സിസ്റ്റർ അഭയ കൊലക്കേസ്;പ്രതികളെ കോടതിയില്‍ എത്തിച്ചു; ശിക്ഷാവിധി ഇന്ന്

keralanews sister abhaya murder case defendants brought to court judgment today

തിരുവനന്തപുരം:സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും കോടതിയില്‍ എത്തിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് പ്രതികളെ എത്തിച്ചത്.ശിക്ഷാവിധി ഇന്നുണ്ടാവും.പതിനൊന്ന് മണിക്ക് ശിക്ഷയിന്മേല്‍ വാദം തുടങ്ങും.അഭയകൊലക്കേസില്‍ ഫാദര്‍ തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന വിധി ഇന്നലെയാണ് കോടതി പുറപ്പെടുവിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം നടത്താനെന്ന ലക്ഷ്യത്തോടെ അതിക്രമിച്ച്‌ കയറിയെന്ന കുറ്റം ഫാ. തോമസ് എം കോട്ടൂരിനെതിരെ മാത്രമാണ് തെളിഞ്ഞത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച്‌ പരാമവധി ശിക്ഷ പ്രതികള്‍ക്ക് വിധിക്കണമെന്നാകും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുക.പ്രായവും അസുഖങ്ങളും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നാകും പ്രതിഭാഗം ആവശ്യപ്പെടുക. ഇരുവാദങ്ങളും പരിശോധിച്ചാകും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ. സനില്‍ കുമാര്‍ ശിക്ഷ വിധിക്കുക. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബിഐ കൊലപാതകമെന്ന് കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്ബാരംഭിച്ച വിചാരണ നടപടികള്‍ ഈ മാസം 10ന് അവസാനിച്ച ശേഷമാണ് വിധി പറയാനായി മാറ്റിയത്. അതുകൊണ്ടു തന്നെ ഇന്നത്തെ വിധി നിര്‍ണ്ണായകമാണ്. 16 വര്‍ഷത്തെ സിബിഐ അന്വേഷണ കണ്ടെത്തലുകള്‍ അംഗീകരിച്ച കോടതി വിധി പ്രസ്ഥാവനത്തിലും അഭയയ്ക്ക് നീതി നല്‍കുമെന്നാണ് പ്രതീക്ഷ.

കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കവയിത്രി സു​ഗ​ത​കു​മാ​രി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

keralanews health condition of sugathakumari who is under covid treatment continues serious

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന കവിയത്രി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് സുഗതകുമാരി കഴിയുന്നത്. ന്യുമോണിയയ്ക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാണെന്ന് ആശുപത്രി സുപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് അറിയിച്ചു. യന്ത്രസഹായത്തോ‌ടെ നൂറു ശതമാനം ഓക്സിജന്‍ നല്‍കുന്നുണ്ടെങ്കിലും വളരെ കുറഞ്ഞ അളവില്‍ മാത്രം ഓക്സിജന്‍ സ്വീകരിക്കുവാനാണ് അവര്‍ക്ക് സാധിക്കുന്നത്. കാര്‍ഡിയോളജി, മെഡിക്കല്‍, സാംക്രമിക രോഗവിഭാഗം, നെഫ്രോളജി, എന്‍ഡോക്രൈനോളജി എന്നീ വിഭാഗങ്ങളുടെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തിന്‍റെ മേല്‍നോട്ടത്തിലാണ് ചികിത്സപുരോഗമിക്കുന്നത്.തിങ്കളാഴ്ച ഉച്ചയോടെയാണ് സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി  മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

കുറ്റിപ്പുറത്ത് തെരുവുനായ്​ക്കള്‍ വഴിയാത്രക്കാരനെ കടിച്ചുകൊന്നു

keralanews stray dog killed man in kuttippuram

കുറ്റിപ്പുറം: എടച്ചലം കാളപൂട്ട് കണ്ടത്തിന് സമീപം തെരുവുനായ്ക്കള്‍ വയോധികനെ  കടിച്ചുകൊന്നു. വടക്കേക്കളത്തില്‍ ശങ്കരന്‍ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ഫുട്ബാള്‍ കളി കഴിഞ്ഞ് വരുന്നവരാണ് നായ്ക്കളുടെ കടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുകയായിരുന്ന ഇദ്ദേഹത്തെ കണ്ടത്. ഇവരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ശരീരമാകെ നായ്ക്കള്‍ ക്രൂരമായി കടിച്ചുപറിച്ച നിലയായിരുന്നു.തുടര്‍ന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: സിന്ധു, വിനോദിനി, പ്രീത, മണി. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണ്.

