India, News

റിമാൽ ശക്തിപ്രാപിച്ച് രാത്രിയോടെ തീരം തൊടും;മണിക്കൂറിൽ 130 കിലോമീറ്റർ വേഗം;കൊല്‍ക്കത്തയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു, കനത്ത ജാഗ്രതാ നിര്‍ദേശം

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റിമാൽ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശക്തിപ്രാപിച്ച് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 110 മുതല്‍ 135 കീലോമിറ്റർ വേഗതയിലാകും കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ശക്തമായ ചുഴലിക്കാറ്റായി ഇത് മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ തീര ജില്ലകളിലായിരിക്കും ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യത കൂടുതലെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച്‌, ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍, തീരദേശ ബംഗ്ലാദേശ്, ത്രിപുര, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മറ്റ് ചില ഭാഗങ്ങള്‍ എന്നിവയെ സാരമായി ബാധിക്കും. എന്നാല്‍, കാറ്റ് കേരളത്തിനെ ബാധിക്കില്ലെന്നാണ് നിഗമനം. കാറ്റിന്‍റെ ശക്തി ചൊവ്വാഴ്ചയോടെ കുറയും. മുൻകരുതൽ നടപടിയുടെ ഭാഗമായി കൊൽക്കത്ത വിമാനത്താവളം താൽക്കാലികമായി അടച്ചിടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.ഇന്ന് ഉച്ച മുതൽ 21 മണിക്കൂർ നേരത്തേക്കാണ് കൊൽക്കത്ത വിമാനത്താവളം അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്. ഈ സമയത്ത് 394 ആഭ്യന്തര, അന്തർദേശീയ സർവീസുകളും മുടങ്ങും. സീൽദ, ഹൗറ ഡിവിഷനുകളിലെ നിരവധി ലോക്കൽ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ടെന്നും ചരക്കുകൾ കടത്തുന്നതും കണ്ടെയ്‌നർ പ്രവർത്തനങ്ങളും 12 മണിക്കൂർ നേരത്തേക്ക് നിർത്തി വയ്‌ക്കുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ ഫലമായി കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണമെന്ന് അധികൃതർ നിർദേശം നൽകി. വൈദ്യുതി പോലുള്ള സേവനങ്ങൾ തടസപ്പെടാനും നിരവധി നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Previous ArticleNext Article