International, News, Sports

ടോക്കിയോ ഒളിമ്പിക്സ്; ആദ്യ കോവിഡ് 19 കേസ് ഗെയിംസ് വില്ലേജില്‍ രജിസ്റ്റര്‍ ചെയ്തു

keralanews tokyo olympics the first covid 19 cases were registered in the games village

ടോക്കിയോ: ഒളിമ്പിക്സ് ആരംഭിക്കാന്‍ ആറ് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒളിമ്പിക് വില്ലേജില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ ഒരു ഒഫിഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒഫിഷ്യലിനെ ഗെയിംസ് വില്ലേജില്‍ നിന്നും ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.’കൊവിഡ് വ്യാപനം തടയാനാവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇനിയൊരു വ്യാപനമുണ്ടാവുകയാണെങ്കില്‍ അത് നേരിടുന്നതിനായി ഞങ്ങള്‍ക്ക് മറ്റ് പദ്ധതികളുണ്ടെന്നും ഒളിമ്പിക്സ് ചീഫ് ഓര്‍ഗനൈസര്‍ ഷെയ്‌ക്കോ ഹഷിമോട്ടോ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്സ് കൊവിഡിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. നിലവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ ജപ്പാനില്‍ എത്തി തുടങ്ങിയിട്ടുണ്ട്.ഒളിമ്പിക്‌സിനായി 119 കായികതാരങ്ങളും 109 ഒഫിഷ്യല്‍സുമുള്‍പ്പെടെ 228 അംഗ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. താരങ്ങളില്‍ 67 പുരുഷന്മാരും 52 വനിതകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

അതേസമയം ത്രിതല സുരക്ഷാ സംവിധാനത്തിനുള്ളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഗെയിംസ് സംഘടിപ്പിക്കുമെന്ന് അവകാശപ്പെട്ട ജപ്പാന് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. വില്ലേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്ന ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് ഗെയിംസ് വില്ലേജിലേക്കുള്ള യാത്രയ്ക്കിടെ രോഗം പകര്‍ന്നതാകാമെന്നാണ് കരുതുന്നത്. എന്നാല്‍ പൊതു ഗതാഗതം പോലും ഒഴിവാക്കി കനത്ത സുരക്ഷയും ശുചിത്വവും ഉറപ്പാക്കിയുള്ള ഗതാഗത സംവിധാനം ഒരുക്കിയിട്ടും ഇത്തരത്തില്‍ രോഗം പകര്‍ന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിംപിക്സ്.

Previous ArticleNext Article