മേഘാലയ ഖനി അപകടം;ഒരാളുടെ മൃതദേഹം കണ്ടെടുത്തു

keralanews mine accident in mekhalaya the deadbody of one person found

ദില്ലി: മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.നാവികസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.2018 ഡിസംബര്‍ 13ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് ഡിസ്ട്രിക്ടിലെ അനധികൃത ഖനിയിലാണ് അപകടമുണ്ടായത്. 15 തൊഴിലാളികളാണ് ഖനിയില്‍ കുടുങ്ങിയത്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്തുനിന്ന് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.മറ്റുള്ളവർക്കായി നാവികസേന തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് ഖനിക്കുള്ളിൽ വെള്ളം കയറിയത് രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിരുന്നു.ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഖനിയ്ക്കുള്ളില്‍ 200 അടിയോളം താഴ്ച്ചയിലാണ് മൃതദേഹം കിടന്നിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന നാവികസേന അറിയിക്കുന്നത്.

ആഗോള ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടതായി ശബ്ദസന്ദേശം

keralanews voice messege that the man who joined in is from kannur has been killed

കണ്ണൂർ:ആഗോള ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടതായി ശബ്ദസന്ദേശം ലഭിച്ചു.കണ്ണൂര്‍ സിറ്റിയില്‍ താമസിച്ചിരുന്ന അഴീക്കോട് പൂതപ്പാറ സ്വദേശി അന്‍വര്‍ മരിച്ചതായി കണ്ണൂരില്‍ ഒരാള്‍ക്കാണ് ശബ്ദസന്ദേശം ലഭിച്ചത്. പൊലീസ് ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഈയിടെ അന്‍വറിന്റെ ഭാര്യ അഫ്‌സീല ഒരു സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ചാറ്റിംഗില്‍ ഇവര്‍ അഫ്ഗാനിസ്ഥാനിലാണെന്ന് സൂചിപ്പിച്ചിരുന്നു. ഭര്‍ത്താവ് കൊല്ലപ്പെട്ടതായി പറഞ്ഞില്ലെങ്കിലും ദു:ഖിതയായാണ് ഇവര്‍ സംസാരിച്ചതെന്ന് പൊലീസ് പറയുന്നു.കഴിഞ്ഞ നവംബര്‍ 20നാണ് പത്തു പേരുടെ സംഘം നാടുവിട്ടതായി പൊലീസിന് വിവരം ലഭിച്ചത്. മൈസൂരുവിലേക്ക് എന്നു പറഞ്ഞ് വീടുവിട്ട ഇവര്‍ തിരച്ചെത്താതിരുന്നപ്പോള്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരം ലഭിച്ചത്.അന്‍വറിനു പുറമേ ഭാര്യ അഫ്‌സീല,ഇവരുടെ മൂന്നു മക്കള്‍,പൂതപ്പാറയിലെ കെ. സജാദ്, ഭാര്യ ഷാഹിന, രണ്ടു മക്കള്‍, സിറ്റി കുറുവയിലെ ടി.പി. നിസാം എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.കണ്ണൂര്‍ പാപ്പിനിശേരിയില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ സഹോദരിയാണ് അന്‍വറിന്റെ ഭാര്യ അഫ്‌സീല. ഷമീറിന്റെ മക്കളായ സല്‍മാന്‍, സഫ്‌വാന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് അന്‍വറും കുടുംബവും ഐസിസില്‍ ചേരാന്‍ തീരുമാനിച്ചത്.