സ്വഭാവിക നീതി നിക്ഷേതമരുത് – ഹൈക്കോടതി

IMG_20201222_200753


കൊച്ചി : ഏത് വിഭാഗത്തിൽ പെടുന്നവരാണെങ്കിലും സ്വഭാവിക നീതിയുടെ നിക്ഷേധം ഉണ്ടാകാൻ പാടില്ലെന്ന് ബഹു: കേരള ഹൈക്കോടതി നിരീക്ഷിച്ചു.

പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പളത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ക്രമാതീതമായ വർദ്ധനവ് വരുത്തിയതിനെ ചോദ്യം ചെയ്തു കൊണ്ട് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റീഷന്റെ വാദത്തിനിടയിലാണ് ജസ്റ്റിസ്.ബെച്ചു കുര്യൻ തോമസിന്റെ സുപ്രധാനമായ നിരീക്ഷണമുണ്ടായത്.

പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പള വർദ്ധനവിനെക്കുറിച്ച് പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ഗവർമെന്റ് ഒരു കമ്മിറ്റി ഉണ്ടാക്കുകയും,ആ കമ്മിറ്റിയുടെ മുൻപിൽ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി തങ്ങളുടെ നിർദ്ദേശം സമർപ്പിക്കുകയും ചെയ്തതാണ്.എന്നാൽ ആ നിർദ്ദേശങ്ങൾ പരിഗണിച്ചില്ല എന്ന് മാത്രമല്ല അവ എന്തു കൊണ്ട് പരിഗണിച്ചില്ല എന്നതിനെ സംബന്ധിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി ശമ്പള വർദ്ധനവ് നടപ്പിലാക്കി കൊണ്ടുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയാണ് ഗവർമെന്റ് ചെയ്തത്.ഈ നടപടി സ്വഭാവിക നീതിയുടെ നിക്ഷേധമായി ബഹു.ഹൈക്കോടതി വിലയിരുത്തുകയും ഈ കേസിൽ അന്തിമ വിധി വരും വരെ ശമ്പള വർദ്ധനവിനെ സംബന്ധിച്ചുള്ള എല്ലാ നടപടികളും നിർത്തി വെക്കാനും ഉത്തരവിട്ടു.

പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റിക്കു വേണ്ടി സീനിയർ അഡ്വക്കേറ്റ് പി.രവീന്ദ്രൻ,അഡ്വ.ജോർജ്ജ് മേച്ചേരി,അഡ്വ.ശ്രീധർ രവീന്ദ്രൻ എന്നിവർ ഹാജരായി.

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;5057 പേര്‍ക്ക് രോഗമുക്തി

keralanews 6049 covid cases confirmed in the state today 5057 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര്‍ 302, വയനാട് 202, ഇടുക്കി 108, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5306 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 729, തൃശൂര്‍ 720, എറണാകുളം 504, കോഴിക്കോട് 574, മലപ്പുറം 541, പത്തനംതിട്ട 449, കൊല്ലം 490, തിരുവനന്തപുരം 244, ആലപ്പുഴ 315, പാലക്കാട് 141, കണ്ണൂര്‍ 249, വയനാട് 193, ഇടുക്കി 91, കാസര്‍ഗോഡ് 66 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 12, തിരുവനന്തപുരം 9, കണ്ണൂര്‍ 8, കോട്ടയം, പാലക്കാട് 7 വീതം, എറണാകുളം 6, കൊല്ലം 5, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 320, കൊല്ലം 279, പത്തനംതിട്ട 251, ആലപ്പുഴ 212, കോട്ടയം 474, ഇടുക്കി 417, എറണാകുളം 414, തൃശൂര്‍ 606, പാലക്കാട് 265, മലപ്പുറം 709, കോഴിക്കോട് 510, വയനാട് 195, കണ്ണൂര്‍ 306, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.ഇന്ന് പ്രദേശങ്ങളെ 3 ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്പോട്ടുകളാണുള്ളത്.

