില്ലെന്നും വ്യക്തമാക്കി.

കൂടാതെ സുപ്രീം കോടതി വിധിയുടെ അന്ത:സത്ത പാലിക്കാത്ത വിധത്തിൽ വിധി പറഞ്ഞ ഹൈക്കോടതി സിങ്കിൾ ബെഞ്ചിനെ, ഡിവിഷൻ ബെഞ്ച് പരോക്ഷമായി വിമർശിക്കുകയും ചെയ്തു.

അഡ്വ. സന്തോഷ്‌ മാത്യു ആണ് പെട്രോളിയം ഡീലർസിന് വേണ്ടി ഹൈ കോടതിയിൽ വാദിച്ചത്.

ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഡീലറുടെ ന്യായമായ
അവകാശങ്ങളുടെ നേരേ കണ്ണടയ്ക്കുകയും, കരിനിയമങ്ങൾ കൊണ്ട് ഡീലർമാരെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഓയിൽ കമ്പനികളുടെ സമീപനത്തിൽ മാറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ & ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ ശ്രീ.എ.എം.സജി പറഞ്ഞു.

3.1 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി കണ്ണൂര്‍ കുറ്റ്യാട്ടൂർ സ്വദേശി

keralanews man from kannur kuttiyattoor owns a luxury suv worth rs 3.1crore

കണ്ണൂർ:മൂന്നുകോടി പത്തുലക്ഷം രൂപയുടെ ആഡംബര കാര്‍ സ്വന്തമാക്കി കുറ്റിയാട്ടൂര്‍ സ്വദേശി.മെഴ്‌സിഡസ് ബെന്‍സില്‍നിന്ന് പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് നിര്‍മിക്കുന്ന ഈ വാഹനം കേരളത്തിലെ രണ്ടാമത്തേതാണ്. കുറ്റിയാട്ടൂര്‍ പള്ളിമുക്കിലെ അംജത് സിത്താരയാണ് കോഴിക്കോട്ടെ ഡീലറായ ബ്രിഡ്ജ് വേ മോട്ടോര്‍സില്‍നിന്ന് കഴിഞ്ഞദിവസം വാഹനം കുറ്റിയാട്ടൂരിലെത്തിച്ചത്. രണ്ടുകോടി പത്തുലക്ഷം രൂപയാണിതിന്റെ ഷോറൂം വില. കൂടാതെ ചില ഘടകങ്ങളുടെ പ്രത്യേക നിര്‍മിതിക്കായി 40 ലക്ഷം രൂപകൂടി ചെലവാക്കിയാണ് വാഹനം നിരത്തിലിറക്കിയിട്ടുള്ളത്.റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സില്‍നിന്ന് എഴുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും റോഡ് നികുതിയിനത്തില്‍ 48 ലക്ഷം രൂപയും ഇതിന് അംജദ് സിത്താര ചെലവഴിച്ചു. കണ്ണൂര്‍ റോഡ് ട്രോന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നാണ് വാഹന രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക.
നാലുകിലോമീറ്റര്‍ മാത്രം മൈലേജുള്ള ഈ വാഹനത്തില്‍ പെട്രോളാണ് ഇന്ധനം. 20 ദിവസം വരെ തുടര്‍ച്ചയായി ഓടിയാലും വണ്ടി ചൂടാകില്ല. മാക്‌സിമം സ്പീഡ് 220 കിലോമീറ്ററുള്ള വാഹനത്തില്‍ അഞ്ചുപേര്‍ക്ക് യാത്രചെയ്യാം.ബിരുദധാരിയായ അംജദ് സിത്താര യ.എ.ഇ.യിലെ ബി.സി.സി. എന്ന നിർമ്മാണക്കമ്പനിയിൽ സി.ഇ.ഒ. ആയി ജോലി ചെയ്യുകയാണ്.അവിടെ ഓഫീസില്‍ ഉപയോഗിക്കുന്ന വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹമാണ് കാര്‍ വാങ്ങുന്നതിനുപിന്നിലെന്ന് അംജദ് പറഞ്ഞു.

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണ്ണവില കുതിക്കുന്നു

keralanews price of gold increasing in the state

കൊച്ചി:സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണ്ണവില കുതിക്കുന്നു.ഗ്രാമിന് 3580 രൂപയും പവന് 320 വര്‍ധിച്ച്‌ 28,640 രൂപയായി. സ്വര്‍ണ്ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. വിവാഹ സീസണും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയത്. ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1539 ഡോളറാണ് ഇന്നത്തെ നിരക്ക്.

