പ്രാർത്ഥനകൾ സഫലം;അർജന്റീന പ്രീ ക്വാർട്ടറിൽ

keralanews argentina entered in pre quarters

സെന്റ് പീറ്റേഴ്‌സ്ബർഗ്ഗ്:കളിയാക്കലുകള്‍ക്കും, തള്ളിപ്പറച്ചിലുകള്‍ക്കും വിരാമമിട്ട് മെസ്സിയുടെ അർജന്റീന പ്രീക്വാർട്ടറിൽ കടന്നു.അടിമുടി ഉദ്വേഗം മുറ്റിനിന്ന തൊണ്ണൂറ്റിനാല് മിനിറ്റിനൊടുവില്‍ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് കീഴ്പ്പെടുത്തിയാണ്  അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. പതിനാലാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ ഗോളിലാണ് അര്‍ജന്റീന ആദ്യം ലീഡ് നേടിയത്. എന്നാല്‍, ഹാവിയര്‍ മഷരാനോ സമ്മാനിച്ച ഒരു പെനാല്‍റ്റി വലയിലാക്കി വികടര്‍ മോസസ് നൈജീരിയയെ ഒപ്പമെത്തിച്ചു.നോക്കൗട്ട് റൗണ്ടിലെത്താന്‍ ജയം അനിവാര്യമായിരുന്ന അര്‍ജന്റീനയ്ക്ക് മാര്‍ക്കസ് റോഹോയാണ് 86 ആം മിനിറ്റിൽ  വിജയഗോള്‍ സമ്മാനിച്ചത്.വലതു വിങ്ങിലൂടെ ഓടിക്കയറിയ മെര്‍കാഡോ ഗോള്‍ലൈനിനോട് ചേര്‍ന്ന് നല്‍കിയ നെടുനീളന്‍ ക്രോസ് ബോക്സിനുള്ളില്‍ റോഹോയുടെ ബൂട്ടില്‍. ഒരു നിമിഷം പോലും പാഴാക്കാതെ റോഹോയുടെ ബൂട്ടിലൂടെ പന്ത് വലയില്‍. അതിമനോഹര ഫിനിഷിങ്ങില്‍ നീലക്കടലായ ഗാലറി ഇരമ്ബി. അര്‍ജന്‍റീന പ്രീക്വാര്‍ട്ടറിലേക്ക്.അഞ്ച് മാറ്റങ്ങളുമായാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. ഗോള്‍ കീപ്പറായി അര്‍മാനി, സ്ട്രൈക്കറായി ഗോണ്‍സാലോ ഹിഗ്വയിന്‍, ഡിമരിയ, റോഹ, മരേഗ എന്നിവരും ടീമില്‍ ഇടം നേടി. 4 -4 -2 ശൈലിയിലാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. എയ്ഞ്ചല്‍ ഡി മരിയയും ലയണല്‍ മെസ്സിയും സ്റ്റാര്‍ട്ടിങ് ഇലവനിലുണ്ട്. ഗോള്‍കീപ്പര്‍ വില്ലി കബല്ലെറോയേയും സെര്‍ജിയോ അഗ്യൂറയേയും മാക്‌സി മെസയേയും സൈഡ് ബെഞ്ചിലേക്കി മാറ്റിയ സാംപോളി ഗോണ്‍സാലൊ ഹിഗ്വെയ്ന്‍, എവര്‍ ബനേഗ, മാര്‍ക്കോസ് റോഹോ, ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി എന്നിവരേയാണ് ആദ്യ ഇലവനിലേക്ക് പരിഗണിച്ചത്.

