Kerala, News

കെഎസ്‌ആര്‍ടിസി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

keralanews high court stayed the indefinite strike announced by ksrtc employees from today midnight

കൊച്ചി:കെഎസ്‌ആര്‍ടിസി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു.ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് തൊഴിലാളി യൂണിയനുകളോട് നിര്‍ദേശിച്ച ഹൈക്കോടതി നാളെ മുതല്‍ ചര്‍ച്ച വീണ്ടും നടത്തുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കേസ് ഇനി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്.ജീവനക്കാരുടെ അനാവശ്യ സമരത്തിനെതിരെ കോടതിയെ സമീപിച്ചത് ജെയിംസ് വടക്കന്‍ നേതൃത്വം കൊടുക്കുന്ന സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനായിരുന്നു.സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ന്റെ ശക്തമായ വാദമുഖങ്ങള്‍ പരിഗണിച്ച്‌ തന്നെയാണ് സമരം നിയമവിരുദ്ധമെന്ന്‌ഹൈക്കോടതി പറഞ്ഞത്.1994 ലെ എസ്സന്‍ഷ്യല്‍ സര്‍വീസസ് മെയിന്റനന്‍സ് ആക്‌ട് പ്രകാരം സമരത്തിന് ന്യായീകരണമില്ലെന്നാണ് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ ഹര്‍ജിയില്‍ വടക്കന്‍ വ്യക്തമാക്കിയത്. സമരം നിയമവിരുദ്ധമാണ്. സമരം തടഞ്ഞുകൊണ്ട് ഇടക്കാല വിധി വേണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് യൂണിയനുകള്‍ സമരം വഴി തടയുന്നത്. ആവശ്യസര്‍വീസ് നിയമപ്രകാരമാണ് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നത്. സമരം കാരണം ആവശ്യസര്‍വീസ് തന്നെയാണ് തടസപ്പെടുന്നത്. കോടികളുടെ ബാധ്യത നിലനില്‍ക്കവെയാണ് യൂണിയനുകള്‍ അത് മറന്നു സമരത്തില്‍ ഏര്‍പ്പെടുന്നത്. ഈ വാദങ്ങള്‍ പരിഗണിച്ചാണ് സമരം നിയമവിരുദ്ധമെന്ന് ഹൈക്കോടതി പറഞ്ഞത്. കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമാണ് കേള്‍ക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് ചോദിച്ചറിയാന്‍ എംഡിക്ക് ബാധ്യതയില്ലേ എന്ന് ചോദിച്ച കോടതി ഒത്തു തീര്‍പ്പ് ചര്‍ച്ച വൈകിയതെന്തുകൊണ്ടെന്ന് ചോദിച്ചു. പ്രശ്‌നപരിഹാരത്തില്‍ എംഡിയുടെ നിലപാട് ശരിയല്ല. തൊഴിലാളികള്‍ക്ക് പ്രശ്‌നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ് മെന്റിനെ സമീപിക്കാനേ കഴിയൂ. ചര്‍ച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച്‌ പരിഹാരമുണ്ടാക്കേണ്ടതും മാനേജ്‌മെന്റാണെന്നും കോടതി നിരീക്ഷിച്ചു.

Previous ArticleNext Article