Kerala, News

എന്‍ഡോസള്‍ഫാന്‍ ദുരന്ത നഷ്ടപരിഹാരക്കേസില്‍ പ്ലാന്റേഷൻ കോർപറേഷൻ അടക്കമുള്ള 16 കമ്പനി എംഡിമാർ ഹാജരാകണമെന്ന് കോടതി ഉത്തരവ്

keralanews court ordered to present 16 company md in endosulfan compensation case

തിരുവനന്തപുരം:കാസര്‍ഗോഡ് ജില്ലയെ ദുരിതക്കയത്തിലാഴ്‌ത്തിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും സര്‍ക്കാര്‍ നേരിട്ട് നല്‍കിയ 161 കോടി രൂപ 15 എൻഡോസൾഫാൻ കമ്പനികളിൽ നിന്നും ഈടാക്കി കിട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച കേസില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനടക്കം 16 കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍മാര്‍ മാര്‍ച്ച്‌ 6 ന് കോടതിയില്‍ ഹാജരാകാന്‍ തിരുവനന്തപുരം മൂന്നാം സബ് കോടതി ഉത്തരവിട്ടു.സംസ്ഥാന സര്‍ക്കാരിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാദിയായി ഫയല്‍ ചെയ്ത നഷ്ടപരിഹാരക്കേസ് ഫയലില്‍ സ്വീകരിച്ചാണ് പ്രതികളായ 16 കമ്പനി മേധാവിമാരോട് കോടതിയില്‍ ഹാജരാകാന്‍ സബ് ജഡ്ജി പി.എസ്. ജോസഫ് ഉത്തരവിട്ടത്.എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ നിര്‍മ്മാണ കമ്പനികളായ ബെയര്‍ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡ്, റാലിസ് ലിമിറ്റഡ്, ക്രോപ് കെയര്‍, ഭാരത് പള്‍വേര്‍സിങ് മില്‍സ് ലിമിറ്റഡ്, ബീക്കെ പെസ്റ്റിസൈഡ് സ് പ്രൈവറ്റ് ലിമിറ്റഡ്, കാര്‍ഡമം പ്രോസസ്സിങ് ആന്‍ഡ് മാര്‍ക്കറ്റിങ്, കര്‍ണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, കില്‍പെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ലൂപ്പിന്‍ ആഗ്രോ കെമിക്കല്‍സ് ( ഇന്ത്യ ) ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ്, കര്‍ണ്ണാടക ആന്റിബയോട്ടിക്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, മധുസൂധന്‍ ഇന്‍ഡസ്ട്രീസ്, ബ്ലൂ ക്രിസ്റ്റല്‍ ആഗ്രോ കെമിക്കല്‍സ് ലിമിറ്റഡ്, ഷാ വാലസ് ആന്‍ഡ് കമ്പനി ലിമിറ്റഡ്, പൊതുമേഖലാ കമ്പനിയായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ് എന്നിവയാണ് പ്രതിപട്ടികയിലുള്ള 16 കമ്പനികൾ.2000 – 2002 വർഷത്തിലാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയില്‍ കാസര്‍ഗോഡ് ജില്ലയിലുള്ള കശുമാവ് അടക്കമുള്ള തോട്ടങ്ങളിലാണ് മാരക വിഷാംശമടങ്ങിയ കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ തളിച്ചത്.എന്നാല്‍ 2003 ലാണ്‌ സംസ്ഥാന സർക്കാർ എൻഡോസൾഫാൻ നിരോധിച്ചത്.എന്നിട്ടും കമ്പനികളുടെ ഇടപെടലുകൾ മൂലം നിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. വിഷാംശം ശ്വസിച്ച 400 ഓളം ജനങ്ങള്‍ മരണപ്പെടുകയും അനവധി പേര്‍ക്ക് അംഗവൈകല്യങ്ങള്‍ സംഭവിക്കുകയും ചെയ്തു.കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപയും ആജീവനാന്ത സൗജന്യ ചികിത്സയും നല്‍കണമെന്ന് 2017ല്‍ സുപ്രീം കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതവും അംഗഭംഗം സംഭവിച്ചവര്‍ക്ക് 3 ലക്ഷം രൂപ വീതവുമാണ് സര്‍ക്കാര്‍ നേരിട്ട് നഷ്ടപരിഹാരം നല്‍കിയത്. ഇപ്രകാരം സര്‍ക്കാരിന് ചെലവായ 161 കോടി രൂപ തിരിച്ചുപിടിക്കാനാണ് സിവിള്‍ കേസുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വാദിയായി 15 നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ ആദ്യം കോട്ടയം ജില്ലയിലെ സബ് കോടതിയില്‍ നഷ്ട പരിഹാര കേസ് ഫയല്‍ ചെയ്തിരുന്നു.എന്നാല്‍ കുടിശ്ശിക കോടതി ഫീസായി മുദ്ര വില തീര്‍ത്ത് അടക്കാനുള്ള പണം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പക്കല്‍ ഇല്ലായിരുന്നു. അതിനാല്‍ കോട്ടയത്തെ കേസ് പിന്‍വലിച്ച ശേഷം സര്‍ക്കാര്‍ വാദിയായി തിരുവനന്തപുരം കോടതിയില്‍ പുതിയതായി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

Previous ArticleNext Article