പിവിസി ഫ്‌ളെക്‌സിന്റെ ഉപയോഗം അപകടകരമാണെന്ന മുന്നറിയിപ്പുമായി സംസ്ഥാന ശുചിത്വ മിഷന്റെ റിപ്പോര്‍ട്ട്;ഹോര്‍മോണ്‍ തകരാര്‍ മുതല്‍ ക്യാന്‍സറിന് വരെ കാരണമാകും

keralanews suchithwamission report that the use of pvc flex is dangerous and will cause hormone imbalance and cancer

തിരുവനന്തപുരം:പിവിസി ഫ്ലെക്സിന്റെ ഉപയോഗം അപകടകരമാണെന്ന റിപ്പോർട്ടുമായി സംസ്ഥാന ശുചിത്വ മിഷൻ.പ്രത്യുല്‍പാദനത്തിനും ഭ്രൂണവളര്‍ച്ചയ്ക്കും വില്ലനാകുകയും ഹോര്‍മോണ്‍ തകരാര്‍ മുതല്‍ ക്യാന്‍സറിന് വരെയും കാരണമാകുന്ന വസ്തുവാണ് പിവിസി ഫ്‌ളെക്‌സുകള്‍.മാത്രമല്ല പലതരത്തിലുള്ള ക്യാന്‍സറിനും ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെ തകരാറിനും ഇത് കാരണമാവുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു.പി.വി സി.യും പോളിസ്റ്ററും ചേര്‍ത്തുണ്ടാക്കുന്ന മള്‍ട്ടിലെയര്‍ പ്ലാസ്റ്റിക്കുകളാണ് പി.വി സി. ഫ്‌ളക്‌സ്. പരസ്യബോര്‍ഡുകളുടെ നിര്‍മ്മാണത്തിനും താത്കാലിക ടെന്റുകളുടെയും പന്തലുകളുടെയും നിര്‍മ്മാണത്തിനുമാണ് ഇവ ഉപയോഗിക്കുന്നത്. പുനഃചംക്രമണം ചെയ്യാന്‍ സാധിക്കാത്ത മാലിന്യമാണ് പിവിസി ഫ്ലെക്സ്. പി.വി സി.യും പോളിസ്റ്ററും വേർതിരിച്ചെടുത്താൽ മാത്രമേ പുനഃചംക്രമണം സാധ്യമാകൂ. നീണ്ടകാലം രാസമാറ്റങ്ങള്‍ക്ക് വിധേയമാകാതെ നമ്മുടെ ചുറ്റുപാടുകളില്‍ ഇവ അവശേഷിക്കുന്നതും വിനാശമാണ്. പി.വി സി. ഫ്‌ളക്‌സ് നിരോധനം പ്രാവര്‍ത്തികമായാല്‍ രാജ്യത്തിനുതന്നെ മാതൃകയാകുന്ന നടപടി ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കണ്ണൂരില്‍ നിന്നും മുംബൈയിലേക്ക് ഗോ എയറിന്റെ പ്രതിദിന സർവീസ് ആരംഭിച്ചു

keralanews go air started daily service to mumbai from kannur airport

കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മുംബൈയിലേക്ക് ഗോ എയറിന്റെ പ്രതിദിന സർവീസ് ആരംഭിച്ചു.വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് മുംബൈയിലേക്കുള്ള സര്‍വീസിന് തുടക്കമായത്. കണ്ണൂരില്‍ നിന്ന് രാത്രി 11ന് പുറപ്പെടുന്ന വിമാനം പുലർച്ചെ ഒരുമണിക്ക്  മുംബൈയിലെത്തും. കണ്ണൂരിലേക്കുള്ള വിമാനം രാത്രി 12.45-ന് മുംബൈയില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 2.45-ന് കണ്ണൂരില്‍ എത്തിച്ചേരും. ഗോ എയറിന്റെ എയര്‍ബസ് 320 ആണ് മുംബൈയിലേക്ക് പറക്കുന്നത്. മുംബൈയിലേക്ക് 3162 രൂപയും തിരിച്ച്‌ കണ്ണൂരിലേക്ക് 2999 രൂപയുമാണ് കുറഞ്ഞ നിരക്ക്.ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയറിന്റെ അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങുന്നുണ്ട്. മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ട സര്‍വീസുകള്‍.