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ്; കെഎസ്ആർടിസി പണിമുടക്ക് മാറ്റിവെച്ചു

keralanews indefinite strike announced by ksrtc has been withdrawn

തിരുവനന്തപുരം: ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിക്കുന്നതെന്ന് സമരസമിതി പ്രതിനിധികൾ അറിയിച്ചു. ഡ്യൂട്ടി പരിഷ്‌കരണ റിപ്പോര്‍ട്ട് ഈ മാസം 21ന് നടപ്പാക്കുമെന്ന് ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി. സമര സമിതിയുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും ചര്‍ച്ചയില്‍ ധാരണയായി. എംപാനല്‍ഡ് ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കി.മന്ത്രിക്കും യൂണിയന്‍ നേതാക്കള്‍ക്കും പുറമെ സിഎംഡി ടോമിന്‍ തച്ചങ്കരിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

പണിമുടക്കിൽ മാറ്റമില്ലെന്ന് കെഎസ്‌ആര്‍ടിസി സംയുക്ത സമരസമിതി

keralanews no change in ksrtc strike from today midnight

കൊച്ചി: ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നടത്താനിരിക്കുന്ന കെഎസ്‌ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി.കോടതി വിധിയെ വെല്ലുവിളിക്കുന്നില്ല. ആര് ചര്‍ച്ചയ്ക്ക് വിളിച്ചാലും പോകുമെന്നും എന്നാല്‍ പണിമുടക്ക് മാറ്റില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ യോഗം അറിയിച്ചു.നേരത്തെ, കെഎസ്‌ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ കോടതി തൊഴിലാളി സംഘടനകളോട് ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചു.നേരത്തെ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.പണിമുടക്ക് പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ച നടത്താതിരുന്ന എം.ഡിയുടെ നിലപാടിനെയും കോടതി വിമര്‍ശിച്ചു.നേരത്തെ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തൊഴിലാളി യൂണിയന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സി.എം.ഡി വ്യക്തമായ തീരുമാനം അറിയിച്ചില്ലെന്ന് സമരസമിതി പറഞ്ഞു. സര്‍ക്കാറുമായി ആലോചിച്ച് സമരത്തെ നേരിടുമെന്ന് തച്ചങ്കരി വ്യക്തമാക്കി.

കെഎസ്‌ആര്‍ടിസി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

keralanews high court stayed the indefinite strike announced by ksrtc employees from today midnight

കൊച്ചി:കെഎസ്‌ആര്‍ടിസി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു.ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് തൊഴിലാളി യൂണിയനുകളോട് നിര്‍ദേശിച്ച ഹൈക്കോടതി നാളെ മുതല്‍ ചര്‍ച്ച വീണ്ടും നടത്തുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കേസ് ഇനി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്.ജീവനക്കാരുടെ അനാവശ്യ സമരത്തിനെതിരെ കോടതിയെ സമീപിച്ചത് ജെയിംസ് വടക്കന്‍ നേതൃത്വം കൊടുക്കുന്ന സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനായിരുന്നു.സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ന്റെ ശക്തമായ വാദമുഖങ്ങള്‍ പരിഗണിച്ച്‌ തന്നെയാണ് സമരം നിയമവിരുദ്ധമെന്ന്‌ഹൈക്കോടതി പറഞ്ഞത്.1994 ലെ എസ്സന്‍ഷ്യല്‍ സര്‍വീസസ് മെയിന്റനന്‍സ് ആക്‌ട് പ്രകാരം സമരത്തിന് ന്യായീകരണമില്ലെന്നാണ് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ ഹര്‍ജിയില്‍ വടക്കന്‍ വ്യക്തമാക്കിയത്. സമരം നിയമവിരുദ്ധമാണ്. സമരം തടഞ്ഞുകൊണ്ട് ഇടക്കാല വിധി വേണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് യൂണിയനുകള്‍ സമരം വഴി തടയുന്നത്. ആവശ്യസര്‍വീസ് നിയമപ്രകാരമാണ് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നത്. സമരം കാരണം ആവശ്യസര്‍വീസ് തന്നെയാണ് തടസപ്പെടുന്നത്. കോടികളുടെ ബാധ്യത നിലനില്‍ക്കവെയാണ് യൂണിയനുകള്‍ അത് മറന്നു സമരത്തില്‍ ഏര്‍പ്പെടുന്നത്. ഈ വാദങ്ങള്‍ പരിഗണിച്ചാണ് സമരം നിയമവിരുദ്ധമെന്ന് ഹൈക്കോടതി പറഞ്ഞത്. കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമാണ് കേള്‍ക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് ചോദിച്ചറിയാന്‍ എംഡിക്ക് ബാധ്യതയില്ലേ എന്ന് ചോദിച്ച കോടതി ഒത്തു തീര്‍പ്പ് ചര്‍ച്ച വൈകിയതെന്തുകൊണ്ടെന്ന് ചോദിച്ചു. പ്രശ്‌നപരിഹാരത്തില്‍ എംഡിയുടെ നിലപാട് ശരിയല്ല. തൊഴിലാളികള്‍ക്ക് പ്രശ്‌നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ് മെന്റിനെ സമീപിക്കാനേ കഴിയൂ. ചര്‍ച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച്‌ പരിഹാരമുണ്ടാക്കേണ്ടതും മാനേജ്‌മെന്റാണെന്നും കോടതി നിരീക്ഷിച്ചു.