എടിഎമ്മുകളില്‍ നിന്ന് പണം പിൻവലിക്കുന്നതിന് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്ബിഐ

keralanews sbi sets time limit for withdrawing cash from atms

തിരുവനന്തപുരം:എടിഎമ്മുകളില്‍ നിന്ന് പണം പിൻവലിക്കുന്നതിന് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്ബിഐ.ഇനി എടിഎം സേവനങ്ങള്‍ രാത്രി 11 മുതല്‍ രാവിലെ ആറുവരെ ലഭ്യമാകില്ല എന്നാണ് എസ്ബിഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ സമയനിയന്ത്രണങ്ങളുമായി എസ്ബിഐ രംഗത്തുവന്നിരിക്കുന്നത്.തട്ടിപ്പുകള്‍ വ്യാപകമാകുന്നതായും നിരവധിപേര്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും പരാതികള്‍ ഉയര്‍ന്നതോടെ പല നിയന്ത്രണങ്ങളും ബാങ്ക് അധികൃതര്‍ കൊണ്ടുവന്നിരുന്നെങ്കിലും അവയൊന്നും ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് സമയനിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് എസ്ബിഐ വ്യക്തമാക്കി. പുതിയ മാറ്റത്തെക്കുറിച്ച്‌ എടിഎം സ്‌ക്രീനിലും ശാഖകളിലും പ്രദര്‍ശിപ്പിച്ച്‌ ഇടപാടുകാരെ അറിയിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.

കെടിഎമ്മിന്റെ ഇലക്‌ട്രിക് സ്കൂട്ടർ 2022-ഓടെ ഇന്ത്യന്‍ നിരത്തുകളിൽ

keralanews ktms electric scooter on indian roads by 2022

2022-ഓടെ കെടിഎമ്മിന്റെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ ബജാജുമായി സഹകരിച്ചായിരിക്കും കെടിഎമ്മിന്റെ ഇലക്‌ട്രിക് സ്‌കൂട്ടറും നിരത്തിലെത്തുകയെന്നാണ് വിവരം. ഓസ്ട്രേലിയന്‍ വാഹന നിര്‍മാതാക്കളായ കെടിഎമ്മിന്റെ 48 ശതമാനം ഓഹരി ബജാജിന്റെ കൈവശമാണെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത് ആഗോള നിരത്തുകളില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ള ഇ-സ്പീഡ് എന്ന ഇലക്‌ട്രിക് സ്‌കൂട്ടറായിരിക്കും. കെടിഎം ബൈക്കുകളെ പോലെ തന്നെ സ്പോര്‍ട്ടി ലുക്കും ഡ്യുവല്‍ ടോണ്‍ നിറവുമായിരിക്കും ഈ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെയും പ്രധാന ആകര്‍ഷണം.എന്നാല്‍, ഈ സ്‌കൂട്ടറിന്റെ കരുത്തും വിലയും മറ്റ് ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ബജാജിന്റെ മേധാവി രാഗേഷ് ശര്‍മ മണികണ്‍ട്രോള്‍ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

അഭിനന്ദൻ 151 പ്ലാനുമായി ബിഎസ്എൻഎൽ;ഡാറ്റ അലോട്ട്മെന്റ് പ്രതിദിനം 1.5 ജി.ബി ഡാറ്റയായി ഉയര്‍ത്തി