മകരവിളക്ക് ദർശനത്തിന് ശബരിമലയിൽ പോകാൻ അനുമതി തേടി കെ.സുരേന്ദ്രൻ ഹൈക്കോടതിയിൽ; സമാധാനം നിലനിൽക്കുന്ന ശബരിമലയിലേക്ക് അത് ഇല്ലാതാക്കാനാണോ പോകുന്നതെന്നും കോടതി

keralanews k surendran approached high court seeking permission to visit sabarimala during makaravilakk

കൊച്ചി:മകരവിളക്ക് ദർശനത്തിന് ശബരിമലയിൽ പോകാൻ അനുമതി തേടി കെ.സുരേന്ദ്രൻ ഹൈക്കോടതിയിൽ.താന്‍ കെട്ടു നിറച്ചിട്ടുണ്ടെന്നും ദര്‍ശനം നടത്തേണ്ടതുണ്ടെന്നും സുരേന്ദ്രന്‍ കോടതിയില്‍ വ്യക്തമാക്കി.എന്നാല്‍ ഈ സീസണില്‍ തന്നെ പോകണോ എന്നു ചോദിച്ച കോടതി ഏതെങ്കിലും ഒന്നാം തീയതി ശബരിമല ദര്‍ശനം നടത്തിയാല്‍ മതിയാകില്ലേ എന്നും ആരാഞ്ഞു. ശബരിമലയില്‍ ഇപ്പോള്‍ സ്ഥിതികള്‍ ശാന്തമാണ്. അത് തകര്‍ക്കുമോ എന്നും കോടതി ചോദിച്ചു.അതേസമയം ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് പ്രതിയുടെ ഭാഗത്തുനിന്ന് ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ സീസണില്‍ ദര്‍ശനം അനുവദിക്കരുതെന്നും അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സുരേന്ദ്രന്റെ ഹര്‍ജി വരുന്ന തിങ്കളാഴ്ച പരിഗണിക്കുന്നതിന് മാറ്റിവച്ചു. ചിത്തിര ആട്ടവിശേഷത്തിന് പേരക്കുട്ടിയുടെ ചോറൂണിനായി ശബരിമലയിലെത്തിയ  സ്ത്രീയെ തടഞ്ഞെന്ന കേസിലാണ് കെ.സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 23ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് കോടതി നിര്‍ദേശം.

അലോക് വർമ്മ സർവീസിൽ നിന്നും രാജിവെച്ചു

keralanews alok varma resigned from service

ന്യൂഡൽഹി:സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കിയതിന് പിന്നാലെ അലോക് വര്‍മ്മ സര്‍വ്വീസില്‍ നിന്നും രാജി വെച്ചു. സ്വാഭാവിക നീതി തനിക്ക് നിഷേധിച്ചു എന്ന് ആരോപിച്ചാണ് അലോക് വര്‍മ്മയുടെ രാജി. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതി അലോക് വര്‍മ്മയെ സിബിഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്നും വീണ്ടും നീക്കിയത്. ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്കായിരുന്നു മാറ്റം. എന്നാല്‍ ചുമതല ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കി നല്‍കിയ കത്തിലാണ് സര്‍വ്വീസില്‍ നിന്നും രാജി വെക്കുന്നതായി അലോക് വര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.ഈ മാസം 31ന് വിരമിക്കാനിരിക്കുകയായിരുന്നു അലോക് വര്‍മ. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23ന് അര്‍ധരാത്രി അലോക് വര്‍മയെ സിബിഐ തലപ്പത്തുനിന്ന് മാറ്റിയത് അദ്ദേഹം റഫേല്‍ കേസില്‍ അന്വേഷണത്തിന് തുടക്കമിട്ടതിനു തൊട്ടുപിന്നാലെയാണ്. അലോക് വര്‍മയെ പുറത്താക്കിയശേഷം സംഘപരിവാറിന്റെ വിശ്വസ്‌തനും വിവാദപുരുഷനുമായ നാഗേശ്വരറാവുവിനെയാണ് സിബിഐ തലപ്പത്ത് അവരോധിച്ചത്. ചുമതലയേറ്റയുടന്‍ റാവു നടപ്പാക്കിയത് കൂട്ടസ്ഥലംമാറ്റമാണ്. അന്യായസ്ഥലംമാറ്റത്തിനെതിരെ എ കെ ശര്‍മ എന്ന ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ഉള്‍പ്പെടെ ആരോപണം ഉയര്‍ത്തിയിരുന്നു.ബിജെപിയുടെ വിശ്വസ്‌തനായ രാകേഷ് അസ്താനയെ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ച്‌ രാഷ്ട്രീയസര്‍ക്കാര്‍ അജന്‍ഡ നടപ്പാക്കുകയാണ് മോഡിസര്‍ക്കാര്‍ ചെയ്‌തത്.അസ്‌താനയ്‌‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അലോക് വര്‍മ ശ്രമിച്ചതും സ്ഥാനചലനത്തിനു കാരണമായി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരിച്ചുവന്ന അലോക് വര്‍മ സിബിഐ ആസ്ഥാനത്ത് വീണ്ടും അഴിച്ചുപണിക്ക് ഉത്തരവിട്ടിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് കസേര നഷ്‌ടമായി.