അന്നദാനം നടത്തുന്ന ആരാധനാലയങ്ങൾക്കും ഭക്ഷ്യ സുരക്ഷാ സർട്ടിഫിക്കറ്റ് കർശനമാക്കുന്നു

keralanews food safety certificate making compulsory for temples

കണ്ണൂർ:അന്നദാനം നടത്തുന്ന അമ്പലങ്ങൾക്കും പള്ളികൾക്കും ഭക്ഷ്യ സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു.മായം കലർന്ന വെളിച്ചെണ്ണയും ശർക്കരയും പിടിച്ചെടുത്ത സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം.ദിവസം ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നടത്തുന്ന ക്ഷേത്രങ്ങളിൽ പോലും നിലവിൽ ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തുന്നില്ല.ക്ഷേത്രങ്ങളിൽ പായസത്തിനായി ഉപയോഗിക്കുന്ന ശർക്കര വിവിധ ഏജൻസികൾക്ക് കൊട്ടേഷൻ നൽകിയാണ് എത്തിക്കുന്നത്.ഇവയുടെ ഗുണനിലവാരം പരിശോധിക്കപെടുന്നില്ല.ആരാധനാലയങ്ങളുടെ വലുപ്പം അനുസരിച്ച് നൂറു രൂപ മുതൽ 3000 രൂപ വരെയാണ് ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റിനായി ഫീസ് അടയ്‌ക്കേണ്ടത്.അതാത് ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ നിന്നും അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ഈ സർട്ടിഫിക്കറ്റ് ലഭ്യമാകും. ഉച്ചഭക്ഷണ വിതരണമുള്ള സ്കൂളുകളിലെ പ്രധാനാധ്യാപകർ ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം നേരത്തെ ഉണ്ടായിരുന്നു.ഇത് പൂർണ്ണമായും നടപ്പായിട്ടില്ല. പാചകക്കാരിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും പാചകത്തിനുപയോഗിക്കുന്ന വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ടും പ്രധാനാധ്യാപകർ വാങ്ങണമെന്നാണ് നിർദേശം.ഇതിനെതിരെ ഒരു വിഭാഗം അധ്യാപകർ രംഗത്തെത്തിയിരുന്നു.

