വയനാട്ടില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

keralanews route map of man confirmed with corona virus in wayanad released

കൽപ്പറ്റ:വയനാട്ടില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു.വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ആരുമായും സമ്പർക്കം പുലര്‍ത്താത്തതിനാല്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.നിലവില്‍ പ്രത്യേക കൊവിഡ് സെന്ററാക്കി മാറ്റിയ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്.ദുബായിലെ ദേരയില്‍ ജോലി ചെയ്തിരുന്ന യുവാവ് ഈ മാസം 22 ന് പുലര്‍ച്ചെ എത്തിഹാദ് എയര്‍വെയ്‌സിന്റെ ഇവൈ 254 വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്ന് പ്രീപ്പെയ്ഡ് ടാക്‌സിയിൽ വീട്ടിലേക്ക് മടങ്ങി.എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ പനി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.ഇയാൾ വീട്ടിലെത്തുമ്പോഴേക്കും കുടുംബത്തെ വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.23ന് രാവിലെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തി സ്രവം പരിശോധനക്കായി നല്‍കി. ഫലം വന്ന ഇന്നലെ വരെ ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു.അതേസമയം ഇയാള്‍ക്കൊപ്പം വിമാനത്തില്‍ ജില്ലയിലെത്തിയ അഞ്ച് പേരും നിലവില്‍ നിരീക്ഷണത്തിലാണ്.രോഗിയുടെ കാര്യത്തില്‍ ആശങ്കയില്ലെന്നാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും വ്യക്തമാക്കിയത്.

കണ്ണൂരിൽ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ച ഒന്‍പത് പേരും ദുബായില്‍ നിന്ന് വന്നവര്‍;ഇവരുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും

keralanews nine confirmed with corona virus in kannur are from dubai and their route map will release today

കണ്ണൂര്‍:ജില്ലയില്‍ പുതുതായി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച ഒന്‍പത് പേരും ദുബായില്‍ നിന്ന് വന്നവര്‍. ഇവരുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം ഇന്ന് പ്രസിദ്ധീകരിക്കും.പുതുതായി രോഗം ബാധിച്ചവരില്‍ രണ്ട് പേര്‍ സ്വകാര്യ ബസിലും മറ്റും യാത്രചെയ്തിട്ടുള്ളതായും ജില്ലാ കളക്ടര്‍ പറഞ്ഞു.ഈ മാസം 22ന് ദുബായില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള എമിറേറ്റ്‌സിന്റെ ഇകെ 564 വിമാനത്തിലെത്തിയ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ കോട്ടയംപൊയില്‍ സ്വദേശികളും ഒരാള്‍ കതിരൂര്‍ സ്വദേശിയുമാണ്.ബംഗളൂരുവില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇവര്‍ നാട്ടിലെത്തിയത്.മാര്‍ച്ച്‌ 20ന് ദുബായില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള എമിറേറ്റ്‌സിന്റെ ഇകെ 566 വിമാനത്തിലാണ് കൂത്തുപറമ്പ് സ്വദേശികളായ രണ്ടുപേര്‍ എത്തിയത്. പതിനാല് പേരടങ്ങുന്ന ഒരു സംഘമായാണ് ഇവര്‍ വന്നത്. സംഘത്തിലെ മറ്റൊരാള്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.ബംഗളൂരുവില്‍ നിന്ന് കേരള അതിര്‍ത്തിയായ കൂട്ടുപുഴ വരെ വാനിലും പിന്നീട് സ്വകാര്യ ബസിലുമാണ് സംഘം യാത്ര ചെയ്തത്.കിളിയന്തറ ചെക്ക്‌പോസ്റ്റിൽ പരിശോധനയ്ക്കിടെ ഇവര്‍ ഉദ്യോഗസ്ഥരോടും മാധ്യമ പ്രവര്‍ത്തകരോടും തട്ടിക്കയറിയിരുന്നു. സംഘത്തിലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതു മുതല്‍ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരുമടക്കം നാല്‍പതോളം പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.എയര്‍ ഇന്ത്യയുടെ ദുബായില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എഐ 938 വിമാനത്തില്‍ മാര്‍ച്ച്‌ 17നെത്തിയ തലശ്ശേരി സ്വദേശിയും മാര്‍ച്ച്‌ 19നെത്തിയ മേക്കുന്ന് സ്വദേശിയുമാണ് രോഗം ബാധിച്ച മറ്റു രണ്ടു പേര്‍. മാര്‍ച്ച്‌ 18ന് സ്‌പൈസ്‌ജെറ്റിന്റെ എസ്ജി 54 എന്ന വിമാനത്തില്‍ ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ കതിരൂര്‍, മട്ടന്നൂര്‍ സ്വദേശികള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.

വാ​യ്പ​ക​ള്‍​ക്ക് മൂ​ന്ന് മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം പ്രഖ്യാപിച്ച് ആർബിഐ

keralanews r b i allows three month moratorium on loans

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് മാസത്തെ മൊറട്ടേറിയമാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്.നിശ്ചിത കാലാവധിയിലുള്ള ലോണുകള്‍ക്കാണ് ഇളവ് കിട്ടുകയെന്ന് അദ്ദേഹം വിശദീകരിച്ചു. ബാങ്കുകള്‍ക്കും, ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്നും ശക്തികാന്ത ദാസ് അറിയിച്ചു.കൊവിഡ്- 19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സാമ്ബത്തിക മാന്ദ്യം ഉണ്ടാകുമെന്നും രാജ്യത്തെ വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ പ്രവചനാതീതമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.അസാധാരണ സാഹചര്യത്തിലൂടെയാണ് സാമ്ബത്തിക രംഗം കടന്ന് പോകുന്നത്.എത്രകാലം ഈ സാഹചര്യം നീണ്ടുനില്‍ക്കും എന്നു വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ബാങ്കുകളുടെ കൈകളിലേക്ക് കൂടുതല്‍ പണമെത്തിച്ച്‌ ഇത് മറികടക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

കൊറോണ നിരീക്ഷണത്തിലിരിക്കെ യുവാവ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു;പരിശോധനാഫലം വന്നപ്പോള്‍ നെഗറ്റീവ്

keralanews man under corona observation committed suicide by jumping from a hospital building in delhi

ന്യൂഡൽഹി:കൊറോണ നിരീക്ഷണത്തിലിരിക്കെ യുവാവ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.ഈ മാസം 18നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ 23കാരനെ കൊറോണ പരിശോധനയ്ക്കായി ഡല്‍ഹി സഫ്ദര്‍ജങ്  ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയില്‍ തനിക്ക് തലവേദനയുണ്ടെന്ന് ഇയാള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇയാളില്‍ നിന്ന് സാമ്പിളുകൾ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചു. ഇതിന് ശേഷമാണ് ഇയാള്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇയാളുടെ പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. അതില്‍ കൊറോണ നെഗറ്റീവായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ച ഇയാളുടെ തുടര്‍ പരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ എത്തുമ്പോഴേക്കും യുവാവ് ആത്മഹത്യ ചെയ്തിരുന്നു.

കൊറോണ നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മുങ്ങിയ കൊല്ലം സബ് കളക്റ്റർക്കെതിരെ കേസ്

keralanews case charged against the kollam sub-collector who escaped home while under corona observation

കൊല്ലം:വിദേശത്ത് നിന്ന് മടങ്ങിയെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കൊല്ലം സബ് കലക്ടർ ക്വാറന്റൈൻ ലംഘിച്ച് മുങ്ങി.ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെ സബ് കളക്ടർ അനുപം മിശ്ര ഐഎഎസാണ് സംസ്ഥാനം വിട്ടത്. മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് സബ് കലക്ടർ കാൺപൂരിലാണെന്ന് കണ്ടെത്തി.ക്വാറന്റൈന്‍ ലംഘിച്ചതിന് കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ കലക്ടറുടെ നിർദേശത്തെ തുടർന്നാണ് നടപടി. അറിയിക്കാതെ യാത്ര ചെയ്തത് നിയമ വിരുദ്ധമാണെന്ന് ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ പറഞ്ഞു. കേസെടുക്കുന്നതിനു പുറമേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ കൂടുതൽ സുരക്ഷിതം എന്ന നിലയ്ക്കാണ് നാട്ടിലേക്ക് മാറിയതെന്ന് അനുപം മിശ്ര പറഞ്ഞു. ഔദ്യോഗിക വസതിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടുവെന്നും ബന്ധുക്കൾ ഒപ്പമില്ലാതിരുന്നതും നാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചുവെന്നും സബ് കലക്ടര്‍ പറയുന്നു.

