ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം;233 മരണം; 900ത്തിലേറെ പേർക്ക് പരിക്ക്

ന്യൂഡൽഹി: ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. 900ത്തിലേറെ പേർക്ക് പരിക്കേറ്റു. ബലാസൂർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.തുടർന്ന് എക്‌സ്പ്രസ് ട്രെയിനിന്റെ എട്ടോളം ബോഗികൾ മറിയുകയായിരുന്നു.പശ്ചിമ ബംഗാളിലെ ഷാലിമറിൽ നിന്ന് പുറപ്പെടുകയും ചെന്നൈയിലെ പുറച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ റെയിൽവേ സ്‌റ്റേഷനിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.ബാലേശ്വർ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്.വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റവരില്‍ നാല് മലയാളികളുണ്ടെന്നും തൃശൂര്‍ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നുമാണ് വിവരം. അപകടത്തിൽപ്പെട്ട എസ്എംവിടി – ഹൗറ എക്സ്പ്രസിൽ ബെംഗളുരുവിൽ നിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവെ അറിയിച്ചു. ഇതിൽ 300-പേർ റിസർവ് ചെയ്യാതെയാണ് കയറിയത്. എസ്എംവിടി – ഹൗറ എക്സ്പ്രസിന്റെ പിൻവശത്തുള്ള ജനറൽ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകൾ പറ്റിയത്. പിന്നിൽ ഉള്ള ഒരു ജനറൽ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വൺ മുതൽ എഞ്ചിൻ വരെയുള്ള കോച്ചുകളിൽ വലിയ കേടുപാടുകൾ പറ്റിയത്. പിന്നിൽ ഉള്ള ഒരു ജനറൽ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വൺ മുതൽ എഞ്ചിൻ വരെയുള്ള കോച്ചുകളിൽ വലിയ കേടുപാടുകൾ ഇല്ലെന്നും റെയിൽവെ അറിയിച്ചു. അതേസമയം റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിവരങ്ങൾ നൽകാൻ ബുദ്ധിമുട്ടായിരിക്കുകയാണ്.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ശനിയാഴ്ച നടത്താനിരുന്ന ഗോവ -മുംബൈ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും അപകടത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.

കണ്ണൂരിൽ ട്രെയിനിന് തീവെച്ചത് ബംഗാൾ സ്വദേശി; ഭിക്ഷാടനം തടഞ്ഞത് പ്രകോപനമായെന്ന് ഉത്തരമേഖലാ ഐജി

