ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ഏകദിനം; ന്യൂസിലാന്‍ഡിന്​ 297 റണ്‍സ്​ വിജയലക്ഷ്യം

keralanews india newzealand 3rd match newzealand needs 297runs to win

പോഷ്സ്ട്രൂം: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിന് 297 റണ്‍സ് വിജയലക്ഷ്യം.നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 296 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ കെ.എല്‍ രാഹുലും 62 റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒൻപത്  റണ്‍സ് മാത്രമാണ് നേടിയത്. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 32 റൺസെടുക്കുമ്പോഴേക്കും എം.എ അഗര്‍വാളും വിരാട് കോഹ്ലിയും പുറത്തായെങ്കിലും പൃഥ്വി ഷായും ശ്രേയസ് അയ്യറും കൂടി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി.എന്നാല്‍, മികച്ച രീതിയില്‍ കളിച്ചുകൊണ്ടിരിക്കെ പൃഥ്വി ഷാ റണ്‍ ഔട്ടായി.പൃഥ്വി ഷാ 42 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 40 റണ്‍സ് നേടി. പൃഥ്വി ഷാ റണ്‍ഔട്ടായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. പിന്നീടെത്തിയ രാഹുല്‍ ശ്രേയസ് അയ്യര്‍ക്ക് മികച്ച പിന്തുണ നല്‍കി.113 പന്തില്‍ രാഹുല്‍ ഒൻപത് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും സഹായത്തോടെ 112 റണ്‍സ് അടിച്ചെടുത്തു.ഏകദിനത്തില്‍ രാഹുലിന്റെ നാലാം സെഞ്ചുറിയാണിത്.ഇരുവരും നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.രാഹുല്‍ പുറത്തായതോടെ ഒന്നിച്ച ശ്രേയസ് അയ്യരും മനീഷ് പാണ്ഡേയും പതിയെ ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് നീക്കി.ആദ്യ രണ്ട് മല്‍സരങ്ങളും തോറ്റ് പരമ്പര നഷ്ടപ്പെട്ട ഇന്ത്യ മാനംകാക്കുകയാണ് മൂന്നാം ഏകദിനത്തിലെ ജയത്തിലൂടെ ലക്ഷ്യമിടുന്നത്.

