Kerala, News

ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് ആ​ദ്യ​ഘ​ട്ടം ഫെ​ബ്രു​വ​രി​യി​ല്‍ പ്രവർത്തനസജ്ജമാകും

keralanews first phase of super speciality block in district hospital ready in february
കണ്ണൂർ:ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ആദ്യഘട്ടം ഫെബ്രുവരിയില്‍ പ്രവർത്തനസജ്ജമാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ.മാസ്റ്റര്‍ പ്ലാനിന്‍റെ ഭാഗമായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ അവലോകന യോഗത്തിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. മാസ്റ്റര്‍പ്ലാനിന്‍റെ ഭാഗമായി കിഫ്ബി വഴി 100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഫ്ബി വഴി 57.52 കോടി രൂപയാണ് അനുവദിച്ചത്. പുതിയ കാത്ത്‌ലാബിനായി കിഫ്ബി വഴി മൂന്നുകോടി രൂപയുടെയും ലക്ഷ്യ തുടങ്ങിയ വികസന പദ്ധതികള്‍ക്കായി എന്‍എച്ച്‌എം വഴി മൂന്നുകോടി രൂപയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിച്ച്‌ വരുന്നത്.കണ്ണൂര്‍ ജില്ലാ ആശുപത്രിയെ എല്ലാവിധ സൗകര്യങ്ങളുമുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.അഞ്ചു നിലകളുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കാണ് നിര്‍മിക്കുന്നത്. ഇതില്‍ നാലു നിലകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ രണ്ടുനിലകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാക്കാനാണുദ്ദേശിക്കുന്നത്. കാത്ത് ലാബ്, ലിഫ്റ്റ്, അമ്മയും കുഞ്ഞിനും ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്ന ലക്ഷ്യപദ്ധതി എന്നിവയാണ് ആദ്യ ഘട്ടത്തില്‍ സജ്ജമാക്കുന്നത്.പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്ബോള്‍ വിവിധ സ്‌പെഷാലിറ്റി വിഭാഗങ്ങള്‍, ഐസിയുകള്‍, ഓപ്പറേഷന്‍ തിയറ്റര്‍ തുടങ്ങിയ വിപുലമായ സംവിധാനങ്ങളുണ്ടാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.നാരായണനായിക്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനില്‍കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ. രാജീവന്‍, ആര്‍എംഒ ഡോ.സി.വി.ടി. ഇസ്മായില്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
Previous ArticleNext Article