ഈ മാസം 19 തിനാണ് കൊല്ലം സബ് കളക്ടറായ അനുപം മിശ്ര ഐഎഎസ് സിംഗപ്പൂരിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയത്. ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ നിരീക്ഷണത്തിൽ പോകാൻ ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ നിർദ്ദേശിച്ചു. പത്തൊൻപതാം തീയതി മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു യുവ ഐഎഎസ് ഉദ്യോഗസ്ഥൻ.കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വസതിയിൽ എത്തിയപ്പോൾ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. ഫോണിൽ ബന്ധപെട്ടപ്പോൾ ബാംഗ്ലൂരിലാണെന്നായിരുന്നു മറുപടി. എന്നാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ അനുപം മിശ്ര കാൺപൂരിലാണെന്ന് കണ്ടെത്തി.ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയാണ് ഇദ്ദേഹം.കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ ഉയർന്ന ഉദ്യോഗസ്ഥൻ തന്നെ ക്വാറന്റൈൻ ലംഘിച്ചത് കടുത്ത തെറ്റായാണ് കണക്കാക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ സംസ്ഥാനം വിട്ടത് ചട്ടലംഘനവുമാണ്. അനുപം മിശ്രക്കെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു.

മദ്യം ലഭിച്ചില്ല;തൃശൂർ കുന്ദംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു

keralanews did not get alchohol youth committed suicide in thrissur kunnamkulam

തൃശൂർ:കുന്ദംകുളത്ത് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു.കേച്ചേരി തൂവാനൂര്‍ കുളങ്ങര വീട്ടില്‍ മോഹനെന്‍റ മകന്‍ സനോജ് (35) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് സനോജിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ക് ഡൗണ്‍ ആയതോടെ മദ്യശാലകളും ബാറുകളും പൂട്ടിയതോടെ മദ്യം ലഭിക്കാതെ വന്നതാണ് സനോജിെന്‍റ ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ മൊഴി.മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.പോലീസ് എഫ്‌.ഐ.ആര്‍ എടുത്തതും ഈ മൊഴിയെ ആധാരമാക്കിയാണ്. അവിവാഹിതനായ സനോജ് പെയിന്‍റിങ് തൊഴിലാളിയാണ്.

കേരളത്തിൽ 19 പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു;കണ്ണൂരിൽ 9 കേസുകൾ

keralanews 19 corona cases confirmed in kerala today and 9 nine cases in kannur

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കണ്ണൂരിലാണ് കൂടുതല്‍ രോഗികളെ കണ്ടെത്തിയത്,9 പേർ.വയനാട് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാന വിഷയം.ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. ഇതില്‍ 126 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  കണ്ണൂര്‍ ഒൻപത് പേര്‍ക്ക്, കാസര്‍കോട് മൂന്ന് പേര്‍ക്ക്, മലപ്പുറം മൂന്ന്, തൃശൂര്‍ രണ്ട്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായതിനെ തുടര്‍ന്ന് എറണാകുളത്ത് ചികില്‍സയിലായിരുന്ന മൂന്നു കണ്ണൂര്‍ സ്വദേശികളെയും രണ്ടു വിദേശ പൗരന്‍മാരെയും ഇന്ന് ആശുപത്രിയില്‍നിന്ന് വിട്ടയച്ചു.പത്തനംതിട്ടയില്‍ ചികില്‍സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി.അതേസമയം എത്ര കടുത്ത രീതിയിൽ കോവിഡ് വ്യാപനം സംഭവിച്ചാലും നേരിടാനുള്ള സജീകരണങ്ങൾ സർക്കാർ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സർക്കാർ ആശുപത്രികൾക്കു പുറമേ സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കുന്നതിന്‍റെ പ്രായോഗികത സർക്കാർ പരിശോധിച്ച് വരികയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 879 സ്വകാര്യ ആശുപത്രികളിലായി 69,434 കിടക്കകളും 5,607 ഐസിയുകളുമുണ്ട്. 15,333 ഹോസ്റ്റൽ മുറികളുണ്ട്. ഇതിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ആരോഗ്യപ്രവർത്തരുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ കെ.എസ്.ആര്‍.ടി.സി ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി തമിഴ്നാട് സ്വദേശികള്‍ കണ്ണൂര്‍ കലക്ടറേറ്റില്‍

keralanews tamilnadu natives in kannur collectorate With the demand to go home town

