ജില്ലയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി പാനൂർ സ്റ്റേഷനെ തിരഞ്ഞെടുത്തു

keralanews panoor station selected as the best police station in the district

കണ്ണൂർ:ജില്ലയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി പാനൂർ സ്റ്റേഷനെ തിരഞ്ഞെടുത്തു. സ്റ്റേഷൻ കെട്ടിടത്തിന്റെയും പരിസരത്തിന്റെയും വൃത്തിയും, പോലീസ് സ്‌റ്റേഷനിലെ കേസുകളുടെ അന്വേഷണ പുരോഗതികളും, കേസുകളുടെ കുറവും, വാറണ്ടുകൾ പിടിച്ചതും, ജനമൈത്രീ ഇടപെടലുകൾ തുടങ്ങിയവയാണ് സ്റ്റേഷനെ അവാർഡിന് അർഹമാക്കിയത്. റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരേഡിൽ വ്യവസായ , യുവജന ക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജനിൽ നിന്നും ഇൻസ്‌പെക്ടർ ബെന്നി വി.വി പുരസ്ക്കാരം ഏറ്റു വാങ്ങി.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഉൾപ്പെടെ മൂന്ന് പേർക്ക് ഭാരതരത്ന ബഹുമതി

keralanews bharatharathna award for former president pranab mukharjee

ന്യൂഡൽഹി:ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ ഭാരത രത്ന അവാർഡ് പ്രഖ്യാപിച്ചു.മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഉൾപ്പെടെ മൂന്ന് പേർക്ക് ഭാരതരത്ന ബഹുമതി ലഭിച്ചു.സാമൂഹ്യപരിഷ്കർത്താവ് നാനാജി ദേശ്മുഖ്, ഗായകൻ ഭൂപൻ ഹസാരിക എന്നിവരാണു ഭാരത രത്‍നയ്ക്ക് അർഹരായ മറ്റു രണ്ടുപേർ.ഭൂപന്‍ ഹസാരിക, സാമൂഹികപ്രവര്‍ത്തകനായ നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകുമെന്ന് രാഷ്ടപതി ഭവൻ അറിയിച്ചു.ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു ബംഗാൾ സ്വദേശിയായ പ്രണബ് കുമാർ മുഖർജി.2008ൽ പത്മവിഭൂഷൺ ബഹുമതിയും നേടിയിട്ടുണ്ട്. നിരവധി പസ്തകങ്ങളും പ്രണബ് മുഖർജി രചിച്ചിട്ടുണ്ട്.1969ൽ ആദ്യമായി രാജ്യസഭാംഗമായി. 1977ൽ മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം. 2004ൽ ലോക്സഭയിലെത്തി. 2008ൽ പത്മവിഭൂഷൺ ബഹുമതി. എഡിബിയുടെ ബോർഡ് ഓഫ് ഗവർണൻസ് ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. ബിയോണ്ട് സർവൈവൽ, എമർജിങ് ഡൈമൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കണോമി, ചാലഞ്ച് ബിഫോർ ദ് നാഷൻ/സാഗ ഓഫ് സ്ട്രഗ്ൾ ആൻഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