ശബരിമല ദർശനത്തിനായി ആന്ധ്രാസ്വദേശിനികളായ നാല് യുവതികൾ കോട്ടയത്ത് നിന്നും എരുമേലിയിലേക്ക് പുറപ്പെട്ടു

keralanews four young ladies came to visit sabarimala from andra

കോട്ടയം:ശബരിമല ദർശനത്തിനായി ആന്ധ്രാസ്വദേശിനികളായ നാല് യുവതികൾ കോട്ടയത്ത് നിന്നും എരുമേലിയിലേക്ക് പുറപ്പെട്ടു.ഇവിടെ നിന്നും പമ്പയിലേക്കെത്തുകയാണു ഇവരുടെ ലക്ഷ്യം. ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരില്‍ മൂന്നു പേര്‍ക്ക് ഇരുമുടിക്കെട്ടുണ്ട്.ഇതിനിടെ ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും.രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റ പേട്ട തുള്ളല്‍ തുടങ്ങുന്നത്.

ചാല മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം ബസ്സും കണ്ടൈനര്‍ ലോറിയും കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്

keralanews many injured when bus and container lorry hits in chala kannur

കണ്ണൂർ:ചാല മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം ബസ്സും കണ്ടൈനര്‍ ലോറിയും കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്.ഹൈവേയില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ബസ്സും കണ്ടെനര്‍ ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിരിക്കുകയായിരുന്നു.അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആതിര (53) രാമ തെരു, വസന്ത (57) കൂത്തുപറമ്പ്, ഗിരിജ (62) രാമതെരു, മംഗള (37)തോട്ടട, ജിതില്‍ (33) രാമതെരു, സ്വാതി കൃഷ്ണ (16) മയ്യില്‍, സന്ധ്യ (42) മയ്യില്‍, സുലോചന (76) രാമതെരു,മനോജ് (43) പുഴാതി എന്നിവരെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ഇളവു നല്‍കിയ 2011 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

keralanews high court canceled the govt order to release prisoners who completed ten years imprisonment