പ്രതീക്ഷയോടെ രാജ്യം;കോവിഡ് വാക്സിന്റെ ആദ്യ ബാച്ച്‌ തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തും; ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കും

keralanews first batch of covid vaccine arrive in delhi on monday permission for use will be announced by prime minister

ന്യൂഡല്‍ഹി: ബ്രിട്ടന്‍ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയിലും കോവിഡ് വാക്സിന്‍ എത്തുന്നു. വാക്സിന്റെ ആദ്യ ബാച്ച്‌ തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തും. ആശുപത്രികളില്‍ വാക്സിന്‍ സൂക്ഷിക്കുന്നതിനായി ഉള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് അവസാന ഘട്ടത്തിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായുള്ള പരിശീനം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി 609 ഇടങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഒരു മുഴുവന്‍ ദിവസ പരിശീലനവും നല്‍കുന്നുണ്ട്.വാക്‌സിൻ ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സൂക്ഷിക്കാനുള്ള സൗകര്യമുള്ളത്. ലോക്‌നായക്, കസ്തൂര്‍ബ,ജിടിബി ആശുപത്രികള്‍, ബാബാസാഹേബ് അംബേദ്കര്‍ ആശുപത്രി, മൊഹല്ല ക്ലിനിക്ക് എന്നിവിടങ്ങളിലും വാക്‌സിന്‍ സംഭരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ഡല്‍ഹി വിമാനത്താവളത്തിലെ രണ്ട് കാര്‍ഗോ ടെര്‍മിനലുകള്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ സജ്ജമാക്കി.മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് മൂന്ന് ഡോക്ടര്‍മാരെ വാക്‌സിനേറ്റിങ്ങ് ഓഫീസര്‍മാരായി തിരഞ്ഞെടുത്തിട്ടുണ്ട്. കൂടുതല്‍ വാക്‌സിനേറ്റിങ് ഓഫീസര്‍മാര്‍ക്ക് ഈ മൂന്ന് ഡോക്ടര്‍മര്‍ പരിശീലനം നല്‍കും. പിന്നീടവര്‍ ജില്ലാ തലത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും.

അഭയ കൊലക്കേസ്;പ്രതികൾ കുറ്റക്കാർ;ശിക്ഷ നാളെ

keralanews abhaya murder case defendants convicted

തിരുവനന്തപുരം:അഭയ കൊലക്കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി.ഒന്നാം പ്രതിഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവരാണ് കുറ്റക്കാർ. രണ്ടുപേർക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം നടന്ന് 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഫാ. തോമസ് കോട്ടൂരിനെതിരെയും സിസ്റ്റര്‍ സെഫിക്കെതിരെയും കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫാ. തോമസ് കോട്ടൂര്‍ കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികള്‍. സിബിഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു.1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചോദ്യം ചെയ്ത് അഭയ ആക്ഷൻ കൗൺസിൽ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്‍റെ വാദം ശരിയല്ലെന്നു സി.ബി.ഐ കണ്ടെത്തിയെങ്കിലും ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും തെളിവുകള്‍ നശിപ്പിച്ചതിനാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ അറിയിച്ചു.പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് കേസ് അവസാനിപ്പിക്കണമെന്ന സിബിഐയുടെ അപേക്ഷ എറണാകുളം സിജെഎം കോടതി 1996 ഡിസംബര്‍ ആറിന് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ഒടുവില്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സിബിഐ 1999 ജൂലൈ 12 നും 2005 ആഗസ്റ്റ് 30 നും സിബിഐ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ മൂന്ന് തവണയും കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഒടുവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ കേരള ഘടകം കേസ് ഏറ്റെടുത്തതോടെ വഴിത്തിരിവായി. അഭയ കൊല്ലപ്പെട്ട് 16 വര്‍ഷത്തിന് ശേഷം 2008 നവംബര്‍ 18ന് ഫാദര്‍ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ഡി.വൈ.എസ്.പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.പ്രതികളുടെ അവിഹിതം കണ്ടതിനെ തുടർന്ന് കൈക്കോടാലിയുടെ പിടികൊണ്ട് അഭയയുടെ നെറുകയിൽ മാരകമായി മർദ്ദിച്ചശേഷം അബോധാവസ്ഥയിലായപ്പോൾ മരിച്ചെന്ന് കരുതി കിണറ്റിൽ ഉപേക്ഷിച്ചുവെന്നായിരുന്നു കേസ്. കേസില്‍ 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൂറുമാറി. മൂന്നാം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയായിരുന്നു നിര്‍ണായകം. പ്രതിഭാഗത്തുനിന്നും സാക്ഷികളാരും ഉണ്ടായിരുന്നില്ല. ഈ മാസം 10 നാണ് വാദം പൂര്‍ത്തിയായത്.