നടൻ മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ

keralanews padmabhooshan award for mohanlal and nambi narayanan

ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് നടൻ മോഹൻലാലിനും നമ്പി നാരായണനും പത്മ പുരസ്ക്കാരം ലഭിച്ചു.ഗായകൻ കെ.ജി. ജയൻ, പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്, ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, കൊൽക്കത്ത ടാറ്റ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. മാമ്മന്‍ ചാണ്ടി എന്നിവർക്ക് പത്മശ്രീ പുരസ്‌ക്കാരവും ലഭിച്ചു.അന്തരിച്ച ഹിന്ദി നടൻ കാദർ ഖാന്‍ (മരണാനന്തരം) ഉൾപ്പെടെ 94 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്.ബോളിവുഡ് നടൻ മനോജ് ബാജ്പേയ്, ഫുട്ബോൾ താരം സുനിൽ ഛേത്രി, തമിഴ് നടന്‍ പ്രഭു ദേവ, ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, ഗായകൻ ശങ്കർ മഹാദേവൻ, ഡ്രമ്മിസ്റ്റ് ശിവമണി, ഗുസ്തി താരം ബജ്‍രംഗ് പുനിയ തുടങ്ങിയവരും പത്മശ്രീ പുരസ്കാരത്തിന് അർഹരായി. പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മോഹൻലാൽ പ്രതികരിച്ചു. പത്മപുരസ്കാരങ്ങൾ രണ്ടു തവണയും തേടിയെത്തിയത് പ്രിയദർശന്റെ സെറ്റിൽവച്ചാണ്. സർക്കാരിനും സ്നേഹിച്ചു വളർത്തിയ പ്രേക്ഷകർക്കും നന്ദി അറിയിക്കുന്നതായും മോഹൻലാൽ പറഞ്ഞു.

സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ അർധരാത്രി പോലീസ് റെയ്‌ഡ്‌;ഡിസിപി ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി വിശദീകരണം തേടി; ഡിസിപി സ്ഥാനത്തു നിന്നും നീക്കി

keralanews police raid in cpm district committee office at midnight cm asked explanation from sp chaithra theresa john

തിരുവനന്തപുരം:പാർട്ടിയെ ഞെട്ടിച്ച് സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ അർധരാത്രി പോലീസ് റെയ്‌ഡ്‌.ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച എസ്പി ചൈത്ര തെരേസ ജോണ്‍ ആണ് സാധാരണ പോലീസുകാര്‍ റെയ്ഡുമായി കടന്ന് ചെല്ലാന്‍ ധൈര്യപ്പെടാത്ത പാര്‍ട്ടി ഓഫീസിലേക്ക് പോലീസ് പടയുമായി എത്തിയത്.പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഓഫീസിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്‌ഡ്‌. ബുധനാഴ്ച രാത്രിയോടെ അന്‍പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞിരുന്നു.ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലായിരുന്നു പോലീസ്.പ്രതികള്‍ മേട്ടുക്കടയിലുളള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലുളളതായി പോലീസിന് വിവരം ലഭിച്ചു. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെയാണ് പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്താന്‍ ഡിസിപി തീരുമാനിച്ചത്. അപ്രതീക്ഷിതമായി എത്തിയ  പോലീസ് സംഘത്തെ കണ്ടപ്പോള്‍ ഓഫീസിലുണ്ടായിരുന്ന നേതാക്കളും പ്രവര്‍ത്തകരും അമ്പരന്നു.റെയ്ഡ് നടത്താന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ നിലപാടെടുത്തെങ്കിലും പരിശോധന നടത്താതെ തിരിച്ച്‌ പോകില്ലെന്ന് ഡിസിപി വ്യക്തമാക്കിയതോടെ നേതാക്കള്‍ വഴങ്ങി.എന്നാൽ റെയ്‌ഡിൽ ആരെയും പിടികൂടാനായില്ല. റെയ്ഡിന് പിന്നാലെ ഡിസിപിക്കെതിരെ സിപിഎം ജില്ലാ നേതൃത്വം പരാതിയുമായി മുഖ്യമന്ത്രിയെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തേയും സമീപിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു. ശബരിമല ഡ്യൂട്ടിക്ക് ശേഷം നാല് ദിവസത്തേക്ക് മെഡിക്കല്‍ ലീവില്‍ ആയിരുന്ന ഡിസിപി ആര്‍ ആദിത്യയെ അവധി റദ്ദാക്കി തിരിച്ച്‌ വിളിച്ചു. ചൈത്ര തെരേസ ജോണിനെ വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്ക് തന്നെ തിരിച്ചയച്ചു. റെയ്‌ഡ്‌ നടത്തിയ സംഭവത്തിൽ ഡിസിപി യുടെ ചുമതല വഹിച്ചിരുന്ന എസ്പി ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി നേരിട്ട് വിശദീകരണം തേടി.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം കമ്മീഷണർക്ക് നിർദേശം നൽകുകയും ചെയ്തു.