കൊച്ചി: പത്ത് വര്‍ഷത്തില്‍ അധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച 2011 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ശിക്ഷാകാലാവധി പ്രകാരം പത്ത് വര്‍ഷമെങ്കിലും ജയിലില്‍ കഴിഞ്ഞവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കാമായിരുന്നത്. എന്നാല്‍, ഇതെല്ലാം മറികടന്ന് തടവുകാരെ മോചിപ്പിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.ഇളവ് ലഭിച്ചവരില്‍ പലരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് ഹൈക്കോടതി നടപടി.തീരുമാനപ്രകാരമാണ് സംസ്ഥാന ജയില്‍ വകുപ്പ് 209 ജയില്‍തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. അന്ന് തന്നെ വിട്ടയക്കുന്നവരെ സംബന്ധിച്ച്‌ വിവാദമുയര്‍ന്നിരുന്നു.ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയും പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.4 വര്‍ഷം ശിക്ഷ വിധിച്ചവരില്‍ ശിക്ഷ പൂര്‍ത്തിയാക്കിയത് വെറും അഞ്ച് പേരായിരുന്നു. പത്ത് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയത് 100 പേരാണ്. ഇങ്ങനെ 105 പേര്‍ മാത്രമാണ് 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കേണ്ടി വരും. പുനപരിശോധിക്കുമ്ബോള്‍ ഇളവ് ലഭിച്ച്‌ ജയിലില്‍ നിന്ന് പുറത്തു ഇറങ്ങിയവരുടെ നിലവിലെ ജീവിത രീതികളും, സ്വഭാവവും കണക്കില്‍ എടുത്ത് ആവശ്യമെങ്കില്‍ വീണ്ടും ജയിലിലേക്ക് മടക്കി അയക്കണമെന്നാണ് ഹൈക്കോടതി വിധിയിലുള്ളത്. പുറത്തിറങ്ങിയവരില്‍ 45 പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ളവരാണ്.

കൂത്തുപറമ്പ് അപ്ലൈഡ് സയൻസ് കോളേജിന്റെ പുതിയ കെട്ടിടത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

keralanews anti social attack against the new building of applied science college kuthuparamba

കണ്ണൂർ:ഐ എച്ച് ആർ ഡി യുടെ കീഴിൽ വലിയവെളിച്ചത്ത് നിർമിച്ച കൂത്തുപറമ്പ് അപ്ലൈഡ് സയൻസ് കോളേജിന്റെ പുതിയ കെട്ടിടത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കെട്ടിടത്തിനകത്തുള്ള വയറിങ്ങുകൾ,ഫാനുകൾ,ലൈറ്റുകൾ,ഇലക്ട്രിക്ക് ഉപകരണങ്ങൾ,വാട്ടർ ടാങ്ക്,പൈപ്പുകൾ എന്നിവ അടിച്ചു തകർത്തു.ക്ലാസ് മുറികളുടെ വാതിലുകൾ ഇളക്കി മാറ്റി.ചുമരുകൾ കോറി വരഞ്ഞ് വൃത്തികേടാക്കി.സംഭവത്തിൽ കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.2000 ത്തിൽ കൂത്തുപറമ്പ് പഴയനിരത്തിലെ വാടക കെട്ടിടത്തിലാണ് സർക്കാർ സ്ഥാപനമായ സ്കൂൾ ഓഫ് അപ്ലൈഡ് സയൻസ് പ്രവർത്തനം ആരംഭിച്ചത്.18 വർഷമായി വാടക കെട്ടിടത്തിലെ ഇടുങ്ങിയ മുറികളിൽ ഒതുങ്ങി കഴിയുകയാണ് 275ഇൽ അധികം വരുന്ന വിദ്യാർഥികൾ.2013-14  കോളജിനായി ചെറുവാഞ്ചേരി വില്ലേജിലെ വലിയവെളിച്ചത്ത് പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്.പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായെങ്കിലും സാങ്കേതിക കാരണങ്ങൾ കൊണ്ട് ക്ലാസുകൾ അവിടേക്ക് മാറ്റിയിട്ടില്ല.2016 ഇൽ പി ഡബ്ലിയു ഡി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി ഐ എച്ച് ആർ ഡി ക്ക് കൈമാറി.എന്നാൽ സൈറ്റ് പ്ലാൻ,സർവീസ്  പേപ്പർ,കംപ്ലീഷൻ സർട്ടിഫിക്കറ്റ് എന്നിവ പഞ്ചായത്തിൽ സമർപ്പിക്കാത്തതിനാൽ പുതിയ കെട്ടിടത്തിന് ഇതുവരെ പാട്ട്യം ഗ്രാമപഞ്ചായത്തധികൃതർ അനുമതി നൽകിയിട്ടില്ല.