രഞ്ജി ട്രോഫി ക്രിക്കറ്റ്‌;കേരളത്തിന് സീസണിലെ ആദ്യ ജയം

keralanews ranji trophy cricket first success for kerala in this season

തിരുവനന്തപുരം:രഞ്ജി ട്രോഫി ക്രിക്കറ്റില്‍‌ കേരളത്തിന് സീസണിലെ ആദ്യ ജയം. 21 റണ്‍സിനാണ് കേരളം പഞ്ചാബിനെ തോല്‍പ്പിച്ചത്. 146 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 124 റണ്‍സിന് എല്ലാവരും പുറത്തായി.ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തില്‍ ചുവട് പിഴച്ചു. സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി.പിന്നീടങ്ങോട്ട് സച്ചിന്‍ ബേബിയും റോബിന്‍ ഉത്തപ്പയും കടുത്ത പ്രതിരോധം ഉയര്‍ത്തി.എന്നാല്‍ 53 പന്തില്‍ നിന്ന് 48 റണ്‍സുമായി ഉത്തപ്പ വീണതോടെ തൊട്ടുപിന്നാലെ തന്നെ സച്ചിനും മടങ്ങി. 45 പന്ത് നേരിട്ട സച്ചിന്‍ 9 റണ്‍സായിരുന്നു നേടിയത്.പിന്നീട് കേരളത്തിന്റെ രക്ഷകനാകുകയായിരുന്നു സല്‍മാന്‍ നിസാര്‍. വിഷ്ണു വിനോദിനെയും കൂട്ടുപിടിച്ച് സല്‍മാന്‍ പഞ്ചാബ് ബോളര്‍മാരെ വട്ടംകറക്കി. 20 റണ്‍സുമായി വിഷ്ണുവും കളംവിട്ടതോടെ ടീമിന്റെ മൊത്തം ഭാരവും സല്‍മാനിലേക്കെത്തി.ഒരറ്റത്ത് വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരുന്നപ്പോള്‍ പരമാവധി റണ്‍സ് നേടുക എന്നതായി സല്‍മാന്റെ ലക്ഷ്യം. ഒടുവില്‍ ടീം ഓള്‍ ഔട്ടാകുമ്പോള്‍ 157 പന്തില്‍ നിന്ന് 91 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു സല്‍മാന്‍. 227 റണ്‍സായിരുന്നു കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോര്‍.മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബ്, നായകന്‍ മന്ദീപ് സിങിന്റെ ചുമലിലേറിയാണ് കുതിച്ചത്. തുടക്കം കുറച്ച് പാളിയെങ്കിലും പ്രതിരോധത്തിലൂന്നി ആയിരുന്നു പഞ്ചാബിന്റെയും കളി. സ്കോര്‍ ബോര്‍ഡിലേക്ക് 99 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ആറു വിക്കറ്റ് നഷ്ടമായെങ്കിലും മന്ദീപ് ക്രീസില്‍ പിടിച്ചുനിന്നു. ഒരറ്റത്ത് വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരുന്നപ്പോഴും മന്ദീപിലായിരുന്നു പഞ്ചാബിന്റെ പ്രതീക്ഷ. എന്നാല്‍ 218 റണ്‍സ് എടുക്കുമ്പോഴേക്കും പഞ്ചാബിന്റെ ഒന്നാം ഇന്നിങ്സിന് തിരശീല വീണു. 143 പന്തില്‍ നിന്ന് 71 റണ്‍സ് എടുത്ത് ഔട്ടാകാതെ നില്‍ക്കുകയായിരുന്നു മന്ദീപ്. കേവലം 9 റണ്‍സ് മാത്രമായിരുന്നു കേരളത്തിന്റെ ലീഡ്. രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളത്തിന് തൊട്ടതെല്ലാം പിഴച്ചു. ഉത്തപ്പ റണ്‍സൊന്നും നേടാതെ പുറത്തായത് തിരിച്ചടിയായി. സച്ചിന്‍ ബേബിയും 10 റണ്‍സുമായി കളംവിട്ടു. രണ്ടാം ഇന്നിങ്സിലും 28 റണ്‍സുമായി ഔട്ടാകാതെ നിന്ന സല്‍മാന്‍ തന്നെയായിരുന്നു ടോപ് സ്കോറര്‍. 136 റണ്‍സിനാണ് കേരളം രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. വിജയലക്ഷ്യമായ 146 റണ്‍സിലേക്ക് ബാറ്റ് വീശിയ പ‍ഞ്ചാബ് ഏറെക്കുറെ വിജയം ഉറപ്പിച്ചായിരുന്നു ക്രീസിലേക്ക് എത്തിയത്. എന്നാല്‍ 146 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിനെ കേരള സ്പിന്നര്‍മാരായ ജലജ് സക്സേനയും സിജോമോന്‍ ജോസഫും ചേര്‍ന്ന് വട്ടം കറക്കുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോൾ 55/5 എന്ന നിലയിലായിരുന്ന പഞ്ചാബ് പൊരുതി നോക്കിയെങ്കിലും 21 റണ്‍സ് അകലെ വരെ എത്തുവാനെ പഞ്ചാബിന് സാധിച്ചുള്ളു.

ഐഎസ്‌എല്‍;കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം ഇന്ന്

keralanews i s l kerala blasters north east united match today

കൊച്ചി:ഐഎസ്‌എല്‍ ആറാം സീസണില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം.രാത്രി 7:30ന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.കേരളത്തിന്റെ ഈ സീസണിലെ പത്താം മത്സരമാണിത്.പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമാണ്.ഒന്‍പത് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയിക്കാനായ ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്താണ്.ഒൻപത് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.പ്ലേ ഓഫ് സാധ്യതകള്‍ സജീവമാകണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ എട്ടെണ്ണത്തിലെങ്കിലും കേരളത്തിന് വിജയിക്കണം.