ലോക കപ്പ് ഫുട്ബോൾ;അർജന്റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം

keralanews world cup football crucial match for argentina today

റഷ്യ:ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം.നൈജീരിയയാണ് അർജന്റീനയുടെ ഇന്നത്തെ എതിരാളികൾ.നൈജീരിയയെ തോല്പിച്ചാലും ജയിച്ചാലും ഐസ്‌ലാന്‍ഡും ക്രൊയേഷ്യയും തമ്മിലുള്ള മത്സരഫലം കൂടി ആശ്രയിച്ചാകും അര്‍ജന്റീനയുടെ സാധ്യതകള്‍. രാത്രി 11.30നാണ് രണ്ട് മത്സരങ്ങളും.സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നൈജീരിയക്കെതിരെ ഗ്രൂപ്പിലെ അവസാന അങ്കത്തിന് ഇറങ്ങുമ്പോള്‍ മെസ്സിക്കും കൂട്ടര്‍ക്കും വേണ്ടത് വലിയ വിജയം. ലോകകപ്പിലെ കന്നിക്കാരായ ഐസ്‌ലാന്‍ഡിനോട് ആദ്യകളിയില്‍ അപ്രതീക്ഷിത സമനില വഴങ്ങിയ അർജന്റീന രണ്ടാം മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യയോട് മൂന്ന് ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.ഒടുവില്‍ നൈജീരിയ നല്‍കിയ അവസാന ശ്വാസത്തില്‍ അവര്‍ക്കെതിരെ തന്നെ അര്‍ജന്റീന ഇറങ്ങുന്നു. തോറ്റാല്‍ മെസിയുടെ അര്‍ജന്റീനക്ക് നാട്ടിലേക്ക് മടങ്ങാം. ജയിച്ചാലും ഐസ്‌ലാന്‍ഡ് ക്രൊയേഷ്യക്കെതിരെ തോല്‍ക്കുകയോ അര്‍ജന്റീനയേക്കാള്‍ കുറഞ്ഞ മാര്‍ജിനില്‍ ജയിക്കുകയോ വേണം. ഐസ്‌ലാന്‍ഡിനെ തോല്‍പ്പിച്ചെത്തുന്ന നൈജീരിയക്ക് അര്‍ജന്റീനക്കെതിരെ സമനില പിടിച്ചാലും സാധ്യതയുണ്ട്. ക്രൊയേഷ്യ ഐസ്‌ലാന്‍ഡിനെതിരെ തോല്‍ക്കാതിരുന്നാല്‍ രണ്ടാം സ്ഥാനക്കാരായി അവര്‍ പ്രീ ക്വാര്‍ട്ടറിലെത്തും.

സ്വീഡനെതിരെ ജർമനിക്ക് നാടകീയ വിജയം

keralanews germany defeats sweeden in world cup match

മോസ്‌കോ:ലോകകപ്പില്‍ ത്രസിപ്പിക്കുന്ന മത്സരത്തില്‍ സ്വീഡനെ തോല്‍പ്പിച്ച് ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റില്‍ ടോണി ക്രൂസ് നേടിയ ഗോളാണ് ജര്‍മനിക്ക് ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയമൊരുക്കിയത്. ഇതോടെ അടുത്ത മത്സരം മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാം. സ്വീഡനെതിരെ മെക്സിക്കോ ജയിച്ചാല്‍ കൊറിയക്കെതിരെ ജര്‍മനിക്ക് സമനില മതിയാകും. ആക്രമണമായിരുന്നു സ്വീഡന്റെ ലക്ഷ്യം. ജര്‍മനിയെ ഒന്നിനും സമ്മതിക്കാതെ പിടിച്ചുനിര്‍ത്തുന്ന രീതിയിലുള്ള ആക്രമണം. ജര്‍മനിയെ ഞെട്ടിച്ച്‌ ആദ്യം ഗോള്‍ നേടിയത് സ്വീഡനായിരുന്നു. 2ആം മിനുട്ടില്‍ ഒല ടൊയിവോനന്‍ സ്വീഡന് വേണ്ടി ഗോൾ നേടി.ആദ്യ പകുതി 1-0ന് അവസാനിച്ചു.രണ്ടാം പകുതിയില്‍ നേരിയ വ്യത്യാസം കണ്ട് തുടങ്ങി. മെസ്യൂത് ഓസിലിനെ പുറത്തിരുത്തി പകരം ഇറക്കിയ മാര്‍ക്കസ് റൂയിസ് ജര്‍മനിയുടെ സമനില ഗോള്‍ നേടി.സമനില മാത്രം പോരായിരുന്നു ജര്‍മനിക്ക്. ഇനിയുള്ള യാത്രയില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കണമെങ്കില്‍ സ്വീഡനെ തോല്‍പ്പിക്കണമായിരുന്നു. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ടോണി ക്രൂസിന്റെ ബൂട്ടുകള്‍ ജര്‍മനിയെ രക്ഷിച്ചു.ഇഞ്ചുറി ടൈം ആകെ ലഭിച്ചത് അഞ്ച് മിനുട്ട്. ഇതില്‍ അഞ്ചാം മിനുട്ടില്‍ ജര്‍മനിക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുന്നു. റൂയിസിനെ മുന്നില്‍ നിര്‍ത്തി തന്ത്രം മെനഞ്ഞ് ക്രൂസ് പന്ത് പോസ്റ്റിന്റെ മൂലയിലേക്ക് പറഞ്ഞയച്ചു.

