Kerala, News

സംസ്ഥാനത്ത് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി;പലയിടത്തും അക്രമം

keralanews hartal announced by sabarimala karmasamithi in the started violence in many places

തിരുവനന്തപുരം:ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി പിന്തുണയോടെ ശബരിമല കർമസമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. പ്രതിഷേധവും ഹര്‍ത്താല്‍ ആചരണവും സമാധാനപരമായിരിക്കണമെന്ന് ബി.ജെ.പി സംസ്ഥാനകമ്മിറ്റി അഭ്യര്‍ഥിച്ചിട്ടുണ്ട്. പാല്‍, പത്രം, വിവാഹം, മരണം, അടിയന്തര യോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട യാത്രകളെയും തീര്‍ഥാടകരെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ടെങ്കിലും പൊതുഗതാഗതം ഏതാണ്ട് പൂര്‍ണമായും സ്‌തംഭിച്ച നിലയിലാണ്. കോഴിക്കോട് നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.കോഴിക്കോട് രാവിലെ തുറന്ന ഹോട്ടലിന് നേരേയും ഒരു സംഘം കല്ലെറിഞ്ഞു. മലപ്പുറത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു.നിരവധി സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലേറുണ്ടായി. വാഹനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാത്രമാണ് വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. യുവതീപ്രവേശനത്തിന് പിന്നാലെ ഇന്നലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഡി.ജി.പിയുടെയും ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിലായിരുന്നു യോഗം. ശബരിമല കര്‍മസമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അക്രമം അനുവദിക്കരുതെന്നും ചീഫ് സെക്രട്ടറി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Previous ArticleNext Article