കാര്യവട്ടം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം

keralanews karyavattom t20 west indies won for seven wickets

തിരുവനന്തപുരം:കാര്യവട്ടം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 2 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 9 പന്തുകള്‍ ശേഷിക്കെയായിരുന്നു വിന്‍ഡീസ് വിജയം.വിന്‍ഡീസിന് വേണ്ടി ഓപണര്‍ ലെന്‍ഡന്‍ സിമ്മണ്‍സ് 67 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 45 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതമാണ് സിമ്മണ്‍സ് 67 റണ്‍സെടുത്തത്. ലൂയിസ് 40 റണ്‍സെടുത്തും ഹേറ്റ്‌മെയര്‍ 23 റണ്‍സിനും പുറത്തായി. നിക്കോളാസ് പൂരന്‍ 18 പന്തില്‍ 38 റണ്‍സുമായി സിമ്മന്‍സിനൊപ്പം ചേര്‍ന്ന് വിജയലക്ഷ്യം പൂര്‍ത്തിയാക്കി.നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ ശിവം ദുബെയുടെ മികവിലാണ് ഇന്ത്യ 170 റണ്‍സ് എടുത്തത്. ദുബെ 30 പന്തില്‍ 54 റണ്‍സെടുത്തു. റിഷഭ് പന്ത് 33 റണ്‍സും രോഹിത് ശര്‍മ 15 റണ്‍സുമെടുത്തു. കോഹ്ലി 19 റണ്‍സിന് പുറത്തായി. മറ്റാര്‍ക്കും തിളങ്ങാനായില്ല.ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഒപ്പത്തിനൊപ്പമായി. മൂന്നാം മത്സരം ഡിസംബര്‍ 11ന് മുംബൈയിലാണ് നടക്കുക.

ക്രിക്കറ്റ് ആവേശത്തില്‍ തലസ്ഥാന നഗരി;ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാര്യവട്ടത്ത്

keralanews the second match of the india west indies t20 series will be played today at karyavattom greenfield stadium

തിരുവനന്തപുരം:ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.മത്സരത്തിനായി ഇരു ടീമുകളും തലസ്ഥാനത്ത് എത്തി. ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ഇരു ടീമുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്ന് ഇരു ടീമുകളും പ്രത്യേകം ബസുകളില്‍ ഹോട്ടല്‍ ലീലയിലേക്ക് പോയി.നായകന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ എത്തിയത്. നിറഞ്ഞ കൈയടിയോടെയും ഹര്‍ഷാരവത്തോടെയുമാണ് ടീം അംഗങ്ങളെ ആരാധകര്‍ വരവേറ്റത്. നാട്ടുകാരന്‍ സഞ്ജു സാംസണെ ആര്‍പ്പു വിളികളോടെയാണ് ആരാധകര്‍ എതിരേറ്റത്.കഴിഞ്ഞ മത്സരങ്ങളില്‍ ഒക്കെ ടീമില്‍ ഇടം ലഭിച്ചിട്ടും അവസാന ഇലവനില്‍ ഇടം നേടാനാവാതെ പോയ സഞ്ജുവിന് ഞായറാഴ്ച പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.രാത്രി ഏഴുമണിക്കാണ് മത്സരം ആരംഭിക്കുക.ആദ്യ മത്സരം ജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരംകൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഈ മാസം 11ന് മുംബൈയിലാണ് മൂന്നാം മത്സരം നടക്കുക.മത്സരത്തിനു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി പൊലീസ് അറിയിച്ചു.സുരക്ഷയ്ക്കായി 1000 പൊലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മത്സരത്തോടനുബന്ധിച്ച്‌ കെ.എസ്.ആര്‍.ടി.സി തമ്പാനൂരിൽ നിന്നും ആറ്റിങ്ങല്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തും. മത്സരത്തിനായി കാണികള്‍ക്ക് വൈകിട്ട് നാല് മുതല്‍ പ്രധാന കവാടം വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.ഇവിടെനിന്ന് മൂന്ന് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകള്‍ വഴി ഗാലറിയിലേക്ക് പ്രവേശിക്കാം.

