ലിബിയന്‍ തീരത്ത് ബോട്ട് തകര്‍ന്ന് 150 ഓളം അഭയാര്‍ത്ഥികള്‍ മരിച്ചു

keralanews over 150 refugees have died after boat crashed in the libyan coast

ട്രിപ്പോളി:ലിബിയന്‍ തീരത്ത് ബോട്ട് തകര്‍ന്ന് 150 ഓളം അഭയാര്‍ത്ഥികള്‍ മരിച്ചു.250 ലധികം പേര്‍ യാത്ര ചെയ്ത ബോട്ടാണ് തകര്‍ന്നത്. ഇതില്‍ നൂറിലധികം പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് ലിബിയന്‍ നാവികസേനാ അധികൃതര്‍ പറഞ്ഞു.ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയുടെ കിഴക്ക് കോമാസ് തീരത്തുവച്ചാണ്‌ ബോട്ട് തകര്‍ന്നത്. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ലിബിയയിലെത്തി അവിടെ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയാണ് അഭയാര്‍ത്ഥികളുടെ രീതി. താങ്ങാവുന്നതിനേക്കാളും ആളുകളാണ് ഓരോ ബോട്ടുകളിലും യാത്ര ചെയ്യുന്നത്. ഇതാണ് ദുരന്തത്തിനിടയാക്കിയത്‌.2019-ല്‍ മാത്രം ഇതുവരെ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിച്ച അഭയാര്‍ത്ഥികളുടെ എണ്ണം 600-ന് മുകളിലെത്തിയിട്ടുണ്ടെന്ന് യുഎന്‍ ഏജന്‍സി പറയുന്നു.

കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു

keralanews international court of justice stays death sentence given to kulbhushan jadav

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് നീതി.ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു.വധശിക്ഷ പുനഃപരിശോധിക്കണമെന്ന് പാകിസ്താനോട് അന്താരാഷ്ട്ര കോടതി നിര്‍ദേശിച്ചു.പാകിസ്താന്‍ സൈനിക വിധിക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് നടപടി.ഹേഗിലെ രാജ്യാന്തര മധ്യസ്ഥ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.ഇന്ത്യന്‍ ചാരനെന്ന് മുദ്രക്കുത്തി 2017 ഏപ്രിലിലാണ് പാകിസ്താന്‍ പട്ടാള കോടതി കുല്‍ഭൂഷനെ വധശിക്ഷയ്ക്ക് വിധിച്ചത്. കുല്‍ഭൂഷണിന്റെ പേരില്‍ കുറ്റസമ്മത മൊഴിയും പാകിസ്താന്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ജാദവിനെ ഇന്ത്യക്ക് കൈമാറണമെന്ന ആവശ്യം തള്ളി. അതേസമയം പട്ടാകളകോടതി വിധി റദ്ദാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ചില്ല.2017 ഡിസംബറില്‍ കുല്‍ഭൂഷണിന്റെ മാതാവിനും ഭാര്യക്കും അദ്ദേഹത്തെ കാണാന്‍ പാകിസ്താന്‍ അവസരം നല്‍കിയിരുന്നു.മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി ഹാജരായത്.
നാവിക സേനയില്‍ നിന്നും വിരമിച്ചതിനു ശേഷം ഇറാനില്‍ ബിസിനസ് നടത്തി വന്ന കുല്‍ഭൂഷണ്‍ ജാദവിനെ 2016 മാര്‍ച്ചില്‍ ചബഹര്‍ തുറമുഖത്തിനു സമീപത്തു നിന്നും പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ ജാദവിനെ പാകിസ്താനിലെ ബലൂചിസ്ഥാനില്‍ നിന്നും പിടികൂടിയെന്നാണ് പാകിസ്താന്റെ അവകാശവാദം.അവരുടെ രാജ്യത്ത് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു, ജനങ്ങള്‍ക്കിടയില്‍ അന്തഛിദ്രമുണ്ടാക്കാന്‍ നീക്കം നടത്തി എന്നീ കേസുകളിലാണ് ജാദവിനെതിരെ പാകിസ്താന്‍ സൈനിക കോടതി വിചാരണ നടത്തിയത്. ബലപ്രയോഗത്തിലൂടെ ഉണ്ടാക്കിയെടുത്ത കുറ്റസമ്മതമൊഴിയല്ലാതെ മറ്റു തെളിവുകള്‍ പാകിസ്താന്റെ കയ്യില്‍ ഉണ്ടായിരുന്നില്ലെങ്കിലും 2017 ഏപ്രിലില്‍ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചു. സുഷമാ സ്വരാജ് വിദേശകാര്യ മന്ത്രിയായിരിക്കെ ഇന്ത്യ നടത്തിയ സമര്‍ഥമായ നീക്കങ്ങളെ തുടര്‍ന്ന് വധശിക്ഷ അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

ലോകകപ്പ് ക്രിക്കറ്റ്;ഇംഗ്ലണ്ട് ചാമ്പ്യന്മാർ

keralanews world cup cricket england champions

മാഞ്ചെസ്റ്റർ:ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാര്‍. സൂപ്പര്‍ ഓവര്‍വരെ നീണ്ടുനിന്ന മത്സരത്തില്‍ ആവേശകരമായ അന്ത്യം കുറിച്ച് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായി. ന്യൂസിലാന്‍റ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറിലും ടൈ പിടിച്ചെങ്കിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചു.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 50 ഏവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് എടുത്തു.മികച്ച രീതിയിൽ ഇംഗ്ലീഷ് ബൌളർമാർ പന്തെറിഞ്ഞതോടെയാണ് കിവീസ് സ്കോർ 250 ൽ താഴെ ഒതുങ്ങിയത്.242 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് ഔൾ ഔട്ടാവുകയായിരുന്നു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു.സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡും 15 റൺസ് നേടിയതോടെ ഒരോവറിൽ രണ്ട് ബൌണ്ടറികൾ നേടിയ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.55 റണ്‍സെടുത്ത നിക്കോള്‍സിന്റെയും 47 റണ്‍സ് നേടിയ ലാഥത്തിന്റെയും പ്രകടനമാണ് കിവീസിന് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. നായകൻ കെയ്ൻ വില്യംസൺ 30 റൺസ് നേടിയപ്പോൾ ഓപ്പണർ മാർട്ടിൻ ഗുപ്ടിലും ജിമ്മി നീഷാമും 19 റൺസ് വീതം നേടി.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്രിസ് വോഗ്സും ലിയം പ്ലങ്കറ്റുമാണ് കിവീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ജോഫ്ര ആർച്ചറും മാർക്ക് വുഡും ഓരോ വിക്കറ്റുകളും വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം പതിയെയായിരുന്നു. തുടക്കത്തിൽ തന്നെ നാല് മുൻനിര വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സ്റ്റോക്ക്സ് – ബട് ലർ സഖ്യം ഇംഗ്ലീഷ് സ്കോർ ഉയർത്തി. ബട് ലർ പുറത്തായപ്പോഴും ഒറ്റയാൾ പോരാട്ടം നടത്തി ടീമിനെ വിജയ തീരത്തെത്തിച്ചത് ബെൻ സ്റ്റോക്സാണ്. സ്റ്റോക്ക്സ് 84 റൺസുമായി പുറത്താകാതെ നിന്നു.

പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

keralanews former pakistan captain shuhaib malik retired from one day cricket

ഇസ്ലാമബാദ്:പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു.ഇന്നലെ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 94 റണ്‍സിന് പാക്കിസ്ഥാന്‍ വിജയിച്ചതിനു പിന്നാലെയാണ് മാലിക്ക് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഞാന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണ്. സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും നന്ദി പറയുന്നു. ഇതിനെല്ലാമപ്പുറം എന്റെ ആരാധകര്‍ക്കും’- മാലിക്ക് ട്വിറ്ററില്‍ കുറിച്ചു.ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് എട്ടു റണ്‍സ് മാത്രമാണ് മാലിക് സ്വന്തമാക്കിയത്. 287 ഏകദിനങ്ങളില്‍ നിന്ന്‌ 7534 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒമ്ബത് സെഞ്ചുറിയും 44 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 158 വിക്കറ്റ് വീഴ്ത്തി.1999 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിന് എതിരെയായിരുന്നു മാലിക്കിന്റെ ഏകദിന അരങ്ങേറ്റം.

പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം

keralanews blast in ravalpindi military hospital islamabad

ഇസ്ലാമബാദ്:പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം.ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലാണ് സ്‌ഫോടനം ഉണ്ടായത്.സ്‌ഫോടനത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റതായും മസൂദ് അസറിനെ ആശുപത്രിയില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതായും സൂചനയുണ്ട്.ആശുപത്രി പരിസരത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് സൈന്യം വിലക്കേര്‍പ്പെടുത്തി.ആശുപത്രിയില്‍ നിന്ന് പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ കാമറയില്‍ പകര്‍ത്തി പുറത്തുവിട്ടതോടെയാണ് സ്ഫോടനം പുറം ലോകം അറിഞ്ഞത്.

ദുബായ് വാഹനാപകടം;മരിച്ച മലയാളികളുടെ എണ്ണം ഏഴായി

keralanews dubai bus accident the number of malayalees died raises to seven

ദുബായ്:ദുബായിയിലെ യാത്രാബസ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. ഇതോടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി. അപകടത്തില്‍ ആകെ 17 പേരാണ് മരിച്ചത്.തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശൂർ സ്വദേശി ജമാലുദ്ദീൻ, കണ്ണൂർ തലശ്ശേരി സ്വദേശി ഉമർ ചോനോകടവത്ത്, മകൻ നബീൽ ഉമർ, കിരൺ ജോണി, രാജഗോപാലൻ, കോട്ടയം സ്വദേശി വിമല്‍ എന്നിവരാണ് മരിച്ച മലയാളികൾ. ദീപകുമാറിന്റെ ഭാര്യ ആതിരയും നാല് വയസുള്ള മകനും പരിക്കുകളോടെ ആശുപത്രിയിലുണ്ട്.വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം നടന്നത്.വൈകിട്ട് 5.40 ഓടെ റാഷിദീയ മെട്രോ സ്റ്റേഷന് അടുത്തുള്ള എക്സിറ്റിലെ ബാരിക്കേഡിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകട കാരണം അന്വേഷിച്ചു വരികയാണെന്ന് ദുബൈ പൊലീസ് അറിയിച്ചു.മൃതദേഹങ്ങൾ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങൾക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും മലയാളി സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.രണ്ടു ദിവസങ്ങൾക്കകം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.

ദുബായിൽ വാഹനാപകടത്തിൽ പത്ത് ഇന്ത്യാക്കാരടക്കം 17 പേർ മരിച്ചു;മരിച്ചവരിൽ ആറ് മലയാളികളും

keralanews 17 including ten indians died in an accident in dubai 6 malayalees also died

ദുബായ്:ദുബായിൽ വാഹനാപകടത്തിൽ പത്ത്  ഇന്ത്യാക്കാരടക്കം 17 പേർ മരിച്ചു.ആറ് മലയാളികളടക്കം എട്ട് ഇന്ത്യക്കാർ മരിച്ചവരിൽ ഉൾപ്പെടുന്നു.ഇതിൽ നാല് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപക് കുമാർ, ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം നടന്നത്.ബസ് സൈൻ ബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.വിവിധ രാജ്യക്കാരായ 31 ടൂറിസ്റ്റുകളാണ് ബസിലുണ്ടായിരുന്നത്.പരിക്കു പറ്റിയവരെ ഉടനടി റാഷിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. പലപ്പോഴും അപകടങ്ങളുണ്ടാവുന്ന പ്രദേശമാണിതെങ്കിലും സമീപ കാലത്ത് ദുബൈയിലുണ്ടായ ബസ് അപകടങ്ങളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്നലെ സംഭവിച്ചത്.പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിൽ പോയി മടങ്ങിയെത്തിയവരാണ് അപകടത്തിൽ പെട്ടത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു

keralanews british prime minister theresa may announced resignation

ലണ്ടൻ:ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു.ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജി. ജൂണ്‍ 7 ന് രാജി സമര്‍പ്പിക്കുമെന്നും മെയ് കൂട്ടിച്ചേര്‍ത്തു.ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തത് ഇപ്പോഴും ഭാവിയിലും തന്നെ വേദനിപ്പിക്കുമെന്ന് തെരേസ മെയ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.പുതിയ പ്രധാനമന്ത്രിക്ക് രാജ്യതാൽപര്യത്തിന് അനുശ്രുതമായി ബ്രക്സിറ്റ് നടപ്പിലാക്കാൻ സാധിക്കട്ടെയെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് തെരേസ മേയ് പറഞ്ഞു.പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ചിലപ്പോൾ ആഴ്ചകൾ എടുത്തേക്കും.അതുവരെ മേ കാവൽ പ്രധാനമന്ത്രിയാകാനും സാധ്യതയുണ്ട്.യുകെ യുടെ രണ്ടാമത്തെ വനിതാ നേതാവാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും രാജ്യത്തെ സേവിക്കാൻ കിട്ടിയ അവസരം വലിയ അംഗീകാരമായി കാണുന്നുവെന്നും രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ വികാരാധീനയായി മേ പറഞ്ഞു.

ഒമാനിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ ആറംഗ ഇന്ത്യൻ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

keralanews the dead body of one among the six missing in oman were found

മസ്‌ക്കറ്റ്:ഒമാനിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ ആറംഗ ഇന്ത്യൻ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി.മഹാരാഷ്ട്ര സ്വദേശിനി ഷബ്‌ന ബീഗത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.28 ദിവസം പറയമുള്ള കുഞ്ഞടക്കം ബാക്കി അഞ്ചുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ ശക്തമായ മലവെള്ളപാച്ചിലിൽപെട്ട് ഒലിച്ചുപോവുകയായിരുന്നു.ഇവരോടൊപ്പമുണ്ടായിരുന്ന ഫസൽ അഹമ്മദ് കാറിൽ നിന്നും ചാടി സമീപത്തെ മരത്തിൽപ്പിടിച്ച് രക്ഷപ്പെടുകയായിരുന്നു.

ഒമാനില്‍ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട ആറംഗ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല

keralanews the six member family missing in heavy rain in oman were not found

മസ്കറ്റ്:ഒമാനില്‍ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട ആറംഗ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല.വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സന്നദ്ധ സേവകരുടെ കൂടി സഹായത്തോടെ വാദി ബനീ ഖാലിദിലും പരിസരങ്ങളിലും പരിശോധന നടത്തിവരികയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദില്‍ എത്തിയ ഹൈദരബാദ് സ്വദേശിയായ സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ നിന്നും പുറത്തേക്കു ചാടിയ ഫസല്‍ അഹ്മദ് സമീപത്തെ മരത്തില്‍ പിടിച്ച്‌ രക്ഷപ്പെട്ടിരുന്നു. ഭാര്യ: അര്‍ശി, പിതാവ് ഖാന്‍, മാതാവ് ശബാന, മകള്‍ സിദ്‌റ (നാല്), മകന്‍ സൈദ് (രണ്ട്), 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവരെയാണ് കാണാതായത്.