കുരങ്ങുപനി;ജില്ലയിൽ ജാഗ്രതാ നിർദേശം

keralanews monkey fever alert in district

കണ്ണൂർ:കർണാടകയിലെ ഷിമോഗ ജില്ലയിൽ കുരങ്ങുപനി റിപ്പോർട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ ഡോ.നാരായണ നായ്ക്ക് അറിയിച്ചു.സാധാരണ ചെറിയ സസ്തനികൾ,കുരങ്ങുകൾ,ചിലയിനം പക്ഷികൾ തുടങ്ങിയവയിലാണ് കുരങ്ങുപനിയുടെ വൈറസ് കാണപ്പെടുന്നത്. ഇത്തരം ജീവികളുടെ രക്തം കുടിച്ചുവളരുന്ന ഹീമോഫൈസാലിസ് വർഗ്ഗത്തിൽപ്പെടുന്ന ചെല്ലുകളാണ് രോഗാണുവിനെ മനുഷ്യശരീരത്തിൽ എത്തിക്കുന്നത്. ഇത്തരം ചെള്ളുകളുടെ കടിയേൽക്കുന്നതു വഴിയോ രോഗമുള്ളതോ ചത്തതോ ആയ കുരങ്ങുകളുമായുള്ള സമ്പർക്കം വഴിയോ രോഗാണു മനുഷ്യ ശരീരത്തിലേക്ക് പടരാം. അതിനാൽ വനത്തിനോട് ചേർന്ന് താമസിക്കുന്നവർ,വനത്തിൽ കാലിമേയ്ക്കൽ,വിറക് പെറുക്കൽ,തുടങ്ങിയ ആവശ്യങ്ങൾക്ക് പോകുന്നവർ,വനത്തിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർ,തുടങ്ങിയവർക്ക് രോഗബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ പനി,തലവേദന, ശരീരവേദന,വയറുവേദന,ഛർദി,വയറിളക്കം എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ.ചിലരിൽ രക്തസ്രാവ ലക്ഷണങ്ങളും  തലച്ചോറിനെ ബാധിക്കുന്നതു മൂലം ബോധക്ഷയം,അപസ്മാര ലക്ഷണങ്ങൾ എന്നിവയുമുണ്ടാകാം. രോഗലക്ഷണങ്ങൾ കാണപ്പെടുന്നവർ ഉടൻ തന്നെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും കൂടുതൽ വിവരങ്ങൾക്കായി ജില്ലാ സർവൈലൻസ് ഓഫീസറുമായി ബന്ധപ്പെടണമെന്നും ഡിഎംഒ അറിയിച്ചു.ഫോൺ:9447256458.

ചർച്ച പരാജയം;ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക്

keralanews ksrtc indefinite strike will start from today midnight

തിരുവനന്തപുരം:ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി അനിശ്ചിതകാല പണിമുടക്ക്.കെഎസ്‌ആ‌ര്‍ടിസി എംഡിയുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുംവരെ പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്നും ചര്‍ച്ചയ്ക്ക് ശേഷം യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.കെഎസ്‌ആര്‍ടിസി എംഡിക്കെതിരെയും യൂണിയന്‍ നേതാക്കള്‍ രംഗത്തെത്തി.എംഡി ചര്‍ച്ചയില്‍ ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചതെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.കെഎസ്‌ആര്‍ടിസിയില്‍ സാമ്ബത്തിക പ്രതിസന്ധിയും, പ്രശ്നങ്ങളും നിലനിൽക്കുമ്പോഴും പണിമുടക്കല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ മുന്നിലില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഉള്‍പ്പെട്ട സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കെഎസ്‌ആര്‍ടിസി അനിശ്ചിതകാലപണിമുടക്കില്‍ നിന്ന് യൂണിയനുകള്‍ പിന്‍മാറണമെന്ന് കെഎസ്‌ആര്‍ടിസി എം‍ഡി ടോമിന്‍ തച്ചങ്കരി ആവശ്യപ്പെട്ടു. സമരത്തിലുള്ള യൂണിയനുകളുടെ പല ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെങ്കില്‍ സര്‍ക്കാരുമായി ആലോചിച്ച്‌ ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും കെഎസ്‌ആര്‍ടിസി എംഡി മുന്നറിയിപ്പ് നല്‍കി.