keralanews bsnl abhinandan 151 plan daily data alotment raised to 1.5gb

ന്യൂഡൽഹി:ഉപഭോക്താക്കൾക്കായി കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ വീണ്ടും രംഗത്ത്.കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളിലോട്ട് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ബിഎസ്എൻഎൽ അഭിനന്ദൻ 151 എന്ന പ്ലാൻ ആവിഷ്‌ക്കരിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഇത് കൂടുതല്‍ മത്സരാത്മകമാക്കുന്നതിന്, ബി‌.എസ്‌.എന്‍‌.എല്‍ ഉപഭോക്താവിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഇത് പരിഷ്കരിച്ചിരിക്കുകയാണ്. നേരത്തെ ഈ പാക്കിൽ ദിവസേന 1gb ഡാറ്റയാണ് ബിഎസ്എൻഎൽ നൽകിയിരുന്നത്.എന്നാൽ ഇപ്പോൾ ഇത് 1.5 GB ആയി ഉയർത്തിയിരിക്കുകയാണ്.ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ, ദിനവും 1.5 ജി.ബി ഡാറ്റ, 100 എസ്.എം.എസ് എന്നിവയാണ് ലഭിക്കുക. ഡൽഹി, മുംബൈ അടക്കം ബി.എസ്.എൻ.എല്ലിൻറെ എല്ലാ മേഘലകളിലുമുളള ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാകും. ബി.എസ്.എൻ.എൽ 151 രൂപ പ്ലാനിൻറെ സമയപരിധി 180 ദിവസമാണ്. പക്ഷേ ഡാറ്റയിൽ ലഭിക്കുന്ന കോളിങ് സൗകര്യവും സൗജന്യ ഡാറ്റയും എസ്.എം.എസും 24 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുക. നിലവിൽ  കണക്ഷൻ ഉള്ളവർക്കും പുതുതായി കണക്ഷൻ എടുക്കുന്നവർക്കും ഈ പ്ലാൻ ഉപയോഗപ്പെടുത്താം.345 ദിവസ്സം വരെ ലഭ്യമാകുന്ന ഓഫറുകളും BSNL പുറത്തിറക്കിയിരുന്നു.1,188 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്ന മാതുറാം പ്രീ പെയ്ഡ് ഓഫറുകളാണിത് .1188 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോക്താക്കൾക്ക്  അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 5 ജിബിയുടെ ഡാറ്റയും ലഭിക്കുന്നു.കൂടാതെ 1,200 SMS മുഴുവനായി ഇതില്‍ ലഭ്യമാകുന്നതാണ്.345 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .

കുതിപ്പിനൊരുങ്ങി ഇലക്ട്രിക്ക് കാർ വിപണി;5 ബ്രാൻഡുകളിലുള്ള പുതിയ ഇലക്ട്രിക്ക് കാറുകൾ ഇന്ത്യൻ നിരത്തിലേക്ക്

അടുത്തിടെ ഹ്യുണ്ടായി തങ്ങളുടെ ഇലക്ട്രിക്ക് കാറായ കോന ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കുകയുണ്ടായി.ഏകദേശം 25.30 ലക്ഷം രൂപ വിലവരുന്ന ഈ കാറിന് ഉപഭോക്താക്കളിൽ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത്.വെറും 10 ദിവസത്തിനുള്ളിൽ 120 കറുകൾക്കുള്ള ബുക്കിംഗ് നേടിയെടുക്കാൻ കമ്പനിക്ക് സാധിച്ചു.ഹ്യുണ്ടായി മാത്രമല്ല മറ്റ് പ്രമുഖ കാർനിർമാണ കമ്പനികളും തങ്ങളുടെ ഇലക്ട്രിക്ക് വേർഷൻ കാറുകൾ വിപണിയിലെത്തിക്കാനുള്ള പദ്ധതിയിലാണ്.ഇത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക്ക് കാറുകൾ അവതരിപ്പിക്കാനൊരുങ്ങുന്ന അഞ്ച് ഇലക്ട്രിക്ക് കാറുകളുടെ ലിസ്റ്റാണ് ഇവിടെ നൽകുന്നത്.

മഹീന്ദ്ര eKUV100:

keralanews 5 brand new electric cars launching soon in india

മഹീന്ദ്രയുടെ ഇലക്ട്രിക്ക് വേർഷൻ കാറായ KUV 100 2018 ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു.ഈ പുതിയ മോഡൽ ഇപ്പോൾ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറായിരിക്കുകയാണ്.അടുത്തിടെ വിപണിയിൽ നിന്നും നിർത്തലാക്കിയ മഹീന്ദ്ര e20 പകരമായാണ് പുതിയ KUV 100 വിപണിയിലെത്തുന്നത്. 2020 ന്റെ ആദ്യ പകുതിയിലായിരിക്കും eKUV 100 വിപണിയിലിറക്കുക.നിലവിലുണ്ടായിരുന്ന e2O ഇലക്ട്രിക്ക് കാറിനെ അപേക്ഷിച്ച് പരിഷ്‌കരിച്ച, കൂടുതല്‍ മെച്ചപ്പെട്ട ഇലക്ട്രിക്ക് മോട്ടറുകളും ഘടകങ്ങളുമായിരിക്കും വാഹനത്തില്‍ വരുന്നത്. 120 Nm torque ഉം 40 kWh കരുത്തും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് e-KUV -ക്ക് മഹീന്ദ്ര നൽകിയിരിക്കുന്നത്.15.9 kWh ബാറ്ററികളാവും വാഹനത്തില്‍ വരുന്നത്.പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള കഴിവാണ് ഈ ബാറ്ററിക്കുള്ളത്.

