Kerala, News

നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ച്‌ മടങ്ങുകയായിരുന്ന ആംബുലന്‍സ് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു

keralanews two died ambulance accident in ochira kollam

കൊല്ലം:കാസര്‍കോട്ടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ച്‌ മടങ്ങുകയായിരുന്ന ആംബുലന്‍സ് കൊല്ലം ഓച്ചിറ ദേശീയപാതയില്‍ അപകടത്തില്‍പെട്ട് രണ്ടുപേർ മരിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ ഓച്ചിറ പള്ളിമുക്ക് എന്ന സ്ഥലത്തു വെച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 10.20 മണിയോടെയാണ് മംഗളൂരുവിലെ ആശുപത്രിയിലായിരുന്ന മേല്‍പറമ്ബിലെ ഷറഫുദീന്റെ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ കാസര്‍കോട്ടേക്ക് മടങ്ങുകയായിരുന്ന ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. സൈക്കിളില്‍ പോയ ചന്ദ്രനെയും ഹോട്ടലില്‍ ചപ്പാത്തി നല്‍കിയശേഷം പുറത്തേക്കിറങ്ങിയ രണ്ട് ഒഡീഷ സ്വദേശികളെയും ഇടിച്ച ആംബുലന്‍സ് രണ്ട് സ്‌കൂട്ടറുകളും ഓട്ടോറിക്ഷയും തകര്‍ത്തു സമീപത്തെ വൈദ്യൂതത്തൂണിലിടിച്ചാണു നിന്നത്.ചന്ദ്രന്‍ (60) സംഭവസമയത്ത് തന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ഒഡീഷ സ്വദേശി മനോജ്കുമാര്‍ കേത്ത (23), ഒഡീഷ ചെമ്ബദേരിപുര്‍ സ്വദേശിയുമായ രാജുദോറ (24),എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും, ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് കാസര്‍കോട് സ്വദേശി അശ്വന്തിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.എന്നാൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുദോറ പുലർച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.രാജുദോറയുടെ മൃതദേഹം ബന്ധുക്കളെത്തിയശേഷം ഒഡീഷയിലേക്കു കൊണ്ടുപോകും. രണ്ടുവര്‍ഷം മുമ്ബാണു രാജുവും മനോജും ഓച്ചിറയിലെത്തിയത്.

Previous ArticleNext Article