സംസ്ഥാന സ്കൂൾ കായികമേള;പാലക്കാട് ജില്ല ജേതാക്കൾ

keralanews state school games palakkad district is the winner

കണ്ണൂര്‍:കണ്ണൂരിൽ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തെ പിന്തള്ളി പാലക്കാട് ജില്ലാ ജേതാക്കളായി. 201 പോയിന്റുകളുമായാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. 2016ന് ശേഷം ഇതാദ്യമാണ് പാലക്കാട് കിരീടം ചൂടുന്നത്.എറണാകുളത്തിന് 157 പോയിന്റുകളാണ് ഇത്തവണ നേടാനായത്. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ 62 പോയിന്റുകളുമായി ചാമ്പ്യൻ പട്ടം സ്വന്തമാക്കി.സ്‌കൂളുകളില്‍ രണ്ടാം സ്ഥാനത്തെത്തിയത് പാലക്കാട് കല്ലടി സ്കൂളാണ്. 34 ഫൈനലുകള്‍ നടന്ന മൂന്നാം ദിനത്തില്‍ 1500 മീറ്ററിലും ഹര്‍ഡില്‍സിലും കാഴ്ചവച്ച മികവാണ് പാലക്കാടിന് കരുത്ത് പകര്‍ന്നത്. പാലക്കാടിന്റെ സൂര്യജിത്തും ജിജോയും സി ചാന്ദ്‌നിയും ഇരട്ട സ്വര്‍ണം നേടി.ഒപ്പം കോഴിക്കോടിന്റെ വി പി സനികയും ഇരട്ടസ്വര്‍ണം സ്വന്തമാക്കി.

ദക്ഷിണ കൊറിയയില്‍ നടന്ന ലോക ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്സായി മലയാളി താരം ചിത്തരേഷ്

keralanews chitharesh nateshan body builder from kochi wins the mr universe 2019 in world body building and physique championship held in south korea

കൊച്ചി:ദക്ഷിണ കൊറിയയില്‍ നടന്ന ലോക ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്സായി മലയാളി താരം ചിത്തരേഷ്.മിസ്റ്റര്‍ യൂണിവേഴ്സ് ടൈറ്റില്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണു വടുതല സ്വദേശിയായ ചിത്തരേഷ്.90 കിലോഗ്രാം വിഭാഗത്തില്‍ മിസ്റ്റര്‍ വേള്‍ഡ് പട്ടം നേടി തുടര്‍ന്നു നടന്ന മത്സരത്തില്‍ 55-110 കിലോഗ്രാം ഭാരവിഭാഗങ്ങളിലെ ഒന്‍പതു ലോക ചാംപ്യന്‍മാരെ പരാജയപ്പെടുത്തിയാണു ചിത്തരേഷ് മിസ്റ്റര്‍ യൂണിവേഴ്സ് നേടിയത്.ഡല്‍ഹിയില്‍ ഫിറ്റ്നസ് ട്രെയിനറായി ജോലി നോക്കുന്ന ചിത്തരേഷ് മുന്‍പു നടന്ന പല ചാംപ്യന്‍ഷിപ്പുകളിലും ഡല്‍ഹിയെ പ്രതിനിധീകരിച്ചാണു മത്സരിച്ചത്. എന്നാല്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ ഇന്ത്യന്‍ ടീമിലെത്തി നടത്തിയ ആദ്യ ശ്രമത്തില്‍ത്തന്നെ ഈ സ്വപ്ന നേട്ടം കരസ്ഥമാക്കാനായതിന്റെ സന്തോഷത്തിലാണിപ്പോള്‍ താരം.

പരാധീനതകളോടു പടവെട്ടിയാണു ചിത്തരേഷ് ലോകം കൊതിക്കുന്ന വിജയം കയ്യെത്തിപ്പിടിച്ചത്. വടുതല ഗണപതി ക്ഷേത്രത്തിനു സമീപത്തെ ആസ്ബറ്റോസ് ഷീറ്റിട്ട ചെറിയ രണ്ടുമുറി വീട്ടില്‍നിന്നു മിസ്റ്റര്‍ യൂണിവേഴ്സിലേക്കുള്ള പാത കഷ്ടപ്പാടുകളുടേതായിരുന്നു. വിജയമധുരം രുചിക്കാന്‍ ചിത്തരേഷിനു തുണയായത് ഉറ്റ സുഹൃത്തും വഴികാട്ടിയും കോച്ചുമായ എം.പി. സാഗറിന്റെ ചിട്ടയായ പരിശീലനമാണ്. ഒരു ദിവസംപോലും മടിപിടിക്കാതെ, ഇഷ്ടമുള്ള ഭക്ഷണവും ചടങ്ങുകളും ആഘോഷങ്ങളും ഒക്കെ ത്യജിച്ചുള്ള കഠിനമായ പരിശീലനം. ചെലവേറിയ കായിക ഇനമാണെന്നറിഞ്ഞിട്ടും വീട്ടിലെ സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമല്ലാതിരുന്നിട്ടും പിന്‍മാറാന്‍ ചിത്തരേഷിനു മനസ്സില്ലായിരുന്നു.പ്രതിസന്ധികളില്‍ നാടും കൂട്ടുകാരും കൂടെ നിന്നു. പലപ്പോഴും സാമ്പത്തികമായി സഹായിച്ചു. ഹൈബി ഈഡന്‍ എംപിയും വ്യക്തിപരമായി പലപ്പോഴും സഹായിച്ചെന്നും ചിത്തരേഷ് പറയുന്നു.ഡല്‍ഹിയില്‍ ജോലി നോക്കുന്ന ചിത്തരേഷ് വടുതലയിലെ വീട്ടില്‍ അവസാനമായി എത്തിയത് ഒരു വര്‍ഷം മുന്‍പാണ്. ദക്ഷിണ കൊറിയയില്‍ നടന്ന വേള്‍ഡ് ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പിനായി ജനുവരി മുതല്‍ കഠിനമായ ഒരുക്കമായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിലേക്കുള്ള യാത്രകള്‍ ഒഴിവാക്കി.പരിശീലനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

