News, Sports

കോപ്പാ അമേരിക്ക; ബ്രസീൽ- അർജ്ജന്റീന സ്വപ്ന ഫൈനൽ ഇന്ന്

keralanews copa america brazil argentina dream final today

ബ്രസീലിയ:കോപ്പ അമേരിക്ക ഫുട്‌ബോളിലെ സ്വപ്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ന് അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടും.നെയ്മറുടെ നേതൃത്വത്തിൽ ബ്രസീലും ഉജ്ജ്വല ഫോമിലുള്ള അർജ്ജന്റീനയ്ക്കായി ലയണൽ മെസ്സിയും ഏറ്റുമുട്ടുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചരിത്രമുറങ്ങുന്ന മാറക്കാനയിലെ പുല്‍മൈതാനിയില്‍ ഞായര്‍ പുലര്‍ച്ചെ 5.30നാണ് മത്സരം. നെയ്മറിനെയും മെസ്സിയേയും നെഞ്ചേറ്റുന്ന ഫുട്‌ബോള്‍ പ്രേമികള്‍ തമ്മിലുള്ള മത്സരവും കൂടിയാവും ഇത്. കിരീടം നിലനിര്‍ത്താന്‍ ബ്രസീല്‍ ഇറങ്ങുമ്പോൾ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം. കൊളംബിയയെ തോൽപ്പിച്ചാണ് അർജ്ജന്റീന ഫൈനലിലെത്തിയത്. ബ്രസീൽ പെറുവിനെയാണ് സെമിയിൽ തോൽപ്പിച്ചത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് തിയാഗോ സില്‍വ നായകനായ ബ്രസീല്‍ ടീം. ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മര്‍ പുറത്തെടുക്കുന്നത് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ്. അതേ സമയം ലയണല്‍ സ്‌കലോണിയെന്ന പരിശീലകന് കീഴില്‍ മികച്ച പോരാട്ട വീര്യമാണ്. അര്‍ജന്റീന ടീം പുറത്തെടുക്കുന്നത്. ലയണല്‍ മെസ്സിയും ലൗട്ടാരോ മാര്‍ട്ടിനെസും പാപ്പു ഗോമസും നിക്കോളാസ് ഗോണ്‍സാലസുമെല്ലാം മിന്നും ഫോമിലാണ്.കഴിഞ്ഞ സീസണിലെ കിരീടം നിലനിര്‍ത്താനാണ് ബ്രസീല്‍ ഇറങ്ങുന്നതെങ്കില്‍ 1993ന് ശേഷം കാത്തിരിക്കുന്ന കിരീടനേട്ടത്തിന് വിരാമമിടാനാണ് അര്‍ജന്റീന ഇറങ്ങുന്നത്. കോപയില്‍ ബ്രസീലിന്റെ 21ാം ഫൈനലാണിത്. അര്‍ജന്റീനയുടേതാവട്ടെ, 29ാം ഫൈനലും. 2016ലാണ് അര്‍ജന്റീന അവസാനമായി ഫൈനലിലെത്തിയത്. അവിടെ ചിലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടാനായിരുന്നു വിധി. കോപായിലെ 10ാം കിരീടത്തിലേക്കാണ് ബ്രസീല്‍ കണ്ണുവയ്ക്കുന്നതെങ്കില്‍ 15 തവണ കിരീടം ചൂടി തലപ്പത്തിരിക്കുന്ന ഉറുഗ്വേയ്‌ക്കൊപ്പം റെക്കോര്‍ഡ് കിരീടനേട്ടം പങ്കിടാനാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. ഇതുവരെ 14 കിരീടനേട്ടമാണ് അര്‍ജന്റീനയുടെ അക്കൗണ്ടിലുള്ളത്.

Previous ArticleNext Article