ലോകകപ്പ് ഫുട്ബോൾ;കോസ്റ്റാറിക്കയെ വീഴ്ത്തി ബ്രസീലിന് ആദ്യ ജയം

keralanews world cup football brazil defeats costa rica

റഷ്യ:ഗ്രൂപ്പ് ഇ യില്‍ കോസ്റ്ററിക്കയ്‌ക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ബ്രസീലിന് രണ്ട് ഗോള്‍ ജയം. തൊണ്ണൂറാം മിനുറ്റില്‍ കുടീന്യോയും ഇഞ്ചുറി ടൈമിന്‍റെ 96ആം മിനുറ്റില്‍ നെയ്മറും നേടിയ ഗോളുകളിലൂടെയാണ് ബ്രസീലിന്‍റെ ജയം.അവസാന മിനുറ്റുവരെ ബ്രസീലിനെ ഗോളടിക്കുന്നതില്‍ നിന്നും തടഞ്ഞ കെയ്‌ലര്‍ നവാസിന്റെ കാലുകള്‍ക്കിടയിലൂടെയായിരുന്നു കുടീന്യോയുടെ ഗോള്‍ നേടിയത്. ഗബ്രിയേല്‍ ജീസസിന്റെ പാസില്‍ നിന്ന് ബോക്‌സിന് മധ്യത്തില്‍ നിന്നായിരുന്നു കുട്യീനോ പന്ത് ഗോളിലേക്ക് പായിച്ചത്.ഒരുഗോള്‍ വീണതോടെ താളം നഷ്ടപ്പെട്ട കോസ്റ്ററിക്കന്‍ പ്രതിരോധത്തെ കീറിമുറിച്ച നീക്കത്തിനൊടുവിലായിരുന്നു രണ്ടാം ഗോള്‍. തൊണ്ണൂറ്റാറാം മിനുറ്റില്‍ ഡഗ്ലസ് കോസ്റ്റ മുന്നേറ്റത്തിനൊടുവില്‍ നെയ്മര്‍ക്ക് പന്ത് കൈമാറി.അവസരം കൃത്യമായി വിനിയോഗിച്ച നെയ്മര്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ ഗോള്‍ നേടി. ബ്രസീലിനെതിരെ 90 മിനുറ്റും പിടിച്ചു നിന്ന കോസ്റ്ററിക്ക അവസാന ആറു മിനുറ്റിലാണ് തോറ്റുപോയത്. ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിലെ ജയത്തോടെ ബ്രസീല്‍ നാല് പോയിന്റുമായി പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ബ്രസീലിനോട് തോറ്റ കോസ്റ്ററിക്ക ലോകകപ്പില്‍ നിന്നും പുറത്തായി. 27ന് സെര്‍ബിയയുമായി ഇന്ത്യന്‍ സമയം രാത്രി 11.30നാണ് ബ്രസീലിന്റെ അടുത്ത മത്സരം.