സംസ്ഥാന സ്കൂൾ കായികോത്സവം;പാലക്കാട് ജില്ല മുന്നിൽ

keralanews state school sports festival palakkad district in first position

കണ്ണൂർ:സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ല വീണ്ടും മുന്നില്‍. 44 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോൾ 87.33 പോയിന്റാണ് പാലക്കാടിനുള്ളത്. 77.33 പോയിന്റുമായി എറണാകുളം രണ്ടാമതും 55.33 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമാണ്.സ്‌കൂളുകളില്‍ 31.33 പോയിന്റോടെ പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്‌.എസാണ് മുന്നില്‍.കോതമംഗലം മാര്‍ ബേസില്‍ 22.33 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 20 പോയിന്റോടെ എറണാകുളം മണീട് ഗവ. എച്ച്‌.എസ്.എസാണ് മൂന്നാം സ്ഥാനത്ത്. ഇന്ന് നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ അ‍ഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് മാത്തൂര്‍ സ്കൂളിലെ പ്രവീണ്‍ സ്വര്‍ണം നേടി.സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് കട്ടിപ്പാറ സ്കൂളിലെ നന്ദന ശിവദാസ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.4×100 മീറ്റർ റിലേയാണ് ഇന്നത്തെ പ്രധാന ഇനം. 100 മീറ്റർ ഹർഡിൽസ് ഫൈനലും ഇന്ന് നടക്കും.

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ കണ്ണൂരിൽ തുടക്കമാകും

keralanews state school games will begin tomorrow in kannur

കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് നാളെ കണ്ണൂരില്‍ തുടക്കമാകും. നാളെ വൈകിട്ട് 3:30ന് മേള കായികമന്ത്രി ഇ.പി. ജയരാജന്‍ മേള ഉദ്ഘാടനം ചെയ്യും.പി.ടി. ഉഷ, എം.ഡി. വത്സമ്മ, ബോബി അലോഷ്യസ് ,ജിസ്ന മാത്യു, വി..കെ. വിസ്മയ എന്നിവര്‍ വിശിഷ്ടാതിഥികളായെത്തും.നാളെ രാവിലെ സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഒട്ടതോടെ മത്സരം ആരംഭിക്കും.കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് സിന്തറ്റിക്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരങ്ങള്‍ നടക്കുന്നത്. 98 ഇനങ്ങളില്‍ ഏകദേശം രണ്ടായിരത്തോളം കുട്ടികളാണ് പങ്കെടുക്കുക.ആദ്യ ദിവസം 18 ഫൈനല്‍ ഉള്‍പ്പടെ 30 മത്സരങ്ങളാകും നടക്കുക. മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ വെള്ളിയാഴ്‌ച പകല്‍ രണ്ടിന്‌ കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും.നാല് ദിവസം നീണ്ട് നില്‍ക്കുന്ന കായിക മേള നവംബര്‍ 19ന് ആരംഭിക്കും.

