Kerala, News

ലോക്സഭാ തെരെഞ്ഞെടുപ്പ്; കണ്ണൂരിൽ കെ സുധാകരന് മിന്നും വിജയം

കണ്ണൂർ: ലോക്സഭാ തെരെഞ്ഞെടുപ്പിൽ കണ്ണൂരില്‍ സി.പി. എമ്മിനെതിരെ ഏകപക്ഷീയമായ വിജയവുമായി കോണ്‍ഗ്രസിന്റെ പടനായകന്‍ കെ.സുധാകരന്‍.ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടിയാണ് കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ സി.പി. എമ്മിനെ ഒരിക്കല്‍ കൂടി തറപറ്റിച്ചു സുധാകരൻ വിജയം സ്വന്തമാക്കിയത്. എം.വി ജയരാജനെന്ന സി പി എമ്മിന്റെ കരുത്തനായ സ്ഥാനാർത്ഥിയെ തോല്‍പിച്ചാണ് ഇക്കുറി സുധാകരന്‍ ഡല്‍ഹിയിലെത്തുന്നത്.കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന കണ്ണൂർ മണ്ഡലത്തിൽ കെ.സുധാകരൻ ഏറെക്കുറെ അനായാസമാണ് ജയിച്ചുകയറിയത്.ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുധാകരന്‍ കണ്ണൂര്‍ മണ്ഡലം നിലനിര്‍ത്തിയത്. 516665 വോട്ടുകള്‍ സുധാകരന്‍ നേടിയപ്പോള്‍ ജയരാജന് ലഭിച്ചത് 408596 വോട്ടുകളാണ്. മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പിയിലെ സി രഘുനാഥ് 119465 വോട്ടുകള്‍ നേടി. ആദ്യ ഘട്ടത്തിൽ ലീഡെടുത്തതൊഴിച്ചാൽ പിന്നീട് ഒരു ഘട്ടത്തിലും എം വി ജയരാജന് സുധാകരനെ മറികടക്കാനായില്ല. കേരളമൊട്ടാകെ യുഡിഎഫിനനുകൂലമായി കാറ്റ് വീശിയപ്പോൾ കണ്ണൂരിൽ സിപിഎം വീണ്ടും കനത്ത പരാജയം നേരിട്ടു. കണ്ണൂരിൽ കെ. സുധാകരനോളം കരുത്തുള്ള മറ്റൊരു കോൺഗ്രസ് നേതാവില്ലെന്ന് അടിവരയിടുന്നതായിരുന്നു ഇത്തവണത്തെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം. നിരവധി പേരുകൾ നേതൃത്വത്തിന്റെ മുന്നിലേക്ക് കടന്നുവന്നെങ്കിലും ഒടുവിൽ കെ. സുധാകരനുനേരെ തന്നെ പച്ചക്കൊടി വീശി. സുധാകരൻ കളത്തിലിറങ്ങിയതോടെ ജില്ലയിലെ യുഡിഎഫ് ഒന്നാകെ ഉണർന്നുപ്രവർത്തിച്ചു. കൃത്യമായ പദ്ധതികൾ ആസൂത്രണംചെയ്ത് അച്ചടക്കത്തോടെയും ഒഴുക്കോടെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുമായി.

Previous ArticleNext Article