Kerala, News

ദേശീയ പണിമുടക്കിനിടെ ട്രെയിൻ തടഞ്ഞവർക്കെതിരെ കർശന നടപടിയുമായി റെയിൽവേ

keralanews railway will take strict action against those who blocked train in state during national strike

തിരുവനന്തപുരം:സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ദേശവ്യാപകമായി പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നടത്തിയ രണ്ടുദിവസത്തെ പണിമുടക്കിനോടനുബന്ധിച്ച്‌ സംസ്ഥാനത്ത് വിവിധഭാഗങ്ങളിൽ ട്രെയിൻ തടഞ്ഞ് യാത്രക്കാരെ ബുദ്ധിമുട്ടിച്ചവർക്കെതിരെ കർശന നടപടിക്കൊരുങ്ങി റെയിൽവേ.ട്രെയിനുകള്‍ തടഞ്ഞ് ഗതാഗതം താറുമാറാക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉന്നത റെയില്‍വേ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം.രാജ്യത്ത് മറ്റൊരിടത്തും സംഭവിക്കാത്ത തരത്തില്‍ കേരളത്തില്‍ മാത്രം ട്രെയിനുകള്‍ തടഞ്ഞിട്ട നടപടിയില്‍ റെയില്‍വേ അധികൃതര്‍ ക്ഷുഭിതരാണ്. ദീര്‍ഘദൂര ട്രെയിനുകള്‍ തടഞ്ഞത് സംസ്ഥാനത്തിനു പുറത്തും ട്രെയിന്‍ ഗതാഗതത്തെ താറുമാറാക്കി. ഇതുമൂലം റെയില്‍വേക്കുണ്ടായ നഷ്ടം കണക്കാക്കാനും കേസില്‍ പ്രതികളായവരില്‍ നിന്ന് അത് ജപ്തി നടപടികളിലൂടെ ഈടാക്കാനും റെയില്‍വേ നീക്കം തുടങ്ങി. തിരുവനന്തപുരം ഡിവിഷനില്‍ 18 ട്രെയിനുകളും പാലക്കാട് ഡിവിഷനില്‍ 21 ട്രെയിനുകളുമാണ് പണിമുടക്ക് അനുകൂലികള്‍ വിവിധ സ്റ്റേഷനുകളില്‍ തടഞ്ഞിട്ടത്. സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പാടെ തകര്‍ത്ത നടപടിയില്‍ റെയില്‍വേക്ക്‌ വന്‍ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്.റെയില്‍വേയിലെ ഒരു ജീവനക്കാരനും സംസ്ഥാനത്ത് പൊതുപണിമുടക്കില്‍ പങ്കെടുത്തിട്ടില്ല. ഒരാള്‍ക്കും ലീവ് പോലും കൊടുത്തിട്ടില്ല. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കാത്ത സാഹചര്യത്തില്‍ പുറമേനിന്ന് അതിക്രമിച്ചെത്തിയവരാണ് ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ സംസ്ഥാന പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും റെയില്‍വേ സുരക്ഷാ റിപ്പോര്‍ട്ടിലുണ്ട്.ട്രെയിന്‍ തടയാനെത്തിയ എല്ലാവരുടെയും ചിത്രങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെ സി.സി ടിവി കാമറയിലും അതിനു പുറമെ ആര്‍.പി.എഫ് എടുത്ത വീഡിയോ ഫുട്ടേജിലും നിന്ന് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ മേല്‍വിലാസങ്ങള്‍ സമാഹരിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. റെയില്‍വേ ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് റെയില്‍വേ സംരക്ഷണ നിയമം 146, അവശ്യസേവനം തടസപ്പെടുത്തിയതിന് സെക്‌ഷന്‍ 145 ബി, റെയില്‍വേ ട്രാക്കില്‍ അതിക്രമിച്ച്‌ കയറിയതിന് സെക്‌ഷന്‍ 147, ട്രെയിന്‍ തടഞ്ഞതിനും യാത്രക്കാര്‍ക്ക് സുരക്ഷാപ്രശ്നമുണ്ടാക്കിയതിനും സെക്‌ഷ‌ന്‍ 174, ട്രെയിനുകളുടെ മുകളില്‍ കയറി സര്‍വീസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് സെക്‌ഷന്‍ 184 എന്നിവ പ്രകാരം രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കേസുകളും നഷ്ടം നികത്തുന്നതിന് സിവില്‍ കേസുകളുമാണ് ചുമത്തുക. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി നഷ്ടമാകാനും ഭാവിയില്‍ സര്‍ക്കാര്‍ ജോലിയും പാസ്പോര്‍ട്ട് പോലുള്ള രേഖകളും ലഭിക്കാന്‍ തടസമാകാനും കാരണമാകുന്ന വകുപ്പുകളാണിതെന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.സംസ്ഥാനത്ത് ഇതാദ്യമായാണ് റെയില്‍വേ ഇത്രയേറെ കടുത്ത നിയമനടപടികളുമായി സമരക്കാര്‍ക്കെതിരെ രംഗത്തെത്തുന്നത്.

Previous ArticleNext Article