കൊളംബിയയ്ക്ക് എതിരെ ജപ്പാന് അട്ടിമറി വിജയം

keralanews japan defeted columbia

റഷ്യ:ലോകകപ്പ് ഫുട്ബോളിൽ ഇന്നലെ നടന്ന ഗ്രൂപ്പ് എച്ച് മത്സരങ്ങളിൽ കൊളംബിയയ്ക്ക് എതിരെ ജപ്പാന് അട്ടിമറി വിജയം.ഏഷ്യയ്ക്ക് അഭിമാനവും പ്രതീക്ഷയും നല്‍കിയാണ് ജപ്പാന്‍ തങ്ങളുടെ ആദ്യ മത്സരം പൂര്‍ത്തിയാക്കിയത്. ലാറ്റനമേരിക്കന്‍ ശക്തിയുമായെത്തിയ കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍ മറികടന്നത്. മത്സരത്തിലുടനീളം വ്യക്തമായ മേധാവിത്വം നിലനിര്‍ത്തിയായിരുന്നു ജപ്പാന്റെ വിജയം.ഇതോടെ ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തെ ലോകകപ്പില്‍ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ബഹുമതിയും ജപ്പാന്‍ സ്വന്തമാക്കി.മത്സരത്തിന്റെ നാലാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ജപ്പാന്‍ കളിയിൽ ആധിപത്യം നേടി. ഒരു ഗോളിന് മുന്നിലെത്തിയത് മാത്രമായിരുന്നില്ല ആ ആധിപത്യം മറിച്ച്‌ കൊളംബിയയുടെ കാര്‍ലോസ് സാഞ്ചസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. ഇതോടെ പത്തുപേരായി കൊളംബിയ ചുരുങ്ങി. പോസ്റ്റിലേക്ക് വന്ന ഷിന്‍ജി കൊഗാവയുടെ ഷോട്ട് കൈകൊണ്ട് തടുത്തതാണ് ചുവപ്പുകാര്‍ഡിനും പെനാല്‍റ്റിക്കും കാരണമായത്.ജപ്പാന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അവസരം ഷിന്‍ജി കഗാവ വലയിലാക്കി ജപ്പാന് ലീഡ് നല്കി. തുടര്‍ന്നും ജപ്പാന്റെ മുന്നേറ്റമായിരുന്നു കണ്ടത്. എന്നാല്‍ 39 ആം മിനിട്ടില്‍ ഫ്രീ കിക്കിലൂടെ ജുവാന്‍ ക്വിന്റെറോ കൊളംബിയയ്ക്ക് സമനില നല്‍കി.മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച ഘട്ടത്തില്‍ യുയു ഒസാക്കയാണ് ജപ്പാന്റെ വിജയഗോള്‍ നേടിയത്. 73 ആം മിനിട്ടില്‍ കോര്‍ണര്‍കിക്കില്‍ നിന്നായിരുന്നു ഗോള്‍. ഉയര്‍ന്നുവന്ന പന്ത് ഒസാക്ക മനോഹരമായി ഹെഡ് ചെയ്ത് വലയിലിട്ടു.

