Food, Kerala

കേരള തീരങ്ങളിൽ വരും വർഷങ്ങളിൽ മത്തി ലഭ്യത കുറയുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

keralanews central marine fish research center says the availability of sardine will decrease in the coming years

കൊച്ചി:എല്‍നിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ വരും വര്‍ഷങ്ങളില്‍ കേരളതീരങ്ങളില്‍ മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടാകാന്‍ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്‌ആര്‍ഐ.സമുദ്രജലം ചൂട്പിടിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ.മത്തിയുടെ ലഭ്യതയില്‍ കുറവ് വരുന്നതോടെ വിലയും ഇരട്ടിയലധികം വര്‍ധിച്ചേക്കുമെന്നാണ് സൂചന.മുന്‍ വര്‍ഷങ്ങളില്‍ വന്‍തോതില്‍ കുറഞ്ഞ ശേഷം 2017ലാണ് മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനയുണ്ടായത്. എങ്കിലും അവയുടെ സമ്പത്ത് പൂര്‍വസ്ഥിതിയിലെത്തുന്നതിന് മുൻപ് തന്നെ അടുത്ത എല്‍നിനോ ശക്തി പ്രാപിക്കാന്‍ തുടങ്ങിയതാണ് വീണ്ടും മത്തി കുറയാന്‍ കാരണമാകുന്നത്.മത്തിയുടെ ലഭ്യതയിലെ കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റക്കുറച്ചിലുകള്‍ പഠനവിധേയമാക്കിയതില്‍ നിന്നാണ് എല്‍നിനോ കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന നിഗമനത്തില്‍ സിഎംഎഫ്‌ആര്‍ഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം എത്തിയത്.കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍ വരെ മത്തിയെ ബാധിക്കും. ഇന്ത്യന്‍ തീരങ്ങളില്‍, എല്‍നിനോയുടെ പ്രതിഫലനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കേരള തീരത്താണ്. അത് കൊണ്ട് തന്നെ, മത്തിയുടെ ഉല്‍പാദനത്തില്‍ ഏറ്റവും കൂടുതല്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നതും ഇവിടെയാണ്. മാത്രമല്ല, എല്‍നിനോ കാലത്ത് കേരള തീരങ്ങളില്‍ നിന്നും മത്തി ചെറിയ തോതില്‍ മറ്റ് തീരങ്ങളിലേക്ക് പാലായനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.2012ല്‍ കേരളത്തില്‍ റെക്കോര്‍ഡ് അളവില്‍ മത്തി ലഭിച്ചിരുന്നു. എന്നാല്‍ എല്‍ നിനോയുടെ വരവോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായി. 2015ല്‍ എല്‍നിനോ തീവ്രതയിലെത്തിയതിനെ തുടര്‍ന്ന് 2016ല്‍ മത്തിയുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞു. പിന്നീട് എല്‍നിനോയുടെ ശക്തി കുറഞ്ഞതോടെ 2017ല്‍ മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായി. 2018ല്‍ എല്‍നിനോ സജീവമായതോടെ മത്തിയുടെ ഉല്‍പാദനത്തില്‍ വീണ്ടും മാന്ദ്യം അനുഭവപ്പെടാന്‍ തുടങ്ങി.

Previous ArticleNext Article