Kerala, News

കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷം രൂപ നഷ്ടപരിഹാരത്തുക നിരസിച്ച് അജീഷിന്റെ കുടുംബം; നടപടി ബിജെപി വിവാദമാക്കിയ സാഹചര്യത്തില്‍

വയനാട്: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബം കർണാടക സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക നിരസിച്ചു. നഷ്ടപരിഹാരം പ്രഖ്യാപിച്ചത് കർണാടകയില്‍ പ്രതിപക്ഷ കക്ഷിയായ ബിജെപി വിവാദമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. വിവാദമുണ്ടാക്കി പിടിച്ചു വാങ്ങേണ്ടതല്ല നഷ്ടപരിഹാരത്തുകയെന്നും കുടുംബം പ്രതികരിച്ചു.തീരുമാനം രേഖാമൂലം കര്‍ണാടക സര്‍ക്കാരിനെ അറിയിക്കും. വയനാട് എംപി രാഹുല്‍ ഗാന്ധി അജീഷിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം കര്‍ണാടക സര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 15 ലക്ഷം രൂപ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്.കര്‍ണാടക സര്‍ക്കാര്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന 15 ലക്ഷം രൂപ അജീഷിന്‍റെ കുടുംബത്തിന് നല്‍കാമെന്ന് അറിയിച്ചിരുന്നു. കര്‍ണാടക വനംവകുപ്പ് ബേലൂരില്‍നിന്ന് മയക്കുവെടി വെച്ച് പിടികൂടി ബന്ദിപ്പൂര്‍ വനത്തില്‍വിട്ട ബേലൂര്‍ മേഖ്നയെന്ന മോഴയാനയാണ് അജീഷിനെ ചവിട്ടിക്കൊന്നത്.കര്‍ണാടക സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനെതിരെ കര്‍ണാടകയില്‍ ബിജെപി രംഗത്തെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കുടുംബം തുക നിരസിച്ചത്.അജീഷിന്റെ കുടുംബത്തിന് കേരള സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ മറ്റു സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി രംഗത്തെത്തി. ധനസഹായത്തിനായി ഇടപെട്ട രാഹുല്‍ ഗാന്ധി എം പിക്കും കർണാടക സർക്കാറിനും നന്ദി അറിയിച്ച കുടുംബം, ബിജെപിയുടേത് വേട്ടക്കാരനൊപ്പം ഓടുകയും മുയലിനൊപ്പം കരയുകയും ചെയ്യുന്ന കാപട്യമാണെന്നും കുറ്റപ്പെടുത്തി.

Previous ArticleNext Article