Kerala, News

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 11 കിലോ സ്വർണ്ണം പിടികൂടി

keralanews 11kg gold seized from kannur airport

മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 11 കിലോ 294 ഗ്രാം സ്വർണ്ണം പിടികൂടി.തിങ്കളാഴ്ച രാവിലെയും ഉച്ചയ്‌ക്കുമായാണ് നാലുപേരിൽ നിന്നും 4.15 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടിയത്.ദുബായ്,ഷാർജ,റിയാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നുമാണ് ഡി.ആർ.ഐ സ്വർണ്ണം കണ്ടെടുത്തത്.മൊകേരി മാക്കൂൽ പീടികയിലെ അംസീർ ഒറ്റപ്പിലാക്കൽ(30),ബെംഗളൂരു അട്ടൂർ ലേഔട്ടിലെ മുഹമ്മദ് ബഷീർ ബോട്ടം(57),വയനാട് പൊഴുതന പാറക്കുന്നിലെ അർഷാദ്(25),കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിലിൽ അബ്ദുല്ല മൂഴിക്കുന്നത്ത്(33) എന്നിവരിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ നാലുമണിക്ക് ദുബായിയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ അംസീറിൽ നിന്നും രണ്ട് കിലോ 916 ഗ്രാം സ്വർണ്ണം പിടികൂടി.രാവിലെ ഒൻപതുമണിക്ക് ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് ബഷീറിൽ നിന്നും രണ്ടു കിലോ 566 ഗ്രാം സ്വർണ്ണവും അർഷാദിൽ നിന്നും രണ്ടുകിലോ 913 ഗ്രാം സ്വർണ്ണവും പിടികൂടി.ഉച്ചയോടെ റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ അബ്ദുള്ളയിൽ നിന്നും രണ്ട് കിലോ 899 ഗ്രാം സ്വർണ്ണവുമാണ് പിടികൂടിയത്. ദുബായ്,റിയാദ് എന്നിവിടങ്ങളിൽ നിന്നുമെത്തിയ യാത്രക്കാർ മൈക്രോവേവ് ഓവനിലും ഷാർജയിൽ നിന്നുള്ള യാത്രക്കാർ ഫിഷ് കട്ടിങ് മെഷീനിനുള്ളിലും ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡയറക്റ്ററേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസിന്റെ കൊച്ചി,കോഴിക്കോട്,കണ്ണൂർ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.അറസ്റ്റിലായവരെ ഡിആർഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Previous ArticleNext Article