ലോകകപ്പ് ഫുട്ബോൾ;ഈജിപ്തിനെ തകർത്ത് റഷ്യ പ്രീക്വാർട്ടറിൽ

keralanews world cup football russia entered into pre quarters

മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ രണ്ടാം ജയത്തോടെ ആതിഥേയരായ റഷ്യ പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഈജിപ്തിനെ 3-1നു തോല്പിച്ചാണ് റഷ്യ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായത്. സൌദിക്കെതിരെ എതിരില്ലാത്ത 5 ഗോളിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ റഷ്യ ഈജിപ്തിനെ പൂര്‍ണ്ണമായും നിഷ്‍പ്രഭമാക്കിയാണ് നിര്‍ണ്ണായകമായ രണ്ടാം വിജയം നേടിയത്.ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍. യഥാര്‍ഥ കളി റഷ്യ പുറത്തെടുത്തത് രണ്ടാം പകുതിയിലായിരുന്നു. 47ആം മിനിറ്റില്‍ അഹമ്മദ് ഫാത്തിയുടെ സെല്‍ഫ് ഗോളില്‍ റഷ്യ മുന്നിലെത്തി. 59ആം മിനുട്ടിലെ മികച്ച മുന്നേറ്റത്തിനൊടുവില്‍ ചെറിഷേവ് ലീഡ് ഉയര്‍ത്തി. രണ്ട് ഗോളിന്റെ ആഘാതത്തില്‍ നിന്ന് ഈജിപ്ത് മോചിതരാകും മുന്‍പേ 62ആം മിനിറ്റില്‍ ആര്‍ട്ടെം സ്യൂബയുടെ വക മൂന്നാമത്തെ ഗോളെത്തി.മൂന്ന് ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഈജിപ്തിന്റെ മുന്നേറ്റം 73ആം മിനിറ്റില്‍ ഫലം കണ്ടു. പെനല്‍റ്റി ബോക്സില്‍ തന്നെ ഫൌള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി സൂപ്പര്‍ താരം മുഹമ്മദ് സല അനായാസം ലക്ഷ്യത്തിലെത്തിച്ചു.അവസാന 15 മിനുട്ടില്‍ ഗോളുകള്‍ തിരിച്ചടിക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങളെ റഷ്യൻ പ്രതിരോധനിര സമര്‍ത്ഥമായി നേരിട്ടു. ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ ജയം നേടി ആതിഥേയര്‍ പ്രീ ക്വാര്‍ട്ടറിലേക്ക്.

ഫിഫ വേൾഡ് കപ്പ്;ജർമനിക്കെതിരെ മെക്സിക്കോയ്ക്ക് അട്ടിമറി ജയം

keralanews fifa world cup mexico defeat germany

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് എഫില്‍ നിലവിലെ ചാംപ്യന്മാരായ ജര്‍മനിയെ ഞെട്ടിച്ച്‌ മെക്സിക്കോയ്ക്ക് അട്ടിമറി ജയം.35 മത്തെ മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോയുടെ ഏകഗോളില്‍ ജര്‍മനിക്കാര്‍ അടിയറവ് പറഞ്ഞു. ഇതോടെ ഗ്രൂപ്പ് എഫില്‍ മൂന്നു പോയിന്റുമായി മെക്‌സിക്കോ മുന്നിലെത്തി. ഗോള്‍ നേടാന്‍ കിണഞ്ഞ് പരിശ്രമിച്ച ജര്‍മനിയെ ഫലപ്രദമായ പ്രതിരോധക്കോട്ട കെട്ടിയാണ് മെക്‌സിക്കോ ഒതുക്കിയത്. തുടക്കം മുതല്‍ ചംപ്യന്മാരെ വിറപ്പിക്കുന്ന പ്രകടനമാണ് മെക്‌സികോ പുറത്തെടുത്തത്.ആദ്യമത്സരം തോറ്റതോടെ, ജര്‍മനിക്ക് ഇനിയുള്ള കളികള്‍ നിര്‍ണായകമാണ്. സ്വീഡനും ദക്ഷിണ കൊറിയയുമാണ് ഗ്രൂപ്പിലെ മറ്റുടീമുകള്‍. സ്വീഡനെതിരായ മത്സരത്തില്‍ വിജയിക്കാനായില്ലെങ്കില്‍, അവര്‍ക്ക് രണ്ടാം സ്ഥാനത്തിനുപോലും കഷ്ടപ്പെടേണ്ടിവരും.

ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിഞ്ഞു; ആദ്യമത്സരത്തിൽ റഷ്യയ്ക്ക് തകർപ്പൻ ജയം

keralanews world cup football match started russia won the first match

മോസ്കോ:ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിഞ്ഞു.ആദ്യമത്സരത്തിൽ ആതിഥേയരായ റഷ്യക്ക് തകര്‍പ്പന്‍ ജയം. സൗദി അറേബ്യയയെ മറുപടിയില്ലാത്ത 5 ഗോളിന് തകർത്താണ് റഷ്യ വിജയം സ്വന്തമാക്കിയത്.ഇരട്ട ഗോളുകള്‍ നേടിയ ഡെനിസ്‌ ചെറിഷേവും യൂറി ഗസിന്‍സ്‌കി,ആര്‍തെം സ്യുബ, ആന്ദ്രെ ഗോളോവിന്‍ എന്നിവരുമാണ്‌ റഷ്യക്ക്‌ തകര്‍പ്പന്‍ ജയം സമ്മാനിച്ചത്‌. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ തുടങ്ങിയ ഗോള്‍വേട്ട ഇന്‍ജുറി ടൈം വരെ നീണ്ടു.വിപ്ലവങ്ങളും ലോകമഹായുദ്ധങ്ങളും കണ്ടുശീലിച്ച റഷ്യയുടെ മണ്ണിൽ സൗദികൾ പച്ചക്കൊടി പാറിക്കുമെന്ന് തോന്നിപ്പിക്കുന്നതായിരുന്നു മത്സരത്തിന്‍റെ തുടക്കം. ആദ്യ മിനിറ്റിൽത്തന്നെ സൗദിസംഘം റഷ്യൻ കോട്ടയുടെ ബലം പരീക്ഷിച്ചു. മുഹമ്മദ് അൽ ബറെയ്ക് നടത്തിയ മുന്നേറ്റം റഷ്യൻ ഭടന്മാർ ഫ്രീകിക്ക് വഴങ്ങി തടഞ്ഞു. തുടർച്ചയായ രണ്ടാമത്തെ ആക്രമണമായിരുന്നു സൗദികൾ നടത്തിയത്. ഇടവിടാതെയുള്ള ഗ്രീൻ ഫാൽക്കണുകളുടെ ആക്രമണത്തിന് ഗോളിലൂടെയായിരുന്നു സബോർനയ എന്ന വിളിപ്പേരുള്ള ആതിഥേയരുടെ മറുപടി. പന്ത്രണ്ടാം മിനിറ്റിൽ ഗാസിൻസ്കി സൗദിയുടെ വല കുലുക്കി. കനത്ത ഹെഡറിലൂടെ സൗദി വല കുലുക്കിയ യൂറി ഗസിന്‍സ്‌കി ഈ ലോകകപ്പിലെ ആദ്യ ഗോളിന്‌ ഉടമയായി.

ലോകകപ്പ് മത്സരങ്ങൾ തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സ്പെയിൻ കോച്ചിനെ പുറത്താക്കി

keralanews spain dismissed their coach just one day before starting the world cup match