കണ്ണൂർ വിമാനത്താവളത്തിൽ ഇന്ധന നികുതിയിളവ് ആഭ്യന്തര സർവീസിന്

keralanews fuel tax cuts is for domestic service at kannur airport

കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങളുടെ ഇന്ധന നികുതി ഒരു ശതമാനമായി കുറച്ചത് ഗുണം ചെയ്യുക ആഭ്യന്തര സർവീസിന്. ചെന്നൈ,ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ഗോ എയറിനാണ് ഇപ്പോൾ നികുതിയളവിന്റെ ഗുണംചെയ്യുക. പുതുതായി തുടങ്ങിയ വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാന സർവീസുകളെ ആകർഷിക്കാനും വിമാനത്താവളത്തിന്റെ നിലനിൽപ്പ് പരിഗണിച്ചുമാണ് താൽക്കാലികമായി നികുതിയിളവ് നൽകുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.അന്താരാഷ്ട്ര സർവീസുകൾക്ക് കേന്ദ്രസർക്കാർ തന്നെ ഇന്ധനനികുതി ഒരുശതമാനമായി നിശ്ചയിച്ചതാണ്.ഇത് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും ബാധകമാണ്.ഉടൻ സർവീസുകൾക്കും ഇന്ധന നികുതി ഒരു ശതമാനമാണ്. ഉടൻ സർവീസ് നടത്തുന്ന വിമാനത്താവളങ്ങൾക്ക് ആ ഇനത്തിൽ വരുമാനമില്ലാത്തതിനാൽ കേന്ദ്ര സർക്കാർ ചില ഇളവുകൾ നൽകുന്നുണ്ട്.കേന്ദ്ര സർക്കാർ ഉടമസ്ഥതയിലല്ലാത്ത വിമാനത്താവളങ്ങൾക്ക് ഉടൻ സർവീസ് കനത്ത ബാധ്യതയാകുന്നതിന് ചെറിയ ആശ്വാസം നല്കുന്നതിനാണിത്. സംസ്ഥാനത്ത് കേന്ദ്രസർക്കാർ ഉടമസ്ഥതയിലല്ലാത്തതും എന്നാൽ സംസ്ഥാന സർക്കാരിനും കേന്ദ്ര പൊതുമേഖലയ്ക്കും കൂടി 65 ശതമാനം ഓഹരിയുള്ളതുമായ വിമാനത്താവളമാണ് കണ്ണൂരിലേത്.

ശബരിമലയിൽ നിന്നും പോലീസ് തിരിച്ചിറക്കിയ യുവതികൾ നിരാഹാര സമരത്തിൽ

keralanews ladies who returned from sabarimala went for hunger strike

ശബരിമല:ശബരിമലയിൽ നിന്നും പോലീസ് തിരിച്ചിറക്കിയ യുവതികൾ നിരാഹാര സമരത്തിൽ.ഇന്ന് രാവിലെയാണ് ശബരിമല ദര്‍ശനത്തിനെത്തിയ കണ്ണൂർ സ്വദേശിനികളായ രേഷ്മാ നിഷാന്ത്, ഷനില എന്നീ യുവതികളെ പോലീസ് പ്രതിഷേധത്തെ തുടര്‍ന്നു തിരിച്ചിറക്കിയത്.നിലക്കലെത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് പൊലീസ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് എത്തിയത്. പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ ശബരിമല ദര്‍ശനം സാധ്യമാകുന്ന സാഹചര്യമാണ് അവിടെയുണ്ടായിരുന്നതെന്നും രേഷ്മ പറഞ്ഞു.ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ നിരാഹാരം നടത്തുന്നത്. പോലീസ് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും യുവതികള്‍ കുറ്റപ്പെടുത്തി. അറസ്റ്റു ചെയ്യുന്നുവെന്ന് പറഞ്ഞാണ് പോലീസ് തങ്ങളെ തിരിച്ചിറക്കിയത്. നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ആണെന്നും അടുത്ത നീക്കം അറിയില്ലെന്നും യുവതികള്‍ പറഞ്ഞു.നീലിമലയില്‍ വച്ചാണ് ശരണം വിളിച്ച് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധിച്ച അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ യുവതികളെ തിരിച്ചിറക്കി. വ്യത്യസ്ത ജീപ്പുകളില്‍ കയറ്റി യുവതികളെ നീലിമലയില്‍ നിന്നും കൊണ്ടുപോവുകയായിരുന്നു.‌മുകളിലെത്തിയാല്‍ കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ യുവതികള്‍തിരിച്ചിറങ്ങുകയായിരുന്നു.