സന്തോഷ് ട്രോഫിഫുട്ബോൾ;കേരളത്തെ മിഥുന്‍ നയിക്കും

keralanews santhosh trophy football midhun will lead kerala

കൊച്ചി:എഴുപത്തിനാലാമത് സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പിനുളള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു.ഗോള്‍കീപ്പറും അഞ്ചു തവണ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് കളിച്ച്‌ പരിചയമുള്ള വി മിഥുന്‍ ആണ് ടീമിന്റെ നായകന്‍.സച്ചിന്‍ എസ് സുരേഷ് (ഗോള്‍ കീപ്പര്‍),അജിന്‍ ടോം(വലതു വശം പ്രതിരോധം), അലക്‌സ് സജി(സെന്‍ട്രല്‍ ബായ്ക്ക്), റോഷന്‍ വി ജിജി(ഇടത് വിംഗ്), ഹൃഷിദത്ത്(സെന്‍ട്രല്‍ മിഡ് ഫീല്‍ഡ്), വിഷ്ണു(മുന്നേറ്റ നിര), എമില്‍ ബെന്നി(മുന്നേറ്റ നിര), വിബിന്‍ തോമസ്(സെന്‍ട്രല്‍ ബായ്ക്ക്), ജി സഞ്ജു(സെന്‍ട്രല്‍ ബായ്ക്ക്), വി ജി ശ്രീരാഗ്(ഇടത് വശം പ്രതിരോധം), ലിയോണ്‍ അഗസ്റ്റിന്‍(വലത് വിങ്), താഹിര്‍ സമന്‍(ഇടത് വിങ്), ജിജോ ജോസഫ(സെന്‍ട്രല്‍ മിഡ്ഫീല്‍ഡ്), റിഷാദ(സെന്‍ട്രല്‍ മിഡ് ഫീല്‍ഡ്), അഖില്‍(സെന്‍ട്രല്‍ മിഡ്ഫീല്‍ഡ്), ഷിഹാദ് നെല്ലിപറമ്ബന്‍(മുന്നേറ്റ നിര), മൗസുഫ് നിസാന്‍(മുന്നേറ്റ നിര), ജിഷ്ണു ബാലകൃഷ്ണന്‍(വലത് വശം പ്രതിരോധം), എം എസ് ജിതിന്‍(വലത് വിങ്) എന്നിവരാണ് 20 അംഗ ടീമിലുള്ളത്, കഴിഞ്ഞ തവണ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് കളിച്ചവരില്‍ ഗോള്‍ കീപ്പില്‍ വി മിഥുനും, സെന്‍ട്രല്‍ ബായ്ക്ക് അലക്‌സ് സജിയും മാത്രമാണ് ഇത്തവണ ടീമില്‍ ഇടം നേടിയത്.

ബിനോ ജോര്‍ജ് ആണ് മുഖ്യ പരിശീലകന്‍, ടി ജി പുരുഷോത്തമന്‍ ആണ് സഹ പരിശീലകന്‍, സജി ജോയ് ആണ് ഗോള്‍കീപ്പര്‍ പരിശീലകന്‍. കഴിഞ്ഞ രണ്ടു മാസത്തോളമായി ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊച്ചിയില്‍ ക്യാംപ് നടന്നുവരികയായിരുന്നു.65 ഓളം കളിക്കാരെ പങ്കെടുപ്പിച്ച്‌ നടത്തിയ ക്യാംപില്‍ നിന്നും മികച്ച പ്രകടനം നടത്തിയ 20 പേരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍ പറഞ്ഞു. സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ട് മല്‍സരമാണ് നടക്കാന്‍ പോകുന്നത്.ആന്ധ്രപ്രദേശ്,തമിഴ്‌നാട് എന്നിവരാണ് യോഗ്യത റൗണ്ടിലെ കേരളത്തിന്റെ എതിരാളികള്‍. അടത്തു മാസം അഞ്ചിന് കോഴിക്കോട് നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളം ആന്ധ്രപ്രദേശിനെ നേരിടും. വൈകുന്നേരം നാലിനാണ് മല്‍സരം. നവംബര്‍ ഒൻപതിനാണ് തമിഴ്‌നാടുമായുള്ള മല്‍സരം.യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ നിന്നും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയാല്‍ ജനുവരിയില്‍ വീണ്ടും ക്യാംപ് നടത്തിയാകും അടുത്ത റൗണ്ടിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുക.