India, News

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു;മരണം 80 കടന്നു;യമുനാ നദി അപകട നിലയ്ക്കും മുകളില്‍; പ്രളയഭീതിയില്‍ ഡല്‍ഹി

keralanews heavy rain continues in north india 80 killed water level in yamuna river reaches danger mark delhi in flood scare

ഡൽഹി:ഉത്തരേന്ത്യയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 80 കടന്നു. ഉത്തരാഖണ്ഡിൽ 48 ഉം ഹിമാചൽ പ്രദേശിൽ 28 ഉം പഞ്ചാബിൽ 4 ഉം മരണമാണ് റിപ്പോർട്ട് ചെയ്തത്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.പഞ്ചാബ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഇതേ തുടര്‍ന്ന് വിനോദ സഞ്ചാരികളക്കം നിരവധി ആളുകള്‍ വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്.ഉത്തരാഖണ്ഡിലാണ് സങ്കീർണമായ സാഹചര്യമുള്ളത്. ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തിൽ 17 പേർ മരിച്ചു.മണ്ണിടിച്ചിൽ ഉണ്ടായ മോറി തെഹ്സിലിൽ നിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു.22 പേരെ കാണാനില്ല. ഹിമാചൽപ്രദേശിലെ കുളുവിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മണാലി -കുളു ദേശീയപാത തകർന്നു. ഹൗൽ – സ്പിതി ജില്ലയിൽ കുടുങ്ങിയ വിദേശികളും മലയാളികളുമടക്കം 150 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി.സർസാദിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു.പഞ്ചാബിൽ കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് പേർ മരിച്ചു. പശ്ചിമബംഗാൾ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

അതേസമയം യമുനാ നദിയിലിലെ ജലനിരപ്പ് അപകട നിലയും പിന്നിട്ടതോടെ ഡൽഹി പ്രളയഭീതിയിലാണ്. തിങ്കളാഴ്ച വൈകീട്ടോടെയാണ് യുമുനാ നദിയുടെ ജലനിരപ്പ് അപകട നിലയും കടന്നത്. ഹരിയാണയിലെ ഹത്‌നികുണ്ട് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്ത് വിടുന്നതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നേക്കും. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പതിനായിരത്തോളം പേരെ ഇതിനോടകം തന്നെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വഷളകാന്‍ സാധ്യതയുള്ളതിനാല്‍ 23,800 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കേണ്ടിവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യമായ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ അറിയിച്ചു.ജലനിരപ്പ് വലിയ രീതിയില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് യമുനക്ക് മുകളിലുള്ള പഴയ ഇരുമ്പ് പാലം അടച്ചിട്ടു.

Previous ArticleNext Article