കണ്ണൂര്‍: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീ വെച്ചത് കസ്റ്റഡിയിലുള്ള പശ്ചിമ ബംഗാൾ സ്വദേശിയെന്ന് സ്ഥരീകരിച്ച് പൊലീസ്. നാൽപ്പത് വയസ് പ്രായമുള്ള പുഷൻ ജിത് സിക്ദർ എന്ന ബംഗാൾ സ്വദേശിയാണ് ട്രെയിനിന് തീവെച്ചതെന്ന് ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത വിശദീകരിച്ചു.ഭിക്ഷാടനം തടഞ്ഞതിന്‍റെ പ്രകോപനത്തിലാണ് ഇയാൾ ട്രെയിനിൽ തീവെച്ചതെന്നും നീരജ് കുമാർ ഗുപ്ത പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഐ ജി.കൊൽക്കത്തിൽ ഇലക്ട്രീഷ്യനായും പിന്നീട് ഹോട്ടലുകളിൽ വെയിറ്ററായും ജോലി ചെയ്തിട്ടുള്ളയാളാണ് പുഷൻ. കൊൽക്കത്തയിലും ഡൽഹിയിലും, മുംബൈയിലും ഇയാൾ വെയിറ്ററായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി പ്ലാസ്റ്റിക്ക് കുപ്പികൾ പെറുക്കി വിൽപന നടത്തിയിരുന്നു. പിന്നീടാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്. ഇയാൾ കുറച്ച് ദിവസം മുമ്പാണ് കേരളത്തിലേക്ക് വന്നത്. മൂന്ന് ദിവസം മുമ്പാണ് തലശേരിയിൽനിന്ന് കാൽനടയായി കണ്ണൂരിലേക്ക് വന്നത്. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിലെ പ്രകോപനത്തെ തുട‍ര്‍ന്നാണ് തീവെച്ചതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിനാൽ പണം ലഭിച്ചിരുന്നില്ല. ഇതിൽ പ്രതി മാനസിക സമ്മ‍ര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.ട്രെയിനിൽ നിന്ന് ലഭിച്ച വിരലടയാളത്തിന് ഇയാളുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തി. ട്രെയിനിൽ നിന്ന് ലഭിച്ച പത്ത് വിരലടയാളങ്ങളിൽ നാലിനും പുഷൻജിത്തിന്റേതുമായി സാമ്യമുണ്ട്.കൂടാതെ കത്തിയ കോച്ചിൽ നിന്ന് ലഭിച്ച കുപ്പിയിലും ഇയാളുടെ വിരലടയാളമുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. തീവെപ്പിന് തൊട്ടുമുൻപ് ഇയാൾ ട്രാക്കിന് പരിസരത്തു ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇയാളെ കണ്ടതായി ബിപിസിഎൽ സുരക്ഷ ജീവനക്കാരനും മൊഴി നൽകിയിരുന്നു.അതേസമയം ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോയെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിരുന്നു. റെയിൽവേ അധികൃതർ ഇന്ന് ട്രെയിനിൽ കൂടുതൽ പരിശോധന നടത്തും.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ വൻ തീപിടിത്തം; ബോഗി പൂർണമായും കത്തിനശിച്ചു; തീ പടർന്നത് എലത്തൂരിൽ തീയിട്ട അതേ ട്രെയിനിൽ

കണ്ണൂർ :കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ വൻ തീപിടിത്തം.മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം.എലത്തൂരിൽ തീയിട്ട അതേ ട്രെയിനിനാണ് തീപിടിച്ചത്. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ജനറൽ കംപാർട്ട്‌മെന്റാണ് പൂർണമായും കത്തി നശിച്ചത്.ട്രെയിൻ കത്തിച്ചതെന്നാണ് ലഭിക്കുന്ന സൂചന. നിർത്തിയിട്ടിരുന്ന ട്രെയിനിലേക്ക് ഒരാൾ ക്യാനുമായി കയറിപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശേഷമാണ് ട്രെയിനിൽ നിന്നും തീ ഉയർന്നത്. നിർത്തിയിട്ടിരുന്ന വണ്ടിയായതിനാൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനിടയില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബോഗിയുടെ എല്ലാ ഭാഗത്തുനിന്നും തീപടർന്നതിനാൽ സാധാരണ തീപിടിത്തം ആകാനുളള സാദ്ധ്യതയില്ലെന്നും അട്ടിമറി സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.11.15 ഓടെ യാത്രക്കാരെ ഇറക്കി ട്രെയിൻ പ്ലാറ്റ് ഫോമിൽ നിന്ന് എട്ടാമത്തെ ട്രാക്കിലേക്ക് മാറ്റിയിട്ടതിനു ശേഷമാണ് സംഭവം. തീ ആളിപ്പടർന്നത് കണ്ട് റെയിൽവേ ഉദ്യോഗസ്ഥർ ഫയർഫോഴ്‌സിനെ വിളിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തിയെങ്കിലും ബോഗി പൂർണമായും കത്തിനശിച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങൾക്ക് പ്ലാറ്റ്‌ഫോം വരെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും തീയണയ്ക്കൽ ശ്രമം ദുഷ്ക്കരമാക്കി.ഭാരത് പെട്രോളിയത്തിന്റെ ഇന്ധന സംഭരണി സ്റ്റേഷന് സമീപത്തായുണ്ട്. അതിലേക്ക് തീപിടിക്കാത്തതിനാൽ വൻ അപകടം ഒഴിവായെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.ഏപ്രിൽ രണ്ടിനായിരുന്നു എലത്തൂരിൽമൂന്ന് പേർ മരണപ്പെട്ട തീവെപ്പുണ്ടായത്. സംഭവത്തിൽ ഷാരുഖ് സെയ്ഫിയെന്നയാൾ പിടിയിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് എൻഐഎ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അതേ ട്രെയിനിലെ മറ്റൊരു കംപാർ്ട്ട്‌മെന്റ് പൂർണമായും കത്തി നശിച്ചിരിക്കുന്നത്.

ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തം; അട്ടിമറിയുണ്ടെന്ന് മേയർ ടി ഒ മോഹനൻ

കണ്ണൂർ: ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തത്തിൽ അട്ടിമറിയുണ്ടെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ.തീ പിടിച്ചത് അടുത്തകാലത്ത് മാലിന്യം കൊണ്ടിട്ട സ്ഥലങ്ങളിലാണ്. ബയോ മൈനിങ് അശാസ്ത്രീയമെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമം ഉണ്ടായെന്ന് സംശയിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകും. ബയോ മൈനിങ് മികച്ച രീതിയിൽ നടക്കുന്നുവെന്ന് സർക്കാർ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിട്ടും പാളിപ്പോയെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചു. പ്രതിപക്ഷ കൗൺസിലർമാർ അടക്കമുള്ളവരും പ്രാദേശിക നേതാക്കളും സ്ഥലം സന്ദർശിച്ച് ബയോമൈനിങ് പാളി എന്ന പ്രഖ്യാപിച്ചു. ഇതെല്ലാം സംശയാസ്പദമാണെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഓ മോഹനൻ പറഞ്ഞു.

ഇന്നലെ പുലർച്ചെ 4നാണു സംഭവം. ജൈവ, അജൈവ മാലിന്യം വേർതിരിക്കുന്ന പ്രദേശത്തു നിന്നു പുക ഉയരുന്നതു കണ്ട സമീപവാസികൾ കോർപറേഷൻ അധികൃതരെയും തുടർന്ന് കണ്ണൂർ അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു.റീജനൽ ഫയർ ഓഫിസർ പി.രഞ്ജിത്തിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേനയുടെ 3 യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും തീ അണയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് പയ്യന്നൂർ, മട്ടന്നൂർ, കൂത്തുപറമ്പ്, പാനൂർ,തലശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റ് വീതം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയ ശേഷം 1.30ഓടെ തീ നിയന്ത്രണ വിധേയമാക്കി.ടിപ്പറിൽ മണൽ കൊണ്ടുവന്നു തീയുടെ മുകളിൽ തള്ളിയും മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ മാലിന്യക്കൂമ്പാരം ഇളക്കി മാറ്റിയും കുഴിയെടുത്ത് ഇതിലേക്കു മാലിന്യം കോരി മാറ്റിയുമാണു തീ പടരുന്നതു തടഞ്ഞത്.1.30ഓടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ശക്തമായി പുക ഉയരുന്നത് ഏറെ സമയം നീണ്ടു. 2.30ഓടെ തീയും പുകയും ഉയരുന്നതു പൂർണമായി ഇല്ലാതാക്കിയ ശേഷമാണ് അഗ്നിരക്ഷാസേന മടങ്ങിയത്.

