Kerala, News

പൗരത്വ നിയമത്തെ പരസ്യമായി അനുകൂലിച്ചു; ഗവർണ്ണർക്കെതിരെ വിദ്യാർത്ഥി പ്രതിഷേധത്തിന് സാധ്യത; നടപടി കർശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ​

keralanews supported the citizenship act chance for student protests against governor

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തെ പരസ്യമായി അനുകൂലിച്ചതിന്റെ പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യമായി പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാര്‍ഥി സംഘടനകള്‍ക്ക് ജില്ലാ പോലീസ് മേധാവിയുടെ താക്കീത്.ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന സാഹചര്യം കണക്കിലെടുത്താണ് പോലീസിന്റെ മുന്നറിയിപ്പ്. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യാക്തമാക്കി.അതേസമയം ഗവര്‍ണര്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച്‌ കെ സുധാകരന്‍ എംപിയും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറും ചരിത്ര കോണ്‍ഗ്രസില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ പരസ്യമായി അനുകൂലിച്ച്‌ ഗവര്‍ണര്‍ പ്രസ്താവന നടത്തിയിരുന്നു. ഇതാണ് ഇടത്-വലത് വിദ്യാര്‍ഥി സംഘടനകളെ ചൊടിപ്പിച്ചത്. ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ അറിയിച്ചിരുന്നു.കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസ്സിൽ ശനിയാഴ്ച രാവിലെയാണ് ദേശീയ ചരിത്ര കോണ്‍ഗ്രസ് ആരംഭിക്കുന്നത്.ഗവര്‍ണറുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ പോലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.ഗവര്‍ണറെ തടയുമെന്ന് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്രമസമാധാന പാലനത്തിനായി കൂടുതല്‍ സുരക്ഷയൊരുക്കിയിട്ടുണ്ട് ദ്രുത കര്‍മ സേനയെ വിന്യസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Previous ArticleNext Article