കണ്ണൂര്‍: നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി സ്ത്രീകളും കുട്ടികളുമടക്കം നൂറോളം തമിഴ്നാട് സ്വദേശികള്‍ കണ്ണൂര്‍ കലക്ടറേറ്റിലെത്തി.കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് കണ്ണൂര്‍ ജില്ലാ കലക്ടറേറ്റിലെത്തിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ ഇല്ലാതായി, വരുമാനവും. തമിഴ്നാട്ടിലെ സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഭക്ഷണവും മറ്റും കൃത്യമായി കിട്ടുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് തൊഴിലാളികള്‍ നാട്ടിലേക്ക് പോകാനുള്ള ശ്രമം ഉപേക്ഷിച്ചത്.കലക്ടറേറ്റിലെ ഉദ്യോഗസ്ഥരും പൊലീസുമെത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.താമസസ്ഥലങ്ങളില്‍ മൂന്ന് നേരവും ഭക്ഷണമെത്തിക്കുമെന്നും ലോക്ക്ഡൗണ്‍ അവസാനിക്കുന്നതു വരെ കെട്ടിട വാടക ഈടാക്കില്ലെന്നും ഉറപ്പ് ലഭിച്ചതോടെയാണ് തൊഴിലാളികള്‍ പിന്തിരിഞ്ഞത്.തുടര്‍ന്ന് പൊലീസ് വാഹനങ്ങളില്‍ ഇവരെ താമസസ്ഥലങ്ങളിലേക്ക് തിരിച്ചെത്തിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച്‌ ലോറികളിലും മറ്റുമായി കണ്ണൂരില്‍ നിന്ന് തൊഴിലാളികള്‍ തമിഴ്നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നു.കോഴിക്കോട് വെച്ച്‌ പൊലീസ് ഇതു തടഞ്ഞു. ഒരു സംഘമാളുകള്‍ ഇത്തരത്തില്‍ തമിഴ്നാട്ടില്‍ എത്തിയതായും സൂചനയുണ്ട്. ഇതോടെയാണ് കൂടുതല്‍ പേര്‍ നാട്ടിലേക്ക് പോകാന്‍ ശ്രമം തുടങ്ങിയത്.

കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവരെ പാര്‍പ്പിക്കാനായി ബഹുനില കെട്ടിടം വിട്ടുനല്‍കി കണ്ണൂര്‍ ജീവനം ആശുപത്രി ഉടമ

keralanews the owner of kannur jeevanam hospital has given up a multi storied building to accommodate those who are under corona observation

കണ്ണൂര്‍: കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവരെ പാര്‍പ്പിക്കാനായി ബഹുനില കെട്ടിടം വിട്ടുനല്‍കി കണ്ണൂര്‍ ജീവനം ആശുപത്രി ഉടമ ടി.വി പ്രശാന്ത്. കണ്ണൂര്‍ മണലിലെ ജീവനത്തിന്റെ ആശുപത്രികെട്ടിടമാണ് പൂര്‍ണമായും കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവരെ പാര്‍പ്പിക്കാനായി വിട്ടു നല്‍കിയത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ സേവനത്തിനായി താനും ഭാര്യ ശ്രീകലയും തയ്യാറാണെന്ന് ടി.വി പ്രശാന്ത് പറഞ്ഞു.12 അപ്പാര്‍ട്ട്മെന്റുകള്‍ ഉളള പാര്‍പ്പിടത്തില്‍ 20 മുറികള്‍ ശീതികരിച്ചവും ഒപ്പം ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ സൗകര്യമുളളവയുമാണ്. 50പേരെ പാര്‍പ്പിക്കാനുളള സൗകര്യം നിലവില്‍ കെട്ടിടത്തിലുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി കൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമോദ് എന്നിവര്‍ കെട്ടിടം സന്ദര്‍ശിച്ച്‌ സൗകര്യങ്ങള്‍ വിലയിരുത്തി.കൊറോണയെ പിടിച്ചുകെട്ടാന്‍ കേരളം ഒറ്റക്കെട്ടായി ശ്രമം നടത്തുമ്ബോള്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുമെന്ന് പ്രശാന്തും ഭാര്യ ശ്രീകലയും പറയുന്നു.10വര്‍ഷത്തിലേറെയായി ആയൂര്‍വേദ ചികിത്സയിലൂടെ പ്രശസ്ത മായ ജീവനം സാമ്പത്തികമായി  പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ നേത്രചികിത്സ ഉള്‍പ്പെടെ നിരവധി ആതുരസേവനങ്ങള്‍ നടത്തി വരുന്നു.

