India, News

മുൻ കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു

keralanews former union minister george fernandes passes away

ന്യൂഡല്‍ഹി:മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.സമതാ പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ അദ്ദേഹം 2010ലാണ് പൊതുരംഗം വിട്ടത്.മംഗലാപുരം സ്വദേശിയായ ജോർജ് ഫെർണാണ്ടസ് ഒൻപത് തവണ ലോക്‌സഭംഗമായിരുന്നു.വാര്‍ത്താവിനിമയം, വ്യവസായം, റയില്‍വേ, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍മാരില്‍ ഒരാളായി വളര്‍ന്ന അദേഹം ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ഈ നിലയിലേക്ക് വളര്‍ന്ന അപൂര്‍വം നേതാക്കളിലൊരാളായിരുന്നു.ഇന്ദിര ഗാന്ധിയെപ്പോലും വിറപ്പിച്ച തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂണിയന്‍ നേതാവ്, അടിയന്തിരാവസ്ഥയിലെ പൗരാവകാശ നിഷേധങ്ങള്‍ക്കെതിരെ നിര്‍ഭയം പോരാടിയ തീവ്രസോഷ്യലിസ്റ്റ്, കേന്ദ്രമന്ത്രിയായിരിക്കെ കൊക്കോകോള ഉൾപ്പെടെയുള്ള കോര്‍പറേറ്റ് കമ്ബനികളോട് ഇന്ത്യ വിടാന്‍ കല്‍പിച്ച സാമ്രാജ്യത്വ വിരോധി, ആര്‍എസ്‌എസിനോട് മൃദുസമീപനം പുലര്‍ത്തിയതിന് ജനതാ പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ മതേതരവാദി എന്നിങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ ഉയര്‍ന്നുകേട്ട പേരായിരുന്നു ഫെര്‍ണാണ്ടസിന്‍റെത്.റെയിൽവേ മന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം കൊങ്കൺ റെയിൽവേ എന്ന ചരിത്ര പദ്ധതിക്ക് തുടക്കം കുറിച്ചത്.ഒടുവില്‍, ബിജെപി പാളയത്തിലേക്ക് ചേക്കേറിയ അദ്ദേഹം പതിനാലാം ലോക്‌സഭയില്‍ അംഗമായ അദ്ദേഹം എന്‍.ഡി.എ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പു മന്ത്രിയായിരിക്കെയായിരുന്നു കാര്‍ഗില്‍ യുദ്ധം. ശക്തമായ പോരാട്ടത്തിനൊടുവില്‍ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചതോടെ അതും ചരിത്രമായി.എന്നാൽ കാർഗിൽ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി.അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ചതോടെ 2010ല്‍ അദേഹം പൊതുരംഗം വിട്ടു.

Previous ArticleNext Article