രഞ്ജി ട്രോഫി ക്രിക്കറ്റിൽ നിന്നും കേരളം പുറത്ത്;വിദര്‍ഭക്കെതിരെ ഇന്നിംഗ്‌സ് തോല്‍വി

keralanews kerala out from renji trophy cricket innings defeat against vidarbha

കൃഷ്ണഗിരി:രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭക്കെതിരെ കേരളത്തിന് ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 11 റണ്‍സിനുമാണ് കേരളം പരാജയപ്പെട്ടത്.രഞ്ജിയിൽ ചരിത്രത്തിലാദ്യമായി ഫൈനൽ എന്ന സ്വപ്നവുമായി ഇറങ്ങിയ കേരളം 24.5 ഓവറില്‍ 91 റണ്‍സിന് എല്ലാവരും പുറത്തായി.വിദര്‍ഭയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റെടുത്ത ഉമേഷ് യാദവാണ് കേരളത്തെ തകര്‍ത്തത്. വിദര്‍ഭ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. രണ്ടിന്നിങ്സിലുമായി കേരളത്തിന്റെ 12 വിക്കറ്റുകളാണ് ഉമേഷ് യാദവ് എറിഞ്ഞിട്ടത്.102 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ കളി തുടങ്ങിയ കേരളം ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 59 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ കേരളം ശേഷിക്കുന്ന ഒമ്ബത് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. അരുണ്‍ കാര്‍ത്തിക് (32), ജലജ് സക്‌സേന (7), വിഷ്ണു വിനോദ് (15), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (0), മുഹമ്മദ് അസറുദ്ദീന്‍ (1), വിനൂപ് (5), രാഹുല്‍ പി (0), ബേസില്‍ തമ്ബി (2), സിജോമോന്‍ ജോസഫ് (17), നിധീഷ് എം.ഡി (3) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍.
നേരത്തെ ഒന്നാമിന്നിങ്‌സില്‍ വിദര്‍ഭ 208 റണ്‍സ് നേടി 102 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയിരുന്നു. മികച്ച സ്‌കോറിലേക്ക് മുന്നേറുകയായിരുന്ന വിദര്‍ഭയെ പേസര്‍ സന്ദീപ് വാര്യരുടെ ബൗളിങ്ങാണ് ഒതുക്കാന്‍ സഹായിച്ചത്. സന്ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം വീണ അഞ്ചു വിക്കറ്റുകളില്‍ മൂന്നും സന്ദീപ് വാര്യര്‍ സ്വന്തമാക്കി.അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച വിദര്‍ഭയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ ക്ഷണത്തില്‍ തന്നെ നിലംപൊത്തുന്നതാണ കൃഷ്ണഗിരിയില്‍ കണ്ടത്.വിദര്‍ഭ സമ്മാനിച്ച ചെറു ലീഡിനെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ അടിപതറി. രണ്ടക്കം കാണിക്കാതെ ജലജ് സക്സേനയെ മടക്കി അയച്ചത് ഉമേഷ് യാദവ്. ഉമേഷിന്റെ പാത പിന്തുടര്‍ന്ന യാഷ് താക്കൂറും കേരളത്തിന്റെ ബാറ്റിങ് നിരയെ വിറപ്പിച്ചു. രണ്ടാം ഊഴത്തില്‍ മൂന്നു പേര്‍ മാത്രമാണ് കേരളത്തിന്റെ നിരയില്‍ രണ്ടക്കം കണ്ടത്. ചീട്ടുകൊട്ടാരം പോലെയായിരുന്നു കേരളത്തിന്റെ തകര്‍ച്ച.ഒന്ന് പൊരുതാന്‍പോലുമാകാതെയാണ് കേരളം കീഴടങ്ങിയത്.തോറ്റെങ്കിലും, ചരിത്രത്തിലാദ്യമായി സെമി കളിച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് കേരളത്തിന്റെ മടക്കം.തുടര്‍ച്ചയായ രണ്ടാം സീസണിലാണ് കേരളത്തിന്റെ കുതിപ്പ് വിദര്‍ഭയ്ക്ക് മുന്നില്‍ അവസാനിക്കുന്നത്. കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ തോറ്റ കേരളം ഇത്തവണ സെമിയില്‍ പരാജയപ്പെട്ടുവെന്ന വ്യത്യാസം മാത്രം.

നാനോ കാറിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

keralanews tata ready to end the production of nano car

മുംബൈ:സാധാരണക്കാരന്റെ വാഹനമായി 2009 ല്‍ നിരത്തിലിറങ്ങിയ നാനോ കാറിന്റെ നിര്‍മ്മാണം അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ കമ്പനി.2020ന് അപ്പുറത്തേക്ക് നാനോയുടെ ഉല്‍പ്പാദനം തുടരാനാവില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നാനോ ഉല്‍പ്പാദനം നിര്‍ത്തുകയാണെന്ന കൃത്യമായ പ്രഖ്യാപനം ഔദ്യോഗികമായുണ്ടാവുന്നത് ഇതാദ്യമായാണ്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബിഎസ്-6 (ഭാരത് സ്റ്റേജ് 6) മാനദണ്ഡങ്ങള്‍ താങ്ങാന്‍ നാനോയ്ക്ക് ശേഷിയില്ലെന്നാണ് ഇതിനു കാരണമായി കമ്പനിയുടെ പാസഞ്ചര്‍ വെഹിക്കിൾ ബിസിനസ് യൂനിറ്റ് തലവനായ മായങ്ക് പരീഖ് അറിയിച്ചിരിക്കുന്നത്.പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഫീച്ചറുകള്‍ ഏര്‍പ്പെടുത്താനും നവീകരണങ്ങള്‍ വരുത്താനും നാനോയില്‍ സാധ്യമല്ലെന്നും അതിനാൽ 2020 ഏപ്രില്‍ മാസത്തോടെ നാനോ ഉല്‍പ്പാദനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ഐ-പ്രെയിസ് ഇലക്ട്രിക് സ്‌കൂട്ടറുമായി ഒഖീനാവ

keralanews okinava with new i praise electric scooter

മുംബൈ:പുതിയ ഐ-പ്രെയിസ് ഇലക്ട്രിക് സ്‌കൂട്ടറുമായി ഒഖീനാവ.1.15 ലക്ഷം രൂപയാണ് ഇന്റലിജന്റ് സ്കൂട്ടർ എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഐ പ്രെയ്‌സിന്റെ വില.കഴിഞ്ഞ പതിനഞ്ചു ദിവസംകൊണ്ട് നാനൂറ്റിയമ്പതില്‍പ്പരം ബുക്കിംഗ് പുതിയ സ്‌കൂട്ടര്‍ നേടിക്കഴിഞ്ഞതായി ഒഖീനാവ വെളിപ്പെടുത്തി.ബുക്ക് ചെയ്തവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ നാവിക സേനയാണ് ആദ്യമുള്ളത്.തിളക്കമേറിയ റെഡ്, ഗോള്‍ഡന്‍ ബ്ലാക്ക്, ഗ്ലോസി സില്‍വര്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാണ്  ഐ-പ്രെയ്‌സ് ലഭ്യമാവുക.ഊരിമാറ്റാവുന്ന ലിഥിയം അയോണ്‍ ബാറ്ററി പാക്കാണ് ഒഖീനാവ ഐ-പ്രെയിസില്‍.സാധാരണ 5A പവര്‍ സോക്കറ്റ് മതി ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍. അതായത് ചാര്‍ജ്ജിംഗ് സ്റ്റേഷനില്ലെങ്കിലും കുഴപ്പമില്ല. സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന മാതൃകയില്‍ വീട്ടിലെ പ്ലഗില്‍ കുത്തിയിട്ട് സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമെന്ന് ഒഖീനാവ പറയുന്നു.