മോസ്‌കോ:ലോകകപ്പ് മത്സരങ്ങൾ തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സ്പെയിൻ തങ്ങളുടെ കോച്ചായ ജുലൻ ലോപ്പറ്റെഗ്വിയെ പുറത്താക്കി. റഷ്യയിൽ സ്പാനിഷ് ടീം അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്പോഴാണ് ഫുട്ബോൾ ഫെഡറേഷന്‍റെ നടപടിയുണ്ടായിരിക്കുന്നത്. കോച്ചിനെ പുറത്താക്കുന്നതിന്‍റെ കാരണം സ്പെയിൻ ഫെഡറേഷൻ വ്യക്തമാക്കിയില്ലെങ്കിലും റയൽ മാഡ്രിഡ് പരിശീലകനായി ലോപ്പറ്റെഗ്വിയെ നിയമിച്ചതാണ് സ്ഥാനം തെറിക്കാൻ കാരണമായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ജൂൺ 15ന് പോർച്ചുഗല്ലിനെതിരേയാണ് സ്പെയിന്‍റെ ആദ്യ പോരാട്ടം. യൂറോ ചാന്പ്യന്മാരായ പോർച്ചുഗല്ലിനെതിരേ മത്സരിക്കാൻ തയാറെടുക്കുന്ന സ്പാനിഷ് സംഘത്തിന് തീരുമാനം കടുത്ത സമ്മർദ്ദമുണ്ടാക്കും.ചൊവ്വാഴ്ചയാണ് ലോപ്പറ്റെഗ്വിയെ സ്പാനിഷ് വന്പന്മാരായ റയൽ പരിശീലകനായി നിയമിച്ചത്. സിനദീൻ സിദാൻ രാജിവച്ച ഒഴിവിലേക്ക് മൂന്ന് വർഷത്തേക്കായിരുന്നു നിയമനം.

ഇന്റർകോണ്ടിനെന്റൽ ഫുട്ബോൾ;ഇന്ത്യക്ക് കിരീടം

keralanews india win intercontinental football

മുംബൈ:ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്.ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.രണ്ടു ഗോളുകളും പിറന്നത്  ഛേത്രിയുടെ ബൂട്ടില്‍ നിന്ന്.ടൂർണമെന്‍റിൽ എട്ട് ഗോളുമായി  ഛേത്രി ടോപ് സ്കോററായി.ഇതോടെ ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന, നിലവില്‍ കളിക്കുന്ന, താരങ്ങളുടെ പട്ടികയില്‍ ഛേത്രിയും ഇടംപിടിച്ചു. അര്‍ജന്‍റീനയുടെ ലയണല്‍ മെസിക്കൊപ്പമാണു ഛേത്രി എത്തിയത്. 64 ഗോളുകളാണ് നിലവില്‍ ഛേത്രിയുടെ അക്കൗണ്ടിലുള്ളത്. പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ള 81 ഗോളുകളാണ് ഇനി ഛേത്രിക്കു മുന്നിലുള്ളത്. ആദ്യ മിനിറ്റുകളില്‍ കെനിയയുടെ മുന്നേറ്റമായിരുന്നു.എന്നാല്‍ എട്ടാം മിനിറ്റില്‍ ഛേത്രിയെ വീഴ്‍ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് തൊടുക്കാന്‍ നിയോഗിക്കപ്പെട്ട അനിരുഥ് ഥാപ്പ തൊടുത്ത പന്ത് ഗോള്‍വലയിലേക്ക് തിരിച്ചുവിട്ട് ഗാലറിയെ അലകടലാക്കി ഛേത്രി.ആദ്യ ഗോള്‍ വീണതോടെ പ്രതിരോധത്തിലൂന്നിയും ഇടക്ക് ആക്രമിച്ചും ആഫ്രിക്കന്‍ കരുത്തര്‍ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍ മുപ്പതാം മിനിറ്റില്‍ കെനിയക്ക് വന്‍ തിരിച്ചടിയേല്‍പ്പിച്ച് ഛേത്രിയുടെ രണ്ടാം ഗോള്‍. സന്തോഷ് ജിങ്കന്‍ നീട്ടിനല്‍കിയ പന്ത് നെഞ്ചില്‍ സ്വീകരിച്ച് ഇടംകാലില്‍ കൊരുത്ത് ഛേത്രി കെനിയയുടെ വലയില്‍ നിക്ഷേപിച്ചു. പിന്നീടങ്ങോട്ട് തിരിച്ചടിക്കാന്‍ കെനിയ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.