ബ്രിട്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed to passenger came from britain to chennai

ചെന്നൈ:ബ്രിട്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസിന്റെ പുതിയ വകഭേദമാണോയെന്ന് തിരിച്ചറിയാന്‍ സാമ്പിൾ എന്‍ഐവി പൂനെയിലേക്ക് അയച്ചു. രോഗി നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് ആരോഗ്യ വിഭാഗം അറിയിച്ചു.അതേസമയം അതിവേഗ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബ്രിട്ടനിലേക്ക് ഡിസംബര്‍ 31 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്ന് നിര്‍ദേശമുണ്ട്.ഇതില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരെ സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ള ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറ്റും. നെഗറ്റീവാകുന്നവര്‍ 7 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന മേല്‍നോട്ടവും വേണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ വിമാനത്താവളത്തില്‍ ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരുകള്‍ വിമാനത്താവളങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തര യോഗത്തിലാണു തീരുമാനങ്ങള്‍. ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ജനുവരി 5 വരെ രാത്രി 11 മണി മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈറസുകളിലെ ജനിതകമാറ്റം സാധാരണമാണ്. യുകെയില്‍ കണ്ടെത്തിയ കൊറോണവൈറസ് പുതിയ വകഭേദം ആശങ്കയുയര്‍ത്തുന്നത് അതിന്റെ സാംക്രമികശേഷി കൊണ്ടു മാത്രമാണ്. VUI-202012/01 എന്ന പുതിയ വകഭേദത്തില്‍ 23 ജനിതകമാറ്റങ്ങളാണു കണ്ടെത്തിയത്.70 % അധികമാണു സാംക്രമികശേഷി. രോഗതീവ്രതയിലോ ലക്ഷണങ്ങളിലോ വ്യത്യാസമില്ല. ഇപ്പോഴുള്ള വാക്‌സീനുകള്‍ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്നു ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

അതിവേഗ വൈറസ്;പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം;ലണ്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചു

keralanews rapid spreading of corona virus india suspends flights to and from london
ന്യൂഡല്‍ഹി: നോവല്‍ കൊറോണവൈറസിന് ജനിതകമാറ്റം സംഭവിച്ചതോടെ ബ്രിട്ടനില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചു. ഡിസംബര്‍ 31വരെയാണ് സര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുന്നത്. നാളെ അര്‍ധരാത്രി മുതലുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.എന്നാല്‍ ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് അതിവേഗം പകരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. കനത്ത ജാഗ്രത രാജ്യത്ത് പുലര്‍ത്തുന്നുമുണ്ട്. ബ്രിട്ടനില്‍ സംഭവിച്ച വൈറസിന്‍റെ ജനിതകമാറ്റവും അതിവേഗ രോഗവ്യാപനവും ഇന്ത്യയിലുണ്ടാകുമെന്ന പ്രചരണത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.മുന്‍കരുതലുകളുടെ ഭാഗമായി ചൊവ്വാഴ്ച അര്‍ദ്ധ രാത്രിക്ക് മുൻപായി യു.കെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിലെത്തുമ്പോൾ നിര്‍ബന്ധിത ആര്‍ടി-പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്രിട്ടന്‍ വഴി വരുന്ന വിമാന യാത്രികര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസിനെ ബ്രിട്ടനില്‍ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. ബ്രിട്ടന് പുറമെ, ഇറ്റലി, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലും നോവല്‍ കൊറോണവൈറസിന്‍റെ പുതിയ പതിപ്പിനെ കണ്ടെത്തിയിട്ടുണ്ട്. പുതിയ സംഭവവികാസത്തോടെ ബ്രിട്ടനില്‍ പ്രത്യേകിച്ചും ലണ്ടന്‍ നഗരത്തില്‍ ജാഗ്രത ശക്തമാക്കുകയും സമ്പൂർണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടനില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.