keralanews okinava with new i praise electric scooter (2)
രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ നേരം ചാര്‍ജ്ജ് ചെയ്താല്‍ 160 മുതല്‍ 180 കിലോമീറ്റര്‍ വരെ ദൂരമോടാന്‍ ഐ-പ്രെയിസിന് കഴിയുമെന്നാണ് ഒഖീനാവയുടെ അവകാശവാദം.അതേസമയം ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാന്‍ എത്രസമയം വേണ്ടിവരുമെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.ശ്രേണിയില്‍ മറ്റു വൈദ്യുത മോഡലുകളെ അപേക്ഷിച്ച് ഐ-പ്രെയിസിന് നാല്‍പ്പതു ശതമാനം വരെ ഭാരം കുറവുണ്ടെന്നും കമ്പനി പറയുന്നു.1000 വാട്ടുള്ള BLDC വൈദ്യുത മോട്ടോര്‍ കരുത്തിലാണ് സ്‌കൂട്ടര്‍ നിരത്തിലോടുക. മണിക്കൂറില്‍ 75 കിലോമീറ്ററാണ്  ഐ-പ്രേയസിന്റെ പരമാവധി വേഗം.എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇ-എബിഎസ്, മൊബൈല്‍ യുഎസ്ബി പോര്‍ട്ട്, ആന്റി – തെഫ്റ്റ് അലാറം എന്നിവയെല്ലാം സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്.ജിയോ ഫെന്‍സിംഗ്, വിര്‍ച്വല്‍ സ്പീഡ് ലിമിറ്റ്, കര്‍ഫ്യു അവര്‍സ്, ബാറ്ററി ഹെല്‍ത്ത് ട്രാക്കര്‍, SOS നോട്ടിഫിക്കേഷന്‍, മോണിട്ടറിംഗ് തുടങ്ങിയ നൂതന സംവിധാനങ്ങള്‍ സ്‌കൂട്ടറില്‍ ഒരുക്കിയിട്ടുണ്ട്.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഒഖീനാവ ഇക്കോ ആപ്പ് മുഖേന ഇവയിൽ ഏറിയ പങ്കും ഉടമകള്‍ക്ക് നിയന്ത്രിക്കാം.ദൂര പരിധി നിശ്ചയിക്കുകയാണ് ജിയോ ഫെന്‍സിംഗിന്റെ ലക്ഷ്യം. നിശ്ചയിച്ച ദൂരത്തില്‍ കൂടുതല്‍ ഓടിയാല്‍ ഉടമയുടെ സ്മാര്‍ട്ട്‌ഫോണിലേക്ക് ആപ്പ് മുഖേന മുന്നറിയിപ്പ് സന്ദേശമെത്തും. വേഗ മുന്നറിയിപ്പ് നല്‍കാനാണ് വിര്‍ച്വല്‍ സ്പീഡ് ലിമിറ്റ്.
keralanews okinawa with new i praise electric scooter

സംവിധായകൻ പ്രിയനന്ദനനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

keralanews one arrested in the case of attacking director priyanandan

തൃശൂർ:ശബരിമല വിഷയത്തിൽ ഫേസ്ബുക് പോസ്റ്റിട്ടതിന്റെ പേരിൽ സംവിധായകൻ പ്രിയനന്ദനനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ.വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പൊലീസ് പിടികൂടിയത്.വല്ലച്ചിറ സ്വദേശി സരോവറിനെയാണ് കൊടുങ്ങല്ലൂരിൽ നിന്നും പൊലീസ് പിടികൂടിയത്. പ്രിയനന്ദനന്‍റെ തൃശ്ശൂ‍ര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വച്ച്‌ ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ഒരു സംഘം ആക്രമിച്ചതും ദേഹത്ത് ചാണകവെള്ളം തളിച്ചതും. ആർഎസ്എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് പ്രിയനന്ദനന്‍ പിന്നീട് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പ്രിയനന്ദനന്‍ മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു.ഇതിനിടെ പ്രിയനന്ദനന്‍റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ ചെയ്യുകയും ചെയ്തിരുന്നു.തുടര്‍ന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിന്‍വലിക്കുകയാണെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടര്‍ന്നു.