കോവിഡ് 19;1,70,000 കോടിയുടെ ആശ്വാസ പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍

keralanews covid 19 central govt announces relief package worth 170000crore rupees

ന്യൂഡൽഹി:കൊറോണ വൈറസ്  സാഹചര്യത്തിൽ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 1,70,000 കോടി രൂപയുടെ ആശ്വാസ പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി.മൂന്ന് മാസത്തേക്കാണ് ഇന്‍‌ഷുറന്‍സ്. ആശാവര്‍ക്കന്മാരും പദ്ധതിയുടെ ഭാഗമാകും.കോവിഡ് ബാധിതര്‍ക്ക് പ്രത്യേക പരിഗണനയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ശുചീകരണ തൊഴിലാളികളും പദ്ധതിയില്‍ ഉള്‍പ്പെടും. പ്രധാനമന്ത്രി കല്യാണ്‍ അന്ന യോജന വഴി 80 കോടി പേര്‍ക്ക് ഭക്ഷധാന്യം ഉറപ്പാക്കും. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പാക്കും. നിര്‍ധനര്‍ക്ക് 15 കിലോ ധാന്യം സൌജന്യമായി ലഭിക്കും. അരിയോ ഗോതമ്പോ എന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം. അഞ്ച് കിലോ അരി വീതം മൂന്ന് മാസം സൌജന്യമായി നല്‍കും.ഇതിനു പുറമേ അഞ്ച് കിലോ ധാന്യം കൂടി സൗജന്യമായി നല്‍കും. പ്രാദേശിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച്‌ ആവശ്യമെങ്കില്‍ 1 കിലോ ധാന്യം കൂടി അനുവദിക്കും.മുതിര്‍ന്ന പൌരന്മാര്‍ക്ക് 1000 രൂപ അധിക സഹായം. സ്ത്രീകളുടെ ജന്‍ധന്‍ അക്കൌണ്ടിലേക്ക് മൂന്ന് മാസം 500 രൂപ വീതം. 8.69 കോടി കര്‍ഷകര്‍ക്ക് 2000 രൂപ ബാങ്ക് അക്കൌണ്ട് വഴി ഉടന്‍ നല്‍കും. ഈ പണം ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് നല്‍കും. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൂട്ടി. തൊഴിലുറപ്പ് പദ്ധതിയിലെ വായ്പാ പരിധി 20 ലക്ഷമാക്കി. ദിവസവേതനക്കാര്‍ക്കും 2000 രൂപ. മുതിര്‍ന്ന പൌരന്മാര്‍ക്കൊപ്പം വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും 1000 രൂപ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.എട്ടുകോടി പാവപ്പെട്ട കുടുംബങ്ങള്‍ക്കു സൗജന്യമായി എല്‍.പി.ജി(ഗ്യാസ് ) സിലിണ്ടര്‍ അനുവദിക്കും. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പിഎഫ് തുക സര്‍ക്കാര്‍ അടയ്ക്കും.ആകെ നൂറ് തൊഴിലാളികള്‍ വരെയുള്ളതും ഇതില്‍ 90 ശതമാനം പേര്‍ക്കും പതിനയ്യായിരം രൂപയില്‍ താഴെ ശമ്പളം വാങ്ങുന്ന കമ്പനികൾക്ക് മാത്രമാണ് ആനുകൂല്യം. ഇപിഎഫ് നിക്ഷേപത്തില്‍നിന്ന് 75 ശതമാനം മുന്‍കൂര്‍ പിന്‍വലിക്കാന്‍ അനുമതി.