മഹീന്ദ്ര XUV 300 ഇലക്ട്രിക്ക്:

keralanews 5 brand new electric cars launching soon in india (2)

മഹീന്ദ്ര തങ്ങളുടെ XUV 300 അടിസ്ഥാനമാക്കിയുള്ള All Electric Compact SUV പുറത്തിറക്കാനായുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.2020 ലെ ഡൽഹി ഓട്ടോ എക്സ്പോയിൽ ഈ SUV അവതരിപ്പിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.2020 ന്റെ പകുതിയോടെ കാർ വിപണിയിൽ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കാറിന്റെ പ്രത്യേകതകൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 250kmph ദൂരം XUV300 ഇലക്ട്രിക്ക് വേർഷൻ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മാത്രമല്ല 11 സെക്കന്റിനുള്ളിൽ പൂജ്യത്തിൽ നിന്നും 100 kmph വേഗത ആർജ്ജിക്കുകയും പരമാവധി 150 kmph വേഗത കൈവരിക്കാനാകുമെന്നുള്ളതും XUV 300 ഇലക്ട്രിക്ക് കാറുകളുടെ പ്രത്യേകതകളാണ്.

എംജി EZS:

keralanews 5 brand new electric cars launching soon in india (3)

ചൈനീസ് വാഹന നിർമ്മാതാക്കളായ SAIC (ഷാങ്ഹായി ഓട്ടോമോട്ടീവ് ഇന്ഡസ്ട്രി കോർപറേഷൻ) ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് ബ്രാന്ഡായ എംജി ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മോഡലാണ് eZS ഇലക്‌ട്രിക് എസ്യുവി. ആദ്യ മോഡലായ ഹെക്റ്റർ മികച്ച ജനപ്രീതി നേടിയതിന് പിന്നാലെ പുതിയ ചെറു ഇലക്‌ട്രിക് എസ്.യു.വി കൂടി എത്തുന്നതോടെ ഇന്ത്യൻ വിപണിയിൽ അടിത്തറ ശക്തമാക്കാമെന്ന പ്രതീക്ഷയിലാണ് എംജി.ഈ വർഷം അവസാനത്തോടെ eZS ഇലക്‌ട്രിക് ഇന്ത്യയിലെത്തുമെന്നാണ് സൂചന. ഒറ്റ ചാർജിൽ 262 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ചെറു ഇലക്‌ട്രിക് എസ്.യു.വിക്ക് സാധിക്കും. എംജി നിരയിലെ ഏറ്റവും സാങ്കേതിക തികവേറിയ മോഡലാണിതെന്ന് കമ്പനി പറയുന്നു. ഇലക്‌ട്രിക് മോട്ടോറും 44.5 kWh ലിഥിയം അയേൺ ബാറ്ററിയും ചേർന്ന് 143 പിഎസ് പവറും 353 എൻ എം ടോർക്കും വാഹനത്തിൽ ലഭിക്കും.സ്റ്റാൻഡേർഡ് 7kW ഹോം ചാർജർ ഉപയോഗിച്ച്‌ ആറ് മണിക്കൂറിനുള്ളില് ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാം.റെഗുലർ പെട്രോൾ ZS മോഡലിന്റെ അതേ രൂപമാണ് ഇതിന്റെ ഇലക്‌ട്രിക്കിനും. കോനയുടെ എക്സ്ഷോറൂം വില 25 ലക്ഷം രൂപയാണ്. അതേസമയം eZSന് ഇതിനും താഴെയായിരിക്കും വിലയെന്നാണ് റിപ്പോർട്ടുകൾ. സെപ്തംബറോടെ ബ്രിട്ടീഷ് വിപണിയിലെത്തുന്ന eZSന് 21,495-23,495 പൗണ്ട് (18.36-20.07 ലക്ഷം രൂപ) വരെയാണ് വിലയെന്നും എംജി വ്യക്തമാക്കിയിട്ടുണ്ട്.