അൽഫാമും കുഴിമന്തിയും കഴിച്ച് ഭക്ഷ്യവിഷബാധ;വയനാട്ടിൽ പതിനഞ്ച് പേർ ചികിത്സ തേടി

വയനാട്: അൽഫാമും കുഴിമന്തിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കൽപ്പറ്റയിലെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചോളം പേരാണ് ചികിത്സ തേടിയത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ പനമരം സിഎച്ച്‌സിയിലും, സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കഴിഞ്ഞദുവസം രാത്രിയാണ് കൽപ്പറ്റയിലെ മുസല്ല റെസ്റ്റോറന്റിൽ നിന്നും ഇവർ ഭക്ഷണം കഴിച്ചത്. രാത്രിയോടെ ഛർദ്ദിയും, വയറിളക്കവും, തലവേദനയും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് ചികിത്സ തേടിയത്.സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത റസ്റ്റോറൻറ് നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു. പരാതിയിൽ ഉന്നയിച്ച റെസ്റ്റോറന്റിൽ നിന്ന് തന്നെയാണോ വിഷബാധയുണ്ടായതെന്ന കാര്യം ആരോഗ്യവകുപ്പ് അന്വേഷിച്ച് വരികയാണ്.

കോട്ടയത്ത് അമിത വേ​ഗതയിൽ വന്ന ബൈക്ക് ലോറിയിലിടിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയം: അമിത വേ​ഗതയിൽ വന്ന ബൈക്ക് ലോറിയിലിടിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം.കോട്ടയം കുമാരനല്ലൂരിലാണ് അപകടമുണ്ടായത്. മൂന്നു പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ (24), സംക്രാന്തി സ്വദേശി ആൽബിൻ (22), തോണ്ടുതുറ സ്വദേശി മുഹമ്മദ് ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്. ഇവർ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.കുമാരനല്ലൂർ-കുടമാളൂർ പാതയിലാണ് അപകടമുണ്ടായത്. ഇവർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ലോറി വന്നിടിക്കുകയായിരുന്നു. മൂന്ന് പേരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു;82. 95 ശതമാനം വിജയം

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 82.95 ആണ് വിജയ ശതമാനം. 4,32,436 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 33,815 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. 77 സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം സ്വന്തമാക്കിയത്. ഏറ്റവും ഉയർന്ന വിജയശതമാനം എറണാകുളം ജില്ലയിലും ഏറ്റവും കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയ്‌ക്കുമാണ്.സയൻസ് വിഭാഗത്തിൽ 87.31%, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 71.93%, കൊമേഴ്‌സ് വിഭാഗത്തിൽ 82.75% എന്നിങ്ങനെയാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം വിജയശതമാനം കുറവാണ്.സേ പരീക്ഷയ്‌ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീതയി മെയ് 29.ജൂൺ 21 മുതൽ സേ പരീക്ഷകൾ ആരംഭിക്കും.ഫലം അറിയാൻ ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കുക :www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in.

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടം;നവജാതശിശുവിന് പിന്നാലെ അമ്മയും യാത്രയായി