രാജി വാര്‍ത്തകള്‍ തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍

keralanews devaswom board president denied the news of his resignation

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി വാര്‍ത്തകള്‍ തള്ളി എ.പത്മകുമാര്‍. സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനു വഴങ്ങി പദ്മകുമാര്‍ രാജി എഴുതി നല്‍കിയെന്ന് പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു.കാലാവധി തീരുംവരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് സജീവമായിരിക്കുമെന്നും അദ്ദേഹം സൂചന നല്‍കി.നവംബര്‍ 14 നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാറിന്റെ കാലാവധി അവസാനിക്കുന്നത്.ഇത്തരം വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പദ്മകുമാര്‍ സൂചിപ്പിച്ചു.ശബരിമലയിലെ യുവതീ പ്രവേശനവും അതേ തുടര്‍ന്നുണ്ടായ ശുദ്ധിക്രിയാ വിവാദത്തിലും പത്മകുമാറിന്റെ നിലപാട് സര്‍ക്കാരിന് വിരുദ്ധമായിരുന്നു. പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും തന്നെ അറിയിക്കാതെ യുവതികളെ സന്നിധാനത്ത് പൊലീസ് എത്തിച്ചതില്‍ പത്മകുമാര്‍ നിരാശനുമായിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം പത്മകുമാര്‍ രാജിവച്ചതായി വാര്‍ത്തകള്‍ വന്നിരുന്നത്.

സി.ബി.ഐ ഡയറക്‌ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ പുറത്താക്കി

keralanews alok varma expelled from cbi director post

ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാരിന്റെ പുറത്താക്കല്‍ തീരുമാനം റദ്ദാക്കി സുപ്രീംകോടതി തിരിച്ചെടുത്ത സി. ബി. ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ പ്രധാനമന്ത്രി അദ്ധ്യക്ഷനായ സെലക്‌ഷന്‍ കമ്മിറ്റി ഭൂരിപക്ഷ തീരുമാനത്തോടെ ( 2-1) തല്‍സ്ഥാനത്ത് നിന്ന് മാറ്റി.സമിതി അംഗമായ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വിയോജിപ്പ് തള്ളിയാണ് തീരുമാനം.ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന സമിതിയുടെ യോഗമാണ് വര്‍മ്മയെ മാറ്റിയത്. രണ്ട് മണിക്കൂര്‍ നീണ്ട യോഗം അലോക് വര്‍മ്മയ്‌ക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്‌തു. പ്രധാനമന്ത്രിയും സമിതിയില്‍ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ. കെ. സിക്രിയും സി.വി.സി നിഗമനങ്ങള്‍ ശരിവച്ചപ്പോള്‍ മൂന്നാമത്തെ അംഗമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തു. തീരുമാനം മാറ്റി വയ്‌ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു.അലോക് വർമ്മയെ നീക്കേണ്ടതില്ലെന്നും റാഫേൽ കേസിൽ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.സി. വി. സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് രണ്ടര മാസം മുന്‍പ് അലോക് വര്‍മ്മയെയും സ്‌പെഷ്യല്‍ ഡയറക്ട‌ര്‍ രാകേഷ് അസ്‌താനയെയും കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധി നല്‍കി മാറ്റിയത്. അതിനെതിരെ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൊവ്വാഴ്ച സുപ്രീംകോടതി അദ്ദേഹത്തെ പരിമിതമായ അധികാരങ്ങളോടെ തിരിച്ചെടുക്കുകയായിരുന്നു. സി.വി.സി റിപ്പോര്‍ട്ട് പരിഗണിച്ച്‌ പ്രധാനമന്ത്രിയുടെ സമിതി ഒരാഴ്‌ചയ്‌ക്കകം അന്തിമ തീരുമാനം എടുക്കണമെന്നും ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു.സുപ്രീംകോടതി ഉത്തരവ് പ്രകാരം ബുധനാഴ്ചയാണ് സി.ബി.ഐ ഡയറക്‌ടര്‍ പദവിയില്‍ അലോക് വര്‍മ്മ തിരിച്ചെത്തിയത്. അന്ന് തന്നെ പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കുകയും ഇന്നലെ മറ്റ് അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. വര്‍മ്മയ്‌ക്ക് പകരം ഇടക്കാല ഡയറക്ടറായി നിയമിതനായ എം. നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹം തിരുത്തിയത്.ബുധനാഴ്‌ച രാത്രി ഉന്നതതല സമിതി ചോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.