ടാറ്റ അൾട്രോസ് EV:

keralanews 5 brand new electric cars launching soon in india (4)

2019 ജനീവ മോട്ടോർ ഷോയിൽ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ആൾട്രോസ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് പ്രദർശിപ്പിച്ചിരുന്നു. 2020 ൽ ഇവി ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിതീകരിച്ചിട്ടുണ്ട്.60 മിനിറ്റിനുള്ളില് 80 ശതമാനം ചാർജ് ചെയ്യാൻ  സാധിക്കുന്ന പെർമനന്റ് മാഗ്നറ്റ് എസി മോട്ടോറാണ് അൾട്രോസ് ഇ വിയിൽ സജ്ജീകരിച്ചിരിക്കുന്നത്.ഒരൊറ്റ ചാർജിൽ 250-300 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിന് ഒരു പടി മേലെ നില്‍ക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ആള്‍ട്രോസിനുള്ളത്. താഴ്വശം പരന്ന തരത്തിലുള്ള സ്റ്റിയറിങ് വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.ഡാഷ് ബോര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്ക്, മികച്ച ഓഡിയോ സിസ്റ്റം, പിന്‍ ഏസി വെന്റുകള്‍ എന്നിവ ആള്‍ട്രോസിന്റെ അകത്തളത്തെ ശ്രേണിയില്‍ ഏറ്റവും ആഢംബരം നിറഞ്ഞതാക്കുന്നു.ടാറ്റയുടെ ഏറ്റവും പുതിയ ഇമ്പാക്ട് 2.0 ഡിസൈനാണ് ആട്രോസിനുള്ളത്.

മാരുതി വാഗൺ ആർ ഇ വി:

keralanews 5 brand new electric cars launching soon in india (5)

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2020 ൽ ഓൾ-ഇലക്ട്രിക് വാഗൺ ആർ ഹാച്ച്ബാക്ക് വിപണിയിലെത്തിക്കും.വാഗണ്‍ ആര്‍ ഹാച്ച്‌ബാക്കിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കുമിത്. ഇതിന് ഏകദേശം 10 ലക്ഷം രൂപ വിലവരും. ആദ്യ ഘട്ടത്തില്‍ സിറ്റി കാറായി പുറത്തിറക്കുന്ന വാഗണ്‍ ആര്‍ ഇലക്‌ട്രിക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും

രാജ്യത്ത് വാഹന രജിസ്​ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയർത്താൻ തീരുമാനം

keralanews decision to increase vehicle registration charge in the country

ന്യൂഡൽഹി:രാജ്യത്ത് വാഹന രജിസ്ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനം.ഇതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ രജിസ്ട്രര്‍ ചെയ്യാനുള്ള ചാര്‍ജ് 5,000 രൂപയാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. രജിസ്ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപയും നല്‍കണം.  നിലവില്‍ ഇത് രണ്ടിനും 600 രൂപ മാത്രമാണ് ചാര്‍ജ് ഈടാക്കിയിരുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് നേരത്തെ 50 രൂപയുണ്ടായിരുന്ന രജിസ്‌ട്രേഷന്‍ ചാര്‍ജ് പുതിയ വാഹനങ്ങള്‍ക്ക് 1000 രൂപയാക്കിയും പഴയത് പുതുക്കാന്‍ 2000 രൂപയാക്കിയും ഉയര്‍ത്താനാണ് കരട് വിജ്ഞാപനത്തില്‍ നിര്‍ദ്ദേശമുള്ളത്. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നീക്കം. കാലപ്പഴക്കമുള്ള ഇന്ധനവാഹനങ്ങള്‍ നിരത്തില്‍നിന്ന് ഒഴിവാക്കാനും പെട്രോള്‍-ഡീസല്‍ വാഹന വില്‍പന കുറയ്ക്കാനുമാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമേ മറ്റു വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജുംഉയര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. പുതിയ കാബുകള്‍ക്ക് 10000 രൂപയും പുതുക്കാന്‍ 20000 രൂപയും ഈടാക്കും. നേരത്തെ ഇത് 1000 രൂപയായിരുന്നു. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജ് 5000 രൂപയില്‍ നിന്ന് 40,000 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ഇറക്കുമതി ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് 20000 രൂപയും അടയ്‌ക്കേണ്ടി വരും, നിലവില്‍ ഇത് 2500 രൂപയാണ്.കരട് വിജ്ഞാപനത്തിലെ പ്രതികരണം അറിഞ്ഞ ശേഷം അടുത്ത 40-45 ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ ഫീസ് ഘടന രൂപപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.