Kerala, News

എ.ടി.എം കാര്‍ഡ് തട്ടിപ്പ്;കണ്ണൂരില്‍ ഹോട്ടലില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് മാനേജരുടെ അക്കൗണ്ടിൽ നിന്നും 50,000 രൂപ തട്ടിയെടുത്തതായി പരാതി

keralanews atm scam in kannur 50000rupees withdrawn from hotel managers account

കണ്ണൂർ:കണ്ണൂരിൽ വീണ്ടും എടിഎം കാർഡ് തട്ടിപ്പ്.ഹോട്ടലില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് മാനേജരുടെ അക്കൗണ്ടിൽ നിന്നും 50,000 രൂപ തട്ടിയെടുത്തതായി പരാതി.പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സന്‍സാര്‍ ഹോട്ടല്‍ മാനേജര്‍ നസീറാണ് പരാതി നല്‍കിയത്.മുപ്പതാം തീയതി രാത്രി ഏഴുമണിയോടെയാണ് സംഭവം.ഹിന്ദി സംസാരിക്കുന്ന ഒരാൾ നസീറിനെ വിളിച്ച്‌ മിലിട്ടറി ഓഫീസര്‍മാരടങ്ങിയ 20 അംഗ സംഘത്തിന് ഭക്ഷണം വേണമെന്നും പണം അക്കൗണ്ടിലേക്ക് അയക്കാമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പർ ഫോണിലൂടെ നല്‍കിയ നസീറിനെ ഇയാൾ വീണ്ടും വിളിച്ച്‌ തുക അക്കൗണ്ടിലേക്ക് കയറുന്നില്ലെന്നും നിങ്ങളുടെ എടിഎം കാര്‍ഡ് രണ്ട് ഭാഗവും ഫോട്ടോയെടുത്ത് വാട്‌സ്‌ആപ്പില്‍ അയച്ചാല്‍ പെട്ടെന്ന് തുക അക്കൗണ്ടില്‍ ഇടാമെന്നും പറഞ്ഞു.സംശയമൊന്നും തോന്നാത്തതിനാല്‍ നസീര്‍ അതുപോലെ ചെയ്തു.വീണ്ടും വിളിച്ച ഹിന്ദിക്കാരന്‍ മൊബൈലില്‍ ലഭിച്ച ഒ ടി പി നമ്പർ പറഞ്ഞു തരണമെന്നും എങ്കിലേ പണം വേഗത്തില്‍ നിക്ഷേപിക്കാനാവൂ എന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.ഒടി പി നമ്പർ നല്‍കി മിനുട്ടുകള്‍ക്കകം നസീറിന്റെ ആക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 50,000 രൂപ ട്രാന്‍ഫര്‍ ചെയ്തതായി മെസേജ് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് പരിയാരം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട 50,000 രൂപ ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതതിന് നല്‍കിയതാണെന്ന് കണ്ടെത്തി.ബാങ്ക് തുക ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാത്തതിനാല്‍ പണം കുറച്ചു ദിവസത്തിനകം നസീറിന്റെ അക്കൗണ്ടിലേക്ക് തിരിച്ചു കിട്ടുമെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. പണം തട്ടിയെടുത്ത ആളെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Previous ArticleNext Article