അ​ഴീ​ക്കോ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് നി​കേ​ഷ് കുമാർ ന​ല്‍‌​കി​യ ഹ​ര്‍​ജി​യി​ല്‍ കെ.​എം.​ഷാ​ജി​ക്ക് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു

keralanews supreme court sent notice to k m shaji in connection with the petition filed by nikesh kumar

ന്യൂഡൽഹി:അഴീക്കോട് തെരഞ്ഞെടുപ്പില്‍  വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നികേഷ് കുമാർ നല്‍‌കിയ ഹര്‍ജിയില്‍ കെ.എം.ഷാജിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.ഷാജിയുടെ ഹര്‍ജിക്കൊപ്പം നികേഷിന്‍റെ ഹര്‍ജിയും കേള്‍ക്കാമെന്ന് ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കെ.എം ഷാജിയുടെ വിജയം അസാധുവാക്കിയെങ്കിലും ഹൈക്കോടതി പക്ഷേ നികേഷ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നില്ല.നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ വിധിക്കെതിരെ കെഎം ഷാജി സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ നവംബറില്‍ ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് കെഎം ഷാജിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്തുള്ള നടപടിക്ക് ഉപാധികളോടെ സ്റ്റേ അനുവദിച്ചു. എന്നാല്‍ പൂര്‍ണ്ണമായ സ്റ്റേ ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതി മുന്‍ ഉത്തരവ് ആവര്‍ത്തിക്കുകയായിരുന്നു.

മുഴക്കുന്ന് പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കാൻ ജനകീയ കൂട്ടായ്മയിൽ വാങ്ങിയ ഭൂമിയുടെ ആധാരം കൈമാറി

keralanews the documents of land purchased by janakeeya koottaima for muzhakkunnu police station handed over

ഇരിട്ടി:മുഴക്കുന്ന് പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കാൻ ജനകീയ കൂട്ടായ്മയിൽ വാങ്ങിയ ഭൂമിയുടെ ആധാരം കൈമാറി.കാക്കയങ്ങാട്ട് നടന്ന ചടങ്ങിൽ ജനകീയ കമ്മിറ്റി ചെയർമാനും മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റുമായ ബാബു ജോസഫ് ജില്ലാ പോലീസ് മേധാവി ശിവവിക്രമിന് ആധാർ കൈമാറി.ചടങ്ങ് പി.കെ ശ്രീമതി എം.പി ഉൽഘാടനം ചെയ്തു.45 സെന്റ് സ്ഥലമാണ് പോലീസ് സ്റ്റേഷനായി നാട്ടുകാർ വാങ്ങിനല്കിയത്.വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമാണ് ജനകീയകമ്മിറ്റി ഇതിനായുള്ള പണം സ്വരൂപിച്ചത്.സ്ഥലം പോലീസ് മേധാവിയുടെ പേരിൽ രജിസ്റ്റർ ചെയ്തതിന്റെ പ്രമാണമാണ് കൈമാറിയത്.ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.കെഎസ്ഇബി ബോർഡ് അംഗം ഡോ.വി.ശിവദാസൻ വിശിഷ്ടതിഥിയായിരുന്നു.ജില്ലാ പഞ്ചായത്തംഗം സണ്ണി മേച്ചേരി,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഷാജി,തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുഭാഷ്, ഫാ.ജോൺ മംഗലത്ത്,വി.രാജു.ഓ.ഹംസ,എം.വി ഗിരീഷ്,സി.കെ ചന്ദ്രൻ,ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.