തിരുവനന്തപുരം: പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ നവജാതശിശുവിന് പിന്നാലെ അമ്മയും മരിച്ചു.മണമ്പൂർ സ്വദേശി മഹേഷിന്റെ ഭാര്യ അനുവാണ് ചികിത്സയിലിക്കെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനു മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അനുവിന്റെ മൂന്ന് ദിവസം പ്രായമായ കുഞ്ഞ്, അനുവിന്റെ മാതാവ് മണമ്പൂർ നാലുമുക്ക് കാരൂർക്കോണത്ത് പണയിൽ വീട്ടിൽ ശോഭ(41), ഓട്ടോ ഡ്രൈവർ മണമ്പൂർ കാരൂർക്കോണത്ത് വീട്ടിൽ സുനിൽ (40) എന്നിവർ അപകടത്തിനു തൊട്ടുപിന്നാലെ മരിച്ചിരുന്നു.കൊല്ലത്തുനിന്ന്‌ തിരുവനന്തപുരത്തേക്കു വന്ന ഫാസറ്റ് പാസഞ്ചർ ബസ് പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ഓട്ടോറിക്ഷ ഇടിച്ചുകയറിയാണ് അപകടം.അപകടത്തിൽ പരുക്കേറ്റ അനുവിന്റെ ഭർത്താവ് മഹേഷും മൂത്ത മകൻ മിഥുനും (4) ചികിത്സയിലാണ്.അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ കൊല്ലം മയ്യനാട് കുട്ടിക്കട താഴത്തുചേരി ജിത്തു ഭവനിൽ വി. അജിത് കുമാറിനെ(50) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്. അജിത്തിനെ കോടതി റിമാൻഡ് ചെയ്തു. ഡ്രൈവർ വി. അജിത്തിന്റെ ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ബസ് അമിത വേഗത്തിലായതാകാം അപകടത്തിനു കാരണമെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.7 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.99. 70 ആണ് ഇത്തവണത്തെ വിജയ ശതമാനം.റെഗുലർ വിഭാഗത്തിൽ 4,19,128 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷയെഴുതിയത്. ഇതിൽ 4,17,864 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്.68,694 വിദ്യാർത്ഥികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയത്.വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂർ. 99.94 ശതമാനം. കുറവ് വയനാട്, 98.41ശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ മുന്നിൽ പാലയും മുവാറ്റുപു‍ഴയുമാണ്. രണ്ടു വർഷങ്ങൾക്ക് ശേഷം ഗ്രേസ് മാർക്ക് പുനസ്ഥാപിച്ചപ്പോൾ 1,38,086 പേർക്കാണ് ആനുകൂല്യം ലഭിച്ചത്. 24422 പേർ ഇതിലൂടെ എല്ലാ വിഷയങ്ങൾക്കും എ + നേടി. പുനർമൂല്യനിർണയം, സൂക്ഷപരിശോധന എന്നിവയ്ക്കായി വിദ്യാർത്ഥികൾക്ക് നാളെ മുതൽ ഈ മാസം 25 വരെ അപേക്ഷിക്കാം. സേ പരീക്ഷകൾ ജൂൺ 7 മുതൽ 14 വരെയായി നടക്കും. ഫല പ്രഖ്യാപനം ജൂൺ അവസാനം. അടുത്ത ആ‍ഴ്ചയോടെ പ്രസ് വൺ പ്രവേശനത്തിന്‍റെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു;വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് നിർദേശം; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം

ന്യൂഡൽഹി:രാജ്യത്ത് രണ്ടായിരം രൂപയുടെ കറൻസി നോട്ട് വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.എല്ലാ ബാങ്കുകൾക്കും ഇത് സംബന്ധിച്ച നിർദേശം ആർബിഐ നൽകിയിട്ടുണ്ട്. അതേസമയം ജനങ്ങളുടെ കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസമില്ലെന്ന് ആർബിഐ വ്യക്തമാക്കി. നിലവിലുള്ള രണ്ടായിരം രൂപയുടെ നോട്ടുകൾക്ക് മൂല്യമുണ്ടാകുമെന്നും ജനങ്ങളുടെ പക്കലുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ബാങ്കുകൾക്ക് കൈമാറാൻ സെപ്റ്റംബർ 30 വരെ സമയമുണ്ടെന്നും ആർബിഐ അറിയിച്ചു. പുതിയ നിർദേശപ്രകാരം 2023 സെപ്റ്റംബർ 30 വരെ മാത്രമായിരിക്കും രണ്ടായിരം രൂപാ നോട്ട് പണമിടപാടിനായി ഉപയോഗിക്കാൻ സാധിക്കുക.2000ത്തിന്റെ നോട്ടുകള്‍ 20,000 രൂപയ്ക്കുവരെ ഒറ്റത്തവണ ബാങ്കുകളില്‍നിന്ന് മാറ്റാം. മേയ് 23 മുതല്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. 2023 സെപ്റ്റംബര്‍ 30 വരെ 2000-ത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും.2018-ന് ശേഷം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. നോട്ടുകള്‍ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നും ആര്‍.ബി.ഐ. അറിയിച്ചു.2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. തുടര്‍ന്ന് 500 -ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകള്‍ അവതരിപ്പിച്ചു.അന്ന് അവതരിപ്പിച്ച 2000-ത്തിന്റെ നോട്ടുകളാണ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുള്ളത്.